കുഞ്ഞു പിറക്കുന്നതിനു മുമ്പുതന്നെ നവജാതശിശുസംരക്ഷണത്തെപ്പറ്റി മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം; നവജാതശിശുവിനെ പരിചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

Malayalilife
 കുഞ്ഞു പിറക്കുന്നതിനു മുമ്പുതന്നെ നവജാതശിശുസംരക്ഷണത്തെപ്പറ്റി മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം; നവജാതശിശുവിനെ പരിചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കുഞ്ഞു പിറക്കുന്നതിനു മുമ്പുതന്നെ നവജാതശിശുസംരക്ഷണത്തെപ്പറ്റി മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. ഇതില്‍ ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടത് അമ്മയ്ക്കുള്ള ബോധവല്‍ക്കരണമാണ്. ഈ കാലഘട്ടത്തില്‍ ശിശുസംരക്ഷണം വീട്ടിലെ ഏതെങ്കിലും കുടുംബാംഗത്തെയോ അല്ലെങ്കില്‍ ആയമാരെയോ ഹോം നഴ്സിനെയോ ഏല്‍പ്പിക്കുകയാണ് പതിവ്. എന്നാല്‍ ഈ സംരക്ഷണകാലഘട്ടം അമ്മമാര്‍ തന്നെ ഏറ്റെടുക്കുകയാണെങ്കില്‍ കുഞ്ഞിന്റെ ശാരീരിക മാനസിക വികാസങ്ങളില്‍ പ്രകടമായ മാറ്റം വരും.നവജാതശിശുവിനെ പരിചരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം. കുഞ്ഞിനെ എന്നും കുളിപ്പിക്കണമെന്നില്ല. എങ്കിലും ശരീരം എല്ലാദിവസവും വൃത്തിയാക്കണം. വളരെ ശ്രദ്ധയോടെ വേണം കുഞ്ഞിന്റെ ശരീരം വൃത്തിയാക്കാന്‍.

കുഞ്ഞിന്റെ അടിവസ്ത്രമായി വൃത്തിയുള്ള കോട്ടണ്‍ തുണി അല്ലെങ്കില്‍ ഡയപ്പര്‍ ഉപയോഗിക്കാം. ഇളം ചൂടുവെള്ളത്തില്‍ മുക്കിയ കോട്ടണ്‍ തുണി ഉപയോഗിച്ചു കുഞ്ഞിന്റെ ശരീരം തുടച്ചു വൃത്തിയാക്കണം. മുഖത്തു നിന്നാണു തുടങ്ങേണ്ടത്. കുഞ്ഞിന്റെ കണ്ണുകള്‍ വൃത്തിയാക്കുമ്പോള്‍ ഉള്‍വശത്തു നിന്നു പുറത്തേക്കു മെല്ലെ തുടച്ചെടുക്കുക. ചെവിയുടെ പിന്‍വശം മാത്രമേ തുടയ്ക്കാവൂ. ഒരു കാരണവശാലും ചെവിയുടെ ഉള്‍ഭാഗത്തു ബഡ്സോ കോട്ടണ്‍ തുണിയോ ഉപയോഗിക്കരുത്. കുഞ്ഞിന്റെ വായ ഈര്‍പ്പമുള്ള തുണികൊണ്ടു തുടച്ചു വൃത്തിയാക്കുക. കുഞ്ഞിന്റെ തല ചൂടുവെള്ളം കൊണ്ടു തുടച്ചതിനുശേഷം ഉണങ്ങിയ ടൗവല്‍ കൊണ്ടു വീണ്ടു തുടയ്ക്കുക. കുഞ്ഞിന്റെ കഴുത്തും നെഞ്ചും വളരെ മൃദുവായി വേണം വൃത്തിയാക്കുവാന്‍. മടക്കുള്ള ഭാഗം പ്രത്യേകം ശുചിയാക്കുക. കക്ഷവും കൈയും തുടച്ചതിനു ശേഷം കുഞ്ഞിനെ ഉണങ്ങിയ ടൗവല്‍ കൊണ്ടു പൊതിയുക. പൊക്കിള്‍ക്കൊടി പൊഴിഞ്ഞിട്ടില്ലെങ്കില്‍ അതു നനയാതെ സൂക്ഷിക്കണം. മുകളില്‍ പറഞ്ഞതുപോലെ തന്നെ പുറകുവശവും നന്നായി തുടയ്ക്കുക.

കുഞ്ഞിന്റെ ജനനേന്ദ്രിയങ്ങള്‍ ശ്രദ്ധയോടെ വേണം വൃത്തിയാക്കുവാന്‍. പെണ്‍കുഞ്ഞാണെങ്കില്‍ മുന്‍വശത്തു നിന്നും പുറകിലേക്കു തുടയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനുശേഷം ബേബിപൗഡറോ ലോഷനോ ഉപയോഗിക്കാം. തുടയിലും കക്ഷത്തിലും മടക്കുഭാഗങ്ങളിലും പൗഡര്‍ അല്‍പ്പം കൂടുതല്‍ ഉപയോഗിക്കുക. പൗഡര്‍ ഇട്ടതിനുശേഷം ഒരു തുണികൊണ്ട് ആവശ്യമില്ലാത്ത പൗഡര്‍ തുടച്ചുമാറ്റുക. പൗഡര്‍ മൂക്കിലേക്കു കയറാതിരിക്കുവാന്‍ ശ്രദ്ധിക്കുക. കുഞ്ഞിനെ അയഞ്ഞ വസ്ത്രങ്ങള്‍ മാത്രം ധരിപ്പിക്കുക.

ഗര്‍ഭകാലത്ത് അമ്മയില്‍ നിന്നും കുഞ്ഞിന് ആവശ്യമായ വായുവും ആഹാരവും കിട്ടുന്നത് പൊക്കിള്‍ക്കൊടി വഴിയാണ്. പൊക്കിള്‍ക്കൊടി ഈര്‍പ്പം തട്ടാതെ സൂക്ഷിക്കുക. അഥവാ ഈര്‍പ്പം തട്ടിയാല്‍ ഉണങ്ങിയ തുണികൊണ്ട് ശ്രദ്ധയോടെ തുടയ്ക്കുക.

ആദ്യത്തെ മൂന്ന് ആഴ്ചകളില്‍ കുഞ്ഞ് ഒരു ദിവസത്തില്‍ 17 18 മണിക്കൂര്‍ വരെ ഉറങ്ങും. ഉറങ്ങുമ്പോള്‍ മലര്‍ത്തിക്കിടത്തുവാന്‍ ശ്രദ്ധിക്കുക. കുഞ്ഞിന്റെ പുതപ്പ് ഭാരമുള്ളതായിരിക്കരുത്. ഈ മൂന്ന് ആഴ്ചകള്‍ക്കു ശേഷം പകല്‍സമയത്തു കുഞ്ഞിനെ കളിപ്പിക്കുവാനും സംസാരിക്കുവാനും അമ്മ താത്പര്യം കാണിക്കണം. അതുപോലെ രാത്രിസമയത്തു കുഞ്ഞിനെ കളിപ്പിക്കാതിരിക്കുകയും മുറിയില്‍ വെളിച്ചം കുറയ്ക്കുകയും വേണം. ഇതു രാത്രിയും പകലും വേര്‍തിരിച്ചു കുഞ്ഞിനു മനസിലാക്കുവാന്‍ സഹായിക്കും. ഉറക്കം വരുന്ന കുഞ്ഞിനെ തനിയെ കിടന്നുറങ്ങാന്‍ സഹായിക്കുക. എടുത്തോ തൊട്ടിലില്‍ ആട്ടിയോ ഉറക്കുവാന്‍ ശ്രമിച്ചാല്‍ അതു ശീലമാകും. നവജാതശിശുവിനെആദ്യത്തെ മൂന്ന് ആഴ്ചകളില്‍ എപ്പോഴും ഒരു ടൗവല്‍ കൊണ്ടു പൊതിയുവാന്‍ ശ്രദ്ധിക്കുക. ഒരു മാസത്തിനു ശേഷം ഈ രീതി തുടരേണ്ടതില്ല.

kids-health-when they- before birth

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES