ബോളിവുഡിനെയും തെന്നിന്ത്യയെയും ഒരുപോലെ ഞെട്ടിച്ച മരണമായിരുന്നു നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റേത്. 2020 ജൂണ്‍ 14 നാണ് ആരാധകരെയും സിനിമാ പ്രേക്ഷകരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയുള്ള സുശാന്തിന്റെ മരണം. മുംബൈ ബാന്ദ്രയിലുള്ള വസതിയില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്.
മാസങ്ങളായി കടുത്ത വിഷാദത്തിലായിരുന്നു സുശാന്തെന്നും ഇതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ മരണശേഷം പുറത്തുവന്ന വാര്‍ത്തകള്‍. ഇപ്പോഴിതാ നടന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരി ശ്വേത സിങ് കീര്‍ത്തി.
സുശാന്തിന്റെ കഴുത്തിലുണ്ടായിരുന്ന പാട് വസ്ത്രത്തിന്റേത് അല്ലായിരുന്നുവെന്നും, അതൊരു ചെയിനിന്റെ പാട് ആണെന്നുമാണ് ശ്വേത പറയുന്നത്. അണ്‍പ്ലഗ്ഡ് ശുഭങ്കര്‍ എന്ന പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് ശ്വേതയുടെ വെളിപ്പെടുത്തല്‍.
അത് എങ്ങനെ ആത്മഹത്യയാകും ? ഫാനും കട്ടിലിനുമിടയില്‍ ഒരാള്‍ക്ക് കാലുകള്‍ തൂക്കിയിടാന്‍ പോലും സ്ഥലമുണ്ടായിരുന്നില്ല. ആര്‍ക്കെങ്കിലും ആത്മഹത്യ ചെയ്യണമെങ്കില്‍, അവര്‍ ഒരു സ്റ്റൂള്‍ എങ്കിലും ഉപയോഗിക്കില്ലേ? എന്നാല്‍ അവിടെ അങ്ങനെയൊരു വസ്തു ഉണ്ടായിരുന്നില്ല.
ഇനി ശരീരത്തിലെ പാടുകള്‍ നോക്കുകയാണെങ്കില്‍, അതൊരു ദുപ്പട്ടയുടെ പാടുകളായി തോന്നുന്നില്ല. ഉപയോഗിച്ച വസ്തു ഒരു തുണി പോലെയുള്ള അടയാളമല്ല ഉണ്ടാക്കിയത്, മറിച്ച് അതൊരു നേര്‍ത്ത ചെയിനിന്റെ പാടുപോലെയാണ്.- ശ്വേത പറഞ്ഞു.സുശാന്തിനെ രണ്ട് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് അമേരിക്കയില്‍ നിന്നും മുംബൈയില്‍ നിന്നുമുള്ള രണ്ടു പേര്‍ പറഞ്ഞുവെന്നും ഇവര്‍ ആത്മീയമായ കഴിവുകള്‍ ഉള്ളവരാണെന്നും-ശ്വേത അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം സുശാന്തിനെ ആരെങ്കിലും നിയമവിരുദ്ധമായി തടങ്കലില്‍ വെക്കുകയോ ഭീഷണിപ്പെടുത്തുകയോ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയോ ചെയ്തതിന് തെളിവുകളില്ലെന്നാണ് സിബിഐയുടെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നത്.നടി റിയ ചക്രബര്‍ത്തി സുശാന്തിന്റെ പണം തട്ടിയെടുത്തതിനും തെളിവുകളൊന്നും ഏജന്‍സിക്ക് കണ്ടെത്താനായില്ല. പകരം സുശാന്ത് റിയയെ കുടുംബാംഗത്തെ പ്പോലെയാണ് കണ്ടിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സുശാന്തിന്റെ കുടുംബം റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു.