Latest News

'എത്രയെത്ര നാടകങ്ങള്‍.. അവിസ്മരണീയമാക്കിയ എത്രയെത്ര കഥാപാത്രങ്ങള്‍'; ഇനി ചേച്ചി ഇല്ല എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല; അന്തരിച്ച സാവിത്രി ശ്രീധരനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി വിനോദ് കോവൂര്‍ 

Malayalilife
 'എത്രയെത്ര നാടകങ്ങള്‍.. അവിസ്മരണീയമാക്കിയ എത്രയെത്ര കഥാപാത്രങ്ങള്‍'; ഇനി ചേച്ചി ഇല്ല എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല; അന്തരിച്ച സാവിത്രി ശ്രീധരനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി വിനോദ് കോവൂര്‍ 

അന്തരിച്ച നടി സാവിത്രി ശ്രീധരന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ വിനോദ് കോവൂര്‍. കോഴിക്കോട് നടക്കുന്ന എല്ലാ നാടകങ്ങളും കാണാന്‍ പോയിരുന്ന പഴയകാലം മുതല്‍ക്കേ സാവിത്രി ചേച്ചിയുമായി പരിചയമുണ്ടായിരുന്നുവെന്ന് വിനോദ് കോവൂര്‍ പറഞ്ഞു. 

പിന്നീട് ഒന്നിച്ച് അഭിനയിക്കാനും ഭാഗ്യമുണ്ടായി. 'സുഡാനി ഫ്രം നൈജീരിയ' സിനിമ കണ്ട ശേഷം വീട്ടില്‍ ചെന്ന് അഭിനന്ദിച്ചിരുന്നുവെന്നും, പിന്നീട് തന്റെ യൂട്യൂബ് ചാനലിലേക്ക് അവരെയും കുട്ട്യേടത്തി വിലാസിനിയെയും കുറിച്ച് അഭിമുഖം ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സാവിത്രിക്ക് ദേശീയ അവാര്‍ഡ് ലഭിച്ച വേളയിലെ രസകരമായ ഒരു അനുഭവം താരം പങ്കുവെക്കുന്നുണ്ട്. 

വിനോദ് കോവൂരിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

 പ്രിയ സാവിത്രി ചേച്ചിയും അരങ്ങൊഴിഞ്ഞു. നാടകത്തോട് മോഹം തുടങ്ങിയ കാലം. കോഴിക്കോട് നടക്കുന്ന എല്ലാ നാടകങ്ങളും പോയി കണ്ടിരുന്ന കാലം. ആ പഴയകാല നാടകങ്ങളിലെല്ലാം സാവിത്രി ചേച്ചിയും ഉണ്ടായിരുന്നു. അങ്ങനെ നാടകത്തിലൂടെ ഞങ്ങള്‍ കൂട്ടാവുന്നു. ഒന്നിച്ച് അഭിനയിക്കാനും ഭാഗ്യം ഉണ്ടാകുന്നു. എപ്പോള്‍ കണ്ടാലും മോനേ വിനോദേന്നും വിളിച്ച് അരികിലേക്ക് വരും. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ കണ്ട ശേഷം സാവിത്രി ചേച്ചിയെ വീട്ടില്‍ ചെന്ന് കണ്ട് അഭിനന്ദിച്ചിരുന്നു. 

പിന്നീട് എന്റെ യു ട്യൂബ് ചാനലിലേക്ക് സാവിത്രി ചേച്ചിയുമായും കുട്ട്യേടത്തി വിലാസിനി ചേച്ചിയുമായും അഭിമുഖം നടത്തിയിരുന്നു. അഭിനയ മികവിന് ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ ഞാന്‍ കേക്കും സമ്മാനവുമായി വീട്ടില്‍ ചെന്നിരുന്നു. അന്ന് വീട് പരിസരം മുഴുവനും വെള്ളം കയറിയ സമയമായിരുന്നു. ഞാന്‍ വിളിച്ചപ്പോള്‍ ഇങ്ങോട്ട് വരാന്‍ പറ്റില്ല വിനോദേ വെള്ളം കയറിയ സമയമാണ് എന്ന് പറഞ്ഞിരുന്നു. എന്നിട്ടും സാഹസപ്പെട്ട് ഞാനും കൂട്ടുകാരന്‍ സി.ടി.കബീറും ചേര്‍ന്ന് അരക്കറ്റം വെള്ളം നനഞ്ഞ് സാവിത്രി ചേച്ചിയുടെ വീട്ടിലെത്തിയപ്പോള്‍ സാവിത്രി ചേച്ചിക്ക് ശരിക്കും അദ്ഭുതപ്പെട്ടു. 

മറ്റ് ചാനലുകാര്‍ക്ക് ആര്‍ക്കും എത്തിപ്പെടാന്‍ പറ്റാത്ത സമയത്താണ് ഞാനും കബീറും വീട്ടില്‍ എത്തുന്നത്. അന്ന് വളരെ സന്തോഷത്തോടെ യാത്രയാക്കി. പിന്നീടും രണ്ട് മൂന്ന് കൂടിക്കാഴ്ച്ചകള്‍ ഉണ്ടായി. പിന്നെ എന്നെ വിളിച്ച് തീരെ വയ്യ വിനോദേ വര്‍ക്കിനൊന്നും പോകാന്‍ പറ്റാത്ത അവസ്ഥയിലാണെന്ന് പറഞ്ഞിരുന്നു പിന്നീട് കാണാന്‍ പറ്റിയിട്ടില്ല. ഒരു ദിവസം ഫോണില്‍ 3 മിസ്ഡ് കോളുകള്‍ കണ്ടപ്പോള്‍ തിരിച്ച് വിളിച്ചു. അപ്പോള്‍ ഫോണ്‍ എടുത്ത പെണ്‍കുട്ടി പറഞ്ഞു. 

ആരൊക്കെയോ വിളിക്കാണ് സംസാരിക്കാനൊന്നും പറ്റില്ല. അള്‍ഷിമേഴ്‌സ് ആണ് ഇപ്പോള്‍ എന്ന്. കേട്ടപ്പോള്‍ വലിയ വിഷമം തോന്നി. എത്രയെത്ര നാടകങ്ങള്‍ അവിസ്മരണീയമാക്കിയ എത്ര എത്ര കഥാപാത്രങ്ങള്‍. എല്ലാവര്‍ക്കും ഏറെ ഇഷ്ട്ടമാണ് സാവിത്രി ചേച്ചിയെ. എല്ലാവരോടും അങ്ങനെയാണ് സാവിത്രി ചേച്ചി പെരുമാറിയിരുന്നത്. ഇനി സാവിത്രി ചേച്ചി ഇല്ല എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇനി ഓര്‍മ്മകളില്‍ ജീവിക്കും, സ്‌നേഹനിധിയായ സാവിത്രി ചേച്ചി.
 

vinod kovoor about savithri

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES