മലയാളികള്‍ക്ക് വളരെയധികം സുപരിചിതനാണ് സ്റ്റാര്‍ സിംഗര്‍ ഷോയിലൂടെ ശ്രദ്ധേയനായ ഗായകന്‍ ശ്രീനാഥ് ശിവശങ്കരന്‍. ഗായകനും സംഗീത സംവിധായകനുമൊക്കെയായ ശ്രീനാഥിനെ മലയാളികള്‍ പരിചയപ്പെടുന്നത് റിയാലിറ്റി ഷോയിലൂടെയായിരുന്നു. മൂന്നു വര്‍ഷം മുമ്പാണ് ശ്രീനാഥ് ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ സംവിധായകനും തിരക്കഥാകൃത്തുമായ സേതുവിന്റെ മകള്‍ അശ്വതിയെ വിവാഹം കഴിക്കുന്നത്. ഇപ്പോഴിതാ, ഇരുവരും മാതാപിതാക്കളായിരിക്കുക യാണെന്ന വിശേഷമാണ് പുറത്തു വന്നിരിക്കുന്നത്. ഇന്നലെ ഡിസംബര്‍ ഒന്നാം തീയതിയാണ് അശ്വതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ശ്രീനാഥും അശ്വതിയും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നെങ്കിലും ഒരിക്കല്‍ പോലും തങ്ങളൊരു കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന വിശേഷം അറിയിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ അപ്രതീക്ഷിതമായി എത്തിയ സന്തോഷ വാര്‍ത്തയ്ക്ക് താഴെ ആശംസാ പ്രവാഹവുമാണ് ഇപ്പോള്‍ ഉണ്ടാരുന്നത്.
ഐഡിയ സ്റ്റാര്‍ സിംഗറെന്ന ഷോയിലൂടെ കടന്നു വന്നാണ് ശ്രീനാഥ് ശ്രദ്ധ നേടുന്നത്. ഷോയിലെ വിജയ് ആരാധകന്‍ ഇന്ന് വളര്‍ന്ന് മലയാള സിനിമയിലെ നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ്. ഗായകനായി സിനിമയിലെത്തിയ ശ്രീനാഥ് പിന്നീട് സംഗീത സംവിധായകനുമായി മാറി. ആറുവര്‍ഷത്തെ പ്രണയമായിരുന്നു അശ്വതിയുടേയും ശ്രീനാഥിന്റേയും. 2010ലാണ് ശ്രീനാഥ് ശിവശങ്കരന്‍ എന്ന ഗായകനെ മലയാളികള്‍ പരിചയപ്പെടുന്നത്. അതിനു ശേഷം സിനിമാ പിന്നണി ഗാനരംഗത്തേക്ക് ചുവടു വച്ച ശ്രീനാഥ് 2016ലാണ് അശ്വതിയുടെ അച്ഛന്‍ സംവിധായകന്‍ സേതുവിനെ നേരിട്ട് പരിചയപ്പെടുന്നത്. അതിനും മുന്‍പ് സിനിമയില്‍ വന്ന തുടക്ക കാലത്ത് എപ്പോഴോ തന്നെ അശ്വതിയെ കണ്ടിട്ടുണ്ടെങ്കിലും വലിയ പരിചയമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് 2018ലാണ് അശ്വതിയുടെ അച്ഛനും തിരക്കഥാകൃത്തുമായ സേതുവിന്റെ സിനിമയായ കുട്ടനാടന്‍ ബ്ലോഗിലൂടെയാണ് ശ്രീനാഥ് സംഗീത സംവിധായകനാകുന്നത്. ഈ സമയത്താണ് അശ്വതിയെ ശ്രീനാഥ് അടുത്ത് പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു.
അശ്വതി പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങിയത്. പെട്ടന്ന് ഒരു സുപ്രഭാതത്തില്‍ പ്രണയമാണ് എന്ന് പറയുകയായിരുന്നില്ല. പരസ്പരമുള്ള സംസാരത്തിലൂടെയും പരിചയത്തിലൂടെയും രണ്ട് പേര്‍ക്കും ഇഷ്ടമാണെന്ന് അറിയാമായിരുന്നു. പിന്നീട് ഒരു അവസരം വന്നപ്പോള്‍ ശ്രീനാഥ് മനസ് തുറന്ന് അശ്വതിയോട് ഇഷ്ടം പറയുകയായിരുന്നു. പക്ഷെ പ്രണയിക്കാം എന്നായിരുന്നില്ല, കല്യാണം കഴിക്കാന്‍ താത്പര്യമുണ്ട് എന്ന് തന്നെയായിരുന്നു ശ്രീനാഥ് പറഞ്ഞത്.
പ്രണയത്തെക്കുറിച്ച് വീട്ടില്‍ പറയുമ്പോള്‍ അശ്വതി ഡിഗ്രി ഫസ്റ്റ് ഇയറില്‍ പഠിക്കുകയായിരുന്നു. വീട്ടില്‍ പറഞ്ഞപ്പോള്‍ പ്രതീക്ഷിച്ചിരുന്നത് പോലെയുള്ള പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. വീട്ടുകാര്‍ നോ പറയും എന്നു കരുതിയ ഇടത്ത് നേരെ മറിച്ചായിരുന്നു അവരുടെ മറുപടി കിട്ടിയത്. പഠനം പൂര്‍ത്തിയാക്കണം എന്നു മാത്രമായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത്. അതിനു ശേഷം മാത്രം മതി വിവാഹം എന്ന് ശ്രീനാഥും അശ്വതിയും തീരുമാനിക്കുകയും ചെയ്തിരുന്നു. അതേസമയം, അശ്വതിയുടെ അച്ഛനും ശ്രീനാഥിന്റെയും അച്ഛനും എല്ലാം മക്കളുടെ ആഗ്രഹം മനസിലാക്കി ഒപ്പം നിന്നതോടെ പ്രതിസന്ധികളൊന്നും കൂടാതെ തന്നെ ഇരുവരുടെയും പ്രണയം പൂത്തുതളിര്‍ക്കുകയായിരുന്നു. അശ്വതിയുടെ പിജി പരീക്ഷ പൂര്‍ത്തിയായതിനു പിന്നാലെയായിരുന്നു ഇവരുടെ വിവാഹം.