ഒരു ഭജനക്കിടെ അതിവൈകാരികമായി പെരുമാറുന്ന നടി സുധ ചന്ദ്രന്റെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഭജന നടക്കുന്നതിനിടെ നടി നിയന്ത്രണം വിട്ട് അസാധാരണമായി പെരുമാറുന്നതാണ് വിഡിയോയില്‍ കാണാനാകുന്നത്. ജനുവരി മൂന്നിന് മുംബൈയില്‍ നടന്ന ആത്മീയ ചടങ്ങായ മാതാ കീ ചൗക്കിയാലാണ് സംഭവം.
വേദിയില്‍ പ്രാര്‍ഥനയും ചടങ്ങുകളും നടക്കുന്നതിനിടെയാണ് സുധ അസാധാരണമായി പെരുമാറാന്‍ തുടങ്ങുന്നത്. നിന്നയിടത്തു നിന്നും നിന്ത്രണമില്ലാതെ ചാടുകയും അലറിക്കരയുകയും ചെയ്യുന്ന സുധ ചന്ദ്രനെ വിഡിയോയില്‍ കാണാം. ഇതിന് പിന്നാലെ നടിക്കെതിരെ വന്‍ തോതില്‍ ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.
ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സുധ ചന്ദ്രന്‍. തന്റെ ആത്മീയ അനുഭവത്തെക്കുറിച്ച് മറ്റുള്ളവരോട് വിശദീകരണം നല്‍കേണ്ട ആവശ്യം തനിക്കില്ലെന്ന് സുധ ചന്ദ്രന്‍ പറഞ്ഞു. സൂമിനോടായിരുന്നു നടിയുടെ പ്രതികരണം.
ഞാന്‍ ഇവിടെ അതിനെ ന്യായീകരിക്കാനല്ല വന്നിരിക്കുന്നത്. ജീവിതത്തെക്കുറിച്ച് എനിക്ക് എന്റേതായ ധാരണയുണ്ട്. ഞാന്‍ ബഹുമാനിക്കുന്ന ചില ബന്ധങ്ങളുണ്ട്. എന്നെക്കുറിച്ച് ട്രോളുകള്‍ ഉണ്ടാക്കുന്നവരെ ഞാന്‍ കാര്യമാക്കാറില്ല. ട്രോള്‍ ചെയ്യുന്നവര്‍ക്ക് അത് നല്ലതായിരിക്കും, നിങ്ങള്‍ സന്തോഷിക്കൂ.
അവരെ ഞാന്‍ ഒരിക്കലും വകവെയ്ക്കുന്നില്ല. എന്റെ വികാരങ്ങളോട് യോജിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുണ്ട്. അവരെയാണ് ഞാന്‍ ഗൗനിക്കുന്നത്. മറ്റുള്ളവര്‍ എന്ത് പറയും എന്നതിനെക്കുറിച്ച് ഞാന്‍ ഒരിക്കലും ആകുലപ്പെട്ടിട്ടില്ല. എന്നെ സംബന്ധിച്ച് എനിക്ക് അത് പ്രധാനമാണ്'. - സുധ പറഞ്ഞു. ഓണ്‍ലൈന്‍ വരുന്ന ട്രോളുകള്‍ക്കോ അനാവശ്യമായ അഭിപ്രായങ്ങള്‍ക്കോ ??താന്‍ ഉത്തരവാദിയല്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.
'എനിക്ക് അപകടമുണ്ടായതിന് ശേഷം ഞാന്‍ ചെയ്ത കാര്യങ്ങള്‍ കണ്ടിട്ട് ആളുകള്‍ എന്നെ വിമര്‍ശിക്കുകയും ഞാനൊരു വിഡ്ഢിയാണെന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ അത് വിജയിച്ചുക്കഴിഞ്ഞാല്‍, ആളുകള്‍ പിന്നെ അതിനെക്കുറിച്ച് മാത്രമേ സംസാരിക്കൂ'. - സുധ ചന്ദ്രന്‍ പറഞ്ഞു.
അതേസമയം ഭജനയ്ക്ക് സുധ ചന്ദ്രന്റെ കുടുംബാംഗങ്ങളും പരിചയക്കാരും ടെലിവിഷന്‍ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരും പങ്കെടുത്തിരുന്നു. വെള്ളയും ചുവപ്പും നിറത്തിലുള്ള സാരിയാണ് സുധ ധരിച്ചിട്ടുള്ളത്. നെറ്റിയില്‍ 'ജയ് മാതാ ദി' എന്നെഴുതിയ തുണിയും കെട്ടിയിട്ടുണ്ട്.
മലയാളം ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെയും 'നാഗിന്‍', 'യേ ഹെ മൊഹബത്തേന്‍' തുടങ്ങിയ പരമ്പരകളിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് സുധ ചന്ദ്രന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാറപകടത്തില്‍ കാല് നഷ്ടമായ സുധ, ഏറെ നാളത്തെ വിശ്രമത്തിന് ശേഷം വീണ്ടും നൃത്തരംഗത്തും അഭിനയ രംഗത്തും തിരിച്ചെത്തുകയായിരുന്നു.