സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നടന്‍ ടിനി ടോം. മിമിക്രിയിലൂടെയും സിനിമയിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ടിനി തന്റെ കുട്ടിക്കാലത്തെക്കുറിച്ചും സുബി സുരേഷിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.ഏറ്റവും കൂടൂതല്‍ സന്തോഷം കിട്ടുന്നത് കുടുംബത്തിലാണ്. ഞങ്ങള്‍ ചെറിയൊരു കുടുംബമാണ്. ഞാനും മകനും ഭാര്യയും പൂച്ചയും. ഞാനൊരു ഫാമിലി മാനാണ്. അവരുള്ള സ്ഥലമാണ് എനിക്ക് സന്തോഷം.
എനിക്കവരെ കാണാതിരിക്കാന്‍ പറ്റില്ല. ലോകത്ത് എവിടെ പോയാലും വീട്ടില്‍ പോയി വന്നാലെ എനര്‍ജി കിട്ടൂ. രാത്രിയായാല്‍ എങ്ങനെയെങ്കിലും അവിടെയെത്തിയാല്‍ മതിയെന്നായിരിക്കും. മകനെ കാണുന്നത് വളരെ വിരളമായാണ്. കാരണം ഞാന്‍ ചെല്ലുമ്പോള്‍ അവന്‍ എത്തിയിട്ടുണ്ടാകില്ല. വെളുപ്പിന് ഞാന്‍ പോകുമ്പോള്‍ അവന്‍ എത്തിയിട്ടുണ്ടാകില്ല.ബൈബിള്‍ ഞാന്‍ എല്ലാ ദിവസവും വായിക്കാറുണ്ടെന്നും ടിനി ടോം പറഞ്ഞു. മകന്‍ സ്പിരിച്വലാണെന്നും ടിനി പറഞ്ഞു.
കുട്ടിക്കാലത്ത് താനൊരു അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും അതിന്റെ ഭയം ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്നും ടിനി പറഞ്ഞു. ആറാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് സ്‌കൂളിലേക്ക് നടന്നുപോകുമ്പോള്‍ മറ്റൊരു ആണ്‍കുട്ടി തന്നെ ചുംബിക്കാന്‍ ശ്രമിച്ചു. നല്ല വണ്ണമുള്ള കുട്ടിയായിരുന്നു അന്ന് താനെന്നും പെട്ടെന്നുണ്ടായ ആ സംഭവത്തില്‍ ശരീരം വിറച്ചുപോയെന്നും അദ്ദേഹം ഓര്‍ക്കുന്നു. വീട്ടില്‍ പറയാന്‍ പോലും കഴിയാത്ത വിധം അന്ന് അനുഭവിച്ച മാനസിക വിഷമം മൂലമാണ് സ്ത്രീകള്‍ ഇത്തരം സാഹചര്യങ്ങളില്‍ നേരിടുന്ന ഭയത്തെ തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും ടിനി ടോം വ്യക്തമാക്കി.
പിന്നീട് മിമിക്രി രംഗത്ത് സജീവമായ കാലത്തുണ്ടായ മറ്റൊരു സംഭവവും അദ്ദേഹം പങ്കുവെച്ചു. കോട്ടയം നസീറിന്റെ 'ഡിസ്‌കവറി' ട്രൂപ്പില്‍ പ്രവര്‍ത്തിക്കുന്ന സമയം, രാത്രി ട്രെയിന്‍ കാത്ത് റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങുമ്പോള്‍ ഒരാള്‍ വന്ന് കാലില്‍ സ്പര്‍ശിച്ച് മോശമായി പെരുമാറാന്‍ ശ്രമിച്ചു. കുട്ടിക്കാലത്തെ ആ പഴയ ട്രോമ അന്ന് പെട്ടെന്ന് മനസ്സിലേക്ക് വന്നുവെന്നും ഒന്നും ആലോചിക്കാതെ അയാളുടെ നെഞ്ചത്തടിച്ച് ഒരു ചവിട്ട് കൊടുത്തുവെന്നും ടിനി പറഞ്ഞു. പ്രതികരണത്തിന് പിന്നാലെ അയാള്‍ അവിടെ നിന്ന് ഒന്നും മിണ്ടാതെ എഴുന്നേറ്റ് പോയതായും താരം ഓര്‍ത്തെടുത്തു.
അടുത്ത സുഹൃത്തായ സുബിയുടെ ഓര്‍മകളും ടിനി പങ്ക് വച്ചു.'സുബിയുടെ വേര്‍പാടിനെക്കുറിച്ചു സംസാരിക്കാന്‍ എനിക്കു താല്‍പര്യമില്ല. ഞാന്‍ പെട്ടന്ന് ഇമോഷണലാകും. എന്റെ ചുറ്റും ഉണ്ടായിരുന്ന ആളാണ്. സുബിയെ കൊണ്ടുവന്നതും ഞാനാണ്. ഇത്രയും പെട്ടന്ന് അവള്‍ പോകുമെന്ന് കരുതിയിരുന്നില്ല. ഇപ്പോഴും അവളുടെ ഫോണ്‍ നമ്പര്‍ എന്റെ കയ്യിലുണ്ട്. ഇവള്‍ പോയോ എന്ന് എനിക്ക് ഇപ്പോഴും സംശയമാണ്.
എപ്പോഴും വിളിച്ച് സംസാരിക്കുന്നവരായിരുന്നില്ല ഞങ്ങള്‍. പക്ഷെ വസ്ത്ര ധാരണത്തിലൊക്കെ എന്തെങ്കിലും നിര്‍ദേശം പറയാന്‍ ഉണ്ടെങ്കിലോ മോശമായി തോന്നിയാലോ ഞാന്‍ അവളെ വിളിച്ച് പറയും. എന്റെ കോള്‍ വരുന്നത് അവള്‍ക്ക് പേടിയാണ്. എന്നെ മാത്രമെ അവള്‍ക്ക് ആകെ പേടിയുണ്ടായിരുന്നുള്ളൂ. എന്റെ വീടുമായും അത്രയും അടുപ്പമായിരുന്നു അവള്‍ക്ക്. എന്റെ ഭാര്യയെ ഞാന്‍ പരിചയപ്പെട്ടത് പോലും സുബി വഴിയാണ്. ഇത്ര വേഗം പോകുമെന്ന് കരുതിയില്ല. അവസാനം അവളെ കാണാന്‍ ചെന്നപ്പോള്‍ അവളുടെ ശരീരം വീര്‍ത്തിരുന്നു. സ്ലീമ്മായിട്ടുള്ള ആളായിരുന്നുവല്ലോ. എന്നെ കണ്ടതും ഒന്ന് നോക്കി. ഞാന്‍ നെറ്റിയില്‍ ഒരു ഉമ്മ കൊടുത്തിട്ട് വന്നു. ബൈ എന്നും പറഞ്ഞു'', അഭിമുഖത്തില്‍ ടിനി ടോം പറഞ്ഞു.