ഇന്നലെ കര്‍ക്കിടക വാവു ദിനത്തില്‍ ലക്ഷക്കണക്കിനു പേരാണ് തങ്ങളെ വിട്ടു പോയ പ്രിയപ്പെട്ടവര്‍ക്കായി ബലിയിട്ടത്. അക്കൂട്ടത്തില്‍ നടീനടന്മാരുമുണ്ട്. തന്നെ ഏറ്റവുമധികം വേദനിപ്പിച്ച അച്ഛന്റെ വേര്‍പാടില്‍ ഉള്ളുരുകി, സീരിയല്‍ നടി യമുനാ റാണിയും സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പിട്ടിരുന്നു. സ്നേഹവാത്സല്യങ്ങള്‍ പകര്‍ന്നു നല്‍കിയ ആ അച്ഛന്‍ 19ാം വയസുമുതല്‍ താന്‍ ജീവിക്കാന്‍ വേണ്ടി നടത്തിയ പോരാട്ടങ്ങളെല്ലാം കണ്ടതാണ്. കാലിടറി വീണതും തളര്‍ന്നു പോയതും അവിടെ നിന്നും ഉയര്‍ത്തെണീറ്റതുമെല്ലാം കണ്ടിട്ടുള്ള അച്ഛനെ കുറിച്ചുള്ള ആ കുറിപ്പിനൊടുവില്‍ നടി പറഞ്ഞത് ഇങ്ങനെയാണ്: അച്ഛന്‍ ഒരു മകളെയല്ല, ഒരു യോദ്ധാവിനെയാണ് വളര്‍ത്തിയത്. എന്റെ കുട്ടികള്‍ ഇപ്പോഴും ആ സ്‌നേഹം അനുഭവിക്കുന്നുണ്ട്. അദ്ദേഹം എവിടേക്കും പോയിട്ടില്ല - കാരണം ഞാന്‍ ഇപ്പോഴും ഒറ്റയ്ക്കാണെന്ന് അദ്ദേഹത്തിനറിയാം. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍, അച്ഛന്‍ ഇപ്പോഴുമുണ്ടെന്ന് എനിക്കറിയാം. അച്ഛനെ ഞാന്‍ മിസ് ചെയ്യുന്നു. അച്ഛനെ ഏറെ സ്‌നേഹിക്കുന്നു. മരണം അദ്ദേഹത്തിന്റെ കൊണ്ടുപോയെങ്കിലും അദ്ദേഹത്തിന്റെ ആത്മാവ് എന്നെ വിട്ടുപോയിട്ടില്ല.. എന്റെ കഥ അദ്ദേഹത്തിന്റെയും കഥയാണ് എന്നാണ് യമുന കുറിച്ചത്. പിന്നാലെ താനിപ്പോഴും ഒറ്റയ്ക്കാണെന്നു നടി പറഞ്ഞതു ചൂണ്ടിക്കാട്ടി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ നല്‍കിയത്.
അങ്ങനെ സിനിലൈഫ് നല്‍കിയ വാര്‍ത്തയ്ക്ക് താഴെ നടി തന്റെ പ്രതികരണവുമായി എത്തുകയായിരുന്നു. ആ വീഡിയോയ്ക്ക് താഴെ നടി കുറിച്ചത് ഇങ്ങനെയാണ്: 'ഞാന്‍ ഒറ്റയ്ക്കാണ്' എന്നു ഞാന്‍ പറഞ്ഞത് വൈകാരികമായി ഞാന്‍ തനിച്ചാണ് എന്ന അര്‍ത്ഥത്തിലാണ്. ഉത്തരവാദിത്തങ്ങളെല്ലാം സ്വയം വഹിക്കുന്ന ഒരാളെന്ന നിലയിലാണ്, ഒരു ബന്ധം എന്ന നിലയിലല്ല. ഒരു മകള്‍ അവളുടെ പിതാവിനോടുള്ള ആദരസൂചകമായി കുറിച്ച വാക്കുകളെ ദയവായി തെറ്റായി വ്യാഖ്യാനിക്കരുത്. ആ പോസ്റ്റ് എന്റെ അച്ഛനുമായുള്ള എന്റെ ബന്ധത്തെക്കുറിച്ചായിരുന്നു - എന്റെ കഷ്ടപ്പാടുകള്‍ ശരിക്കും അറിയാവുന്ന ഒരേയൊരു വ്യക്തിയായിരുന്നു അദ്ദേഹം.'ഒറ്റയ്ക്കായിരിക്കുക' എന്നതിന്റെ അര്‍ത്ഥം ഞാന്‍ വിവാഹമോചിതയായി എന്ന് അര്‍ത്ഥമാക്കുന്നില്ല. അതിനര്‍ത്ഥം ഞാന്‍ എന്റെ വഴിയില്‍ ശക്തിയോടെ മുന്നോട്ടു നടക്കുന്നു എന്നുമാത്രമാണ് എന്നാണ് നടി വീഡിയോയ്ക്ക് താഴെ കമന്റായി കുറിച്ചത്. കമന്റിനൊപ്പം തന്നെ യമുനാ റാണി തന്റെ ഇന്‍സ്റ്റഗ്രാമിലും ഒരു പോസ്റ്റിട്ടു. ഭര്‍ത്താവ് ദേവനും രണ്ടു പെണ്‍മക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമുള്ള നിരവധി ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഞങ്ങള്‍ ഒരിക്കലും എല്ലാം തികഞ്ഞവരല്ല, പക്ഷെ ഒന്നിച്ചു നില്‍ക്കുമ്പോള്‍ ഞങ്ങള്‍ പൂര്‍ണമാണ്. മൈ പ്യൂപ്പിള്‍.. മൈ പീസ് ലൗ എന്നാണ് യമുന കുറിച്ചത്.
വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ചിരപരിചിതയായ നടിയാണ് യമുനാ റാണി. നാലു വര്‍ഷം മുമ്പാണ് നടി അമേരിക്കന്‍ മലയാളിയും ബിസിനസുകാരനുമായ ദേവനെ വിവാഹം കഴിച്ചത്. നടിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. രണ്ട് പെണ്‍മക്കളോടൊപ്പം സന്തോഷകരമായി കഴിഞ്ഞിരുന്ന നടി വിവാഹം കഴിച്ച ദേവന്റേതും രണ്ടാം വിവാഹമായിരുന്നു. ദേവന്റെ ആദ്യ ഭാര്യ യമുനയെ കാണാന്‍ കൊച്ചിയിലെത്തിയ വീഡിയോയും സൗഹാര്‍ദ്ദപരമായി സംസാരിച്ചതിന്റെ വീഡിയോയുമൊക്കെ യമുന മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. തന്റെ വീട്ടുകാര്‍ക്ക് ഇന്നും മകനെ പോലെയാണ് ദേവന്‍ എന്നാണ് അന്ന് ആദ്യഭാര്യ യമുനയോട് പറഞ്ഞത്. കുടുംബത്തിലെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും അവര്‍ ദേവനെ അറിയിക്കാറുമുണ്ട്. ദേവന് ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. നാട്ടിലേക്ക് എത്തി യമുനയ്ക്കൊപ്പം ജീവിതം ആരംഭിച്ച ദേവന്‍ തിരുവനന്തപുരത്ത് വെള്ളായണിയ്ക്കടുത്ത് സ്ഥലംവാങ്ങി വലിയ വീടും നിര്‍മ്മിച്ചിരുന്നു.