മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന 'കളങ്കാവല്‍' എന്ന സിനിമയിലെ തന്റെ കഥാപാത്രം നടന്‍ മമ്മൂട്ടി നല്‍കിയ വലിയൊരു സമ്മാനമാണെന്ന് നടന്‍ വിനായകന്‍. ജീവിതത്തിലെ വലിയൊരു ഭാഗ്യമായി ഈ വേഷത്തെ കാണുന്നുവെന്നും, അത് ലൗഡ് അല്ലാത്തതും സൂക്ഷ്മമായ അഭിനയം ആവശ്യപ്പെടുന്നതുമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. മമ്മൂട്ടി കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പങ്കുവെച്ച അഭിമുഖത്തിലാണ് വിനായകന്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
മമ്മൂട്ടിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ വളരെ എളുപ്പമാണെന്ന് വിനായകന്‍ അഭിപ്രായപ്പെട്ടു. 'മമ്മൂക്ക തന്നെ പറയുന്നു വിനായകനെ വെച്ച് ചെയ്യിക്കാമെന്ന്... ജന്മത്തിലെ ഭാഗ്യങ്ങളാണിതെല്ലാം,' എന്ന് അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ എതിര്‍വേഷത്തില്‍ ഇത്രയും വലിയൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് കാണുന്നത്. ഡയലോഗ് ഡെലിവറി അടക്കമുള്ള കാര്യങ്ങളില്‍ മമ്മൂട്ടി വലിയ പിന്തുണ നല്‍കിയെന്നും, അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ വളരെയധികം ഉപകരിച്ചെന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു. 'അത്രയൊന്നും പറയണ്ട അല്ലെങ്കില്‍ ഇത്രയും പറയണം എന്നൊക്കെയുള്ള നിര്‍ദേശങ്ങള്‍ സഹായകമായി,' എന്നും മമ്മൂട്ടിക്ക് വലിയ അനുഭവസമ്പത്തുള്ളതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായെന്നും വിനായകന്‍ വ്യക്തമാക്കി.
കുറ്റാന്വേഷണ വിഭാഗത്തില്‍പ്പെടുന്ന 'കളങ്കാവല്‍' എന്ന ചിത്രത്തിലെ തന്റെ കഥാപാത്രം നായകനാണോ വില്ലനാണോ എന്ന ചോദ്യത്തിന് സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ട് വിനായകന്‍ മറുപടി നല്‍കി. തന്റേയും മമ്മൂട്ടിയുടേയും കഥാപാത്രങ്ങള്‍ക്ക് അവരുടേതായ സത്യങ്ങളുണ്ടെന്നും, താന്‍ ഒരു സിസ്റ്റത്തിന്റെ ആളും മമ്മൂട്ടിയുടെ കഥാപാത്രം സ്വാതന്ത്ര്യത്തിന്റെ അങ്ങേയറ്റത്തെ പ്രതിനിധിയുമാണെന്നും അദ്ദേഹം പറഞ്ഞു. സംവിധായകന്‍ ജിതിന്‍ കെ. ജോസ് തന്റെ സ്വാഭാവികമായ 'ലൗഡ്' ശൈലിയില്‍ നിന്ന് മാറ്റി, സൂക്ഷ്മമായ അഭിനയം കാഴ്ചവെക്കാന്‍ സഹായിച്ചുവെന്നും വിനായകന്‍ എടുത്തുപറഞ്ഞു. 'വിനായകന്റെ കയ്യും കാലുമൊക്കെ കെട്ടിക്കളഞ്ഞു ജിതിന്‍,' എന്ന് അദ്ദേഹം തമാശരൂപേണ പറഞ്ഞു.
ലൗഡ് ആയി അഭിനയിക്കാന്‍ എളുപ്പമാണെങ്കിലും, പിടിച്ചുനിര്‍ത്തി അഭിനയിക്കുന്നത് തനിക്ക് കുറച്ച് പ്രയാസമായിരുന്നു എന്നും ഈ വെല്ലുവിളി ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.