ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ ഫോണിനെ ഹാക്കർമാരിൽ നിന്നും സംരക്ഷിക്കാം

Malayalilife
topbanner
ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ ഫോണിനെ ഹാക്കർമാരിൽ നിന്നും സംരക്ഷിക്കാം

മ്മളിൽ പലർക്കും, സ്മാർട്ട് ഫോൺ ഇല്ലെങ്കിൽ ഒരു നിമിഷം പോലും ജീവിക്കാൻ ആകാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. എന്നാൽ, ഇതേ ഫോൺ ക്രിമിനലുകളുടെ കൈയിൽ ഒരു ഉപകരണമായി മാറിയാലോ ? അങ്ങനെയാകാതിരിക്കാൻ ഹാക്കർമാരിൽ നിന്നും ഫോൺ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പ്രിസം ഇൻഫോസെക്കിലെ സെക്യുരിറ്റി കൺസൾട്ടന്റ് ആയ കീരൻ ബർജ്, സാധാരണയായി സ്മാർട്ട് ഫോൺ ഉപയോക്താക്കൾ വരുത്തി വയ്ക്കുന്ന അഞ്ച് തെറ്റുകളെ കുറിച്ച് പ്രതിപാദിക്കുകയാണ്. ഈ തെറ്റുകൾ ഹാക്കർമാർക്ക് നിങ്ങളുടെ ഫോണിലേക്കെത്താൻ എളുപ്പ വഴിയൊരുക്കുമെന്നും കീരൻ പറയുന്നു.

ക്രിമിനലുകൾ കണ്ടെത്തുന്നതിനു മുൻപായി സൈബർ സെക്യുരിറ്റി പരിശോധിക്കുന്ന, ഒരു നിയമാനുസൃത ഹാക്കർ അഥവാ പിനട്രേഷൻ ഹാക്കർ ആയ കീരൻ ഈ രംഗത്ത് ഏറെ പരിചയ സമ്പന്നനായ വ്യക്തിയാണ്. പാസ്സ്വേർഡുകൾ പുനരുപയോഗം ചെയ്യൽ, വിശ്വസനീയമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യൽ, സമൂഹമാധ്യമങ്ങളിൽ കൂടി ആവശ്യത്തിലധികം വിവരങ്ങൾ പങ്കുവയ്ക്കൽ തുടങ്ങിയ ചെറിയ ചെറിയ തെറ്റുകൾ വരെ ഹാക്കർമാർക്ക് ചുവപ്പ് പരവതാനി വിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്.

കാലഹരണപ്പെട്ട സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുന്നത് ഹാക്കർമാർക്ക് നല്ലൊരു അവസരമൊരുക്കും. സാധാരണയായി, നിങ്ങളുടെ ഫോണിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യാൻ സന്ദേശം വരുന്നുവെങ്കിൽ അത് ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ ഭീഷണി ഉള്ളതുകൊണ്ടാകാം എന്ന് കീരൻ പറയുന്നു. ഓപ്പറേറ്റിങ് സിസ്റ്റമായാലും കൺട്രോൾ സിസ്റ്റമായാലും പലപ്പോഴും ചില ദൗർബല്യങ്ങൾ ഉണ്ടാകാം.

അത്തരത്തിലുള്ള പ്രശ്നങ്ങൾ ഡെവലപ്പർമാർ തന്നെ കണ്ടെത്തി പരിഹരിക്കുമ്പോൾ അത് ഫോറങ്ങളിലും മറ്റും പങ്കുവയ്ക്കും. നിങ്ങൾ നിങ്ങളുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ഹാക്കർമാർക്ക് നിങ്ങളുടെ ഫോണിൽ പ്രവേശിച്ച് വിവരങ്ങൾ ശേഖരിക്കാനും അതിന്റെ നിയന്ത്രണം ഏറ്റെടുക്കാനും എളുപ്പത്തിൽ സാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. പല ക്രിമിനൽ ഹാക്കർമാരും ഇത്തരത്തിൽ കാലഹരണപ്പെട്ട സോഫ്റ്റ്‌വെയറുകളുടെ വിവരങ്ങൾ ശേഖരിച്ചു വയ്ക്കാറുണ്ട്. ഒരു അവസരം ലഭിച്ചാൽ അവർ അത് മുതലെടുക്കുകയും ചെയ്യും. അതുകൊണ്ട് എപ്പോഴും സോഫ്റ്റ്‌വെയർ അപ്ഡേറ്റഡ് ആയി സൂക്ഷിക്കുക.

പാസ്സ്വേർഡുകളുടെ പുനരുപയോഗം വഴിയാണ് പിന്നെ ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റയിൽ ആക്സസ് ലഭിക്കുക. ഇത്തരത്തിൽ ഉപയോഗിച്ചാൽ, നിങ്ങളുടെ ഏതെങ്കിലും ഒരു സൈറ്റിൽ ആക്സസ് ലഭിച്ചാൽ പിന്നെ എല്ലാ അക്കൗണ്ടുകളിലും കയറാൻ ഹാക്കർമാർക്ക് എളുപ്പമാകുമെന്ന് കീരൻ പറയുന്നു. ഇതുപോലെ നിങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞാൽ ഹാക്കർമാർ അത് ഡാർക്ക് വെബ്സൈറ്റുകളിൽ വിൽപനക്ക് വയ്ക്കാനും സാധ്യതയുണ്ട്.

ഒരു നിശ്ചിത പരിധിക്ക് പുറത്ത് അമിതമായി വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ പരസ്യപ്പെടുത്തുന്നതും ഹാക്കർമാർക്ക് പണി എളുപ്പമാക്കും. ഹാക്കർമാർ സമൂഹമാധ്യമങ്ങളിലും മറ്റു തിരഞ്ഞ് നിങ്ങളുടെ ജനന തീയതി, മേൽവിലാസം, എന്നു മാത്രമല്ല, നിങ്ങളുടെ അമ്മയുടെ ആദ്യത്തെ പേര് എന്നു തുടങ്ങിയ സെക്യുരിറ്റി ചോദ്യങ്ങളും ചോർത്തിയെടുക്കും. പിന്നീട് അത് ഉപയോഗിച്ച് ഹാക്ക് ചെയ്യാൻ ആരംഭിക്കും.

സുരക്ഷിതമല്ലാത്ത പബ്ലിക് നെറ്റ്‌വർക്കുകളുമായി കണക്ട് ചെയ്യുന്നതും ഏറെ അപകടങ്ങൾ സൃഷ്ടിക്കും. ഇത് കൂടുതലായി ബാധിക്കുക സ്റ്റാർബക്ക്സ് പോലുള്ള കഫേകളിൽ ചെന്ന് അവരുടെ വൈഫൈ നെറ്റ്‌വർക്കുമായി കണക്ട് ചെയ്യുന്നവർക്കാണ്. ഐഡന്റിറ്റി വെരിഫിക്കേഷൻ ഇല്ലാതെ തന്നെ നെറ്റ്‌വർക്കുമായി കണക്ട് ചെയ്യാൻ കഴിയുന്ന ഓപ്പൺ ഓഥന്റിക്കേഷൻ സിസ്റ്റമാണ് ഇവിടെ ഉപയോഗിക്കുന്നത്.ഓപ്പൺ ഓഥന്റിഫിക്കേഷൻ സിസ്റ്റത്തിൽ നിങ്ങൾ നെറ്റ്‌വർക്ക് വഴി അയയ്ക്കുന്ന ഡാറ്റ എൻക്രിപ്റ്റ് ചെയ്യപ്പെടുന്നില്ല. അത് ഡാറ്റ ചോരുന്നത് എളുപ്പമാക്കും.

അതുപോലെ, വിശ്വസനീയമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും അപകടകരമാണ്. ഫിസിങ് വഴിയുള്ള തട്ടിപ്പുകളാണ് യു കെയിൽ അധികമായുള്ളതെന്ന് യു കെയുടെ നാഷണൽ സൈബർ സെക്യുരിറ്റി സെന്റർ പറയുന്നു. അതുകൊണ്ടു തന്നെ വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയും വിശ്വാസയോഗ്യമല്ലാത്ത ഡാറ്റ ഡൗൺലോഡ് ചെയ്യാതിരിക്കുകയും ചെയ്യുക.

Read more topics: # ഹാക്കർമാർ
phone hack tips

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES