Latest News

ബ്രിട്ടീഷ് ജനതയുടെ അന്തസ്സിനൊത്ത് ജീവിക്കാനും ഒരു ഇലകൊഴിയുമ്ബോലെ സുന്ദരമായി അനിവാര്യമായ മരണത്തില്‍ വേര്‍പിരിയാനും അവര്‍ക്ക് സാധിച്ചു; എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ദുഃഖിക്കുന്നു അനുശോചിക്കുന്നു; ബിജു വി ചാണ്ടി എഴുതുന്നു

Malayalilife
topbanner
ബ്രിട്ടീഷ് ജനതയുടെ അന്തസ്സിനൊത്ത് ജീവിക്കാനും ഒരു ഇലകൊഴിയുമ്ബോലെ സുന്ദരമായി അനിവാര്യമായ മരണത്തില്‍ വേര്‍പിരിയാനും അവര്‍ക്ക് സാധിച്ചു; എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ദുഃഖിക്കുന്നു അനുശോചിക്കുന്നു; ബിജു വി ചാണ്ടി എഴുതുന്നു

ലിസബത്ത് രാജ്ഞിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നത് ശരിയോ തെറ്റോ എന്നതാണ് മലയാളികളെ ഇപ്പോള്‍ ശങ്കയിലാക്കിയിരിക്കുന്ന വിഷയം

ബക്കിങ്ങ്ഹാം പാലസും ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകളും വളരെ കൗതുക പൂര്‍വ്വം ശ്രദ്ധിച്ചു പോന്നിട്ടുള്ളവരാണ് നാം

മാധ്യമങ്ങള്‍ രജ്ഞിയുടെ മരണവുമായി ബന്ധപ്പെട്ട് കൊടുക്കുന്ന വാര്‍ത്തകള്‍ക്ക് വായനക്കാരും സോഷ്യല്‍ മീഡിയായില്‍ വന്‍ റീച്ചും കിട്ടുന്ന സഹചര്യമുള്ളതു കൊണ്ട് പൊട്ടും പൊടിയും ചോരാതെ അപ്‌ഡേറ്റ് ചെയ്യാന്‍ അവര്‍ കാര്യമായി ശ്രദ്ധിക്കാറുമുണ്ട്

അത്തരം വാര്‍ത്തകളുടെ എല്ലാം കമന്റ് ബോക്‌സുകള്‍ നിറയെ ക്യൂന്‍ എലിസബത്തിനേയും , ബ്രട്ടീഷുകാരേയും പ്രസിദ്ധീകരിച്ച മാധ്യമത്തെയുമടക്കം ചീത്തവിളിച്ചു കൊണ്ടുള്ള നെഗറ്റീവ് കമന്റുകളാണ് അധികവും എന്നതാണ് മറ്റൊരു വസ്തുത .

സ്വാതന്ത്രിത്തിന് എഴുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷവും നമ്മുടെ പൊതുബോധം പകയോടെ മാത്രമാണ് ബ്രിട്ടീഷ്‌കാരനെയും അവരുടെ രാജ്ഞിയേയും കാണുന്നത് .

എങ്ങാനും ആരെങ്കിലും അവര്‍ക്ക് ആദരാജ്ഞലി അര്‍പ്പിക്കുകയാ നല്ല കാര്യം പറയുകയോ ചെയ്താല്‍ അവനെ ബ്രിട്ടീഷ് ചെരുപ്പു നക്കി എന്നൊക്കെ അധിക്ഷേപിക്കുന്ന തരത്തിലുള്ള നിരവധി കമന്റുകള്‍ ചേര്‍ത്ത് വായിക്കേണ്ടിവരും .

രാജ്ഞിയുടെ മരണത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് പ്രഖ്യാപിച്ച്‌ ,ആചരിച്ച ഒരു ദിവസത്തെ ദുഃഖാചരണം കൂടി വന്നപ്പോള്‍ ഇകഴ്‌ത്തലുകളുടെ ശക്തിക്ക് ഒന്നുകൂടി മൂര്‍ച്ച കുടി

സോഷ്യല്‍ മീഡിയാ കീഴടക്കിയിരിക്കുന്നതും അവിടെ അഭിപ്രായം രൂപീകരിക്കുന്നതിലും താരമൂല്യമുള്ള വ്‌ളോഗറുമാര്‍ക്ക് വലിയ പങ്കുണ്ട്

'ഇംഗ്ലണ്ട് രാഞ്ജിയുടെ മരണത്തില്‍ നാമെന്തിന് അനുശോചിക്കണം?
പകരം രാജവംശം ചെയ്തു കൂട്ടിയ പാതകങ്ങള്‍ കാണണം '

വ്യക്തിപരമായി താല്പര്യപൂര്‍വ്വം പിന്‍തുടര്‍ന്നിരുന്ന ഒരു ബ്ലോഗറുടെ പതിനായിരത്തില്‍ പരം വ്യൂവേഴ്സ് കണ്ട വീഡിയോയുടെ തമ്ബ് നെയില്‍ ഇതായിരുന്നു .

കൊളോണിയല്‍ കാലത്ത് ബ്രിട്ടണ്‍ ചെയ്തു കൂട്ടിയ അധിനിവേശങ്ങളുടെയും . അടിമ സമ്ബ്രദായത്തിന്റേയും , കൊള്ളയുടെയും ,കച്ചവടത്തിന്റെയും കഥ വളരെ സുന്ദരമായും ലളിതമായും പറഞ്ഞു തരുന്നുമുണ്ട് പ്രസ്തുത വീഡിയോയില്‍ .

അത്തരം പെരുമാറ്റങ്ങള്‍ ബ്രിട്ടന്റെ ഭാഗത്തു നിന്നുണ്ടായതാണ് എന്നത് വസ്തുതയാണെന്നും നാം മുമ്ബേ മനസ്സിലാക്കിയിട്ടുണ്ട് .

അടിമത്വവും കീഴടക്കലും ,കൊള്ളയും തെറ്റായിക്കരുതിയ ഏതെങ്കിലും സാമ്രാജ്യവും ചക്രവര്‍ത്തിയും രാജാവും നാടുവാഴിയും ഒരു നൂറു കൊല്ലം മുമ്ബുള്ള ലോക ക്രമത്തില്‍ ഭൂമിയില്‍ ഏതെങ്കിലും കോണില്‍ ഉണ്ടായിരുന്നോ എന്നു കൂടി നാം ചിന്തിക്കണം .

പാശ്ചാത്യ പൗരസ്ത്യ വെത്യാസമില്ലാതെ അധിനിവേശം എല്ലാ രാജ്യങ്ങളും തുടര്‍ന്നു പോരുകയും യുദ്ധ വിജയങ്ങള്‍ അഘോഷിക്കുകയും ചെയ്തിരുന്നത് ബ്രിട്ടീഷ് സാമ്രാജ്യം മാത്രമല്ല എന്നു ചുരുക്കം

കൊളോണിയല്‍ കാലത്തെ വ്യാപാര,വ്യവഹാര രീതികള്‍ വളരെ സ്മാര്‍ട്ടായി ചെയ്ത് ഇംഗ്ലണ്ടും ഈ രാജകുടുംബവും ലോകത്ത് ആധിപത്യം സ്ഥാപിക്കുകയും രാജ്യങ്ങളെ കീഴടക്കുകയും കോളനികളാക്കുകയും ചെയ്തു എന്നത് വസ്തുത തന്നെയാണ്

പരസ്പരം മത്സരിച്ചും കീഴടക്കിയും മുന്നേറി വിജയം സ്ഥാപിച്ച ഗോത്രങ്ങളേയും രാജ്യങ്ങളേയും രാജാക്കന്മാരേയും ചരിത്രത്തിലുടനീളം വായിക്കാനാവും .

എന്നെങ്കിലും കീഴടങ്ങുകയോ കീഴടക്കപ്പെടുകയോ ചെയ്യാത്ത നമ്മളുള്‍പ്പടെ ഒരു ജനതയും ലോകത്തുണ്ടാവില്ല .കാരണം അക്രമണങ്ങളും അതിജീവനങ്ങളും നടത്തിയവരാണ് എല്ലാ വംശങ്ങളും തന്നെ.

കീഴടക്കലുകളുടെ ചരിത്രത്തെ നമ്മള്‍ വിമര്‍ശനവിധേയമാക്കുമ്ബോള്‍
തന്നെ ചരിത്രത്തിലെ ഏതെങ്കിലും നാള്‍ വഴികളില്‍ തെറ്റുകള്‍ ചെയ്തു കൂട്ടിയെന്ന് നമുക്ക് ബോധ്യപ്പെട്ട സമൂഹത്തിന്റെ വംശ പരമ്ബരകളെ , പഴയ കുറ്റകൃത്യങ്ങളുടെ പേരില്‍ വെറുപ്പോടെ സമീപിക്കണമെന്ന യുക്തിയോട് വിയോചിക്കുന്നു .

വര്‍ത്തമാന കാലത്ത് നിന്നു കൊണ്ട് സ്വയം പരിഷ്‌കരിക്കാനും സംസ്‌കാരിക്കാനും വിമര്‍ശനബുദ്ധിയോടെ ചരിത്രത്തെ കാണാമെങ്കിലും ഇതിനോടകം തിരുത്തി പരിഷ്‌കൃതരായി മാറിയ ഒരു സമൂഹത്തേയും വെറുക്കേണ്ടതില്ല.

ബ്രിട്ടിഷ് പാര്‍ലമെന്റ് 1807-ല്‍ അടിമക്കച്ചവടം തടയുന്നതിനുള്ള നിയമം പാസ്സാക്കി. ഡെന്മാര്‍ക്ക് 1792-ല്‍ അടിമക്കച്ചവടം നിര്‍ത്തലാക്കി. 1878-ല്‍ ഫ്രാന്‍സും 1815-ല്‍ പോര്‍ച്ചുഗലും അടിമക്കച്ചവടം തങ്ങളുടെ കോളനികളില്‍ തടഞ്ഞു.

പത്തൊമ്ബതാം നൂറ്റാണ്ടു വരെ ഏഷ്യയില്‍ എന്തിന് കേരളത്തില്‍ പോലും അടിമത്വം നിലനിന്നിരുന്നു എന്നു വായനയുണ്ട്
ഒരു പരിധി വരെ പാശ്ചാത്യരുടെ ഇടപെടലും പ്രേരണകളും , സ്വധീനങ്ങളും കൊണ്ടു കൂടിയാണ് ഇവിടെയും അതൊക്കെ അവസാനിപ്പിച്ചത് .

ജനാധിപത്യ ധാര്‍മ്മിക മൂല്യങ്ങള്‍ കരുത്താര്‍ജ്ജിച്ച ആധുനിക കാലത്ത് മദ്ധ്യകാല യുക്തിയെ ആദ്യം തന്നെ തള്ളിക്കളഞ്ഞ് ലോകത്തിന് മാതൃകയായവരാണ് ബ്രിട്ടീഷ് ജനത

ഏറ്റവും സുന്ദരമായ ജനാധിപത്യം വര്‍ത്തമാന കാലത്ത് പിന്‍പറ്റുന്ന ജനത ,

കേവലം കോവിഡ് പ്രോട്ടോക്കോള്‍ ലംഖനത്തിന്റെ പേരില്‍ പോലും പ്രധാനമന്ത്രിക്കുപോലും രാജിവെയ്‌ക്കേണ്ടി വരുന്ന രാജ്യം,

ഇന്ത്യന്‍ കുടിയേറ്റക്കാരനായ ഋഷി സുനഗിന് പ്രധാനമന്ത്രി പദത്തിനരികില്‍ വരെ എത്താന്‍ സാധിക്കുന്ന പാകത്തില്‍ പരിഷ്‌കൃതമാക്കപ്പെട്ട ജനാധിപത്യം പിന്‍തുടരുന്നവര്‍ .

ജനാധിപത്യത്തിന് ധര്‍മ്മികതയെ കാലികമായി പരിഷ്‌കരിക്കാനാവും കഴിഞ്ഞ ഏഴര പതിറ്റാണ്ട് ജനാധിപത്യത്തില്‍ അടിയുറച്ച്‌ ജീവിക്കുന്ന നമ്മള്‍ ഇന്ത്യക്കാരുടെയും ധാര്‍മ്മികത അനുദിനം മെച്ചപ്പെടുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

ഒരു വ്യക്തിക്കോ , സമൂഹത്തിനോ അലോസരമുണ്ടാക്കുന്ന വാക്കുകള്‍ പോലും പൊളിറ്റിക്കലി കറക്ടാകണമെന്ന് നാം ഇപ്പോള്‍ തിരിച്ചറിയുകയും ശഠിക്കുകയും ചെയ്യുന്നുണ്ടല്ലോ .

കൊളോണിയല്‍ കാലത്തിനെല്ലാം ശേഷം
ബ്രിട്ടീഷ് സംസ്‌കാരത്തിന്റെ ഭാഗമായി രാജ പദവിയിലെത്തിയ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നതില്‍ ഒരു തെറ്റും സാമാന്യ യുക്തിയില്‍ കാണാനാവുന്നില്ല .

നെടുങ്കന്‍ വീഡിയോകള്‍ ചെയ്തും പോസ്റ്റിട്ടും ബ്രിട്ടീഷ് രാജ്ഞിയുടെ ചരമവാര്‍ത്തകള്‍ക്കു കീഴേയും പഴയ കാല അധിനിവേശത്തിന്റെയും ,സംഭവ വികാസങ്ങളുടേയും പേരില്‍ അധിക്ഷേപിക്കുന്നതും അശ്ലീലം വിളമ്ബന്നതും ജനാധിപത്യ പരിഷ്‌കൃത സമൂഹത്തിനു ചേരുന്ന പ്രവൃത്തി എന്നു വിലയിരുത്താനാവില്ല .

അധിക്ഷേപിക്കുന്നത് എന്തോ വീര പ്രവൃത്തിയാണെന്നും , വിപ്ലവപ്രവര്‍ത്തനമാണെന്നും രാജ്യ സ്‌നേഹപരമാണെന്നുമൊക്കെ കരുതുന്നത് കാപട്യവും മൗഢ്യവുമാണ് .

ചരിത്രത്തിലെ തെറ്റുകളോട് നമുക്ക് വിയോചിപ്പുണ്ട് ,വിമര്‍ശനമുണ്ട് പ്രതിഷേധമുണ്ട് . പക്ഷേ അതിനൊന്നും യാതൊരു ഉത്തരവാദികളും അല്ലാത്ത വര്‍ത്തമാന കാല മനുഷ്യരോട് നമ്മളെന്തിനാണ് പക വെച്ചു പുലര്‍ത്തേണ്ടത് ?

ലോകത്ത് പ്രത്യേകിച്ച്‌ കോമണ്‍വെല്‍ത്തിന്റെ ഭാഗമായ എല്ലാ രാജ്യങ്ങളും അവരുടെ മരണത്തില്‍ ദുഃഖം അറിയിക്കുന്നുണ്ട് , ആചരിക്കുന്നുണ്ട് അത് സാമന്യ മര്യാദയുടെ ഭാഗമാണ്
അതാണ് ഭാരത സര്‍ക്കാരും ചെയ്തത് .

ബ്രിട്ടീഷ് അധിനിവേശത്തിന്റെ കീഴില്‍ നിന്ന് സ്വതന്ത്രമായ പരിഷ്‌കൃത രാജ്യങ്ങളെല്ലാം ഈ ദുഃഖാചരണത്തില്‍ ഭാഗവാക്കാണ്. പ്രത്യേകിച്ച്‌ ദുബായ് പൊതുജനങ്ങള്‍ക്കു കൂടി അനുശോചനമറിയിക്കാനുള്ള സൗകര്യം പോലും തയ്യാറാക്കിയിട്ടുണ്ട് .

വ്യക്തിപരമായി നമ്മുടെയൊക്കെ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേര്‍ ഇംഗ്ലണ്ടിലൊക്കെ ജോലി ചെയ്യുകയും പൗരത്വം സ്വീകരിക്കുകയുമൊക്കെ ചെയ്തു വരുന്നുണ്ട് .

ചെയ്യുന്ന ഏതു തൊഴിലിനും മാന്യതയും സാമാന്യ വേതനവും മെച്ചപ്പെട്ട ജീവിത നിലവാരവും നിയമം മൂലം ഉറപ്പിച്ചിരിക്കുന്ന രാജ്യം കൂടിയാണ് ഇംഗ്ലണ്ട് . സാമൂഹ്യമായി യാതൊരു വേര്‍തിരിവും ഇല്ലാതെ നമ്മുടെ സഹോദരങ്ങളെ കൂടി ഉള്‍ക്കൊള്ളുന്ന പരിഷ്‌കൃതമായ ആധുനിക സമൂഹം .

ഗോത്രീയതയില്‍ നിന്നും ദേശീയതയിലേയ്ക്കും , അവിടെ നിന്ന് മാനവികതയിലേയ്ക്കും വളര്‍ന്നുകൊണ്ട് ആഗോള പൗരന്മാരായി തീര്‍ച്ചയായും നാം വളരേണ്ടതുണ്ട്
അങ്ങനെ പൗരന്മാര്‍ ഉന്നതമായി ചിന്തിക്കുമ്ബോഴാണ് ജനാധിപത്യം പരിഷ്‌കൃതമാവുന്നതും നമ്മുടെ രാജ്യത്തിന്റെ യശസ്സ് വര്‍ദ്ധിക്കുന്നതും .

എല്ലാം കൊണ്ടും സമ്ബന്നതയുടെ മടിത്തട്ടില്‍ ജനിക്കാനും പതിനാലോളും രഷ്ട്രങ്ങളുടെ മേധാവിയായി എഴുപതുകൊല്ലം ജനപ്രീതിയോടെ തുടരാനും അപൂര്‍വ്വ ഭാഗ്യം കൈവന്ന സൗഭാഗ്യവതിയായ സ്ത്രീ രക്‌നമാണ് ക്യൂന്‍ എലിസബത്ത് .

നമ്മുടെ രാഷ്ട്രത്തലവന്മാരോട് സൗഹൃദവും സ്‌നേഹവും കാത്തുസൂക്ഷിച്ച്‌ ഹാര്‍ദ്ദവമായി സ്വീകരിച്ചു . നമ്മുടെ അതിഥിയായി സന്ദര്‍ശനങ്ങള്‍ നടത്തി . നമ്മുടെ പൗരന്മാരില്‍ പലര്‍ക്കും ജോലിയും ജീവിതവും നല്‍കി . അവരുടെ വേര്‍പാട് ലോകത്തിനും ഇന്ത്യക്കും അതീവ ദുഃഖകരം തന്നെയാണ് .

അന്താരാഷ്ട്ര വേദിയിലും , പത്രത്താളുകളിലും , ടിവിയിലും മൊക്കെ നിരന്തരം സുസ്‌മേരവദനയായി എഴുപതുകൊല്ലം നിറഞ്ഞു മഹനീയ സാന്നിദ്ധ്യമായിരുന്നു രാജ്ഞി .

ബ്രിട്ടീഷ് ജനതയുടെ അന്തസ്സിനൊത്ത് ജീവിക്കാനും ഒരു ഇലകൊഴിയുമ്ബോലെ സുന്ദരമായി അനിവാര്യമായ മരണത്തില്‍ വേര്‍പിരിയാനും അവര്‍ക്ക് സാധിച്ചു .

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ദുഃഖിക്കുന്നു അനുശോചിക്കുന്നു .ഒപ്പം ബ്രിട്ടീഷ് ജനതയുടെ അഗാധമായ ദുഃഖത്തില്‍ പങ്കാളിയാകുന്നു .......

ആദരാജ്ഞലികള്‍ ....

ബിജു V ചാണ്ടി

biju v chandy words about british queen

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES