Latest News

അയാളുടെ ഓർമ്മകുറിപ്പുകൾ-ഹരീഷ് ബാബു

Malayalilife
topbanner
അയാളുടെ ഓർമ്മകുറിപ്പുകൾ-ഹരീഷ് ബാബു

താനും ഓർമ്മകൾ പറയാം. കഴിഞ്ഞ എട്ടോളം വർഷങ്ങളായി ക്രിസ്തുമസ്ക്കാലം കഴിഞ്ഞു പോകുന്നത് മുംബൈയിലാണ്. നാട്ടിലെ ക്രിസ്തുമസുകൾ പുതുമയും ജീവനുമുള്ള ഓർമ്മകൾ സമ്മാനിക്കുന്നു. തിരുവനന്തപുരത്തായിരുന്നെങ്കിൽ നക്ഷത്രങ്ങൾ ആന്ദോളനം ചെയ്യുന്ന തണുപ്പുള്ള ക്രിസ്തുമസ് സായാഹ്നം, ഉല്ലാസഭരിതമായ കരോൾ ഗാനങ്ങൾ, ക്വയർ, നിറവുള്ള പ്രാർത്ഥന, അലംകൃതമായ നിരത്തുകളിൽ ഒഴുകുന്ന ആൾക്കൂട്ടത്തിനിടയിലൂടെയുള്ള ഒറ്റയാൾ നടത്തം, സുഹൃത്തുക്കളുടെയാരുടെയെങ്കിലും വീട്ടിൽ പാതിരാ കഴിഞ്ഞുള്ള അത്താഴം ഇവയെല്ലാം ആസ്വദിക്കാമായിരുന്നു. മുംബൈയിൽ അങ്ങനെയൊന്നുമില്ല.

മഞ്ഞുകാലമാകുന്നു. ക്രിസ്തുമസ്സ് വന്നു പോകുന്നു. ഏറിയാൽ ഒരു കക്ഷ്ണം കേക്ക്. പിന്നെ രാത്രി വൈകി മൊബൈലിലേക്ക് വരുന്ന ക്രിസ്തുമസ് ആശംസകൾ . ഇത്രയൊക്കെയെ ഉള്ളു. ആശംസകളുടെ കുത്തൊഴുക്കിൽ മൊബൈൽ ഹാംഗാവുമെന്നതിനാൽ വേണ്ടപ്പെട്ട ചിലർക്ക് ആശംസാ മെസ്സേജുകളയച്ചിട്ട് നേരത്തെ തന്നെ കിടന്നുറങ്ങും. ഏതാനും വർഷങ്ങളായിട്ടുള്ള പതിവാണത്.

സമയം തെറ്റി വാട്സപ്പിലേക്ക് മെസ്സേജ് വന്നു.

” വിഷ് യൂ എ മെറി ക്രിസ്തുമസ് ”

തുടർന്ന് ഒരു വീഡിയോയും. ‘സാന്റാലൂസിയ’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ, തൂവെള്ള മഞ്ഞിൻ പരപ്പിൽ റെയിൻ ഡിയേർസ് വലിക്കുന്ന തെന്നുവണ്ടിയും, സാന്റായുമൊക്കെയായി മനോഹരമായി ഷൂട്ട് ചെയ്ത ഒരു വീഡിയോ.

” ഹരീഷ് സാർ ഇറ്റ്സ് മീ മുന്നി. ഹൗ ആർ യൂ”

പ്രൊഫൈൽ പിക്ചറിൽ ബൂട്ടും, രോമക്കുപ്പായവും, ഹാറ്റുമൊക്കെയായി പുഞ്ചിരിച്ചുകൊണ്ട് മുന്നി. ബ്രോഡ് വേയിലോ മറ്റോ വച്ചെടുത്ത ചിത്രം. തിരിച്ചും ആശംസകൾ നേർന്നു.

” ഇടയ്ക്കൊക്കെ ഒന്നോർത്ത് കോൺടാക്ട് ചെയ്യണമെന്നില്ല ല്ലേ മാഷേ?”

” ഈ നമ്പരൊന്നും കൈയ്യിലില്ല. ഇപ്പോൾ എവിടെ?:നാട്ടിലോ അതോ അവിടെത്തന്നെയോ? ”

” ഇവിടെത്തന്നെ കാലിഫോർണിയായിൽ. വല്ലാത്ത തണുപ്പ്. തിരക്കൊഴിഞ്ഞ നേരവുമില്ല. വരുന്ന വർഷമെങ്കിലും തീസിസ് കൊടുക്കണം. കരിയർ ഒന്നു ശരിപ്പെടുത്തണം. പിന്നെ ഞങ്ങളെക്കുറിച്ച് കഥയെഴുതുമെന്ന് പറഞ്ഞിട്ട് സാർ എഴുതിയാ?”

( പഴയ ഓർമ്മകൾ വച്ച് ‘ എവൻറ്റൈഡ് ഇൻ സി ഷാർപ്പ് മൈനർ’ എന്നൊരു കഥ എഴുതുന്നകാര്യം വർഷങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു. ആ കഥ പാതിയിൽ നിലയ്ക്കുകയുണ്ടായി)


” തുടങ്ങി. പൂർത്തിയാക്കണം. അന്നത്തെ അനുഭവങ്ങൾ ഞാൻ വേറൊരു കഥയിലിറക്കി. അതിൽ നായിക ഒരു പൂമ്പാറ്റയായി മാറും”

“ഹഹ ബെസ്റ്റ്( ചിരിയുടെ ഇമോജികൾ) സാറിന് ഒരു മാറ്റവുമില്ലല്ലേ?”


” ഇല്ല കൊന്നാലും മാറില്ല.”( ഇമോജികൾ തിരിച്ച്)

” ഇപ്പോഴും ഒറ്റമുറിയിലെ ആ ബുദ്ധിജീവിതം തന്നല്ലേ.. ഫ്രണ്ട്ഷിപ്പുകളൊന്നുമില്ലാതെ. ഉറക്കം വരുമ്പോൾ പുസ്തകങ്ങൾക്കിടയിൽ ചുരുണ്ടു കിടപ്പ് തന്നെയോ?”

“ഒന്നിനുമൊരു മാറ്റവുമില്ല. ഫേസ്ബുക്കിലൊക്കെ നേരീയ സൗഹൃദങ്ങൾ . അത്രമാത്രം”

” കല്യാണമൊന്നും കഴിക്കുന്നില്ലേ? എങ്ങോട്ടാ പോക്ക്?”

” കെട്ടും. ഇതുവരെ സ്ഥാപിച്ച സൗഹൃദങ്ങളിൽ ഒന്നിനെത്തന്നെ. ഇനിയൊരു തേടിയലച്ചിലിന് മനസ്സനുവദിക്കുന്നില്ല. അവിടെയോ? വിവാഹമൊക്കെ കഴിഞ്ഞോ? ”

” ഏയ് ഇപ്പോഴൊന്നുമില്ലപ്പാ. ഒരു കരപറ്റട്ടെ”

( ‘മാഷേ’, ‘ഇല്ലപ്പാ’ എന്നീ പ്രയോഗങ്ങളൊന്നും പൊതുവെ തിരുവനന്തപുരത്തില്ല. ചോദിച്ചപ്പോൾ കൂടെയുണ്ടായിരുന്ന വടക്കൻ മലയാളികളിൽ നിന്ന് ശീലിച്ചതാണെന്ന് മറുപടി കിട്ടി”)

” ആട്ടെ പഠനവും നാടകാന്തം കവിത്വവുമൊക്കെ എവിടെവരെയെത്തി?”

( മുന്നി തിയേറ്റർ പഠിക്കാൻ യുഎസിലേക്ക് പോവുകയാണുണ്ടായത്)

” കുറേ പ്രോജക്ടുണ്ട് സാർ. ആന്റിഗണിയുടെ പുറകേയാണിപ്പോൾ”


” സോഫോക്ലീസ്?”

“അല്ല. ഴാങ്ങ് അനൂയി. ഇവിടെ ഫ്രഞ്ച്കാരുടെ അയ്യര് കളിയാണ്. മോളിയറും ഹ്യൂഗോയുമൊക്കെ തന്നെ. പാരീസിൽ പോയിരുന്നു. പുകവലി ശീലമില്ലാത്ത ഒരുത്തനേയും അവിടെയൊന്നും കാണാൻ കഴിയില്ല. തിയേറ്റർ ക്യാംപ് മുഴുവനും പുകമയം. പിന്നെ ഇവൻമാരുടെ മുടിയും. തിയേറ്റർ മുടിയിലാണിരിക്കുന്നതെന്നാണ് വിചാരം. വാട്ട് ദ ഫക്ക്..( ഇമോജികൾ)

” ഹ ഹ .. മോളിയർ ഈസ് നൈസ് നോ?”

” സാഹിത്യം മാത്രമല്ല സാർ. തിയേറ്ററിൽ വരുമ്പോൾ എന്തെല്ലാം സെറ്റിംഗ്സ് നോക്കണം. കേൾക്കണോ സാർ ‘ഡോക്ടേഴ്സ് ഡിലെമാ’യുടെ സെറ്റിംഗ്സിന് എനിക്ക് അവാർഡുണ്ട്. ഇപ്പോൾ ഒൺ ആക്ട്സ് ആണ് കൂടുതൽ ഫോക്കസ് ചെയ്യുന്നത്”


” ദാറ്റ്സ് ഗുഡ്”

ഇനി എന്നാ നാട്ടിൽ?”

“മേ ബി ഇൻ ഏപ്രിൽ. അലിയോൻസ് ഫ്രാൻസെസ് ഒരു പ്രോജക്ട് പറഞ്ഞിട്ടുണ്ട്. വൈലോപ്പിള്ളി സംസ്കൃതി ഭവനിലായിരിക്കും. വെയിറ്റിംഗ് ഫോർ ഗോദോ”

” ഓ റിയലീ? . ഞാനത് ഒരിക്കൽ കണ്ടിട്ടുണ്ട്. അവിടെ വച്ചുതന്നെ”

” ചിലപ്പോൾ ഒരു സാൻസ്ക്രിറ്റ് പ്ലേയും കാണും. കേൾക്കണോ സാർ, ഫ്രഞ്ചൻമാർ സാൻസ്ക്രിറ്റ് നാടകങ്ങളെന്ന് പറഞ്ഞാൽ മരിക്കും. ഭ്രാന്താണ്. കേരളത്തിൽ വരുകയാണെങ്കിൽ ഏതെങ്കിലുമൊന്ന് ചെയ്യാൻ എന്നോട് ഓപ്ഷൻ ചോദിച്ചു. മേ ബി മൃച്ഛഘടികം അല്ലെങ്കിൽ ശാകുന്തളം”

“ഓകെ. ആട്ടെ ക്രിസ്തുമസ്സൊക്കെ എവിടെവരെയായി? എന്തു കഴിച്ചു?”

” ക്രിസ്തുമസ്സ് ഈവ് ആഘോഷിക്കാൻ ഫ്രണ്ട്സുമൊത്ത് ഒരു ഫിലിപ്പിനോ റെസ്റ്റോറന്റിൽ പോയി. നല്ല ബീഫ് സ്റ്റൂ കിട്ടുമവിടെ. കൾഡറേറ്റാ”

“നാട്ടിൽ വീട്ടുകാർ എതിർക്കില്ലേ? അവർ വെജിറ്റേറിയൻസല്ലേ?”

“ങ്ഹും വെജ്! കോപ്പാണ്. അതൊക്കെ പണ്ട് “( ചിരിയുടെ ഇമോജികൾ)

രണ്ടായിരത്തിപതിനൊന്നിന്റെ ആദ്യം, വി.എസ് സർക്കാറിന്റെ അവസാന മാസങ്ങളിൽ, എൻ. എസ്. എസ് സംഘടനയുമായുള്ള രാഷ്ട്രീയ സമവായങ്ങളുടെ ഭാഗമായിട്ടാകാം നിലമേൽ കോളേജിൽ സ്ഥിര അദ്ധ്യാപകരുടെ നിയമനങ്ങൾ നടന്നു. അതിനാൽ ആ ക്രിസ്തുമസ്ക്കാലം കഴിഞ്ഞതോടെ ഞാനുൾപ്പെടെയുള്ള ഇംഗ്ലീഷ് ഗസ്റ്റ് ലക്ചേഴ്സിന് പിരിഞ്ഞുപോകേണ്ടി വന്നു. എങ്കിലും, പഠിപ്പിച്ചു കൊണ്ടിരുന്ന ‘കിംഗ് ലിയർ’ പൂർത്തിയാക്കാൻ ജനുവരി അവസാനംവരെ ഡിപ്പാർട്ട്മെന്റ് ഹെഡ് എനിക്ക് അനുമതി നൽകി. അക്കാലത്ത് കുറേ സായാഹ്നങ്ങൾ ഞാൻ മുന്നിയുടെ കുടുംബവുമായി ചെലവഴിച്ചിരുന്നു. അയ്യർ അങ്കിളിന് അവസാനമായി പിയാനോ വായിച്ച് കേൾപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഷൊപ്പേന്റെ ” റയിൻഡ്രോപ് പ്രെല്യൂഡ്’ എന്ന സംഗീത രചന വീണ്ടും വായിച്ചുകേൾക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നതായി പിന്നെ ഫോൺ വിളിച്ചപ്പോൾ മുന്നി പറഞ്ഞു.

” ഇനിയെന്നാ കാണുക?” ഫോണിലൂടെ അന്ന് മുന്നി ചോദിച്ചു.

പിന്നെ ഞങ്ങൾ കാണുകയുണ്ടായില്ല. അന്ന് ഏറെ നേരം ഞങ്ങൾ ഫോണിൽ സംസാരിച്ചു. മുന്നിയുടെ പരീക്ഷാ തിരക്കുകൾ, ( ആൾ സെയിന്റ്സ് കോളേജിൽ മൂന്നാം വർഷം ഇംഗ്ലീഷ് സാഹിത്യം പഠിക്കുകയായിരുന്നു അവൾ) മുംബൈയിലേക്ക് താമസം മാറുന്നതിന് മുന്നേയുള്ള ഏതാനും യാത്രകൾ എന്നിവ കാരണം രണ്ടോ മൂന്നോ മാസത്തെ ഇടവേളക്ക് ശേഷമായിരുന്നു അത്. ഓണത്തിന് മുന്നെയായി ഞാൻ മുംബൈയിലേക്ക് പോയി. അതിന് മുന്നേ തന്നെ മുന്നി തുടർന്നു പഠിക്കാനായി വിദേശത്തേക്കും.

“പിന്നെ കേൾക്കണോ സാർ ഖുഷി ഗോട്ട് മാരീഡ്. ജർമ്മനിയിൽ നിന്നു തന്നെ. നാട്ടിലെ ശീലുകളൊന്നും അതിന് പിടിക്കില്ലെന്ന് തോന്നുന്നു. ഇവിടെ വന്നിരുന്നു. ഹബ്ബിയും കുഞ്ഞുമായി. പെരിയമ്മയും പെരിയപ്പയുമുണ്ടായിരുന്നു. ഞങ്ങൾ സർക്കീട്ടിന് പോയി. ഗ്രാമപ്രദേശങ്ങളിലൊക്കെ ആദ്യമായിട്ടാ പോണെ. തുടർച്ചയായി ഏഴുമണിക്കൂറോളം ഞാൻ കാറോടിച്ചു. ആപ്പിൾ തോട്ടങ്ങളിൽ പോയി ആപ്പിൾ പറിച്ചു. കയറണമെന്നു തോന്നിയ റസ്റ്റോറന്റുകളിലെല്ലാം കയറി. ഇത്രയും നല്ലൊരു ട്രിപ്പ് ഇനി ജീവിതത്തിലുണ്ടാകുമോ എന്തോ? സാറ് വന്ന് കാണണം! എന്തു രസമാന്നറിയോ തോട്ടങ്ങളൊക്കെ കാണാൻ!”

“ങ്ഹും. മുന്നി കുറേ മാറിയിട്ടുണ്ട്”( ചിരിയുടെ ഇമോജികൾ)

” ഹ ഹ.. വയസ്സ് ഇരുപത്തെട്ടായില്ലേപ്പാ. സാർ അതുപോലെ തന്നെ”

” മാറുമെന്ന പ്രതീക്ഷയും തൽക്കാലം വച്ചു പുലർത്തണ്ടാ” ( ഇമോജികൾ)

” അതെ. സാർ പ്രതിഷ്ഠ ഹി ഹി.. മാറൂല്ല. ഞാനിടയ്ക്കിടെ ഓർക്കാറുണ്ട്”

“ങ്ഹും”

” വീണേച്ചി എവിടെയാ?”

” ഷീ ഈസ് സെറ്റിൽഡ് ഇൻ ദുബായ്. രണ്ട് പെൺകുട്ടികൾ”

ചിരിയുടെ കുറേ ഇമോജികൾ അവിടുന്ന്.

” വിധിച്ചതേ നേടൂ” ചിരിയുമായി ഞാൻ.

ഫ്രെഡറിക് ഷൊപ്പേന്റെ സംഗീത രചനകൾ വായിച്ചു കേട്ടപ്പോൾ അയ്യർ അങ്കിളിന് അതൊരു പുതിയ അനുഭവമായി തോന്നി. കാല്പനിക കാലത്തിന്റെ ഹൃദയഭാഗത്ത് വച്ച്, രോഗാസ്വസ്ഥ്യങ്ങളെ അവഗണിച്ചുകൊണ്ട് പ്രണയാതുരനായി സംഗീത രചനകൾ നടത്തിയ ഷൊപ്പേൻ. മൊസാർട്ടിന്റേയും, ബീഥോവന്റെയും പിയാനോ സൊണാറ്റകൾ ഏറെ കേട്ടു പരിചയമുണ്ടായിരുന്നു അയ്യറങ്കിളിന്. അവയുടെ കുറേ പഴയ ഗ്രാമഫോൺ റെക്കോർഡുകളും എനിക്ക് കാട്ടിത്തന്നു. എന്നാൽ ഷൊപ്പേൻ സംഗീതത്തിലെ( വായിക്കാൻ ഏറെ പ്രയാസമുള്ള രചനകളാണവ) ശ്രുതിഭേദങ്ങളും രാഗമാറ്റങ്ങളും പിയാനോ റൂമിൽ നിറഞ്ഞപ്പോൾ അദ്ദേഹം അത്ഭുതം കൊണ്ട് ചിരിച്ചു . അങ്കിൾ ആരോഗ്യം വീണ്ടെടുത്ത് വളരെ ഊർജ്ജസ്വലനായി കാണപ്പെട്ടു.

ആരും വായിക്കാതെ കിടന്ന പഴയ പിയാനോയിൽ നിന്ന് സംഗീതം കേട്ടപ്പോൾ താത്തയ്ക്ക് വളരെ സന്തോഷമുണ്ടായിക്കാണണമെന്ന് മുന്നി പിന്നീടൊരിക്കൽ പറഞ്ഞു. ഈ വീടും, ഇവിടുത്തെ പഴയ ഉപകരണങ്ങളും, പാട്ടിയെക്കുറിച്ചുള്ള ഓർമ്മകളുമാണ് താത്തയ്ക്ക് ഏറെ പ്രിയങ്കരം.

“അമ്മാളു ഉണ്ടായിരുന്നെങ്കിൽ വളരെയിഷ്ട്പ്പെട്ടേനെ . ഉനക്ക് ഞാപകമിറ്ക്കാ മുന്നി പാട്ടി ഹാർമോണിയം വാസിക്കറ്ത്? ഷീ യൂസ്ഡ് ടു പ്ലേ ഹാർമോണിയം. യൂ നോ ദ കീർത്തന ‘ പാഹി ശ്രീ പദേ” ഇൻ ഹംസധ്വനി? സ്വാതി തിരുനാൾ കമ്പോസിഷൻ. ദാറ്റ് വാസ് ഹെർ ഫേവറൊയ്റ്റ്” ഒരിക്കൽ അങ്കിൾ പറഞ്ഞു.

നൈതികതയുടേയും സത്യത്തിന്റേയും ഒരു അന്തർധാര ഏവരുടെയും ഹൃദയത്തിലും, പ്രപഞ്ചത്തിലാകമാനം തന്നെയും ഉണ്ടായിരുന്നതായി ഞാൻ വിശ്വസിച്ചിരുന്നു. ഇപ്പോഴും വിശ്വസിക്കുന്നുണ്ട്. അങ്കിൾ പിയാനോ റൂമിൽ നിന്ന് പുറത്തുപോകാനായി ഞാനും മുന്നിയും അക്ഷമരായി കാത്തിരുന്ന അക്കാലത്തെ സായാഹ്നങ്ങളെക്കുറിച്ച് ഓർത്തു. അതിരുകൾ ഏറെയൊന്നും ലംഘിക്കപ്പെടാതെ ആ ശൈത്യകാലം കടന്നുപോയതോർത്ത് സമാശ്വസിക്കുകയാണ് പിന്നീടുണ്ടായത്. ഇതിനെ കുറിച്ചെല്ലാം വീണയോട് പറയേണ്ടി വന്നാൽ അവൾക്കത് ഉൾക്കൊള്ളാവുന്നതെയുള്ളുവെന്ന് ചിന്തിച്ചു. ഇറ്റ് വാസ് ജസ്റ്റ് ഡിസയർ. അത്രയെയുണ്ടായിരുന്നുള്ളു. നതിംഗ് എൽസ്.

അക്കാലത്ത് തന്നെയാണെന്ന് തോന്നുന്നു അങ്കിളിന്റെ മറ്റൊരു ചെറുമകളായ നയനാ ഷ്മിറ്റ്( അവളെയെല്ലാവരും ഖുഷി എന്ന് വിളിച്ചിരുന്നു) സാരിയുടുക്കാൻ പഠിച്ചതും. മുന്നിയാണ് പഠിപ്പിച്ചത്. ജർമ്മനിയിൽ മിസിസ് ഹേമന്തി ഷ്മിറ്റ് മകളെ അതൊന്നും പഠിപ്പിച്ചിരുന്നില്ല. സാരിയും ഖുഷിയുടെ സ്വർണ്ണത്തലമുടിയും തമ്മിൽ മേച്ചിംഗാണെന്ന് ശ്രീറാം അങ്കിൾ( മുന്നിയുടെ അപ്പ) പറഞ്ഞു. ഒരു സാരിയുടുപ്പ് മത്സരം തന്നെ അവിടെ നടന്നതായി ഓർക്കുന്നു. സാരിയിൽ ഖുഷിയാണോ മുന്നിയാണോ കൂടുതൽ സുന്ദരിയെന്നറിയാൻ. ശ്രീറാം അങ്കിളും, വസുന്ധരാ മാഡവും, ശീനുവും ഖുഷിയുടെ പക്ഷം പിടിച്ചപ്പോൾ മിസ്റ്റർ ഷ്മിറ്റും, അയ്യറങ്കിളും ഹേമന്തിമാമും മുന്നിക്കായി വാദിച്ചു. എന്നോടും അഭിപ്രായം ചോദിച്ചു. ഞാൻ ചില ഒഴികഴിവുകൾ പറഞ്ഞുകൊണ്ട് പഴയ ഫോട്ടോ ആൽബങ്ങൾ മറിച്ചുനോക്കിക്കൊണ്ടിരുന്നു. ചായകുടി കഴിഞ്ഞപ്പോൾ പിയാനോയിലെ ചില കട്ടകളുടെ ട്യൂണിംഗ് ക്രമപ്പെടുത്താൻ ഞാൻ മുകളിലേക്ക് പോയി.

” പിന്നെ എങ്ങനെയുണ്ട് സാർ മുംബൈ ലൈഫ്? പിയാനോ വായന, സാഹിത്യം ലക്ചർ ”

” എല്ലാമുണ്ട്. എഴുത്തും വായനയും കൂടുതലാക്കി. യാത്രകൾ നന്നെ കുറവ്. വല്ലപ്പോഴും പ്രാഗ്രാമുകൾ ഉണ്ടെങ്കിൽ മാത്രമെ യാത്രകളുള്ളു”

” വീട്ടിലെല്ലാവർക്കും സുഖംതന്നെയല്ലേ?”

” സുഖം. ചേട്ടൻമാർ സെറ്റിൽഡായി തിരുവനന്തപുരത്ത് തന്നെയാണ്. വെക്കേഷനൊക്കെ വരാറുണ്ട്. അവിടെ എന്തുണ്ട് വിശേഷം?”

” നല്ല വിശേഷം സാർ. അപ്പാ റിട്ടേർഡായി. ശീനു ഡൽഹിയിൽ ആർക്കിടെക്ചർ കഴിയാറായി. ഇതൊക്കെ തന്നെ വിശേഷം”

” എന്താ മുന്നിയുടെ പ്ലാൻ? അവിടെത്തന്നെ സെറ്റിലാകാനാണോ?”

” ഒന്നും തീരുമാനിച്ചിട്ടില്ല സാർ. നാട്ടിൽ വന്നാൽ അവർ ഉടൻ പിടിച്ച് കെട്ടിക്കും. എങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമ്ക്കുണ്ട്. വയസ്സ് കടന്നുപോയി എന്ന പരാതിയെ അവർക്കുള്ളു”

” അതും ശരിയാണല്ലോ?”

” സപ്പോർട്ടീവും ലിബറലുമായ ഒരു പയ്യനെ കണ്ടെത്താൻ വലിയ പാടാ സാർ ഹ ഹ. രണ്ട് ലോകങ്ങൾക്കിടയിലായിപ്പോയി മ്മടെയെല്ലാം ജീവിതം”


” വോൺഡെറിംഗ് ബെറ്റ്വീൻ ടു വേൾഡ്സ്, വൺ ഡെഡ്, ദ അദർ പവർലെസ്സ് ടു ബി ബോൺ. മാത്യൂ ആർണോൾഡ്” ( ചിരിക്കുന്ന ഇമോജികൾ)

” അതെന്നെ. അങ്ങനെയാർക്കും തലനീട്ടിക്കൊടുക്കാനൊന്നും എന്നെ കിട്ടൂല്ല ഹി ഹി. എന്നെ വല്ലാതെ സ്വാധീനിക്കണം. എങ്കിലെ നമ്മൾ ഹൃദയം തുറന്നു കൊടുക്കൂ” ( ഇമോജികൾ)

” കറക്ട് ഹ ഹ”

തണുത്തുറഞ്ഞ മാനസികാവസ്ഥ, വിറങ്ങലിക്കുന്ന ഒരു ഫാരൻഹീറ്റ് അസ്ഥിത്വം. അതിൽ നിന്നുകൊണ്ടുമാത്രമെ സർഗ്ഗപ്രക്രിയ നടത്താൻ കഴിയുകയുള്ളു എന്നാണെനിക്ക് തോന്നിയിട്ടുള്ളത്. മഞ്ഞുപ്രദേശങ്ങളിൽ, അതിശൈത്യകാലത്ത് പച്ചപ്പിന്റേയും പ്രാണന്റേയും നേരിയൊരു രേഖയിൽ അതിജീവനം നടത്തുന്ന പ്രകൃതിയുടെ ഒരു ഹൈബർനേഷൻ സ്റ്റേറ്റ്. പിയാനോ പ്ലേ ചെയ്യുമ്പോഴും, പുസ്തകങ്ങൾ വായിക്കുമ്പോഴും, എഴുതുമ്പോഴുമെല്ലാം ഞാനുമങ്ങനെയൊരു അവസ്ഥയിലാണ്. ഭൗതീകമായ വികാരത്തിന്റെ തിരകളോ പ്രക്ഷുബ്ധതയൊ ഒന്നുമുണ്ടാകില്ല. ( എന്നാൽ സ്ത്രീകൾക്ക്, പ്രത്യേകിച്ച് എഴുതുന്നവർക്ക് നേരെ തിരിച്ചാണെന്ന് ഒരു എഴുത്തുകാരി ഈയിടെ കണ്ടപ്പോൾ പറയുകയുണ്ടായി. അവർ എഴുതുമ്പോൾ കരയാറുണ്ടത്രെ)

ഓരോ പ്രാവശ്യത്തേയും നീണ്ട ചുംബനത്തിന് ശേഷം സംഗീത താളുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തതിന്റെ കാരണമാലോചിച്ചപ്പോഴാണ് എനിക്കത് മനസ്സിലായത്. വീണ്ടും മനസ്സ് കുളിർമയും ശാന്തതയുമുള്ള അവസ്ഥയിലേക്ക് വരാൻ കുറഞ്ഞപക്ഷം രണ്ട് മണിക്കൂറുകളെങ്കിലുമെടുത്തു. അതിനാൽ അങ്കിൾ നടത്തം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ഞാൻ, ഷീറ്റ് മ്യൂസിക്കുകളടങ്ങിയ ഫയൽ ബാഗിൽ തിരികെ വച്ച് അദ്ദേഹവുമായി രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചു. ഇടതുപക്ഷ സർക്കാറിനെക്കുറിച്ചും ആ വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെക്കുറിച്ചുമെല്ലാം പറഞ്ഞു. മ്യൂച്ച്വൽ ഫണ്ടുകളെക്കുറിച്ചും. അങ്കിൾ, തിരുവിതാംകൂർ ചരിത്രവും, സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുള്ള സംഭവവികാസങ്ങളും, നെഹ്റുവിന്റെ വരവിനെക്കുറിച്ചുമെല്ലാം പറയുമായിരുന്നു. പൊളിറ്റിക്സിൽ വലിയ താൽപര്യമില്ലാത്തതിനാൽ മുന്നി താഴേക്ക് പോകും.

ജനുവരി മദ്ധ്യത്തിനുശേഷമുള്ള ഏറെക്കുറേ എല്ലാ കൂടിക്കാഴ്ചകളിലും ഞങ്ങൾ പുണരുകയും ചുംബിക്കുകയും ചെയ്തു. ഞാനും മുന്നിയും. പിയാനോ വായനകേട്ടുകഴിഞ്ഞ് അങ്കിൾ പതിവായുള്ള നടത്തത്തിന് പുറത്തു പോകുമ്പോഴായിരുന്നു അത്.


” ഗുഡ് ഫെൻസസ് മേക്ക് ഗുഡ് നെയ്ബേർസ്” എന്ന റോബർട്ട് ഫ്രോസ്റ്റിന്റെ വരികൾ ഒരിക്കൽ ഞാൻ പറഞ്ഞു.

“അതെ. നല്ല വേലികൾ നല്ലരീതിയിൽ വേലിചാടുന്നവരെ സൃഷ്ടിക്കുന്നു എന്നതിനെ വിവർത്തനം ചെയ്യുകയാണ് മുന്നി ചെയ്തത്.

അങ്ങനെയും പറയാമെന്നായി ഞാൻ.

” നമ്മൾ അതിരുകളൊന്നും ലംഘിക്കുന്നില്ലല്ലോ സാർ”

സ്വകാര്യതയിൽ തന്നിഷ്ടത്തിന് ചുംബിക്കാൻ ഒരാളെക്കിട്ടുമ്പോൾ ഡയറികൾ എഴുതി നിറച്ചിരുന്ന എഴുത്തുകാരികൾ ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ടെന്ന് ഞാൻ തമാശ പറഞ്ഞപ്പോൾ താൻ ഡയറികളൊന്നും എഴുതുന്ന കൂട്ടത്തിലല്ല എന്നായിരുന്നു ആ കുട്ടിയുടെ മറുപടി. തുടർന്നവൾ ആൾസെയിന്റ്സിലെ പുതിയ ഇംഗ്ലീഷ് ഗസ്റ്റ് ലക്ചറർ കാവ്യാ മാം പ്രസിദ്ധീകരിച്ച ‘ ഉടൽമഷി’ എന്നൊരു കവിതാസമാഹാരത്തെ പറ്റി പറഞ്ഞു.

” മഷിക്കുപ്പിയുടഞ്ഞ് അവർക്ക് പുരുഷൻമാരിലേക്ക് പടരണം പോലും. നീലമഷി നീലക്കാർവർണ്ണനെ സൃഷ്ടിക്കാനും ചുവന്ന മഷി പുരുഷനെ ദഹിപ്പിക്കാനും. തൂവെള്ള കിടക്കയിൽ ചെമ്പൂക്കൾ വരക്കുന്ന മഷി മെൻസ്ട്രുവൽ ബ്ലഡ് അല്ലാതെ മറ്റെന്ത് ”

കാര്യങ്ങളെ നിസ്സാരവത്ക്കരിക്കരുതെന്ന് ഞാൻ വിമർശിച്ചു.

നല്ല രീതിയിൽ ചുംബിക്കാനറിയാത്തതിന് മുന്നി ആദ്യമൊക്കെ കളിയാക്കിയിരുന്നു. “ടേൺ ടേൺ യുവർ ഹെഡ് ടു ദ റൈറ്റ്. ദാറ്റ്സ് ദ ഫസ്റ്റ് ലെസ്സൺ ഹിഹി”

“മേ ബി ബിക്കോസ് ഇറ്റ്സ് നോട്ട് കംഫർട്ടബ്ൾ വൈൽ അയാം പ്ലേയിംഗ് പിയാനോ” ഞാനൊരിക്കൽ പറഞ്ഞു. ചായയും അച്ചപ്പവും കൊണ്ടുവരുന്ന ട്രേയിലോ, ജീൻസിന്റെ പോക്കറ്റിലോ മധുരമുള്ള എന്തെങ്കിലും -ഒരു മിഠായിയോ മറ്റോ- മുന്നി കരുതി വയ്ക്കുമായിരുന്നു.

അഗർബത്തിയുടെ സുഗന്ധത്തോടോപ്പം ആ വീട്ടിൽ പലപ്പോഴും, മുല്ലപ്പൂഗന്ധവും ഇടകലർന്നു നിന്നു. മുതിർന്ന സ്ത്രീകളിൽ പലരും മുല്ലപ്പൂ ചൂടി കണ്ടിട്ടുണ്ട്. വിശേഷദിവസങ്ങളിലൊക്കെ മുന്നിയും. മിസിസ് ഹേമന്തി ഷ്മിറ്റ് നാട്ടിൽ വരുമ്പോഴൊക്കെ, മുല്ലപ്പൂവിനോടുള്ള വല്ലാത്തൊരിഷ്ടം കാരണം അവസരങ്ങളൊന്നും പാഴാക്കാത്തതാവണം. ജൂനിയർ സയന്റിസ്റ്റായി ബാംഗ്ലൂരിൽ ജോലികിട്ടി പോയ കാലത്ത് അവർ കൂടെ പ്രവർത്തിച്ചിരുന്ന ഒരു ജർമ്മൻ വംശജനെ വിവാഹം ചെയ്തിരുന്നു. മിസ്റ്റർ ഷ്മിറ്റും ഇടയ്ക്കൊക്കെ പിയാനോ വായന കേൾക്കാൻ വന്നു. എന്നാൽ അദ്ദേഹത്തിന് ക്ലാസ്സിക്കുകളെക്കാളുപരി ജാസ്സിനോടും കണ്ടമ്പറൊറി മ്യൂസിക്കിനോടുമായിരുന്നു ആഭിമുഖ്യം. നാട്ടിലുണ്ടായിരുന്ന സമയമെല്ലാം മിസ്റ്റർ ഷ്മിറ്റ് തിരുവനന്തപുരത്തെ ചരിത്ര സ്മാരകങ്ങളും, ബീച്ചുകളും കാണാനായി ചെലവഴിച്ചു. കൂടെ ഖുഷിയും പോകും. തിരിച്ചുപോകുമ്പോൾ കൊണ്ടുപോകാനായി ഇന്ത്യൻ വസ്ത്രങ്ങൾ വാങ്ങിക്കൂട്ടുകയായിരുന്നു അവളുടെ ഹോബി.

” ഗാഗ്രാ ചോളി, ലാച്ച, സൽവാർ കമ്മീസ് ഇതൊക്കെയാ അത് വാങ്ങുന്നത്. അവിടുത്തെ ഇന്ത്യൻ കമ്മ്യൂണിറ്റി ഫംഗ്ഷനുകളിൽ പങ്കെടുക്കുകയാണെങ്കിൽ ഉടുക്കാനെ. സാരിയത്ര കംഫർട്ടബ്ൾ അല്ലാത്രെ” മുന്നി ഒരിക്കൽ പറഞ്ഞു.

മിസ്റ്റർ ഷ്മിറ്റ് എപ്പോഴും പുഞ്ചിരിക്കുന്ന, നിഷ്കളങ്കനായ ഒരു വ്യക്തിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. വളരെ സൈലന്റ്. മകളും അങ്ങനെ തന്നെ . ഇരുപത്തരണ്ട് വയസ്സുണ്ടായിരുന്ന ഖുഷി ആരോടും മിണ്ടാത്ത പ്രകൃതിക്കാരിയായിരുന്നു. എന്നോട് രണ്ടോ മൂന്നോ തവണ സംസാരിച്ചിട്ടുണ്ടാകണം. മുന്നിയെപ്പോലെയല്ല. മുന്നി വളരെ ടോക്കറ്റീവായിരുന്നു. വീട്ടിലുണ്ടായിരുന്നപ്പോൾ കൂടുതൽ സമയവും മിസ് ഷ്മിറ്റ് ശീനുവിനോട് ചെസ്സ് കളിച്ചു.

ഫെബ്രുവരിയുടെ പകുതിയിൽ ആ വിട് പല ഭാഷകളാൽ മുഖരിതമായി. അങ്കിളിന് പെട്ടെന്ന് അസുഖംവന്ന് ഹോസ്പിറ്റലിലായി ഡിസ്ചാർജ്ജ് ചെയ്ത് വീട്ടിൽ വന്നതിനുശേഷം ബന്ധുക്കളൊക്കെ ഉണ്ടായിരുന്ന സമയമായിരുന്നു അത്. ഹേമന്തി മാഡം ഫോണിലൂടെ ജർമ്മൻ സംസാരിക്കുകയും, ടെക്സ്റ്റ് മെസ്സേജുകൾ ടൈപ്പ് ചെയ്തതിന് ശേഷം ഗ്രാമർ മിസ്റ്റേക്കുണ്ടോ എന്ന് ഖുഷിയോട് തിരക്കിക്കൊണ്ടുമിരുന്നു.

” ഹ ഹ ഈ വീട്ടിൽ ഇങ്ങനെയാണ്. തമിഴ്, മലയാളം, ജർമ്മൻ , ഇംഗ്ലീഷ്… ആകെ ജഗപൊഗ” മുന്നി പറഞ്ഞു.

ജാനകി മാ ചെന്നൈയിലേക്ക് തിരിച്ചുപോകാനുള്ള തിരക്കിലായിരുന്നു. അങ്കിളിന്റെ ഏറ്റവും ഇളയ മരുമകളായ അവർ തമിഴും ഇംഗ്ലീഷും സംസാരിച്ചു.

” മുന്നീ ഫ്ലൈറ്റ് കൺഫേം ആയാച്ചാന്ന് പാര്”

“ആയാച്ച് ചിത്തി ”

ടൂ മീറ്റിംഗ്സ് വേർ ആൾറെഡി കാൻസെൽഡ് . അപ്പായ്ക്ക് ദീനമൊന്നും കെടയാതെന്ന് മാധവൻകിട്ടെ മുന്നാടിയെ ശൊല്ലിയിറ്ക്കേൻ. എപ്പവും എപ്പവും ഓടിവറ്ത് അവളവ്വ് ഈസിയല്ലൈ. മുന്നീ ഹേവ് എ ഡബ്ൾ ചെക്ക്. കൺഫേം ദാറ്റ് എവരിതിംഗ് ഈസ് പായ്ക്ക്ഡ്”

“ചെയ്വേ”

“ചിത്തിക്ക് അവിടുത്തെ എല്ലാ വിമൻസ് ക്ലബുകളിലും മെംബർഷിപ്പുണ്ട്. അതാണീ തിരക്കിട്ട് പോക്ക്” മക്കളില്ലാത്തതിനാൽ അവരൊരു യന്ത്രം പോലെയാണെന്ന് മുന്നി കളിയാക്കി.

അങ്ങനെ പറയരുതെന്ന് ഞാൻ പറഞ്ഞു.

തിരുവനന്തപുരത്തും, കോയമ്പത്തൂരും, പാലക്കാടുമുള്ള വീടുകളുടെയും വെജിറ്റേറിയൻ ഹോട്ടലിന്റേയും അനന്തരാവകാശം അങ്കിളിന്റെ കാലശേഷമായിരുന്നു എന്നു തോന്നുന്നു.

എപ്പോഴും തമിഴ് മാത്രം സംസാരിച്ചിരുന്ന ബന്ധുവായ വെങ്കിടം എന്നോട് മലയാളത്തിൽ പറഞ്ഞത് അല്പം നീരസമുണ്ടാക്കി:

” ഏത് പാട്ടാന്നു വച്ചാ വായിച്ച് കേൾപ്പിക്ക്. മൂപ്പിലാൻ ഇനിയും കിടക്കും അൻപത് വർഷം”

വാർദ്ധക്യം പുതിയ തലമുറകൾക്ക് അസ്വാരസ്യങ്ങൾ മാത്രമാണ് സമ്മാനിക്കുന്നതെന്ന് ഞാൻ ചിന്തിച്ചു. നിറഞ്ഞ വീട്ടിലെ അടക്കം പറച്ചിലുകളുടേയും, പരിഹാസങ്ങളുടേയും ഇടയിൽ അത് ഒറ്റപ്പെട്ട് നിൽക്കുന്നു. ഓർമ്മകളെ കൂട്ടുപിടിക്കുകയെ വഴിയുള്ളു.

” വീണേച്ചിയുടെ വിവാഹമെന്നായിരുന്നു?” മുന്നിയുടെ വാട്സപ്പ് മെസ്സേജ്.

” രണ്ടായിരത്തിപന്ത്രണ്ടിൽ”

” കേൾക്കണോ സാർ, ഞാനാദ്യം വിചാരിച്ചിരുന്നത് സാർ വീണേച്ചിയെത്തന്നെ വിവാഹം കഴിച്ചുവെന്നാ. പിന്നീട് ചേച്ചിയുടെ ഫേസ്ബുക്ക് പ്രൊഫൈൽ നോക്കിയപ്പോൾ മനസ്സിലായി ആളുമാറിയെന്ന്”( ചിരിയുടെ ഇമോജികൾ)

” ഹ ഹ അതുകൊള്ളാം”

” എന്തേ പിന്നെയത് പ്രൊസീഡ് ചെയ്യാത്തെ?”

” അത്ര വലിയ അഫയറൊന്നും ഞ്ഞളുടെ ഇടയിൽ ഇല്ലായിരുന്നല്ലോ. ബന്ധുവായതുകൊണ്ടും കുട്ടിക്കാലം മുതൽക്കേ അറിയാമായിരുന്നതുകൊണ്ടും ഒരു സമ്മതം മൂളൽ മനസ്സിലുണ്ടായിരുന്നു. രണ്ടുപേരുടേയും. അല്ലാതെ വാഗ്ദാനങ്ങളൊന്നും നൽകപ്പെട്ടിരുന്നില്ല. ഞാൻ വാഗ്ദാനങ്ങളുടെ ആളല്ല. ഹ ഹ . ആരുടേയും ഇഷ്ടങ്ങൾ ഹനിക്കാൻ നമുക്കിഷ്ടമില്ല. കല്യാണം കഴിക്കാമായിരുന്നു. പിന്നെന്തോ..”

” എന്നിട്ട് കല്യാണത്തിന് പോയോ?”

” വീട്ടുകാർ പോയി. ഞാനിവിടായിരുന്നല്ലോ. കല്യാണത്തിന് പോകാത്തതിനുള്ള അലോഹ്യം ഇപ്പോഴും പുള്ളിക്കാരിക്ക് മാറിയിട്ടില്ല. അതേസമയം അമ്മായിക്ക് പരാതിയൊന്നുമില്ല. അവർക്ക്

വലിയ കാര്യമാണിപ്പോഴും. ഞാൻ ചെന്നാൽ ചുവന്ന ചീര സംഘടിപ്പിക്കും. ഉച്ചയൂണും വൈകുന്നേരത്തെ ചായയും പലഹാരവുമൊക്കെ കഴിഞ്ഞേ വിടൂ”

” ചേച്ചി വരാറുണ്ടോ നാട്ടിൽ?”

“കാർത്തികക്ക് വന്നിരുന്നു. തൃക്കാർത്തിക വിളക്കാണല്ലോ അവിടുത്തുകാർക്ക് പ്രധാനം”

ഇടവപ്പാതി പെയ്തൊഴിഞ്ഞ ഒരു സായാഹ്നത്തിലാണെന്ന് തോന്നുന്നു അയ്യർ അങ്കിളിനെ പരിചയപ്പെടുന്നത്. അതിനു മുൻപും പലപ്പോഴും യാഥൃശ്ചികമായി കണ്ടിട്ടുണ്ട്. സായാഹ്നത്തിന്റെ ശാന്തതയും ഊഷ്മളതയും ആസ്വദിച്ചുകൊണ്ട് അദ്ദേഹം ദേവസ്വം ബോർഡ് ജംഗ്ഷനടുത്തെ കെസ്റ്റൺ റോഡ് വഴി നടന്നിരുന്നു. വെളുത്തിട്ട്, അല്പം നീണ്ട മൂക്കും, കട്ടി കണ്ണടയും വശത്തേക്ക് കോതിയമർത്തിയിരുന്ന നീണ്ട നരച്ച തലമുടിയുമൊക്കെയായി എൺപതിലധികം പ്രായമുള്ള ഒരു വയോധികൻ. സാധാരണ പാന്റ്സും ഹാഫ് സ്ലീവ് ഷർട്ടും ധരിച്ച്, സുഹൃത്തുകളായ സമപ്രായക്കാരെ കാണുമ്പോൾ കയ്യുയർത്തി പുഞ്ചിരിച്ചും വിശേഷങ്ങൾ ചോദിച്ചും അയ്യറങ്കിൾ നടന്നിരുന്നത്, പരിചയപ്പെടുന്നതിനുമുന്നേ ഞാൻ കണ്ടിട്ടുണ്ട്. നെറ്റിയിൽ എപ്പോഴും ഭസ്മമോ ചന്ദനമോ തൊട്ടിരുന്ന ആ മുഖത്ത് ഞാൻ ഭക്തിയും നിഷ്കളങ്കതയും കണ്ടു. എങ്കിലും നടക്കുന്നതിനിടയിൽ അദ്ദേഹത്തെ കാണുമ്പോഴെല്ലാം, പഠിപ്പിക്കാനുണ്ടായിരുന്ന നാടകത്തിലെ, പ്രക്ഷുബ്ധമായ മനസ്സിൽ ഒറ്റപ്പെട്ടുപോയ കിംഗ് ലിയറിന്റെ ചിത്രം എന്റെ മനസ്സിലേക്ക് കടന്നു വരുമായിരുന്നു.

അക്കാലം എഴുത്തിന്റേതല്ല മറിച്ച് സംഗീതത്തിന്റെ കാലമായിരുന്നു. വായനയും സുഷുപ്തിയിലാണ്ട് കിടന്നു. കോളേജിൽ പഠിപ്പിക്കാനുള്ളതു മാത്രമെ വായിച്ചിരുന്നുള്ളു. തിരുവനന്തപുരത്തെ സുഹൃത്തുകളുടെ ഇടയിൽ ഞാനൊരു പിയാനിസ്റ്റായിട്ടാണ് അറിയപ്പെട്ടിരുന്നത്. നാൽപ്പത് കിലോമീറ്റർ അകലെയുള്ള കോളേജിലെ അദ്ധ്യാപനം, വരാനിരിക്കുന്ന കോൺസർട്ടുകളെക്കുറിച്ചും വായിച്ചു ഫലിപ്പിക്കേണ്ട സംഗീത രചനകളിലെ സങ്കീർണ്ണതകളെകുറിച്ചുമുള്ള ആകുലത എന്നിവയൊക്കെയായി ആകെപ്പാടെ തിരക്കു പിടിച്ച മഴക്കാലം കൂടിയായിരുന്നു അത്.

ഒരിക്കൽ മ്യൂസിക് ഷീറ്റുകളുടെ കോപ്പിയെടുക്കാനായി ഒരു സ്റ്റേഷനറി കടയിൽ നിന്നപ്പോഴായിരുന്നു അവിടെ എന്തോ വാങ്ങാനായി വന്ന അയ്യറങ്കിളിനെ പരിചയപ്പെട്ടത്. എന്റെ കൈയ്യിലെ സംഗീത താളുകൾ വാങ്ങി അത്ഭുതത്തോടെ പരിശോധിച്ചശേഷം അദ്ദേഹം ചോദിച്ചു:

" മൊസാർട്ടിന്റെ കമ്പോസിഷൻസൊക്കെ വായിക്കുമോ?"

" അതാണിപ്പോൾ പ്രാക്ടീസ് ചെയ്യുന്നത്" ഞാൻ പറഞ്ഞു.

എന്നെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞ്, ഞാൻ നിലമേൽ കോളേജിൽ ഗസ്റ്റ് ലക്ചററാണെന്ന് പറഞ്ഞപ്പോൾ ചുമലിൽ തട്ടി അഭിനന്ദിച്ചു.

" വെരി നൈസ്. ഹരീഷ് വീ ഷുഡ് മീറ്റ് എഗെയിൻ. എനിക്ക് ഒരു പിയാനോയുണ്ട്. വെരി ഓൾഡ് വൺ. അതൊന്ന് നോക്കണം. വീട്ടിലേക്ക് ഒരിക്കൽ വരണം. വെനെവർ യൂ ആർ ഫ്രീ"

തിരക്കായിരുന്നതിനാൽ ഏതാണ്ട് ഒരു മാസത്തിന് ശേഷമാണ് മുത്തുസ്വാമി ലെയിനിലെ അങ്കിളിന്റെ വീട്ടിലേക്ക് പോകാൻ കഴിഞ്ഞത്. ചെറുതാണെങ്കിലും മനോഹരമായൊരു പൂന്തോട്ടം അവിടുണ്ടായിരുന്നു. തെറ്റിപൂക്കളും , ക്രോപ്പ് ചെയ്ത അലങ്കാരച്ചെടികളും, ഓർക്കിഡുകളുമൊക്കെയായി നല്ല രീതിയിൽ പരിപാലിച്ചിരുന്ന ഒന്ന്. ആര്യശാലയിലും കരമനയിലും താമസിക്കുന്ന ചില സുഹൃത്തുകളുടെ വീട്ടിൽ പോകുമ്പോൾ അറിഞ്ഞിരുന്ന അഗ്രഹാരങ്ങളിലെ ഭക്തിയും സുഗന്ധവും ആ വീട്ടിലും നിറഞ്ഞു നിന്നു. വീടുറങ്ങിയതുപോലുള്ള ശാന്തമായ അന്തരീക്ഷം, ഭിത്തിയിൽ തൂക്കിയിരുന്ന വൃന്ദാവനത്തിലെ രാധയുടെയും കൃഷ്ണന്റേയും മനോഹരമായ ചിത്രം എന്നിവ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു. എന്നെക്കണ്ടപ്പോൾ അദ്ദേഹത്തിന് വലിയ സന്തോഷമായി.

" മുന്നി ഒരു ടവൽ ഇങ്കെട്ത്ത് താ. പിയാനോ കംപ്ലീറ്റ് ഡസ്റ്റിയായ്റ്ക്ക് " അങ്കിൾ അകത്തേക്ക് വിളിച്ചു പറഞ്ഞു.

ഹാഫ് സാരിയുടുത്തിരുന്ന മുന്നി ഒരു ടവൽ കൊണ്ട് കൊടുത്തിട്ട് അകത്തേക്ക് കയറിപ്പോയി.

" ഇഫ് യൂ വെയർ ഫ്രീ ഐ വുഡ് ഇൻവൈറ്റ് യൂ ഫോർ ദ ഫങ്ങ്ഷൻ. എന്റെ ചെറുമോന്റെ ഉപനയനമായിരുന്നു ഇന്നലെ. ബന്ധുക്കളൊക്കെയുണ്ടായിരുന്നു. ഇന്ന് മടങ്ങിപ്പോയതെയുള്ളു" അങ്കിൾ പറഞ്ഞു.

മുകളിലത്തെ നിലയിൽ കോർണറിലെ പൂട്ടിയിട്ടിരുന്ന റൂമിലായിരുന്നു പിയാനോയുണ്ടായിരുന്നത്. അതിന് പുറമെ ഒരു ഹാർമോണിയവും, രണ്ട് മൃദംഗങ്ങളും പഴയൊരു തൊട്ടിലും മറ്റു ചില ഫർണിച്ചറുകളും അവിടുണ്ടായിരുന്നു. ( തൊട്ടിൽ, മധുരയിലെ ക്ഷേത്രത്തിൽ ഉണ്ണിക്കണ്ണനെ ആട്ടാനുപയോഗിച്ചിരുന്ന, നൂറ്റാണ്ടുകൾ പഴക്കമുള്ള ഒന്നാണെന്ന് മുന്നി പിന്നീട് പറയുകയുണ്ടായി)

" യൂ നോ ടി. പി രാമസ്വാമി അയ്യർ?" അങ്കിൾ ചോദിച്ചു " ട്രാവൻകൂർ ദിവാൻ. ഇന്നത്തെ പിള്ളേർക്കൊന്നുമറിയില്ല. ഹീ വാസ് എ പവർഫുൾ റൂളർ. പക്ഷെ നയന്റീൻ ഫോട്ടിസിക്സിൽ റിസയിൻ ചെയ്തുപോയി. വലിയ പൊളിറ്റിക്കൽ പ്രോബ്ളം. ടി. പി ഈ പിയാനോ വായിച്ചിട്ടുണ്ട്. മജിസ്ട്രേറ്റായിരുന്ന എന്റെ ഫാദർ ഇൻ ലോയുടെ ഫ്രണ്ടായിരുന്നു അദ്ദേഹം. ടി. പിയുടെ സുഹൃത്തായിരുന്ന ഒരു വെള്ളക്കാരന്റെ പിയാനോയാണിത്. തിരിച്ചു പോയപ്പോൾ കൊണ്ടു പോയില്ല. നോക്കൂ എത്ര തലമുറകൾ കഴിഞ്ഞു!"

ഒരു അസ്സൽ ഇംഗ്ഷ് ഗ്രാന്റ് പിയാനോ. സബ് കോൺട്രാ ഒക്ടേവിൽ ചില കട്ടകളുടെ ശ്രുതി ശരിയാക്കാനുണ്ട്. സസ്റ്റന്യൂട്ടോ പെഡൽ വർക്കുചെയ്യുന്നില്ലെങ്കിലും ഡാംപറിന് കുഴപ്പമൊന്നുമില്ല. മനോഹരമായ കീ ടച്ച്. അതിൽ വായിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷം തോന്നി. മൊസാർട്ടിന്റെ രണ്ട് രചനകളാണ് ഞാനന്ന് വായിച്ചത്. ' ലിറ്റിൽ നൈറ്റ് മ്യൂസിക്കിന്റേയും സി മേജർ സൊണാറ്റയുടേയും (K 545/No 15) ആദ്യ മൂവ്മെന്റുകൾ.

" കടവുളെ ഇവ്വളവ് പ്രക്ഷ്യസാന ഇന്സ്ട്രുമെന്റാ ഡസ്റ്റിയായിറ്ന്തത്!" അദ്ദേഹം അത്ഭുതപ്പെട്ടു.

പോകാൻ നേരത്ത് അങ്കിൾ പറഞ്ഞു:

" വയസ്സ് എൺപത്തിനാലു കഴിഞ്ഞു. അയാം ആൾമോസ്റ്റ് ഡൺ വിത്ത് ലൈഫ്. ഹാപ്പിലി വെയിറ്റിംഗ് ഫോർ ദ കാളിംഗ്. ഹരീഷിന് സമയമുള്ളപ്പോഴൊക്കെ വരണം. എനിക്ക് പലരുടേയും രചനകൾ വായിച്ചു കേൾക്കണമെന്നുണ്ട്.

ഏതാനും സന്ദർശനങ്ങൾക്ക് ശേഷമാണ് ഒരിക്കൽ മുന്നിയും അനിയൻ ശീനുവും പിയാനോ വായന കേൾക്കാനായി വന്നത്.

" ദിസ് ഈസ് മൈ ഗ്രാന്റ് ഡോട്ടർ മുന്നി. ലിറ്ററേച്ചർ തന്നെയാ പഠിക്കുന്നത്.

" ശ്രീയാ അയ്യറെന്നും വിളിക്കും. ഞാൻ ശ്രീയേഷ്. ശീനുവെന്ന് വിളിക്കാം" ഏഴിലോ എട്ടിലോ പഠിക്കുന്ന ശീനു ഒരു സ്മാർട്ട് പയ്യനായിരുന്നു.

" മുന്നീ ഹരീഷ് വന്ത് കോളേജിൽ ലക്ചററ്ക്കും. ലിറ്ററേച്ചർ താൻ"

മുന്നി തൊഴുതുകൊണ്ട് പരിചയപ്പെട്ടു. അന്നുമുതൽ മുന്നി എന്നെ സാറെന്നാണ് വിളിച്ചിരുന്നത്.

" ശീനു ഡൂ യൂ വാണ്ട് ടു ലേൺ പിയാനോ ?" അങ്കിൾ ചോദിച്ചു.

ശീനു തോളനക്കിക്കൊണ്ട് ചിരിച്ചു.

പിള്ളേർക്കൊന്നും ഇതിലൊന്നുമൊരു താൽപ്പര്യവുമില്ല. ഇന്റർനെറ്റൊക്കെ വന്നതിന് ശേഷമെ. ഇവരുടെ അപ്പ കുറേ മൃദംഗം പഠിച്ചു. മാധവനും. ആരും സാധകമോന്നുമില്ല ഇപ്പോ. ഇയാൾക്കാണെങ്കിൽ തിയേറ്ററും സിനിമയുമൊക്കെയാ ഇഷ്ടം. പുറത്തുപോയി പഠിക്കണമെന്നാ അവൾ പറയുന്നത്. മുന്നീ ഉൻക പ്രോജക്ട്സ് കംപ്ലീറ്റ് ഹരീഷിനെ കാട്ട്. ഹീ വുഡ് ലൈക്ക് ടു സീ ദെം"

പോകാൻ നേരത്ത് തിയേറ്ററിനോടുള്ള ഇഷ്ടം കൊണ്ട്, പ്ലസ് ടൂ പഠനകാലത്ത് മുന്നി തെർമോക്കോളിൽ നിർമ്മിച്ച കുറേ പ്രോജക്ടുകൾ എന്നെ കാണിച്ചു. ഒരു ഗ്ലോബ് തിയേറ്റർ ( എലിസബത്തൻ തിയേറ്റർ), ഒരു ആംഫി തിയേറ്റർ, പിന്നെ പാവനാടകങ്ങൾക്ക് പറ്റിയ മനോഹരമായൊരു തീയേറ്ററും കുറേ പാവകളും.

" യൂ ആർ റിയലി ഗിഫ്റ്റഡ്" ഞാൻ അഭിനന്ദിച്ചു. അന്ന് കുറച്ചുനേരം ഞങ്ങൾ ഗ്രീക്ക്, എലിസബത്തൻ തിയേറ്ററുകളെക്കുറിച്ച് സംസാരിച്ചു.

" സാറിന്നിയെന്നാ നാട്ടിൽ?"

" ഏപ്രിലിലോ മേയിലോ വരണമെന്നുണ്ട്. വർഷത്തിലൊരിക്കലെ ഇപ്പോൾ നാട്ടിലേക്കുള്ളു"

" പാരന്റ്സിന് കാണണമെന്നുണ്ടാവില്ലേ?"

" വിളിക്കാറുണ്ട് എന്നും"

" ങ്ഹും. നാട്ടിൽ വച്ച് ഒരിക്കൽ സാറിന്റെ കാര്യമൊക്കെ സംസാരിച്ചിരുന്നു. അപ്പായും അമ്മായുമൊക്കെ. ഫോൺ നമ്പർ മാറിയതൊന്നും സാർ ആരേയും അറിയിച്ചില്ലല്ലോ. കുറേ ശ്രമിച്ചിട്ട് അവസാനം നാദബ്രഹ്മയിൽ അന്വേക്ഷിച്ചാണ് നമ്പർ കിട്ടിയത്"

" അതേയോ. പലരേയും കോൺടാക്ട് ചെയ്യാൻ കഴിഞ്ഞില്ല പിന്നെ"

"ഖുഷിയും അന്വേഷിച്ചു ഇവിടെ വന്നപ്പോൾ. അക്കാര്യങ്ങളെക്കുറിച്ചെല്ലാം അവൾ പിന്നീടൊരിക്കൽ ചോദിച്ചിരുന്നു"( ചിരിയുടെ ഇമോജികൾ)

" റിയലീ? ഓ മൈ ഗോഡ്"

" ബട്ട് ഷീ സഡ് ഇറ്റ് വാസ് വെരി കോമൺ ഇൻ ജർമ്മനി ഹ ഹ"

" അതേയോ! ( ചിരിയുമായി ഞാൻ)

അക്കാലത്തുണ്ടായ ഒരു സംഭവം ഓർത്തു. അരുതാത്തത് ചെയ്യുന്നു എന്ന ചിന്ത അന്നൊക്കെ ചിലപ്പോഴെങ്കിലും എന്നെ സ്പർശിച്ചിരുന്നു.

" അൾട്ടിമേറ്റ്ലി ഭയം തന്നെയാണ്. കുട്ടിക്കാലം മുതൽക്കെ ധൈര്യം കടാക്ഷിക്കാത്ത ഒരാളായിപ്പോയി" ഒരിക്കൽ ഞാൻ മുന്നിയോട് പറഞ്ഞു.

" അതെ

short story kadhakalkk appuram hareesh babu

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES