ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ മുന്‍ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ സമീര്‍ വാങ്കഡെയെ കുറിച്ച് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ നടന്‍ ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റിനും നെറ്റ്ഫ്‌ലിക്‌സിനുമെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് സമീര്‍ വാങ്കഡെ.
ആര്യന്‍ ഖാന്‍ ആദ്യമായി സംവിധാനം ചെയ്ത ബാഡ്സ് ഓഫ് ബോളിവുഡിനെതിരെയാണ് സമീര്‍ വാങ്കഡെ മാനനഷ്ടക്കേസ് നല്‍കിയത്. വെബ് സീരിസിലൂടെ വ്യക്തിഹത്യ നടത്തിയെന്നാണ് സമീര്‍ വാങ്കഡെയുടെ ആരോപണം. തന്റെ പ്രതിച്ഛായയെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള ''തെറ്റായതും, അപകീര്‍ത്തികരവുമായ ഉള്ളടക്കമാണെന്ന് ആരോപിച്ചാണ് സമീര്‍ വാങ്കഡെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. രണ്ട് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അദ്ദേഹം കേസ് നല്‍കിയത്. ഡല്‍ഹി ഹൈക്കോടതിയിലാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത് നഷ്ടപരിഹാരമായി ലഭിക്കുന്ന രണ്ട് കോടി രൂപ കാന്‍സര്‍ രോഗികള്‍ക്കായി ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ ആശുപത്രിക്ക് സംഭാവന ചെയ്യണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
'സത്യമേവ ജയതേ' എന്ന ദേശീയ മുദ്രാവാക്യം ഉച്ചരിച്ച ഉടനെ ഒരു കഥാപാത്രം നടുവിരല്‍ ഉയര്‍ത്തുന്നതായി കാണിക്കുന്ന ഒരു പ്രത്യേക രംഗത്തിനെതിരെയും വാങ്കഡെയുടെ ഹര്‍ജിയില്‍ എതിര്‍പ്പുകള്‍ ഉന്നയിക്കുന്നു. ഈ പ്രവൃത്തി 1971 ലെ ദേശീയ ബഹുമതിയെ അപമാനിക്കുന്നത് തടയല്‍ നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും ഇന്ത്യന്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും വാങ്കഡെ വാദിക്കുന്നു.