മോഹന്‍ലാല്‍ നായകനായെത്തിയ 'മലൈക്കോട്ടൈ വാലിബന്‍' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍. ചാപ്റ്റര്‍ 4 എന്ന യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലാണ് നിര്‍മ്മാതാവ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രം വലിയ ഹൈപ്പോടെയാണ് തിയറ്ററുകളിലെത്തിയതെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ല. 'വാലിബന്‍' ഒറ്റ ഭാഗമായി പുറത്തിറക്കാന്‍ തീരുമാനിച്ച സിനിമയായിരുന്നുവെന്നും, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയാണ് സിനിമയുടെ കഥ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകന്‍ കഥ പറഞ്ഞ 10 മിനിറ്റ് കൊണ്ട് മോഹന്‍ലാല്‍ ഓക്കെ പറഞ്ഞു. എന്നാല്‍, ചിത്രീകരണം പുരോഗമിക്കവേ, വിവിധ തടസ്സങ്ങളെയും പ്രതിസന്ധികളെയും തുടര്‍ന്ന് കഥയില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചതായി ഷിബു ബേബി ജോണ്‍ സൂചിപ്പിച്ചു. ഈ മാറ്റങ്ങളുടെ ഫലമായി, സിനിമ രണ്ട് ഭാഗങ്ങളായി പുറത്തിറക്കണമെന്ന തരത്തിലുള്ള ഒരു നീക്കം പിന്നീട് ഉണ്ടായെന്നും അദ്ദേഹം വിശദീകരിച്ചു. നിര്‍മ്മാതാവും മോഹന്‍ലാലും ഉള്‍പ്പെടെ ചിത്രവുമായി ബന്ധപ്പെട്ട എല്ലാവരും ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തിരുന്നു. ആദ്യ ഘട്ടത്തില്‍ പറഞ്ഞ അതേ കഥയില്‍ സിനിമ പൂര്‍ത്തിയാക്കണമെന്നതായിരുന്നു അവരുടെ നിലപാട്. എങ്കിലും, ചില ആശയക്കുഴപ്പങ്ങള്‍ കാരണമായി, സിനിമ രണ്ട് ഭാഗങ്ങളായി ഇറക്കണമെന്ന നിര്‍ബന്ധം ശക്തമായെന്നും, എന്നാല്‍ അത് പ്രായോഗികമല്ലെന്ന് തങ്ങള്‍ തീരുമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ, ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ആദ്യ ഘട്ടത്തില്‍ തീരുമാനിച്ച കഥയില്‍നിന്ന് വ്യതിചലനം സംഭവിച്ചുവെന്നും, രണ്ടാം ഭാഗത്തിനുള്ള സൂചനകള്‍ നല്‍കാന്‍ നിര്‍ബന്ധിതരായി സിനിമ അവസാനിപ്പിക്കേണ്ടി വന്നതായും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഈ ഘടകങ്ങളാണ് സിനിമയ്ക്ക് തിരിച്ചടിയായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയര്‍ന്നതും ഒരു പ്രശ്‌നമായി മാറിയെന്ന് അദ്ദേഹം വിലയിരുത്തി. രണ്ടാം ഭാഗത്തിലേക്ക് പോകാന്‍ നിര്‍ബന്ധിതമായ സാഹചര്യം ഒഴിവാക്കിയിരുന്നെങ്കില്‍ സിനിമ കൂടുതല്‍ മികച്ചതാകുമായിരുന്നെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. എന്തായാലും 'മലൈക്കോട്ടൈ വാലിബന്‍' എന്ന സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.