ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന, ഏറെ കാത്തിരിക്കുന്ന പാന്‍-ഇന്ത്യന്‍ ചിത്രം 'ടോക്‌സിക്' (Toxic: A Fairy Tale for Grown-ups) എന്ന സിനിമയിലെ സുദേവ് നായരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 'റോക്കിംഗ് സ്റ്റാര്‍' യഷ് നായകനാകുന്ന ഈ ചിത്രത്തില്‍ 'കര്‍മാടി' എന്ന കരുത്തുറ്റ കഥാപാത്രമായാണ് സുദേവ് നായര്‍ എത്തുന്നത്.സുദേവ് നായരുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവാകാന്‍ പോകുന്ന വേഷമാണ് 'ടോക്‌സിക്കി'ലെ കര്‍മാടി.സുധീവ് നായര്‍ അഭിനയിച്ച അവസാന മൂന്ന് തെലുങ്ക് ചിത്രങ്ങളും വന്‍ ഹിറ്റുകളായിരുന്നു. ജൂനിയര്‍ എന്‍.ടി.ആര്‍ നായകനായ ദേവര, പവന്‍ കല്യാണിന്റെ ഒ.ജി , സങ്ക്രാന്തയില്‍ പുറത്ത് ഇറങ്ങിയ ചിരഞ്ജീവി ചിത്രം മന ശങ്കര വീര പ്രസാദ് ഗാരു എന്നിവയാണ്.
അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഗീതു മോഹന്‍ദാസ് തന്റെ ബിഗ് ബജറ്റ് ചിത്രത്തിലെ പ്രധാന വേഷത്തിലേക്ക് സുദേവിനെ തിരഞ്ഞെടുത്തത് അദ്ദേഹത്തിന്റെ അഭിനയമികവ് കൊണ്ടാണ്. 1940-കള്‍ മുതല്‍ 1970-കള്‍ വരെയുള്ള പോസ്റ്റ്-കൊളോണിയല്‍ ഗോവയാണ് സിനിമയുടെ കഥാഭൂമി. മയക്കുമരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളര്‍ച്ചയും തകര്‍ച്ചയുമാണ് സിനിമയുടെ പ്രമേയം. സിനിമയില്‍ സുദേവിന്റെ കഥാപാത്രത്തിന് ഏറെ ആഴവും സങ്കീര്‍ണ്ണതയും ഉണ്ടെന്നാണ് സൂചനകള്‍.
'കെജിഎഫ്' ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തില്‍, അദ്ദേഹം 'റായ', 'ടിക്കറ്റ്' എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള ഇരട്ടവേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നയന്‍താര, കിയാര അദ്വാനി, സുദേവ് നായര്‍ എന്നിവരടങ്ങുന്ന വന്‍ താരനിര അണിനിരക്കുന്ന ഈ ചിത്രം ഗീതു മോഹന്‍ദാസിന്റെ സംവിധായക എന്ന നിലയിലുള്ള കരിയറിലെ ഏറ്റവും വലിയ കാല്‍വെപ്പാണ്. 'ലയേഴ്‌സ് ഡയസ്', 'മൂത്തോന്‍' എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഗീതു, തന്റെ തനതായ റിയലിസ്റ്റിക് ശൈലിയും യഷിന്റെ മാസ്സ് അപ്പീലും സമന്വയിപ്പിച്ചാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കിയിരിക്കുന്നത്. യഷിനൊപ്പം ചേര്‍ന്ന് ഗീതു തന്നെ തിരക്കഥയൊരുക്കിയ ഈ 'ഡാര്‍ക്ക് ഫെയറി ടെയില്‍', രവി ബസ്രൂറിന്റെ സംഗീതവും രാജീവ് രവിയുടെ ഛായാഗ്രഹണവും കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ പുതിയൊരു ദൃശ്യവിസ്മയം തീര്‍ക്കാനൊരുങ്ങുകയാണ്. 2026 മാര്‍ച്ച് 19-നാണ് സിനിമ തീയേറ്ററുകളില്‍ എത്തുന്നത്.