Latest News

ബാംഗളൂരുവില്‍ സുഖ ചികിത്സയ്ക്ക് പോയ മോഹന്‍ലാലിനെ കണ്ട് ആവശ്യമറിയിച്ചു; ചികിത്സയുടെ ഭാഗമായി താടിവളര്‍ത്തി ശാന്താനായിരുന്ന  ലുക്കും കഥക്ക് അനുയോജ്യം;ആമിയെ താലികെട്ടിയ ശേഷം നിരഞ്ജന് സംഭവിച്ച രംഗം വെട്ടിമാറ്റി; സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ മോഹന്‍ലാല്‍ എത്തിയ കഥ പറഞ്ഞ് സിബി മലയില്‍

Malayalilife
ബാംഗളൂരുവില്‍ സുഖ ചികിത്സയ്ക്ക് പോയ മോഹന്‍ലാലിനെ കണ്ട് ആവശ്യമറിയിച്ചു; ചികിത്സയുടെ ഭാഗമായി താടിവളര്‍ത്തി ശാന്താനായിരുന്ന  ലുക്കും കഥക്ക് അനുയോജ്യം;ആമിയെ താലികെട്ടിയ ശേഷം നിരഞ്ജന് സംഭവിച്ച രംഗം വെട്ടിമാറ്റി; സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ മോഹന്‍ലാല്‍ എത്തിയ കഥ പറഞ്ഞ് സിബി മലയില്‍

സമ്മര്‍ ഇന്‍ ബത്ലഹേം വീണ്ടും തിയറ്റേറുകളിലേക്ക് എത്തുകയാണ്. റിറിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചായിരുന്നു കഴിഞ്ഞ ദിവസം. ബാലതാരങ്ങളായി അഭിനയിച്ചവരും സംവിധായകനും നിര്‍മ്മാതാവുമെല്ലാം പരിപാടിയില്‍ പങ്കെടുത്തിരുന്നു. ആമിയെ അവതരിപ്പിച്ച മഞ്ജു വാര്യരും ചിത്രത്തെക്കുറിച്ച് വാചാലയായിരുന്നു. മലയാളത്തിലെ മികച്ച ഗസ്റ്റ് റോളിലൊന്നാണ് ചിത്രത്തിലെ നിരഞ്ജന്‍. മോഹന്‍ലാലായിരുന്നു നിരഞ്ജനായത്.

മോഹന്‍ലാലിന്റെ അതിഥി വേഷം സമ്മര്‍ ഇന്‍ ബെത്‌ലഹേം എന്ന ചിത്രത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ്. ചിത്രത്തിലേക്ക് മോഹന്‍ലാല്‍ എത്തിയ കഥ അടുത്തിടെ നടന്ന ചടങ്ങില്‍ സിബി മലയില്‍ പങ്ക് വച്ചതിങ്ങനെയാണ്.. ബെംഗലുരുവില്‍ സുഖചികിത്സയിലായിരുന്നു ആ സമയത്ത് മോഹന്‍ലാല്‍. രഞ്ജിത്തിനൊപ്പമായാണ് അദ്ദേഹത്തെ കാണാന്‍ പോയത്. പത്ത് മിനിറ്റോളമുള്ള രംഗങ്ങള്‍ ചിത്രീകരിച്ചുവെങ്കിലും ആ ഭാഗം ചിത്രത്തില്‍ നിന്നും വെട്ടിമാറ്റുകയായിരുന്നുവെന്നും സിബി മലയില്‍ പറഞ്ഞിരുന്നു.

1998ല്‍ പുറത്തിറങ്ങുന്നതിന് മുമ്പ് വരെ സിനിമയിലെ മോഹന്‍ലാലിന്റെ സാന്നിധ്യം നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നില്ല. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ അണിനിരന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യം ഇപ്പോഴുള്ളത് പോലെ ഒറ്റ രംഗം മാത്രമായിരുന്നില്ല എന്ന് സംവിധായകന്‍ സിബി മലയില്‍ പറയുന്നു. 

'ചിത്രത്തില്‍ നിന്നും 2 പ്രധാന രംഗങ്ങള്‍ ഞങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നു എന്നത് ഇന്നും ഒരു രഹസ്യമാണ്. ഡെന്നീസ് എന്ന കഥാപാത്രം ആമിയുടെ കഴുത്തില്‍ താലികെട്ടുന്നതിന് ശേഷം മോഹന്‍ലാലിന്റെ നിരഞ്ജന്‍ ആമിയെ കണ്‍വിന്‍സ് ചെയ്യുന്ന രംഗമായിരുന്നു ആദ്യത്തേത്. പിന്നെ ആമിയുടെ വീട്ടുകാരെല്ലാവരും ചേര്‍ന്ന് പുതിയൊരു ജീവിതത്തിലേക്ക് കടക്കാനായി ആമിയെ കണ്‍വിന്‍സ് ചെയ്യുന്ന ഒരു രംഗമായിരുന്നു രണ്ടാമത്തേത് അതിന്റെ ഇടയില്‍ വീണ്ടും മോഹന്‍ലാല്‍ വരും'' സിബി മലയില്‍ പറയുന്നു. 

എന്നാല്‍ ആ രംഗം വളരെ ദീര്‍ഘമുള്ളതായതിനാല്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ മരണത്തിനു ശേഷം അത് കാണുന്ന പ്രേക്ഷകര്‍ വല്ലാതെ അസ്വസ്ഥമാകുന്നുണ്ടായിരുന്നുവെന്നും അതിനാല്‍ ഒരു തിയറ്ററില്‍ മാത്രം അത് കട്ട് ചെയ്ത് നോക്കി എന്നും സിബി മലയില്‍ പറയുന്നു. എന്നാല്‍ ആ രംഗം കട്ട് ചെയ്താല്‍ നിരഞ്ജന്റെ മരണത്തിനു ശേഷം ക്ലൈമാക്സില്‍ മഞ്ജുവിന്റെ കഥാപാത്രം വളരെ പ്രസന്നവതിയായി നില്‍ക്കുന്നത് കണ്ടാല്‍ പ്രേക്ഷകര്‍ക്ക് പന്തികേട് തോന്നില്ലേ എന്ന് സംശയമുണ്ടായിരുന്നു എന്നും എന്നാല്‍ പ്രേക്ഷകര്‍ അത് സ്വീകരിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച അതിഥി വേഷങ്ങളിലൊന്നായാണ് മോഹന്‍ലാലിന്റെ നിരഞ്ജന്‍ പറയപ്പെടുന്നത്. ആദ്യം ആ വേഷത്തിലേക്ക് രജനികാന്തിനെയും, കമല്‍ ഹാസനെയുമെല്ലാം പരിഗണിച്ചിരുന്നുവെങ്കിലും മോഹന്‍ലാല്‍ മതിയെന്ന് നിര്‍ദേശിച്ചത് സുരേഷ് ഗോപിയായിരുന്നു.്. സുരേഷ് ഗോപിയെയും ജയറാമിനെയും അപേക്ഷിച്ച് അക്കാലത്ത് കൂടുതല്‍ താരമൂല്യവും പ്രശസ്തിയും ഉള്ള ഒരു നടനെ അതിഥി വേഷത്തിനായി വേണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്ന് സിബി മലയില്‍ വെളിപ്പെടുത്തി. 

'മഞ്ജു വാര്യരുടെ കഥാപാത്രം ജയറാമിനെയും സുരേഷ് ഗോപിയെയുംകാള്‍ ഉയര്‍ന്ന ഒരാളെ സ്നേഹിക്കുന്നു, അതിനാല്‍ ആ നടന് ഉയര്‍ന്ന പദവി ഉണ്ടായിരിക്കണം. രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവരെയുള്‍പ്പെടെ ഞങ്ങള്‍ പരിഗണിച്ചു. എന്നാല്‍ എല്ലാവരും പറയുന്നതുപോലെ, 'സ്വര്‍ണം വീട്ടില്‍ വെച്ചിട്ട് എന്തിനാണ്', മോഹന്‍ലാല്‍ ഉള്ളപ്പോള്‍ മറ്റൊരു നടനെ എന്തിനാണ് പരിഗണിക്കേണ്ടതെന്ന് പിന്നീട് ഞങ്ങള്‍ ചിന്തിച്ചു' -അദ്ദേഹം പറഞ്ഞു.

ബംഗളൂരുവില്‍ ചികിത്സക്കിനിടെയാണ് താനും രഞ്ജിത്തും മോഹന്‍ലാലിനനോട് ഈ കഥാപാത്രത്തെക്കുറിച്ച് സംസാരിച്ചതെന്നും സംവിധായകന്‍ പറഞ്ഞു. അന്ന് മോഹന്‍ലാല്‍ താടി വളര്‍ത്തിയിരുന്നുവെന്നും ചികിത്സക്ക് ശേഷം നിന്ന് നേരിട്ട് ഷൂട്ടിങ് സ്ഥലത്തേക്ക് എത്താന്‍ തങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. നടന്റെ മാനസികാവസ്ഥ കഥാപാത്രത്തെ മെച്ചപ്പെടുത്താന്‍ സഹായിച്ചെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

sibi malayil about mohanlal role

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES