Latest News

മനുഷ്യന്റെ ദുര്‍ബലത ഒട്ടും ചോരാതെ മുതലെടുക്കാന്‍ ഇവിടുത്തെ മത സ്ഥാപനങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കും സാധിക്കുന്നുണ്ട്;ഹരിലാല്‍ എഴുതുന്നു

Malayalilife
topbanner
മനുഷ്യന്റെ ദുര്‍ബലത ഒട്ടും ചോരാതെ മുതലെടുക്കാന്‍ ഇവിടുത്തെ മത സ്ഥാപനങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കും സാധിക്കുന്നുണ്ട്;ഹരിലാല്‍ എഴുതുന്നു

ട്രാന്‍സ്.. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഒരു രണ്ടാം ക്ലാസ്സുകാരന്‍ സ്‌കൂള്‍ വിട്ടു വരുമ്ബോള്‍ റോഡില്‍ തളര്‍ന്നിരിക്കുന്നത്. പിന്നീട് ശരീരം മുഴുവന്‍ നീര് വന്ന് വീര്‍ത്ത അവനെ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. ദിവസങ്ങള്‍ കടന്നുപോയി. കാലില്‍ മാത്രം നീര് അവശേഷിച്ചു. കിഡ്നിയുടെ പ്രശ്‌നം ആവാമെന്ന് ഡോക്ടര്‍. അതിനു നല്ലത് പ്രകൃതി ചികിത്സ ആണെന്ന് ഒരു കൂട്ടര്‍. നേരെ പ്രകൃതി ചികിത്സകന്റെ അടുത്തേക്ക്. കാലം കടന്നുപോകുന്നു. ഒപ്പം നീര് വന്ന് വീര്‍ത്ത കാലും. അങ്ങനെ ആശ്രയം തേടി അലയുന്ന കൂട്ടത്തില്‍ ആണ് ധ്യാനം കൂടുന്നതിനെ കുറിച്ചു കേള്‍ക്കുന്നത്. അങ്ങനെ നീണ്ട കാലം പോട്ട അടക്കമുള്ള ധ്യാന കേന്ദ്രങ്ങളില്‍. ഒപ്പം കൂട്ടിനു അമ്മയുടെ അനുജത്തിയും. അവര്‍ക്കു തുടയില്‍ ഒരു ഗ്രോത്ത് ഉണ്ടായിരുന്നു. കലശലായ വേദനയും. ധ്യാന കേന്ദ്രങ്ങളില്‍ വെറും തറയില്‍ കിടന്നത് ഇപ്പോഴും ഓര്‍മയുണ്ട് അത്രയധികം രോഗികള്‍ ഉണ്ടായിരുന്നു അവിടെ.

എല്ലാ ആഴ്‌ച്ചയുടെ അവസാനവും അത്ഭുത പ്രവൃത്തിയിലൂടെ രോഗ ശാന്തി ലഭിച്ചവര്‍. അവരുടെ ഏറ്റു പറച്ചിലുകള്‍..ഞങ്ങള്‍ക്കു വേണ്ടിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന ധാരണയില്‍ ഞങ്ങള്‍ കാത്തിരുന്നു. രാത്രികള്‍ നീണ്ട കരച്ചിലുകള്‍. അപ്പോഴും ഉറക്കെ പാടുന്ന പ്രാര്‍ത്ഥനകള്‍.. ദിവസങ്ങള്‍ കടന്നുപോയി. ചെറിയമ്മയുടെ നില കൂടുതല്‍ വഷളായി വന്നു. അങ്ങനെ ഒരു വൈകുന്നേരം ആരോടും പറയാതെ അവിടെ നിന്നറങ്ങി. പിന്നീട് കൊറേ കാലം പുട്ടപര്‍ത്തി. വൈറ്റ് ഫീല്‍ഡ്. സത്യ സായി ബാബ... അങ്ങനെ ഇരിക്കെ ഒരുദിവസം മാമന്‍ ചെന്നൈക്കു പോവുന്ന കൂട്ടത്തില്‍ നേരെ ചെന്നൈക്ക്. അവിടെ വച്ചാണ് രോഗം തിരിച്ചറിയപെടുന്നത്. ചെറിയമ്മക്ക് ക്യാന്‍സര്‍. എനിക്ക് ബോണ്‍ ഗ്രോത്ത്.

Stories you may Like

രോഗനിര്‍ണയത്തിന് ശേഷം കുറച്ചു നാളുകള്‍ കൂടി കഴിഞ്ഞപ്പോള്‍ പ്രാര്‍ത്ഥനകള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന ലോകത്തിനു അപ്പുറത്തേക്ക് ചെറിയമ്മ പോയി. പിന്നെ എന്റെ ഊഴമായി. പിന്നീടെപ്പോഴോ കാലിക്കറ്റ് എരഞ്ഞിപ്പാലം ഹോസ്പിറ്റലില്‍ എത്തപെട്ടു. പണിക്കര്‍ ഡോക്ടര്‍ എന്ന മനുഷ്യന്‍ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. സാരോല്ല ചെറിയൊരു സര്‍ജറി മതി.. നമ്മക് ഈ വടി കുത്തിപ്പിടിച്ചു സ്‌കൂളില്‍ പോണത് ഒക്കെ മാറ്റം.. നടന്നു സ്‌കൂളില്‍ പോയി തുടങ്ങാം എന്നദ്ദേഹം പറഞ്ഞു. നീണ്ട ഇരുപതു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞാന്‍ വടിയില്ലാതെ സ്‌കൂളില്‍ പോയി തുടങ്ങി.. അന്ന് വിദ്യാര്‍ത്ഥി ആയും ഇന്ന് അദ്ധ്യാപകന്‍ ആയും...

പറഞ്ഞ് വന്നത് ട്രാന്‍സ് എന്ന സിനിമയെ കുറിച്ചാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മോഡേണ്‍ മെഡിസിനെ കുറിച്ചോ പ്ലസിബോ എഫക്‌ട് നെ കുറിച്ചോ അറിയാതിരുന്ന ഒരു കാലഘട്ടത്തില്‍ എവിടെയാണ് ആശ്രയം എന്ന് തേടി നമ്മള്‍ അലയും. ഒ വി വിജയന്റെ ഒരു കഥയില്‍ പറയും പോലെ അത്രയും ചെറിയ മനുഷ്യര്‍ ആണ് നാം. ആ മനുഷ്യന്റെ ഈ ദുര്‍ബലത ഇന്നും ഒട്ടും അളവില്‍ ചോരാതെ മുതലെടുക്കാന്‍ ഇവിടുത്തെ റിലീജിയസ് ഇന്‌സ്ടിട്യൂഷന്‍സിനും ആള്‍ ദൈവങ്ങള്‍ക്കും സാധിക്കുന്നുണ്ട്. അതു കൊണ്ട് തന്നെയാണ് കൃപയില്‍ വിശ്വസിക്കുന്നവരും തുപ്പല്‍ വെള്ളത്തില്‍ വിശ്വസിക്കുന്നവരും വിഭൂതി അഭിഷേകം ചെയ്യുന്നവരും ഇന്നും ഉണ്ടാവുന്നത്.

നമ്മള്‍ ട്രോള്‍ ഇട്ടു ഹ ഹ ഇട്ടു രസിക്കുമ്ബോഴും അതിന്റെ കീഴില്‍ ലവ് റിയാക്ഷനുമായി പതിനായിരങ്ങള്‍ അത്ഭുതങ്ങള്‍ക്കു വേണ്ടി കാതോര്‍ത്തിരുപ്പുണ്ട്.. അടിമുടി മതം വിഴുങ്ങി കഴിഞ്ഞ ഒരു സമൂഹത്തില്‍ ട്രാന്‍സ് ഏതു രീതിയില്‍ സ്വീകരിക്കപ്പെടുമെന്നു സംശയമുണ്ട്. സിങ്ക് സൗണ്ട് മോശമായി, ഡിഒപി, വിചാരിച്ചത്ര പോരാ തുടങ്ങിയ പതിവ് റെഡിമെയ്ഡ് റിവ്യൂസും അരങ്ങു തകര്‍ക്കുന്നുണ്ട്. പക്ഷെ ഒന്ന് പറയാം ഏതൊരു ആര്‍ട്ടും ഒരു പ്രതിഷേധമാണ് എന്ന് വിശ്വസിക്കുന്നു. നിലവിലുള്ള വ്യവസ്ഥിതിയോടു സംവദിക്കുക. കലഹിക്കുക. ട്രാന്‍സ് ഇത് രണ്ടും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ചെസ്വ മീവാഷിന്റെ വാക്കുകള്‍ പോലെ 'ആളുകള്‍ ഏകകണ്ഠമായി മൗനത്തിന്റെ ഗൂഢാലോചനയില്‍ ഏര്‍പ്പെടുന്ന മുറിയില്‍ നേരുള്ള ഒരു വാക്ക് വെടിയൊച്ച പോലെ മുഴങ്ങും 'അത്തരത്തിലുള്ള ഒരു വെടിയൊച്ചയാണ് ഇപ്പോള്‍ തിയേറ്ററില്‍ മുഴങ്ങുന്നത്. കാണാതെ പോവരുത്.

Nb: അവസാനമായി ഇനി ഫഹദിനെ കുറിച്ചാണ്. നിങ്ങളെ കുറിച് പറയാന്‍ പുതിയ വല്ല വാക്കും കണ്ടു പിടിക്കട്ടെ. അതിനു ശേഷം പറയാം.

Read more topics: # Harilal note about trance
Harilal note about trance

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES