രണ്ട് കുട്ടികളുടെ അമ്മ എന്ന നിലയിലും ഇന്‍ഡസ്ട്രിയിലെ ഭീമന്‍മാര്‍ക്കെതിരെയുദ്ധം പ്രഖ്യാപിക്കുന്നയാളെന്ന നിലയിലും ജീവിതം ചുഴലിക്കാറ്റ് പോലെ; ഇത് ഡിഗ്രി എടുക്കുന്നതിന് വേണ്ടി മാത്രമല്ല;  തീരുമാനം ഒരു ധൈര്യമാണ്; ബാംഗ്ലൂര്‍  ക്രൈസ് അക്കാഡമിയില്‍ നിയമപഠനത്തിന് സാന്ദ്രാ തോമസ്

Malayalilife
രണ്ട് കുട്ടികളുടെ അമ്മ എന്ന നിലയിലും ഇന്‍ഡസ്ട്രിയിലെ ഭീമന്‍മാര്‍ക്കെതിരെയുദ്ധം പ്രഖ്യാപിക്കുന്നയാളെന്ന നിലയിലും ജീവിതം ചുഴലിക്കാറ്റ് പോലെ; ഇത് ഡിഗ്രി എടുക്കുന്നതിന് വേണ്ടി മാത്രമല്ല;  തീരുമാനം ഒരു ധൈര്യമാണ്; ബാംഗ്ലൂര്‍  ക്രൈസ് അക്കാഡമിയില്‍ നിയമപഠനത്തിന് സാന്ദ്രാ തോമസ്

മലയാള സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ ശക്തമായി പോരാടുന്ന ആളാണ് നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസ്. ഇപ്പോളിതാ തന്റെ ജീവിതത്തില്‍ പുതിയ ചുവടുവയ്പ്പ് നടത്തുകയാണ് താരം.എല്‍എല്‍ബി പഠിക്കാന്‍ ബെംഗളൂരുവിലെ ക്രൈസ്റ്റ് അക്കാദമിയില്‍ ചേര്‍ന്ന വിവരം സാന്ദ്ര തന്നെയാണ് പങ്ക് വച്ചത്. നിയമം പഠിക്കാന്‍ എല്ലാ കാലത്തും ആഗ്രഹമുണ്ടായിരുന്നെന്നും ഇത് വെറും ഒരു ഡിഗ്രി എന്ന നിലയ്ക്കല്ല താന്‍ കാണുന്നതെന്നും സാന്ദ്ര ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

വളര്‍ച്ച ഒരിക്കലും നിന്നു പോകുമെന്ന് വിശ്വസിക്കുന്നില്ലെന്നും ജീവിതം എല്ലാകാലത്തും ഒരു ചുഴലിക്കാറ്റാണെന്നും സാന്ദ്ര തോമസ് കുറിച്ചു. താന്‍ നിയമം പഠിക്കുന്നത് കേവലം ഒരു ഡിഗ്രിക്ക് വേണ്ടി മാത്രമല്ലെന്നും, അത് നീതിക്കായി പോരാടാന്‍ ഉറച്ച് തന്നെയാണെന്നും സാന്ദ്ര തോമസ് പറയുന്നു.


കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് ഞാന്‍ ബെംഗളൂരുവിലെ ക്രൈസ്റ്റ് ലോ അക്കാദമയില്‍ അഡ്മിഷന്‍ എടുത്തു. രണ്ട് കുട്ടികളുടെ അമ്മ എന്ന നിലയില്‍ രണ്ട് വലിയ സിനിമ പ്രോജക്ടിന് വളയം പിടിക്കുന്ന ആളെന്ന നിലയില്‍, ഒരു ഹൈ എന്‍ഡ് സ്പീക്കര്‍ ബ്രാന്‍ഡ് നിര്‍മിക്കുന്ന ആളെന്ന നിലയില്‍, ഇന്‍ഡസ്ട്രിയിലെ ഭീമന്‍മാര്‍ക്കെതിരെ ഏറ്റവും ബുദ്ധിമുട്ടുള്ള യുദ്ധം പ്രഖ്യാപിക്കുന്നയാളെന്ന നിലയില്‍ ജീവിതം ഒരു ചുഴലിക്കാറ്റ് പോലെയാണെന്നാണ് തോന്നാറ്. എപ്പോഴും ഞാന്‍ വിശ്വസിക്കുന്നത് വളര്‍ച്ച ഒരിക്കലും നിന്നു പോവില്ലെന്നാണ്.

നിയമം എല്ലാ കാലത്തും ഹൃദയത്തിനകത്തുണ്ടായിരുന്നു. ഇത് ഒരു ഡിഗ്രി എടുക്കുന്നതിന് വേണ്ടി മാത്രമല്ല, ഈ തീരുമാനം ഒരു ധൈര്യമാണ്. ഉറച്ച വിശ്വാസമാണ്, നീതിക്കായി ഒരിടം ഉണ്ടാക്കലാണ്.ജീവിതത്തിന്റെ ഏത് ഘട്ടത്തിലും സ്വപ്നങ്ങളെ പിന്തുടരാന്‍ ശ്രമിക്കുകയെന്നത് സ്ത്രീകള്‍ക്ക് അഭിമാനത്തോടെ നിരവധി തൊപ്പികള്‍ അണിയാന്‍ പറ്റുമെന്ന് തെളിയിക്കല്‍ കൂടിയാണെന്നും താരം കുറിച്ചു.

സമീപകാലത്തെ ബിസിനസ് അനുഭവങ്ങളും നിയമപരമായ കാര്യങ്ങളും മനസ്സിലാക്കിയപ്പോള്‍ നിയമവിദ്യാഭ്യാസം ആവശ്യമാണെന്ന് തോന്നിയതാണ് ഈ തീരുമാനത്തിന് പിന്നിലെന്നും സാന്ദ്രാ തോമസ് മനോരമയോട് പങ്ക് വച്ചു.ബിസിനസ്സില്‍ ഇറങ്ങിയപ്പോള്‍ നിയമം അറിയേണ്ടതിന്റെ ആവശ്യകത താന്‍ മനസ്സിലാക്കിയതായി സാന്ദ്രാ പറഞ്ഞു. അടുത്തിടെ തനിക്കുണ്ടായ ചില നിയമപ്രശ്‌നങ്ങളെക്കുറിച്ച് സിവില്‍, ക്രിമിനല്‍ അഭിഭാഷകരുമായി സംസാരിച്ചപ്പോള്‍ രണ്ടുപേരും ഒരേ ദിവസം നിയമം പഠിക്കാമെന്ന് നിര്‍ദ്ദേശിച്ചു. ഇത് ഒരു ദൈവികമായ സൂചനയായി തനിക്ക് തോന്നിയെന്ന് സാന്ദ്രാ കൂട്ടിച്ചേര്‍ത്തു. കോവിഡ് കാലത്ത് അമ്മയും ഈ ആശയം മുന്നോട്ട് വെച്ചിരുന്നുവെങ്കിലും അന്ന് അത് ഗൗരവമായി എടുത്തില്ലെന്നും, എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ ഈ വഴിക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.

നിയമവിജ്ഞാനം ഭാവിയില്‍ ബിസിനസ്സ് യാത്രയിലും വ്യക്തിപരമായ വളര്‍ച്ചയിലും സഹായകമാകുമെന്നാണ് സാന്ദ്രാ പ്രതീക്ഷിക്കുന്നത്. സ്‌കൂള്‍ കാലഘട്ടം മുതല്‍ നിയമം പഠിപ്പിച്ചിരുന്നെങ്കില്‍ സാധാരണക്കാര്‍ക്ക് ചെറിയ നിയമപരമായ കാര്യങ്ങള്‍ സ്വയം കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നെന്ന് അവര്‍ അഭിപ്രായപ്പെട്ടു.

തന്റെ പുതിയ യാത്ര എളുപ്പമുള്ളതല്ലെന്ന് സാന്ദ്രാ സമ്മതിക്കുന്നു. സിനിമ, മറ്റ് ബിസിനസ്സ്, കുടുംബം എന്നിവ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. അതിനുവേണ്ടി രണ്ട് കുട്ടികളെയും കുടുംബത്തെയും നാട്ടിലാക്കി ബാംഗ്ലൂരില്‍ താമസിച്ച് പഠിക്കുകയാണ്. ക്ലാസുകളില്‍ മുടങ്ങാതെ പോയി പഠിക്കാനാണ് സാന്ദ്രയുടെ തീരുമാനം. ചെയ്യുന്ന കാര്യങ്ങളില്‍ പൂര്‍ണ്ണമായ ആത്മാര്‍ത്ഥത കാണിക്കണമെന്ന കാഴ്ചപ്പാടാണ് അവര്‍ക്കുള്ളത്. തന്റെ ഈ ഉദ്യമം മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും അവര്‍ വിശ്വസിക്കുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിബിഎ ബിരുദവും, ഇന്റര്‍നാഷണല്‍ ബിസിനസില്‍ ബിരുദാനന്തര ബിരുദവും സാന്ദ്രയ്ക്ക് ഉണ്ട്.

 

sandra thomas llb admission

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES