യുവ താരങ്ങളായ അനുപമ പരമേശ്വരനും രജിഷ വിജയനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. ചെന്നൈയിലേക്കുള്ള വിമാനയാത്രക്കിടെയാണ് ഇരുവരെയും കണ്ടുമുട്ടിയതെന്നും അവരോടൊപ്പം ചെലവഴിച്ച സമയം വളരെ മനോഹരമായിരുന്നെന്നും തരൂര്‍ എക്സില്‍ കുറിച്ചു. ഇരുവരുടെയും പുതിയ ചിത്രമായ 'ബൈസണ്‍' ന് അദ്ദേഹം വിജയാശംസകളും നേര്‍ന്നു.
'മലയാള സിനിമയിലെ രണ്ട് യുവതാരങ്ങള്‍ക്കൊപ്പം ചെന്നൈയിലേക്കുള്ള വിമാനത്തില്‍ ഞാന്‍ എന്നെ കണ്ടെത്തി. വളരെ മനോഹരമായ കൂട്ടായിരുന്നു അവരെനിക്ക്. അവരുടെ റിലീസിനൊരുങ്ങുന്ന 'ബൈസണ്‍' എന്ന ചിത്രത്തിന് എല്ലാവിധ വിജയാശംസകളും നേരുന്നു,' തരൂര്‍ ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ ചെന്നൈയിലേക്കുള്ള വിമാനത്തിലാണ് ഇവര്‍ കണ്ടുമുട്ടിയത്.
തമിഴ് സ്‌പോര്‍ട്‌സ് ഡ്രാമയായ 'ബൈസണ്‍' ഒക്ടോബര്‍ 17 ന് തിയേറ്ററുകളിലെത്തും. അനുപമയും രജിഷയും തന്നെയാണ് ചിത്രത്തിലെ പ്രധാന നായികമാര്‍. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്രുവ് വിക്രമാണ് നായകന്‍. കബഡിയെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ ലാല്‍, അമീര്‍, പശുപതി തുടങ്ങിയവരും അണിനിരക്കുന്നു. ശശി തരൂര്‍ പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.