കലാഭവന്‍ നവാസിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്തെത്തിയിരുന്നു.നവാസിന് നെഞ്ചുവേദനയുണ്ടായെന്ന നടന്‍ വിനോദ് കോവൂരിന്റെ പോസ്റ്റ് അടക്കം സനല്‍ ചര്‍ച്ചയാക്കിയിരുന്നു.ഈ സമയത്ത് വിനോദിനെ വിമര്‍ശിച്ച് സനല്‍കുമാര്‍ രംഗത്തെത്തുകയായിരുന്നു. സുഹൃത്തെന്ന് നടിക്കുന്ന ചെന്നായ എന്നായിരുന്നു വിനോദിനെ സനല്‍കുമാര്‍ വിളിച്ചത്.
'ഇയാള്‍ ആ സെറ്റില്‍ നവാസിനോടൊപ്പം ഉണ്ടായിരുന്ന ആളല്ല എന്നാണ് മനസിലാവുന്നത്. എന്തിനാണ് ഇയാളിങ്ങനെ ''സെറ്റില്‍ വെച്ച് നെഞ്ചുവേദന ഉണ്ടായി എന്നും ഡോക്ടറെ വിളിച്ചു സംസാരിച്ചു എന്നും'' പറഞ്ഞു കേട്ടതാണോ നേരിട്ടുള്ള അറിവാണോ എന്ന് സംശയമുണ്ടാകുന്ന രീതിയില്‍ എഴുതിയത്. അത് ഇയാളുടെ നേരിട്ടുള്ള അറിവാണ് എന്ന മട്ടില്‍ വാര്‍ത്തകള്‍ പെട്ടെന്നുതന്നെ സൃഷ്ടിക്കപ്പെട്ടത് എന്തിന്?'' എന്നായിരുന്നു സനല്‍കുമാര്‍ ചോദിച്ചത്.
ഇതിനാണ് വിനോദ് കോവൂര്‍ മറുപടി നല്‍കിയിരിക്കുന്നത്. വിനോദ് തനിക്ക് അയച്ച ശബ്ദ സന്ദേശം പങ്കുവെച്ചത് സനല്‍ കുമാര്‍ തന്നെയാണ്. ''സനല്‍ജി ഞാന്‍ വിനോദ് കോവൂരാണ്. നിങ്ങളുടെ ഫെയ്സ്ബുക്കില്‍ എന്റെ പോസ്റ്റിനെക്കുറിച്ചൊരു പ്രതികരണം കണ്ടു. അതിലൊരു വ്യക്തത വരുത്താനാണ് വിളിച്ചത്. ഞാന്‍ ആ സെറ്റിലുണ്ടായിരുന്നില്ല. പക്ഷെ നവാസ് മരിച്ച ദിവസം മോര്‍ച്ചറിയില്‍ മൂന്ന് നാല് മണിക്കൂര്‍ ഞാനും നവാസിന്റെ അടുത്ത സുഹൃത്തുക്കളുമൊക്കെ ഉണ്ടായിരുന്നു. ആ സമയത്ത് നവാസിന്റെ കുടുംബ സുഹൃത്തും കളിക്കൂട്ടുകാരുനുമായ നൗഷാദ് ആണ് ഇക്കാര്യം അവിടെ പലരോടും പറഞ്ഞത്.'' എന്നാണ് വിനോദ് പറയുന്നത്.
''രണ്ട് മൂന്ന് തവണ കുടുംബ ഡോക്ടറെ വിളിച്ചിരുന്നു. അദ്ദേഹം ഇസിജിയെടുക്കാന്‍ പറഞ്ഞിരുന്നു. അപ്പോഴൊന്നും ഞാന്‍ കാരണം ഷൂട്ടിങിന് ഭംഗം വരരുതെന്ന് കരുതി വൈകിട്ട് കാണിക്കാം എന്ന് അവന്‍ ഡോക്ടറോട് പറയുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ അങ്ങനൊരു കുറിപ്പിട്ടത്. ഇക്കാര്യം സിനിമ സെറ്റിലെ ആര്‍ക്കുമറിയില്ല. ആരോടും നവാസ് പറഞ്ഞിട്ടുമില്ല. പക്ഷെ എനിക്ക് കൃത്യമായ അറിവുണ്ട്. ഡോക്ടറും നൗഷാദും അക്കാര്യം പുറത്ത് പറയാന്‍ തയ്യാറുമാണ്.'' എന്നും വിനോദ് പറയുന്നുണ്ട്.
ഇക്കാര്യങ്ങളൊക്കെ ഞാന്‍ മാധ്യമങ്ങളോട് പറഞ്ഞതാണ്. നിങ്ങള്‍ അങ്ങനെ പറഞ്ഞ് കണ്ടപ്പോള്‍ പ്രയാസം തോന്നി. നവാസ് എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് ഷോ ചെയ്തിട്ടുണ്ട്. എനിക്ക് അങ്ങനൊരു തെറ്റിദ്ധാരണ ഉണ്ടാക്കേണ്ട ആവശ്യമില്ലല്ലോ. മറ്റ് ദുരൂഹതകളൊന്നും ഇതിലില്ലെന്നും ശബ്ദ സന്ദേശത്തില്‍ വിനോദ് പറയുന്നുണ്ട്. എന്നാല്‍ വിനോദിന്റെ വിശദീകരണത്തിലും ദുരൂഹത ആരോപിക്കുകയാണ് സനല്‍കുമാര്‍.
രണ്ടുമൂന്നു തവണ ഡോക്ടറെ വിളിക്കാന്‍ തോന്നുന്ന തരത്തില്‍ നവാസിന് നെഞ്ചുവേദന വന്നിട്ടും അത് സെറ്റില്‍ ഉള്ള ആരോടും പറഞ്ഞില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് സനല്‍കുമാര്‍ പറയുന്നത്. നവാസിന്റെ മരണത്തില്‍ ദുരൂഹതയുണ്ട് എന്നും അത് ഒരു സാധാരണ രീതിയിലുള്ള മരണം ആണെന്ന് വരുത്തി തീര്‍ക്കാന്‍ ഷാഡോ വ്യക്തികള്‍ ശ്രമിച്ചു എന്നുമാണ് മനസിലാക്കേണ്ടത് എന്നും സനല്‍കുമാര്‍ ആരോപിക്കുന്നുണ്ട്.
വിനോദ് കോവൂറിന്റെ സന്ദേശം പുറത്ത് വിട്ട് സനല്‍കുമാര്‍ കുറിച്ചത് ഇങ്ങനെ
'ഇത് വിനോദ് കോവൂര്‍ എനിക്കയച്ച വോയിസ് മെസേജ് ആണ്. ഇതില്‍ പറയുന്നത് അദ്ദേഹം നവാസിന്റെ ഫിലിം സെറ്റില്‍ ഉണ്ടായിരുന്നില്ല എന്നും നവാസിന് ഷൂട്ടിങ് സെറ്റില്‍ വെച്ച് നെഞ്ചുവേദന വന്നു എന്ന് അയാളോട് പറഞ്ഞത് നവാസിന്റെ കളിക്കൂട്ടുകാരനും കുടുംബസുഹൃത്തുമായ നൗഷാദ് എന്ന വ്യക്തിയാണ് എന്നുമാണ്. മറ്റാരോ പറഞ്ഞതാണ് വിനോദ് കോവൂര്‍ സ്വന്തം അറിവെന്നപോലെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എഴുതിയതെന്ന് അത് വായിക്കുന്ന ആര്‍ക്കും മനസ്സിലാവുകയും ചെയ്യും. എന്നാല്‍ എന്തുകൊണ്ട് ആ പോസ്റ്റില്‍ ഈ വിവരം അയാളോട് പറഞ്ഞ ആളുടെ പേര് എഴുതിയില്ല എന്നത് വ്യക്തമല്ല.
ഈ ശബ്ദരേഖയില്‍ വിനോദ് കോവൂര്‍ പറയുന്നത് താന്‍ നവാസിന്റെ മൃതദേഹത്തിനൊപ്പം നാലുമണിക്കൂറോളം മോര്‍ച്ചറിയില്‍ ഉണ്ടായിരുന്ന സമയത്താണ് നൗഷാദ് എന്നയാള്‍ അവിടെയുണ്ടായിരുന്ന പലരോടും ഇക്കാര്യം പറഞ്ഞത് എന്നാണ്. നവാസ് രണ്ടുമൂന്നു തവണ കുടുംബ ഡോക്ടറെ വിളിച്ചു എന്നാണ് അയാള്‍ പറഞ്ഞത് എന്ന് പറയുന്നു. രണ്ടുമൂന്നു തവണ ഒരാള്‍ നെഞ്ചുവേദന വന്നു ഡോക്ടറെ വിളിക്കണമെങ്കില്‍ അയാളുടെ നെഞ്ചുവേദന നിസാരമല്ലാത്തത് ആയിരിക്കണം. അപ്പോള്‍ ഉറപ്പായും അയാള്‍ സെറ്റില്‍ ഒപ്പമുണ്ടായിരുന്നവരോട് സൂചിപ്പിക്കുകയെങ്കിലും ചെയ്തിരിക്കുകയും വേണം. ഒരുതവണ നെഞ്ചുവേദന വന്നു ഡോക്ടറെ വിളിച്ചു എന്നുപറഞ്ഞാല്‍ അത് സാരമില്ലാത്ത നെഞ്ചുവേദനയായി അവഗണിച്ചു എന്ന് കരുതാം.
എന്നാല്‍ സെറ്റില്‍ ഉള്ളവര്‍ പറയുന്നത് നവാസിന് സെറ്റില്‍ വെച്ചു നെഞ്ചുവേദന വന്നകാര്യം തങ്ങള്‍ക്ക് ആര്‍ക്കും അറിയില്ലായിരുന്നു എന്നാണ്. രണ്ടുമൂന്നു തവണ ഡോക്ടറെ വിളിക്കാന്‍ തോന്നുന്ന തരത്തില്‍ നവാസിന് നെഞ്ചുവേദന വന്നിട്ടും അത് സെറ്റില്‍ ഉള്ള ആരോടും പറഞ്ഞില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയില്ല. നൗഷാദ് എന്നയാള്‍ എന്തുകൊണ്ടാണ് ഇക്കാര്യം സ്വന്തം പേരില്‍ വെളിപ്പെടുത്താതെ മറ്റൊരാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ, അതും സ്വന്തം പേര് ഒഴിവാക്കിക്കൊണ്ട് വെളിപ്പെടുത്തി എന്നതിലും സംശയിക്കാനുള്ള വകയുണ്ട്. നവാസിന്റെ മരണത്തില്‍ ദുരൂഹതയുണ്ട് എന്നും അത് ഒരു സാധാരണ രീതിയിലുള്ള മരണം ആണെന്ന് വരുത്തി തീര്‍ക്കാന്‍ ഷാഡോ വ്യക്തികള്‍ ശ്രമിച്ചു എന്നുമാണ് മനസിലാക്കേണ്ടത്.
മറ്റൊരു കാര്യവും ഇതില്‍ പ്രധാനമാണ്. ഒരു ഹോട്ടല്‍ മുറിയുടെ നിലത്ത് കുഴഞ്ഞുവീണാല്‍ ഒരു മനുഷ്യന്റെ തലയില്‍ മുറിവുണ്ടാകാന്‍ സാധ്യമല്ല. പടിയില്‍ നിന്നു വീഴുകയോ മേശയിലോ മറ്റൊ വീഴുകയോ ചെയ്താല്‍ മുറിവുണ്ടായേക്കാം. എന്നാല്‍ നവാസ് വീണുകിടന്നത് മുറിയുടെ വാതില്‍ക്കലാണെന്നും മുറിയുടെ വാതില്‍ പൂട്ടിയിട്ടില്ലായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്. നവാസിന്റെ മരണത്തില്‍ ദുരൂഹതയുണ്ട് എന്നത് ഊട്ടിയുറപ്പിക്കുന്ന വസ്തുതകളാണ് ഇവയെല്ലാം. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, ഇന്‍ക്വസ്റ്റ് എന്നിവ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കാന്‍ കഴിയും. പൊലീസ് സ്റ്റേഷനില്‍ നിന്നും ഈ വിവരങ്ങള്‍ കൈക്കലാക്കി പരിശോധിച്ച് മരണകാരണം ഉറപ്പിക്കാന്‍ ബന്ധുക്കളും അയാളുടെ അടുത്ത സുഹൃത്തുക്കള്‍ എന്നവകാശപ്പെടുന്ന വിനോദ് കോവൂര്‍ ഉള്‍പ്പെടെയുള്ളവരും താല്പര്യപ്പെടേണ്ടതാണ്.'