Latest News

പെരിയ ഇരട്ടക്കൊലപാതകക്കേസ്: സിബിഐ അന്വേഷണം നടക്കാതിരിക്കാന്‍ വേണ്ടി മാത്രം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയത് ഒരു കോടിയിലേറെ രൂപ; പുറത്താക്കപ്പെട്ട ഒരു ബ്രാഞ്ച് സെക്രട്ടറിക്കുവേണ്ടിയാണോ ഈ ഒരു കോടി രൂപയെന്ന് നമ്മള്‍ ചോദിക്കരുത്; കാരണം ഹി ഇസ് എ ഹോണറബിള്‍ മാന്‍: അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

Malayalilife
topbanner
പെരിയ ഇരട്ടക്കൊലപാതകക്കേസ്: സിബിഐ അന്വേഷണം നടക്കാതിരിക്കാന്‍ വേണ്ടി മാത്രം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയത് ഒരു കോടിയിലേറെ രൂപ; പുറത്താക്കപ്പെട്ട ഒരു ബ്രാഞ്ച് സെക്രട്ടറിക്കുവേണ്ടിയാണോ ഈ ഒരു കോടി രൂപയെന്ന് നമ്മള്‍ ചോദിക്കരുത്; കാരണം ഹി ഇസ് എ ഹോണറബിള്‍ മാന്‍: അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

പെ രിയ ഇരട്ടകൊലപാതകം കേരളീയ സമൂഹമനസാക്ഷിയെ ഞെട്ടിച്ചത് രണ്ടു കാര്യങ്ങളിലാണ്. ഒന്ന് ഇളംപ്രായത്തിലുള്ള രണ്ട് കുട്ടികളെ രാഷ്ട്രീയവൈരത്തിന്റെ പേരില്‍ അതിനിഷ്ഠൂരമായി ഇല്ലാതാക്കിയ പ്രാകൃതപ്രത്യയശാസ്ത്രത്തിന്റെ മൃഗീയത കണ്ട്. രണ്ടാമത് ഇരകള്‍ക്കൊപ്പം നില്ക്കാതെ വേട്ടക്കാര്‍ക്കൊപ്പം നില്ക്കുന്ന,അവരെ ഏതുവിധേനയും സംരക്ഷിക്കാന്‍ കച്ചക്കെട്ടിയിറങ്ങിയ ഭരണകൂടത്തിന്റെ നെറികേട് കണ്ട്.

സമൂഹമനസാക്ഷിക്ക് മുന്നില്‍ ഈ ദാരുണകൊലപാതകം പതംപറഞ്ഞു നിരത്തിവയ്ക്കുന്ന ഒരുപാട് ചോദ്യങ്ങളുണ്ട്.ഒക്കെയും ഭരണകുടത്തിനെതിരെ വിരല്‍ചൂണ്ടാന്‍ പാകത്തിനുള്ളവ. ഒരു കൊലപാതക കേസ് കൃത്യമായി അന്വേഷിക്കാതിരിക്കാന്‍ വേണ്ടി സംസ്ഥാന സര്‍ക്കാര്‍ അതിന്റെ എല്ലാ സംവിധാനവും ഉപയോഗിച്ച്‌ ശ്രമിക്കുന്നത് എന്തുകൊണ്ടായിരിക്കും.? കേരള പൊലീസിന്റെ അതിദുര്‍ബ്ബലമായ കുറ്റപത്രം തള്ളി ഹൈക്കോടതി ആവശ്യപ്പെട്ട സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ മാത്രം ഒരു കോടിയിലേറെ രൂപ വറുതിയില്‍ എരിപൊരിക്കൊള്ളുന്ന ഒരു സര്‍ക്കാര്‍ ചെലവഴിച്ചത് എന്തിനായിരിക്കും. ? സ്വന്തം പാര്‍ട്ടിയിലെ കൊടും ക്രിമിനലുകളെ രക്ഷിക്കാന്‍ മുടക്കുന്ന തുക ഗതിയില്ലാതെ വട്ടം കറങ്ങുന്ന , രണ്ട് വന്‍ പ്രളയവും കൊറോണയെന്ന മഹാമാരിയും വട്ടം കറക്കുന്ന പാവപ്പെട്ട മനുഷ്യരുടെ കയ്യില്‍ നിന്നും പിടിച്ചു പറിച്ച നികുതി പണമല്ലേ സര്‍ക്കാരേ? നിയമസഭയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയ പ്രതിപക്ഷത്തോട് ഇനിയും സര്‍ക്കാര്‍ ഖജനാവിലെ പണം കൊണ്ടുതന്നെ അപ്പീല്‍ പോകുമെന്നു വെല്ലുവിളിക്കാന്‍ ധൈര്യമുള്ള മുഖ്യമന്ത്രി ഈ സമൂഹത്തിനു നല്കുന്ന സന്ദേശം എന്താണ്? തികച്ചും നെഗറ്റീവ് സന്ദേശത്തിനൊപ്പം തനി മാടമ്ബി സ്‌റ്റൈല്‍ വെല്ലുവിളി കൂടിയാണത്. പക്ഷേ ഹി ഇസ് എ ഹോണറബിള്‍ മാന്‍!

സിബിഐ കേസ് ഏറ്റെടുത്താല്‍ കേരളാ പൊലീസിന്റെ മനോവീര്യം തകര്‍ന്നുപോകുന്നത് തടയാന്‍ വേണ്ടി കഷ്ടപ്പെടുന്ന,അതിനു വേണ്ടി ഇല്ലായ്മയ്ക്കിടയിലും കോടികള്‍ ചെലവാക്കുന്ന സര്‍ക്കാറിന്റെ മനസ്സ് ആരും കാണാതെ പോകരുത്. ഈ സര്‍ക്കാരും പിന്നണിയാളുകളും ആദരണീയരാണ്. സിപിഎമ്മിനു യാതൊരു പങ്കുമില്ലെന്നു തുടക്കം മുതല്‍ പറയുകയും വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ നടന്ന ഒരു കൊലപാതകം എന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സംഭവത്തില്‍ ന്യായമായ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുന്നതിന്റെ യുക്തിയെ ചോദ്യം ചെയ്യുകയും അരുത്. കാരണം ഹി ഇസ് എ ഹോണറബിള്‍ മാന്‍.

സിപിഎമ്മിന്റെ ഭാരവാഹികളും അംഗങ്ങളും സജീവപ്രവര്‍ത്തകരുമായ 14 പേരാണ് പ്രതിപട്ടികയിലുള്ളത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാംപ്രതിയും സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയും പെരിയ ഏരിയാകമ്മിറ്റി അംഗവുമായ എ. പീതാംബരനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരുന്നു. പീതാംബരന് കൃപേഷിനോടും ശരത് ലാലിനോടുമുള്ള വ്യക്തിവിരോധമാണ് കൊലയുടെ കാരണമെന്നാണ് സിപിഎമ്മും കേരളാ പൊലീസും പറഞ്ഞത്. കേരളാപൊലീസ് സംഘം ആദരണീയരായതിനാല്‍ പ്രോസിക്യൂഷന്‍ സാക്ഷികളായി ചേര്‍ത്തിരിക്കുന്നവരിലേറെയും സിപിഎം അനുഭാവികളും കൊലപാതകത്തില്‍ പങ്കുണ്ട് എന്നു കുടുംബം സംശയിക്കുന്നവരുമാണ് എന്നതാണ് ഐറണി.

സിബിഐ കേസ് ഏറ്റെടുക്കാതിരിക്കാന്‍ സുപ്രീംകോടതിയില്‍നിന്നുള്ള സീനിയര്‍ അഭിഭാഷകരെ കൊണ്ടുവന്നാണ് സര്‍ക്കാര്‍ വാദിച്ചത്. തുടക്കത്തില്‍ കേസ് ഏറ്റെടുത്ത അഡ്വ. രഞ്ജിത്ത് കുമാറിന് 25 ലക്ഷം രൂപയാണ് ഫീസായി നല്‍കിയത്. പിന്നീട് വന്ന അഡ്വ. മനീന്ദര്‍ സിങിന് 20 ലക്ഷവും അദ്ദേഹത്തിന്റെ ജൂനിയറായ പ്രഭാസ് ബജാജിന് ഒരു ലക്ഷവും നല്‍കി. ഇതിനു പുറമെ നവംബര്‍ മാസത്തെ രണ്ട് സിറ്റിങില്‍ മനീന്ദറിനു 40 ലക്ഷവും പ്രഭാസ് ബജാജിനു രണ്ട് ലക്ഷവുമാണ് ഫീസ്. സിബിഐ അന്വേഷണം നടക്കാതിരിക്കാന്‍ വേണ്ടി മാത്രം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയത് ഒരു കോടിയിലേറെ രൂപയാണ്. പുറത്താക്കപ്പെട്ട ഒരു ബ്രാഞ്ച് സെക്രട്ടറിക്കുവേണ്ടിയാണോ ഈ ഒരു കോടി രൂപയെന്ന് നമ്മള്‍ ചോദിക്കരുത്. കാരണം ഹി ഇസ് എ ഹോണറബിള്‍ മാന്‍.

കൊല നടത്തിയത് പുറത്തുനിന്നുള്ള ക്വട്ടേഷന്‍ ടീമാണ്. അന്വേഷണം സിബിഐയിലേക്കെത്തിയാല്‍ അവര്‍ വഴി പാര്‍ട്ടിയിലെ പല ഉന്നതരിലേയ്ക്കും കേസെത്തും. ഇതിനെ തടയിടാനാണ് പാര്‍ട്ടിയും സര്‍ക്കാരും ശ്രമിക്കുന്നത് എന്നത് എന്റെ പഴമനസ്സിലെ മാത്രം സംശയമല്ല. പക്ഷേ ഐ ആം നോട്ട് എ ഹോണറബിള്‍ ലേഡി!

NB: സിബിഐ കേസ് ഏറ്റെടുത്താല്‍ കേരളാ പൊലീസിന്റെ മനോവീര്യം തകര്‍ന്നുപോകുന്നത് തടയാന്‍ വേണ്ടി അഹോരാത്രം പണിയെടുക്കുന്ന സര്‍ക്കാര്‍ തന്നെ പുറത്തു നിന്നും വക്കീലന്മാരെ കൊണ്ട് വരുമ്ബോള്‍ , കേരളത്തിലെ സര്‍ക്കാര്‍ വക്കീലന്മാരുടെ ആത്മവീര്യം സംരക്ഷിക്കാന്‍ എന്തു ചെയ്യും എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല.

Anju parvathy prabheesh note about periya double murder case

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES