ഷീലയ്ക്കൊപ്പം അഭിനയിക്കാന്‍ പുതുമുഖ താരത്തെ വേണം; സംവിധായകന്റെ ശ്രദ്ധയില്‍പ്പെട്ടത് ഡയാന കുര്യന്റെ ഫോട്ടോ; ബന്ധുക്കള്‍ക്ക് താല്‍പര്യമില്ലാത്തതിനാല്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് തിരുവല്ലക്കാരി; കല്യാണത്തിന് ടിക്കറ്റ് അയച്ച് തരാം എന്ന് പറഞ്ഞു; നയന്‍താരയെ സിനിമയിലെത്തിച്ച കഥയും സൗഹൃദവും വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട് 

Malayalilife
 ഷീലയ്ക്കൊപ്പം അഭിനയിക്കാന്‍ പുതുമുഖ താരത്തെ വേണം; സംവിധായകന്റെ ശ്രദ്ധയില്‍പ്പെട്ടത് ഡയാന കുര്യന്റെ ഫോട്ടോ; ബന്ധുക്കള്‍ക്ക് താല്‍പര്യമില്ലാത്തതിനാല്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് തിരുവല്ലക്കാരി; കല്യാണത്തിന് ടിക്കറ്റ് അയച്ച് തരാം എന്ന് പറഞ്ഞു; നയന്‍താരയെ സിനിമയിലെത്തിച്ച കഥയും സൗഹൃദവും വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട് 

 തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര തന്റെ ആദ്യ ചിത്രമായ 'മനസ്സിനക്കരെ'യില്‍ അഭിനയിക്കാന്‍ ആദ്യം വിസമ്മതിച്ചിരുന്നുവെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ബന്ധുക്കളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്മാറാന്‍ ശ്രമിച്ച നയന്‍താരയെ നിര്‍ബന്ധിച്ചാണ് സിനിമയിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. 

 'മനസ്സിനക്കരെ'യുടെ ചിത്രീകരണം ആരംഭിച്ചെങ്കിലും ഷീല അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തിനൊപ്പം അഭിനയിക്കാന്‍ ഒരു പുതുമുഖത്തെയാണ് സത്യന്‍ അന്തിക്കാട് തേടിയിരുന്നത്. പ്രശസ്തയായ ഒരു നടിയെ വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ഈ സമയത്താണ് ഒരു പരസ്യചിത്രത്തില്‍ ഡയാന കുര്യന്‍ എന്ന തിരുവല്ലക്കാരിയായ പെണ്‍കുട്ടിയുടെ ഫോട്ടോ അദ്ദേഹം കാണുന്നത്. മുഖത്തെ ആത്മവിശ്വാസം ശ്രദ്ധയില്‍പ്പെട്ടതോടെ സിനിമയിലേക്ക് ക്ഷണിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നമ്പര്‍ സംഘടിപ്പിച്ച് വിളിച്ച് സ്വയം പരിചയപ്പെടുത്തിയപ്പോള്‍, 'ഞാന്‍ സാറിനെ തിരികെ വിളിക്കാം' എന്ന് പറഞ്ഞ് ഡയാന സംഭാഷണം അവസാനിപ്പിച്ചു. 

ആരോ കബളിപ്പിക്കുകയാണോ എന്ന സംശയമായിരുന്നു ഇതിന് കാരണം. പിന്നീട്, അഭിനയ പരിചയമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും നേരില്‍ കാണണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടു.  തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം പട്ടാമ്പിയിലെ ഷൂട്ടിംഗ് ലൊക്കേഷനിലെത്തിയ ഡയാനയുടെ കുറച്ച് ഷോട്ടുകള്‍ എടുത്തുനോക്കിയപ്പോള്‍ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യയാണെന്ന് സത്യന്‍ അന്തിക്കാടിന് ഉറപ്പായി. എന്നാല്‍ നാല് ദിവസത്തിന് ശേഷം ഫോണില്‍ വിളിച്ച്, വീട്ടിലെ ചില ബന്ധുക്കള്‍ക്ക് താല്‍പര്യമില്ലാത്തതിനാല്‍ അഭിനയിക്കുന്നില്ലെന്ന് ഡയാന അറിയിക്കുകയായിരുന്നു. 

ഈ ഘട്ടത്തിലാണ് താന്‍ നിര്‍ബന്ധം പിടിച്ചതെന്ന് സത്യന്‍ അന്തിക്കാട് ഓര്‍ക്കുന്നു. 'ഡയാനയ്ക്ക് അഭിനയിക്കാന്‍ ഇഷ്ടമാണോ?' എന്ന് ചോദിച്ചപ്പോള്‍ 'അതെ' എന്നായിരുന്നു മറുപടി. 'അച്ഛനും അമ്മയ്ക്കും എതിര്‍പ്പുണ്ടോ?' എന്ന ചോദ്യത്തിന് 'ഇല്ല' എന്നും മറുപടി ലഭിച്ചു. 'എന്നാല്‍ വാ' എന്ന് പറഞ്ഞ് താന്‍ നിര്‍ബന്ധിച്ച് സിനിമയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴും നയനുമായി കോണ്‍ടാക്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു. ഇടയ്ക്ക് വിളിക്കും. ഞാനൊരിക്കലും കൂടുതല്‍ സ്വാതന്ത്ര്യം മിസ് യൂസ് ചെയ്യാത്ത ആളാണ്. കല്യാണത്തിന് എന്നെ വിളിച്ചപ്പോള്‍ ടിക്കറ്റ് അയച്ച് തരാം എന്ന് പറഞ്ഞു. ടിക്കറ്റൊന്നും അയക്കേണ്ട, ഞാന്‍ വന്നോളാം എന്ന് ഞാന്‍ പറഞ്ഞു. ആകെ 200 പേരെ കല്യാണത്തിനുണ്ടായിരുന്നുള്ളൂ.

കേരളത്തില്‍ നിന്നും എന്നെയും സംവിധായകന്‍ സിദ്ദിഖിനെയും ദിലീപിനെയുമാണ് വിളിച്ചിരുന്നത്. സിദ്ദിഖ് കല്യാണത്തിന് വന്നില്ല. വേറെ അധികമാരെയും വിളിച്ചിരുന്നില്ല. ആ സ്‌നേഹം എപ്പോഴും കാണിക്കാറുണ്ട്. അനൂപിന്റെ വരനെ ആവശ്യമുണ്ട് എന്ന സിനിമ കണ്ട് അവനൊന്ന് ഫോണ്‍ കൊടുക്കണം, സംസാരിക്കണം എന്ന് പറഞ്ഞു. ഒരിക്കല്‍ ഒരു സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ തൊട്ടടുത്ത് നയന്‍താര വേറെ പടത്തിന് വന്നിട്ടുണ്ട്. ഞാന്‍ ഇവിടെയുണ്ടെന്ന് അറിഞ്ഞ് ഓടി എന്റെയടുത്തേക്ക് വന്നു.

അന്ന് വന്ന് പോയിട്ട് എനിക്കൊരു വലിയ മെസേജ് അയച്ചു. താങ്കളാണ് എനിക്ക് ഇങ്ങനെയാെരു വലിയ ലോകത്തിന്റെ ഡോര്‍ തുറന്ന് തന്നത്. എനിക്ക് ബഹുമാനമുള്ളയാളാണ്. നിങ്ങളാ?ഗ്രഹിച്ചത് പോലെ എനിക്കഭിനയിക്കാന്‍ പറ്റിയോ എന്നറിയില്ല. ഞാനതിന് ട്രൈ ചെയ്ത് കൊണ്ടിരിക്കുകയാണ്. നല്ല മര്യാദയുള്ളയാളാണ് നയന്‍താരയെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ഹൃദയപൂര്‍വം ആണ് സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമ. മോഹന്‍ലാല്‍ മാളവിക മോഹനന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നത്.

sathyan anthikad about nayanathara entry

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES