മലയാള സിനിമ താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാനുള്ള നടന്‍ ജഗദീഷിന്റെ തീരുമാനം പുരോഗമനപരവും സ്വാഗതാര്‍ഹവുമാണെന്ന് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ജഗദീഷിനെ പ്രശംസിച്ച് താരം രംഗത്തെത്തിയത്. ജഗദീഷിന്റെ നിലപാട് ചരിത്രത്തില്‍ വെള്ളി വെളിച്ചം പോലെ തിളങ്ങി നില്‍ക്കുമെന്നും സാന്ദ്ര കുറിച്ചു.
സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ്: 'ജഗദിഷിന്റെ നിലപാട് പുരോഗമനപരം. കലുഷിതമായ അമ്മയുടെ സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജഗദീഷ് എടുത്ത നിലപാട് പുരോഗമനപരവും സ്വാഗതാര്‍ഹവുമാണ്, അതില്‍ സ്വയം സ്ഥാനാര്ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങി സ്ത്രീകള്‍ നേതൃത്വത്തിലേക്ക് വരട്ടെ എന്ന സമീപനം എടുത്തു പറയേണ്ടതും ചരിത്രത്തില്‍ വെള്ളിവെളിച്ചം പോലെ തിളങ്ങി നില്‍ക്കുന്നതുമാണ്. പുരോഗമനപരം എന്ന് പറഞ്ഞാല്‍ മാത്രം പോരാ അത് പ്രവര്‍ത്തികമാക്കുമ്പോള്‍ ആണ് വ്യക്തികള്‍ തിളക്കമുള്ളതായി മാറുന്നത്.'
മോഹന്‍ലാല്‍ ഉള്‍പ്പെടെ പ്രമുഖരുടെ അഭാവത്തില്‍ താരസംഘടനയായ അമ്മയുടെ ഭരണസമിതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചത് 74 പേരാണ്. വ്യാഴം വൈകിട്ട് അവസാനിച്ച പത്രികാസമര്‍പ്പണത്തിനുശേഷം നടന്ന സൂക്ഷ്മപരിശോധനയില്‍ 64 പേര്‍ മത്സരയോഗ്യത നേടി. ഒന്നിലേറെ സ്ഥാനങ്ങളിലേക്ക് പലരും പത്രിക നല്‍കിയിട്ടുണ്ട്. ഇരുപത്തഞ്ചോളം സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്ന ജഗദീഷിനെ കൂടാതെ ശ്വേത മേനോന്‍, രവീന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെ ആറുപേരുണ്ട്.
31നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി. തെരഞ്ഞെടുപ്പ് ആഗസ്ത് 15ന്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ചുപേരാണുള്ളത്. അനൂപ് ചന്ദ്രന്‍, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, രവീന്ദ്രന്‍, ബാബുരാജ് എന്നിവര്‍. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് -ഒമ്പതുപേരും ജോയിന്റ് സെക്രട്ടറി-13, ട്രഷറര്‍-9, 11 അംഗ എക്സിക്യൂട്ടീവിലെ നാല് വനിതാസംവരണം-8, ബാക്കി ഏഴ് സ്ഥാനത്തേക്ക്-14 പേര്‍ എന്നിങ്ങനെയാണ് മത്സരാര്‍ഥികള്‍.