പെട്ടെന്ന് അനുഭവപ്പെടുന്ന നടുവേദനയെയോ വാരിയെല്ലിന് താഴെയുള്ള വേദനയെയോ സാധാരണ പ്രശ്‌നമായി കാണാതിരിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരത്തിലുള്ള വേദന ചിലപ്പോള്‍ വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്നതിന്റെ സൂചനയായിരിക്കാം. സമയബന്ധിതമായി ചികിത്സ തേടാതിരിക്കുകയാണെങ്കില്‍ സ്ഥിരമായ വൃക്ക തകരാറുകളിലേക്ക് കാര്യം എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പലരും ഇത്തരം വേദനയെ സാധാരണ നടുവേദനയായി തെറ്റിദ്ധരിക്കുന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു.
മൂത്രത്തില്‍ രക്തസാന്നിധ്യം, മൂത്രമൊഴിക്കുമ്പോള്‍ കഠിനവേദന, നീറ്റല്‍, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളും വൃക്കക്കല്ലിന് സാധാരണമാണ്. രോഗാവസ്ഥ അവഗണിക്കുകയാണെങ്കില്‍ മൂത്രാശയ തടസ്സം, വൃക്കപ്രവര്‍ത്തന തകരാറ്, സെറം ക്രിയേറ്റിനിന്‍ വര്‍ദ്ധനവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വൃക്കയില്‍ കല്ല് സംശയിക്കുന്നവര്‍ക്ക് അള്‍ട്രാസൗണ്ട് പരിശോധന, മൂത്രപരിശോധന, സെറം ക്രിയേറ്റിനിന്‍ പരിശോധന തുടങ്ങിയവ നിര്‍ദ്ദേശിക്കുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. കല്ലിന്റെ സ്വഭാവം അനുസരിച്ച് ഭക്ഷണക്രമം മാറ്റുകയും ആവശ്യമായ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നത് പ്രതിരോധത്തില്‍ പ്രധാനമാണ്.
വൃക്കക്കല്ലുകള്‍ സമയത്ത് തിരിച്ചറിയുകയും ആവശ്യമായ ചികിത്സ സ്വീകരിക്കുകയും ചെയ്യുന്നത് ദീര്‍ഘകാലത്തേക്ക് വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ നിര്‍ണായകമാണെന്ന് വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.