നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ നവാസിന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ വേദനയില്‍ ആണ് താരലോകവും. ഇപ്പോള്‍ അദ്ദേഹത്തിന്റെ മരണത്തില്‍ വേദന പങ്കുവെച്ച് സഹതാരങ്ങള്‍ സോഷ്യല്‍മീഡിയ പങ്ക് വച്ച കുറിപ്പുകള്‍ വേദനപടര്‍ത്തുന്നതാണ്. നടന് സുരാജും റഹ്മാനും സീമയും അടക്കം നിരവധി പേരാണ് കുറിപ്പുകള്‍ പങ്ക് വച്ചെത്തിയിരിക്കുന്നത്.
സിനിമയിലെ ചുരുക്കം ചില സുഹൃത്തുക്കളില്‍ ഒരാളായിരുന്നു നവാസ് എന്നാണ് സുരാജ് പറയുന്നത്. തികഞ്ഞൊരു മനുഷ്യ സ്‌നേഹിയായിരുന്നു നവാസെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സിനിമാ സിനിമാ പോസ്റ്റര്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സിനിമയിലൂടെ എന്റെ ജീവിതത്തിലേക്ക് കൂടി നടന്നു കയറിയ വളരെകുറച്ചു ചങ്ങാതിമാരില്‍ ഒരാളായിരുന്നു പ്രിയപ്പെട്ട നവാസിക്ക... ഒരു കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല ഒരുപാട് നന്മയും മറ്റുള്ളവരോട് കരുതലുമുള്ള ഒരു തികഞ്ഞ മനുഷ്യസ്‌നേഹി... ഞങ്ങള്‍ പരിചയപ്പെടുന്ന കാലത്ത് ഞാന്‍ സിനിമയില്‍ ഇല്ല...ഞങ്ങളുടെ പ്രോഗ്രാം വേദികളില്‍ ഗസ്റ്റ് ആയിട്ട് സിനിമ താരമായ നവാസിക്കയെ കൊണ്ട് വരിക എന്നതായിരുന്നു അക്കാലത്തെ ഏറ്റവും വലിയ അഭിമാനം... ഒരു നിശ്വാസത്തിനിടയില്‍ പുരുഷന്റെയുംസ്ത്രീയുടെയും ശബ്ദം മാറി മാറി എടുക്കാന്‍ കഴിയുന്ന അപൂര്‍വമായ കഴിവിന് അപ്പുറം ഇക്ക ഒരു അസ്സല്‍ ഗായകന്‍ കൂടിയാണ്... ഒരു തികഞ്ഞ കലാകാരന്‍..
വേദന പങ്കുവെച്ച് സീമ ജി. നായര്‍
കലാഭവന്‍ നവാസ് അന്തരിച്ചു ..ആദരാഞ്ജലികള്‍ ..ലാസ്റ്റ് ഡിക്റ്റക്റ്റീവ് ഉജ്വലനില്‍ ഒരുമിച്ചു അഭിനയിച്ചു ..എത്ര വര്‍ഷമായി പരിചയമുള്ള നവാസ് ..ഉയ്യോ ഓര്‍ക്കാന്‍ പറ്റുന്നില്ല ,സഹിക്കാന്‍ പറ്റുന്നില്ല ,വിശ്വസിക്കാന്‍ പറ്റുന്നില്ല ..എന്റെ ദൈവമേ'' സീമ ജി. നായര്‍ കുറിച്ചു.
നവാസിന്റെ ജീവിതം വല്ലാതെ സങ്കടപ്പെടുത്തുന്നുവെന്ന് റഹ്മാന്‍
പൂര്‍ത്തിയാകാതെ പോയ ഒരു സിനിമയുടെ ദുബായിയിലെ സെറ്റില്‍ വെച്ചാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് നവാസിനെയും സഹോദരന്‍ നിയാസിനെയും പരിചയപ്പെടുന്നത്. ആ സിനിമയില്‍ എന്റെ കൂട്ടുകാരന്റെ വേഷമായിരുന്നു നവാസിന്. പിന്നീടുളള കൂടിക്കാഴ്ചകള്‍ അപൂര്‍മായിരുന്നെങ്കിലും ആ കൂട്ട് എന്നും മനസ്സില്‍ ഉണ്ടായിരുന്നു.ഇപ്പോള്‍ പൂര്‍ത്തിയാക്കാനാവാതെ പോയ നവാസിന്റെ ജീവിതം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. പ്രാര്‍ഥിക്കുകയല്ലാതെ എന്താണ് ചെയ്യുക? ആദരാഞ്ജലികള്‍' റഹ്മാന്‍ കുറിച്ചു.
ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് പോകവെയാണ് താന്‍ നവാസിന്റെ മരണവാര്‍ത്ത അറിഞ്ഞതെന്നും അപ്പോള്‍ മുതല്‍ അത് സത്യമാകരുതേ എന്നാണ് കരുതിയതെന്നും സ്നേഹ കുറിച്ചു. അവസാനമായി നവാസിനെ കാണാന്‍ നേരിട്ടെത്താനായില്ലെന്നും വീഡിയോ കോളിലൂടെയാണ് കണ്ടതെന്നും സ്നേഹ പറയുന്നു.
നവാസിക്ക പോയി... കേട്ടപ്പോള്‍ മുതല്‍ വിശ്വസിക്കാന്‍ പ്രയാസം ആയിരുന്നു. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരം യാത്രയില്‍ ആയിരുന്നു. കൊല്ലം കഴിഞ്ഞപ്പോള്‍ ആണ് ഈ വാര്‍ത്ത അറിയുന്നത്. അപ്പോള്‍ മുതല്‍ സത്യം ആകരുതേ എന്ന് കരുതി.. രാവിലെ ഷൂട്ട് തീര്‍ത്തു ഉച്ചക്ക് തന്നെ പുറപ്പെടാന്‍ നോക്കി പക്ഷെ വന്ദേഭാരത് പോലും ഒരുമണിക്കൂര്‍ വൈകിയാണ് വന്നത്. സ്റ്റേഷനില്‍ ടിനിച്ചേട്ടന്‍ ഉണ്ടായിരുന്നു, അവിടെ എത്താന്‍ പറ്റാത്ത സങ്കടത്തില്‍ ആയിരുന്നു. ഷാജോണ്‍ചേട്ടന്‍ ആ സമയത്തു വീഡിയോ കാള്‍ വിളിച്ചു, അങ്ങിനെ അവസാനമായി ഞങ്ങള്‍ ഇക്കയെ കണ്ടു..
നവാസിക്ക എനിക്ക് സഹോദരനും ഗുരുസ്ഥാനിയനും ആണ്. ഒന്നിച്ചുള്ള പരിപാടികള്‍, യാത്രകള്‍ എല്ലാം ഓര്‍മയായി.. ആരോഗ്യകാര്യങ്ങളില്‍ ശ്രദിച്ചിരുന്നു, ദുശീലങ്ങള്‍ ഇല്ല, നന്നായി സംസാരിക്കും പെരുമാറും അങ്ങിനെ ഏറ്റവും പ്രിയപ്പെട്ട നവാസിക്ക... നിയാസിക്കയുടെ കുടുംബം ഞങ്ങളുടെയും ആണ്, ഈ വിയോഗം ഉമ്മായ്ക്കും രഹ്നചേച്ചിക്കും മക്കള്‍ക്കും സഹിക്കാനുള്ള ശക്തി കൊടുക്കണേ എന്ന പ്രാര്‍ത്ഥന മാത്രം.. ചെറുപ്പം മുതലേ കുടുംബത്തിലെ എല്ലാ കാര്യങ്ങളും ഏറ്റടുത്തു നിയാസിക്കക്ക് കുറെയൊക്കെ പിടിച്ചു നിക്കാന്‍ പറ്റും... പുറത്തു കാണിക്കാതെ ആ മനുഷ്യന്‍ സ്വയം ഉരുകുന്നത് ഞങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്...എല്ലാവര്‍ക്കും ഇഷ്ട്ടമുള്ള ഒരു മനുഷ്യന്‍ പെട്ടെന്ന് ഇല്ല എന്ന് പറയുമ്പോള്‍... ഇപ്പഴും വിശ്വസിക്കാന്‍ പ്രയാസം.. ചെയ്തു വച്ച പരിപാടികളും കഥാപാത്രങ്ങളും നിലനില്‍ക്കും.. അത് കലാകാരന്‍ ആയതു കൊണ്ടുള്ള ഒരു അനുഗ്രഹം ആണ്.. 'സ്‌നേഹ കുറിച്ചു.
നവാസിന്റെ പിതാവ് അബൂബക്കറുമായുള്ള ബന്ധത്തില്‍ തുടങ്ങിയതാണ് നവാസുമായും സഹോദരന്‍ നിയാസുമായുമുള്ള സൗഹൃദമെന്ന് വികെ ശ്രീരാമന്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. മകനാവാനുള്ള പ്രായമേയുള്ളൂവെന്നും നവാസിന്റെ ചിരിക്കുന്ന മുഖം മാത്രമേ മനസിലുള്ളൂവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റില്‍ കുറിച്ചു.
വി.കെ. ശ്രീരാമന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്: വളരെ കാലം മുമ്പ് കുന്നംകുളം മുനിസിപ്പാലിറ്റിയുടെ വാര്‍ഷികത്തിന് ഒരു നാടകം കണ്ടാണ് അബൂബക്കര്‍ മനസ്സില്‍ കയറിക്കൂടുന്നത്. ഒരു റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായിട്ടാണ് അബൂബക്കര്‍ ആ നാടകത്തില്‍ പ്രധാന വേഷത്തില്‍ പ്രതൃക്ഷപ്പെടുന്നത്.
അതിനു ശേഷം വളരെക്കഴിഞ്ഞ് ചില സിനിമളില്‍ ഒന്നിച്ചഭിനയിച്ചു. പിന്നെ നവാസും നിയാസും സുഹൃത്തുക്കളായി. അവരുടെ വളര്‍ച്ചയില്‍ ഒരു സുഹൃത്തെന്നതിനേക്കാള്‍ ഏറെ അവരുടെ കുടുംബത്തിന്റെ നിഴല്‍ വീണ കാലം കണ്ട ഞാന്‍ സന്തോഷിച്ചു. അവസാനം നവാസ് വീട്ടില്‍ വന്നത് മുതുവമ്മലുള്ള സലീമുമൊത്ത് 'ഇഴ'യുടെ പ്രീവ്യൂവിന് ക്ഷണിക്കാനായിരുന്നു. പ്രിവ്യു കാണാന്‍ പോവാനൊത്തില്ല. എന്റെ മകനാവാനുള്ള പ്രായമേ ഉള്ളൂ നിനക്ക്. നിന്റെ ചിരിക്കുന്ന മുഖമേ എന്റെ മനസ്സിലുള്ളൂ. പ്രിയനേ വിട.