നടന്‍ ഹരീഷ് പേരടി വീണ്ടും 'അമ്മ' താരസംഘടനയെ വിമര്‍ശിച്ച് രംഗത്ത്. രണ്ട് വര്‍ഷം മുന്‍പ് സംഘടനയിലെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ തുറന്ന് ചോദ്യം ചെയ്ത് രാജിവെച്ചതായും, അതിനുശേഷം അംഗമല്ലെങ്കിലും മലയാള സിനിമയില്‍ സജീവമായി തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ കുറിപ്പിടുന്ന ഹരീഷ് പേരടി, ഇപ്പോഴും സംഘടനയിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ചിലര്‍ തനിക്കു ഫോണ്‍ ചെയ്ത് വോട്ട് അഭ്യര്‍ത്ഥിക്കുന്നുണ്ടെന്ന് ആരോപിച്ചു. രാജിവെച്ച വ്യക്തിയോട് വോട്ട് ചോദിക്കുന്നത് സംഘടനയിലെ അഴുക്കും പൊള്ളത്തരവും തുറന്നുകാട്ടുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. സംഘടന വിട്ടെങ്കിലും സിനിമാഭിനയത്തില്‍ നിന്ന് പിന്മാറില്ലെന്നും, തന്റെ നിലപാട് മാറ്റാന്‍ ഉദ്ദേശമില്ലെന്നും ഹരീഷ് പേരടി വ്യക്തമാക്കി.
പോസ്റ്റിന്റെ പൂര്‍ണരൂപം:
''എഎംഎംഎ എന്ന സംഘടനയിലെ പ്രകടമായ സ്ത്രീ വിരുദ്ധതയുടെ പേരില്‍ രണ്ട് വര്‍ഷം മുമ്പ് മാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്യപ്പെട്ട, പരസ്യമായി രാജിവച്ച് പോയ എന്നെ ഇപ്പോഴും എഎംഎംഎയിലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ പലരും വോട്ട് ചെയ്യാന്‍ വേണ്ടി വിളിക്കുന്നു എന്ന് പറയുമ്പോള്‍ ഈ സംഘടനയുടെ സംഘടനാപരമായ ഒരു പൊള്ളത്തരം നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളു.
ഞാന്‍ രാജിവച്ച കാര്യം എന്നെ വിളിക്കുന്നവരെ ഓര്‍മപ്പെടുത്തുമ്പോള്‍ ഈ സ്ഥാനാര്‍ത്ഥികള്‍ എന്നോട് പറയും അത് നന്നായി എന്തുകൊണ്ടും താങ്കളുടെ തീരുമാനം വളരെ നല്ലതായിരുന്നു എന്ന് കാലം തെളിയിക്കുന്നു എന്ന്. പിന്നെ ഞാന്‍ എന്തു പറയാന്‍? ഒന്ന് മാത്രം ഉറക്കെ പറയുന്നു ഞാന്‍ ഇനിയും എഎംഎംഎയുടെ മെമ്പര്‍ അല്ലാതെ മലയാള സിനിമയില്‍ അഭിനയിക്കും, അഭിനയിച്ചു കൊണ്ടേയിരിക്കും. ഇത് എന്റെ തീരുമാനമാണ്.''ഹരീഷ് പേരടിയുടെ വാക്കുകള്‍.