മുന്‍ എം.എല്‍.എയും സംവിധായകനുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ കേസില്‍ നടപടികള്‍ വൈകിപ്പിച്ചത് കോടതിയില്‍ നിന്നും പ്രതിയ്ക്ക് ജാമ്യം കിട്ടാന്‍. ബലാത്സംഗ ശ്രമം അടക്കം കേസില്‍ ചുമത്തിയിട്ടില്ല. ചുമത്തിയത് അഞ്ചു കൊല്ലം ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ്. അതുകൊണ്ട് തന്നെ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ സാധ്യത ഏറെയാണ്. അതിനിടെ കുഞ്ഞു മുഹമ്മദ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയിലെത്തി. തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകനെതിരെ സംവിധായിക പരാതി നല്‍കിയിരുന്നു. കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരുന്നത്.
സ്ത്രീക്കെതിരായ ശാരീരികാക്രമണം, ലൈംഗിക ഉദ്ദേശത്തോടെയുള്ള ശാരീരിക സമ്പര്‍ക്കം, ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുക എന്നീ വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്.അന്വേഷണ പുരോഗതിയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. സംവിധായികയുടെ രഹസ്യമൊഴി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വരും ദിവസങ്ങളില്‍ രേഖപ്പെടുത്താനിരിക്കുകയാണ്. പരാതിക്കാരിക്ക് സൗകര്യമുള്ള ദിവസം മൊഴി രേഖപ്പെടുത്താമെന്ന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മൊഴി എടുക്കുന്നത് വൈകിപ്പിക്കുന്നത് പോലും കുഞ്ഞു മുഹമ്മദിന് വേണ്ടിയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതു വരെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. പരാതി ലഭിച്ചതിന് ശേഷം പൊലീസ് ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. പരാതിയില്‍ പറയുന്ന സമയത്ത് ഇരുവരും ഹോട്ടലിലുണ്ടായിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്.
ഐ.എഫ്.എഫ്.കെ ജൂറി ചെയര്‍മാനായിരുന്നു പി.ടി കുഞ്ഞുമുഹമ്മദ്. സ്‌ക്രീനിങ്ങിനിടെ സംവിധായകയോട് കുഞ്ഞു മുഹമ്മദ് ലൈംഗിക അതിക്രമം നടത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. തിരുവനന്തപുരത്ത് നടന്ന ഐ.എഫ്.എഫ്.കെ സ്‌ക്രീനിങ്ങിന്റെ ഭാഗമായി പരാതിക്കാരിയും പി.ടി കുഞ്ഞു മുഹമ്മദും ഒരേ ഹോട്ടലിലാണ് താമസിച്ചിരുന്നത്. സിനിമയുടെ കാര്യം പറയാനെന്ന വ്യാജേന മുറിയിലേക്ക് വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് സംവിധായകയുടെ പരാതി. ചലച്ചിത്ര അക്കാദമിയ്ക്കും പരാതി കിട്ടി. എന്നാല്‍ ആരും വേണ്ട വിധം പരാതി പരിഗണിച്ചില്ല. ദിവസങ്ങളോളം പൂഴ്ത്തിവയ്ക്കുകയും ചെയ്തു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. ഈ പരാതി മുഖ്യമന്ത്രി കന്റോണ്‍മെന്റ് പൊലീസിന് കൈമാറി.ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്.എന്നാല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി 13 ദിവസം കഴിഞ്ഞാണ് കേസെടുത്തതെന്നത് വിമര്‍ശന വിധേയമായിട്ടുണ്ട്.