മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം പിതാവിന് ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നതായി വിജയരാഘവന്‍. 'പൂക്കാലം' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് ഈ അംഗീകാരം ലഭിച്ചത്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നാണ് താരം പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഫേസ്ബുക്കിലൂടെ വിജയരാഘവന്‍ സന്തോഷം അറിയിച്ചിരിക്കുന്നത്.
'53 വര്‍ഷങ്ങള്‍, എണ്ണമറ്റ കഥാപാത്രങ്ങള്‍, തീരാത്ത പാഠങ്ങള്‍. ഒടുവില്‍ അവാര്‍ഡ് വീണ്ടും വീട്ടിലേക്കെത്തുന്നു. ഞങ്ങളുടെ കുടുംബത്തിലെ രണ്ടാമത്തെ ദേശീയ പുരസ്‌കാരം. ആദ്യത്തേത് എന്റെ അച്ഛനായിരുന്നു. ഇത് അദ്ദേഹത്തിനാണ്,' അദ്ദേഹം കുറിച്ചു. കുറിപ്പിന്റെ പൂര്‍ണ രൂപം:
2023 ലെ 71-ാമത് ദേശീയ അവാര്‍ഡ് ''പൂക്കളം'' എന്ന ചിത്രത്തിലെ മികച്ച സഹനടനുള്ള പുരസ്‌കാരം 53 വര്‍ഷങ്ങള്‍, എണ്ണമറ്റ കഥാപാത്രങ്ങള്‍, അനന്തമായ പാഠങ്ങള്‍ - ഇന്ന് രാത്രി, ഈ ബഹുമതി വീണ്ടും സ്വന്തം വീട്ടിലേക്കെത്തുന്നു. ഞങ്ങളുടെ കുടുംബത്തിനുള്ള രണ്ടാമത്തെ ദേശീയ അവാര്‍ഡ്, ആദ്യത്തേത് എന്റെ അച്ഛന്‍ നേടി. ഇത് അദ്ദേഹത്തിനും, ഈ യാത്രയ്ക്കും, എന്നോടൊപ്പം നിന്ന എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. നന്ദി..
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വീകരിച്ച ശേഷം ഡല്‍ഹിയിലെ സുരേഷ് ഗോപിയുടെ വസിതിയില്‍ എത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്.'ഞാനും സുരേഷ് ഗോപിയും ഒന്നിച്ച് സിനിമയില്‍ വന്ന ആള്‍ക്കാരാണ്. ഇവിടെ വന്നപ്പോള്‍ ന്യൂഡല്‍ഹി എന്ന സിനിമയില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ച കാര്യങ്ങളൊക്കെ ഓര്‍മ്മ വന്നു. ന്യൂഡല്‍ഹി എന്ന സിനിമയില്‍ ഇവിടെ മുഴുവന്‍ ഞങ്ങള്‍ സുരേഷ് ഗോപിയെ ഓടിക്കുന്നൊരു സീനുണ്ട്. ഡല്‍ഹി മുഴുവന്‍ ഞങ്ങള്‍ ഓടിയിട്ടുണ്ട്. ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുന്നുണ്ട്. സുരേഷ് ഗോപി കേന്ദ്രമന്ത്രിയായിരിക്കുമ്പോള്‍ ഒരു അവാര്‍ഡ് വാങ്ങാന്‍ ഇവിടെ വരിക എന്നതൊക്കെ വലിയ ഭാഗ്യം തന്നെയാണ്.'- വിജയരാഘവന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
'സുരേഷ് ഇങ്ങനെയൊരു മന്ത്രിയായി ഇവിടെ ഇരിക്കുമെന്നോ എനിക്ക് ഇങ്ങനൊരു അവാര്‍ഡ് കിട്ടുമെന്നോ ഒന്നും അന്ന് വിചാരിച്ചിരുന്നില്ല. ഇതൊക്കെ ജീവിതത്തില്‍ ലഭിക്കുന്ന അപ്രതീക്ഷിത ഭാ?ഗ്യങ്ങളാണ്. ഇപ്പോള്‍ ലാലിനും എന്നോടൊപ്പം ഇവിടെ വന്ന് അവാര്‍ഡ് വാങ്ങാന്‍ കഴിഞ്ഞു. അത് ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡ് ആണ്. ഏറ്റവും ചെറുപ്പമായിട്ടുള്ള ഒരാള്‍ക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് കിട്ടുന്നത് ആദ്യമായി ലാലിന് ആണെന്ന് തോന്നുന്നു. അതിനൊപ്പം എനിക്കും ദേശീയ അവാര്‍ഡ് വാങ്ങാന്‍ കഴിഞ്ഞത് ഭാഗ്യമാണ്.'- വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷത്തെ ദേശീയ പുരസ്‌കാരങ്ങളില്‍ മലയാളത്തിന് മികച്ച നേട്ടങ്ങള്‍ ഉണ്ടായി. 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ അഭിനയത്തിന് ഉര്‍വശി മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനും രാഷ്ട്രപതി പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാരം നേടിയ മറ്റ് മലയാളികള്‍ ഇവരാണ്: മിഥുന്‍ മുരളി (എഡിറ്റിങ് - 'പൂക്കാലം'), പി. മോഹന്‍ദാസ് (പ്രൊഡക്ഷന്‍ ഡിസൈനര്‍ - '2018'), എം.കെ. രാംദാസ് (നോണ്‍-ഫീച്ചര്‍ ഫിലിം പ്രത്യേക പരാമര്‍ശം - 'നെകല്‍: ക്രോണിക്കിള്‍ ഓഫ് ദി പാഡി മാന്‍'), സച്ചിന്‍ സുധാകരന്‍ (ശബ്ദരൂപകല്‍പ്പന - 'അനിമല്‍'), എം.ആര്‍. രാജകൃഷ്ണന്‍ (റീ-റെക്കോര്‍ഡിങ് ഡിജിറ്റല്‍ പ്രത്യേക പരാമര്‍ശം), എസ്. ഹരികൃഷ്ണന്‍ (വിവരണം - 'ദ സേക്രഡ് ജാക്ക്'), ക്രിസ്റ്റോ ടോമി (സംവിധായകന്‍ - 'ഉള്ളൊഴുക്ക്')