'ലോക' സിനിമയുടെ വിജയാഘോഷത്തിനിടെ മാതാപിതാക്കള്‍ക്ക് നന്ദി അറിയിച്ചു ചിത്രത്തിന്റെ സഹതിരക്കഥാകൃത്തായ ശാന്തി ബാലചന്ദ്രന്‍. സിനിമയെ തന്റെ ജീവിതമായി തിരഞ്ഞെടുത്ത സമയത്ത് നല്‍കിയ മാതാപിതാക്കളുടെ ഉറച്ച പിന്തുണയാണ് ഇന്നത്തെ വിജയത്തിന് കാരണമെന്ന് ശാന്തി സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. സിനിമാരംഗത്തേക്കുള്ള തന്റെ യാത്രയുടെ തുടക്കം മുതല്‍ അച്ഛന്‍ ബാലചന്ദ്രന്‍ പങ്കുവച്ച അനുഭവങ്ങളും കുറിപ്പുകളും ഉള്‍പ്പെടുത്തി വികാരഭരിതമായ കുറിപ്പാണ് ശാന്തി പങ്കുവച്ചത്. ''എനിക്ക് ഇത്തരമൊരു അച്ഛനെയും അമ്മയെയും ലഭിച്ചതില്‍ ഭാഗ്യവതിയാണ്. എന്റെ സ്വപ്‌നങ്ങളോട് അവര്‍ കാണിച്ച വിശ്വാസമാണ് എന്നെ മുന്നോട്ട് കൊണ്ടുപോയത്,'' എന്നാണ് ശാന്തിയുടെ കുറിപ്പ്.
കുറിപ്പിന്റെ പൂര്‍ണരൂപം:
'നന്ദി പറയാന്‍ ഒരുപാട് പേരുണ്ട്. പക്ഷേ ഏറ്റവുമധികം നന്ദി പറയേണ്ടത് എന്റെ അച്ഛനോടും അമ്മയോടുമാണ്. എന്റെ എല്ലാ ഉയര്‍ച്ചയും താഴ്ചയും അവര്‍ അടുത്തുനിന്ന് കണ്ടിട്ടുണ്ട്. ഒരുപക്ഷേ എന്നെക്കാള്‍ ആഴത്തില്‍ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിമിഷങ്ങള്‍ അവര്‍ അനുഭവിച്ചിട്ടുണ്ട്. ഓക്‌സ്‌ഫോര്‍ഡിലെ സ്ഥിരതയുള്ള അക്കാദമിക് ജീവിതം ഉപേക്ഷിച്ച് കലയുടെ അനിശ്ചിതത്വം നിറഞ്ഞ ജീവിതം തിരഞ്ഞെടുത്ത എന്റെ തീരുമാനം അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ എളുപ്പമായിരുന്നില്ല. സിനിമാ വ്യവസായമെന്ന മണല്‍ച്ചുഴിയില്‍ ഞാന്‍ കാലുകുത്താന്‍ ശ്രമിക്കുന്നത് കണ്ട് അവര്‍ വിഷമിച്ചിട്ടുണ്ട്. ചെറുപ്പം മുതല്‍ ഞാന്‍ അവരെ കഷ്ടപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അവര്‍ എല്ലായ്‌പ്പോഴും എന്നെ സ്വീകരിച്ചു, പിന്തുണച്ചു.
ആശങ്കകളുടെ നീണ്ട രാത്രികള്‍ക്കൊടുവില്‍ എന്റെ അച്ഛനും അമ്മയ്ക്കും സന്തോഷവും ആശ്വാസവും നല്‍കി എന്നതാണ് ലോകയുടെ വിജയം എനിക്ക് നല്‍കിയ ഏറ്റവും മികച്ച കാര്യം. അതിനാല്‍ ഞങ്ങളുടെ സിനിമ കാണുകയും സ്വീകരിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി. അച്ഛാ.. അമ്മേ ഒരു പെണ്‍കുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ചിയര്‍ ലീഡര്‍മാരായതിന് നന്ദി. എനിക്ക് ചിറകുകളും വേരുകളും നല്‍കിയതിന് നന്ദി. ഞാന്‍ ഭാഗ്യവതിയായ ഒരു മകളാണ്.'
ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജി പഠനത്തിന് ശേഷമാണ് ശാന്തി ബാലചന്ദ്രന്‍ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ആന്ത്രോപോളജിയില്‍ ഡിഫില്‍ ചെയ്യാനായി ചേര്‍ന്നത്. ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ ക്ലെറണ്ടന്‍ സ്‌കോളര്‍ഷിപ്പും ശാന്തി ബാലചന്ദ്രന്‍ നേടിയിരുന്നു. 2017ല്‍ 'തരംഗം' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ശാന്തി. 'ജല്ലിക്കെട്ട്', 'ആഹാ', 'ചതുരം', 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്നിവയാണ് പ്രധാന മലയാള സിനിമകള്‍. 'ഗുല്‍മോഹര്‍' എന്ന ഹിന്ദി സിനിമയിലൂടെ ബോളിവുഡിലും ശാന്തി അരങ്ങേറ്റം കുറിച്ചിരുന്നു. 'സ്വീറ്റ് കാരം കോഫി' എന്ന വെബ് സീരിസിലൂടെ തമിഴകത്തും അരങ്ങേറ്റം നടത്തി.