ആരുടെയും കണ്ണ് നിറയിപ്പിക്കുന്ന വല്ലാത്തൊരു മാനസിക അവസ്ഥയിലൂടെയാണ് മലയാളത്തിലെ സൂപ്പര്‍ താരം ഷൈന്‍ ടോം ചാക്കോ നീങ്ങുന്നത്. ജീവിതത്തിലെ നേരിട്ട വലിയ പ്രതിസന്ധികള്‍ തരണം ചെയ്ത് വരുന്നതിനിടെയാണ് ഒരു വലിയ അപകടവും അദ്ദേഹത്തെ തേടിയെത്തുന്നത്. അപകടത്തില്‍ സ്വന്തം അപ്പനെയും ആ മകന് നഷ്ടമായിരിക്കുകയാണ്. ഇപ്പോഴിതാ, പിതാവിന്റെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. മറ്റുള്ളവരുടെ മാതാപിതാക്കളുടെ മരണം തനിക്ക് കേവലം വാര്‍ത്തകള്‍ മാത്രമായിരുന്നുവെന്ന് ഷൈന്‍ പറയുന്നു. പിതാവിന്റെ മരണത്തോടെ ഏറ്റവും വലിയ നഷ്ടമുണ്ടായത് അമ്മയ്ക്കാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍... സിഗരറ്റ് വലിക്ക് പകരമായി തുടങ്ങിയ ശീലമായിരുന്നു ബിസ്‌ക്കറ്റോ അങ്ങനെ എന്തെങ്കിലും കഴിക്കുക എന്നത്. ഞാന്‍ ബാക്കിലെ സീറ്റിലാണ് കിടക്കുന്നത്. ഉറക്കത്തില്‍ എണീറ്റ് ഡാഡിയോട് ബിസ്‌കറ്റ് ചോദിക്കും. ഡാഡി രണ്ടുമൂന്ന് തവണ ബിസ്‌ക്കറ്റ് തന്നു. പിന്നെ ഞാന്‍ കണ്ണ് തുറന്നുനോക്കുമ്പോള്‍ വണ്ടി ഇടിച്ചുകിടക്കുകയാണ്.
അതിന് ശേഷം ഡാഡി ഞങ്ങള്‍ ആരുമായും കമ്യൂണിക്കേറ്റ് ചെയ്തിട്ടില്ല. എന്തിനാ നമ്മള്‍ ഈ റോഡില്‍ കിടക്കണേ, എങ്ങോട്ടാണ് നമ്മള്‍ പോയിക്കൊണ്ടിരിക്കുന്നേ എന്ന് മമ്മി ചോദിക്കുന്നുണ്ട്. എനിക്ക് ആക്സിഡന്റ് അതുവരെ വെറും കാഴ്ചയായിരുന്നു. മറ്റുള്ളവരുടെ അച്ഛന്‍, അല്ലെങ്കില്‍ അമ്മ മരിക്കുക എന്ന് പറയുന്നത് എനിക്ക് വെറും വാര്‍ത്തയായിരുന്നു. ടിവിയില്‍ കാണുന്ന ന്യൂസ് മാത്രമായിരുന്നു. അതിലൂടെ കടന്നുപോകുമ്പോള്‍, ഞാന്‍ റോഡില്‍നിന്ന് കരഞ്ഞുപോയി. ആരെങ്കിലും വന്ന് സഹായിക്കണേ, ആരെങ്കിലും ഒന്ന് ആശുപത്രിയില്‍ എത്തിക്കെണേ എന്ന്. ലഹരിമുക്തിയ്ക്കുവേണ്ടിയുള്ള മരുന്ന് കഴിക്കുന്നത് കാരണം, നേരത്തെ കിടന്ന് ഉറങ്ങുന്ന ശീലം തുടങ്ങിയിരുന്നു.
എന്നെ ഉറക്കാന്‍ കൃത്യമായി മരുന്ന് തരും, ഞാന്‍ ഉറങ്ങാന്‍ ഡാഡി വേറെ ആളെക്കൊണ്ട് വണ്ടി ഓടിപ്പിക്കും. എന്നോട് വണ്ടി ഓടിക്കാനേ പറയാറില്ല. ഡാഡിയുടേയും മമ്മിയുടേയും മുന്നില്‍ ഞങ്ങളായിരുന്നു പോയിരുന്നതെങ്കില്‍ അത് അവര്‍ക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. മക്കള്‍ കണ്മുന്നില്‍ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ വേദന എനിക്ക് സങ്കല്‍പ്പിക്കാന്‍ പറ്റില്ല. എന്റെ ഡാഡിയുടേയോ മമ്മിയുടേയോ മുന്നില്‍വെച്ച് ഞാനോ അനിയനോ ആയിരുന്നു പോയിരുന്നതെങ്കില്‍ അവര്‍ അത് എങ്ങനെ അതിജീവിക്കും.
ആക്സിഡന്റ് ആയ അന്നുമുതലേ മമ്മി, ഡാഡി എവിടേ ഡാഡി എവിടേ എന്ന് ചോദിച്ചിരുന്നു. തൊട്ടടുത്ത സീറ്റിലിരുന്ന് യാത്ര ചെയ്തിരുന്നതല്ലേ ഡാഡി. ഡാഡി നമ്മുടെ കൂടെ തന്നെയുണ്ട്, എങ്ങോട്ടും പോയിട്ടില്ല എന്ന് ഞാന്‍ ഇടയ്ക്ക് പറയും. എനിക്ക് അങ്ങനെയേ പറയാന്‍ പറ്റുള്ളൂ. എന്നിട്ട് ഞാന്‍ കരയും. അപ്പോള്‍ ഞാന്‍ കരുതും അമ്മയ്ക്ക് മനസിലാവുമെന്ന്. കുറച്ചുകഴിഞ്ഞ് മമ്മി വീണ്ടും ചോദിക്കും ഡാഡി എവിടേ എന്ന്. സ്ട്രെക്ച്ചറില്‍ കിടക്കുന്ന അവസ്ഥയായതിനാല്‍ അവസാനമായിപോലും ഡാഡിയെ നേരാംവണ്ണം കാണാന്‍ മമ്മിക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ വേദന അമ്മയ്ക്ക് ഇപ്പോഴും ഉണ്ട്.
പിതാവിന്റെ മരണശേഷം മമ്മൂട്ടി തന്നെ വിളിച്ചിരുന്നു എന്ന് ഷൈന്‍ പറഞ്ഞു.പിഷാരടിയും കുഞ്ചാക്കോ ബോബനും തന്നെ കാണാന്‍ വന്ന സമയത്ത് പിഷാരടിയാണ് മമ്മൂട്ടിയെ വിളിച്ച് നല്‍കിയതെന്നും എന്നാല്‍ തന്റെ ഫോണില്‍ നേരത്തെ തന്നെ മമ്മൂട്ടിയുടെ മെസേജ് വന്നിട്ടുണ്ടായിരുന്നെന്നും ഷൈന്‍ വ്യക്തമാക്കി.
എന്റെ പിന്നാലെ നടന്ന് നടന്ന് ഡാഡി പോയിയെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.ആ... ഞാന്‍ അറിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.മമ്മൂക്കയും ചില ബുദ്ധിമുട്ടുകളിലൂടെ കടന്ന് പോകുന്ന സമയമാണല്ലോ. എന്നിട്ടും എനിക്ക് എനര്‍ജി തന്നു. എടാ... നീ അത്ര പ്രശ്‌നക്കാരനായ കുട്ടിയൊന്നുമല്ല. ഇത്തിരി കുറുമ്പുണ്ട് എന്നേയുള്ളു. അതൊന്ന് മാറ്റിയാല്‍ മതി. അത്രയേയുള്ളു. നീ വലിയ പ്രശ്‌നക്കാരനൊന്നുമല്ല. നമുക്ക് ഇനിയും പടം ചെയ്യാമെന്നും പറഞ്ഞു.മമ്മൂക്കയും വേഗം വാ നമുക്ക് പടം ചെയ്യാമെന്ന് ഞാനും പറഞ്ഞു. എല്ലാം ശരിയാവും ഒന്നും ആലോലിച്ച് വിഷമിക്കേണ്ട. നമ്മള്‍ മാറി മുന്നോട്ട് പോവുക.ബാക്കിയെല്ലാം നമ്മുടെ കൂടെ വന്നോളുമെന്നും പറഞ്ഞു
കൊക്കയ്ന്‍ കേസില്‍ നിരപരാധിയാണെന്ന് തെളിഞ്ഞപ്പോഴും മമ്മൂട്ടി മെസേജ് അയച്ചച്ചിരുന്നു എന്ന് ഷൈന്‍ പറഞ്ഞു. തനിക്ക് അങ്ങനെ മെസേജുകള്‍ അയച്ചിട്ട് അദ്ദേഹഹത്തിന് ഒന്നും കിട്ടാനില്ല. വേണ്ട സമയങ്ങളില്‍ എപ്പോഴും മമ്മൂട്ടിയുടെ സാന്നിധ്യം ഉണ്ടാകുമെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലെ പാലക്കോടിന് സമീപമാണ് അപകടം നടന്നത്. ഹൊസൂര്‍ ദേശീയപാതയിലുണ്ടായ അപകടത്തിലാണ് ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചത്. ഷൈനിന്റെ ഇടതുകൈക്ക് പരിക്കേറ്റിരുന്നു. അമ്മ മേരി കാര്‍മലിനും സഹോദരന്‍ ജോ ജോണിനും പരിക്കുപറ്റി. ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെടുകയും ചെയ്തിരുന്നു.