അമ്മ തിരഞ്ഞെടുപ്പ് വിഷയത്തില്‍ നിരവധി പേരാണ് സിനിമാ മേഖലയില്‍ നിന്ന് പോലും അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തുന്നത്. ഇപ്പോള്‍ ഷമ്മി തിലകന്റെയും മമ്മൂക്കോയയുടെ മകന്‍ നിസാറിന്റെയും പ്രതികരണങ്ങളാണ് ശ്രദ്ധ നേടുന്നത്.
ചില കാര്യങ്ങളില്‍ പ്രതികരിച്ചാല്‍ മുഖം നഷ്ടപ്പെടുന്ന അവ്സഥയുണ്ടാകും, അതിനാലാണ് താനീ വിഷയത്തില്‍ ' ഈ നാട്ടുകാരനേയല്ല' എന്ന നിലപാട് സ്വീകരിക്കുന്നതെന്നാണ് ഷമ്മി തിലകന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. കര്‍മ്മം ഒരു ബൂമറാങ് പോലെയാണെന്നും അത് ചെയ്തവരിലേക്ക് തന്നെ തിരിച്ചെത്തുമെന്നും ഷമ്മി തിലകന്‍ കുറിച്ചു.
അമ്മ' സംഘടനയുടെ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍, സത്യം പറഞ്ഞാല്‍ ചിരി വരുന്നു..! ചില കാര്യങ്ങളില്‍ പ്രതികരിച്ചാല്‍ പിന്നെ മുഖം 'നഷ്ടപ്പെടുന്ന' അവസ്ഥയാകും! അതുകൊണ്ടീ വിഷയത്തില്‍..; 'ഞാനീ നാട്ടുകാരനേയല്ല'! എനിക്കൊന്നും പറയാനുമില്ല! പക്ഷേ, ഒരു കാര്യം ഉറപ്പ്.. 'കര്‍മ്മം ഒരു ബൂമറാങ് പോലെയാണ്, അത് ചെയ്തവരിലേക്ക് തന്നെ തിരിച്ചെത്തും!' ബൈബിള്‍ പറയുന്നു: 'നിങ്ങള്‍ മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നുവോ, അതുപോലെ നിങ്ങളോടും പെരുമാറപ്പെടും.' (മത്തായി 7:2) ഈ തിരഞ്ഞെടുപ്പ് ഒരു പാഠപുസ്തകമാണ്. ഓരോ നീക്കവും, ഓരോ വാക്കും, ഓരോ തീരുമാനവും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. നാളെ, തലയുയര്‍ത്തി നില്‍ക്കാന്‍ ആര്‍ക്കൊക്കെ കഴിയും എന്ന് കാലം തെളിയിക്കും. ചിലപ്പോള്‍, ചിരിപ്പിക്കുന്ന കാര്യങ്ങള്‍ പോലും പിന്നീട് ചിന്തിപ്പിക്കുന്നതാകാം. ഓര്‍ക്കുക, നിഷ്‌കളങ്കമായ ചിരിക്ക് പിന്നില്‍ വലിയ സത്യങ്ങളുണ്ടാകാം!', എന്നായിരുന്നു ഷമ്മി തിലകന്റെ വാക്കുകള്‍.
അമ്മയുടെ മുന്‍ പ്രസിഡന്റ് ആയിരുന്ന ഇന്നസെന്റിന്റെ വില ഇപ്പോഴാണ് മനസിലാകുന്നതെന്നും ഇപ്പോള്‍ നടക്കുന്നത് പരസ്പരം ചെളിവാരിയെറിയലും അധികാരത്തിനുളള മത്സരവുമാണെന്നും നിസാര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഇന്നസെന്റ് 18 വര്‍ഷം അമ്മ സംഘടനയുടെ തലപ്പത്തു ഇരുന്നപ്പോള്‍ ഒരു പ്രശ്നവും അന്ന് കണ്ടില്ലെന്നും തിരഞ്ഞെടുപ്പ് ഒഴിവാക്കി എല്ലാവര്‍ക്കും ഇഷ്ടമുളളവര്‍ അധികാരത്തില്‍ വരണമെന്നും നിസാര്‍ അഭിപ്രായപ്പെട്ടു.
നിസാര്‍ മാമുക്കോയ പങ്കുവെച്ച കുറിപ്പ്: അമ്മ
ഇന്നച്ചന്‍..ഞാന്‍ മനസ്സില്‍ ഒരുപാട് ഇഷ്ടപ്പെട്ട സ്നേഹിച്ച ഒരു മനുഷ്യന്‍ പിന്നെ സിനിമാ താരവും...... ഇങ്ങേരുടെ മനുഷ്യത്വവും കരുതലും സ്നേഹിക്കലും അതിനെ പറ്റി ഉപ്പ ഒരുപാട് പറഞ്ഞു തന്നിട്ടുണ്ട് അതുകൊണ്ട് ഇങ്ങേരെ നേരിട്ട് അറിയാം മനസ്സ് കൊണ്ട് വല്ലാതെ ആരും ഇഷ്ടപ്പെട്ടു പോകും...പക്ഷേ അതല്ല ഇദ്ദേഹം ഒരു കാലത്ത് കഴിഞ്ഞ 18 വര്‍ഷം അമ്മ എന്ന സംഘടനയുടെ തലപ്പത്തു പ്രസിഡണ്ട് ആയി ഇരുന്നു......ഒരു പ്രശ്നവും അന്ന് കണ്ടില്ല...... പക്ഷേ ഇന്ന് എന്തൊരു തരത്തില്‍ ഉള്ള വെല്ലു വിളിയും,,,തരം താഴ്ത്തലും,,ചീത്ത വിളിയും,,,പരസ്പരം ചെളി വാരി എറിയലും,,, അധികാരത്തിനുള്ള മത്സരവും,,, ആയി മാറി സംഘടന പോരാത്തതിന്ഇതെല്ലാം വിവരക്കേടും അഹങ്കാരവും മണ്ടത്തരങ്ങളും ആയി മാറുന്നു എന്ന് അംഗങ്കള്‍ അറിയണം .....എന്തിന് മത്സരം എല്ലാവര്‍ക്കും ഇഷ്ടം ഉള്ളവര്‍ വരട്ടെ.....പോരാത്തതിന് പുറത്തുനിന്നും കൂനിന്മേല്‍ കുരു എന്ന കണക്കെ സരിത നായരുടെ പ്രസ്താവനയും..... ഇപ്പോഴാണ് അനസ്സിലാവുന്നത് ഇന്നച്ചോ അങ്ങ് എത്രമാത്രം ക്ഷമയും ബുദ്ധിയും വിവേകവും ധൈര്യവും നേതൃ പാഠവവും ഉണ്ടായിരുന്ന ഒരു അഭിനേതാവ് ആയിരുന്നു എന്ന്....ഒരുപാട് ചിരിപ്പിച്ച ചിന്തിപ്പിച്ച സന്തോഷം തന്ന സ്നേഹിച്ച താങ്കള്‍ക്ക് ഒരായിരം പ്രണാമം . ജനിക്കട്ടെ അമ്മയില്‍ ഇനിയും ഒരായിരം ഇന്നസെന്റുമാര്‍.