Latest News

പഴമതേടി ഒരു ചെട്ടിനാട് യാത്ര.....

Malayalilife
topbanner
പഴമതേടി ഒരു ചെട്ടിനാട് യാത്ര.....

പഴമയിലേയ്ക്ക് ഇറങ്ങിച്ചെല്ലാൻ, അതിൻ്റെ ചൂടും ചൂരും അനുഭവിയ്ക്കാൻ ആഗ്രഹിയ്ക്കുന്നയാളാണോ നിങ്ങൾ? എങ്കിൽ ചെട്ടിനാട് എന്ന അത്ഭുതനിധിയുമായി തമിഴ്നാട് നിങ്ങളെ കാത്തിരിയ്ക്കുന്നുണ്ട്.

ചെട്ടിനാട് എന്നത് യഥാർത്ഥത്തിൽ ഒരു സ്ഥലപ്പേരല്ല. തമിഴ്നാട്ടിലെ ശിവഗംഗ, പുതുക്കോട്ടൈ ജില്ലകളിലായി 96 ഗ്രാമങ്ങളിലായി വ്യാപിച്ചിരുന്ന ഭൂഭാഗമാണ് ചെട്ടിനാട് എന്ന് അറിയപ്പെടുന്നത്. അതിൽ 74 ഗ്രാമങ്ങളാണ് ഇപ്പോൾ അവശേഷിയ്ക്കുന്നത്.

ചെട്ടിയാന്മാർ താമസിച്ചിരുന്ന, ഇപ്പോൾ Chettinad mansions എന്നറിയപ്പെടുന്ന കൊട്ടാരസദൃശമായ വീടുകളാണ് ചെട്ടിനാടിനെ ലോകപ്രശസ്തമാക്കുന്നത്. അത്തരം പല വീടുകളും ഇപ്പോൾ ഹോട്ടലുകളാക്കിയിട്ടുണ്ട്.

ഹൈവേയിൽ രണ്ട് മൂന്നിടത്തായി ടോൾ ബൂത്തുകൾ. ഹൈവേ പിന്നിട്ടതോടെ ചെറിയ ഗ്രാമവഴികളായി. ഇരുവശവും ഏക്കറ് കണക്കിന് വിസ്തൃതിയിൽ തരിശായി കിടക്കുന്ന ഭൂമിയ്ക്ക് നടുവിലൂടെ നെടുങ്കൻ നീളത്തിൽ കിടക്കുകയാണ് പല ഗ്രാമവഴികളും. കരിമ്പനകൾ പലയിടങ്ങളിലും ഈ റോഡിന് ഇരുവശവും കാവൽ നില്ക്കുന്നു. വാഹനങ്ങൾ തീരെ ഇല്ലെന്ന് തന്നെ പറയാം. ഇടയ്ക്കെങ്ങാനും ഒന്നോ രണ്ടോ ബൈക്കോ കാളവണ്ടിയോ കണ്ടാലായി. നമുക്ക് തീർത്തും അപരിചിതമായ ആ വിജനതയെ ആവോളം മനസിലേയ്ക്കാവാഹിച്ചു. ജലക്ഷാമം പരിഹരിയ്ക്കാനായി പണ്ട് കാലത്ത് നിർമ്മിച്ച വലിയ കുളങ്ങൾ വഴിയോരത്ത് പലയിടത്തും കണ്ടു.

മൂന്ന് മണിയോടെ Chettinad Heritage എന്ന, നൂറ്റാണ്ട് പഴക്കമുള്ള ചെട്ടിയാർ ഭവനത്തിൽ (ഞങ്ങൾ book ചെയ്ത ഹോട്ടൽ ) എത്തിയപ്പോഴേയ്ക്കും വിശപ്പിൻ്റെ വിളി പാരമ്യത്തിലെത്തിയിരുന്നു. original ചെട്ടിനാട് ഗ്രാമീണ ഭക്ഷണം തേടിയുള്ള ഞങ്ങളുടെ അലച്ചിൽ കുറച്ചധികം സമയം അപഹരിയ്ക്കുകയും തിരുമയം കോട്ട എന്ന അത്ഭുതക്കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്തു. (ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ കീഴിലുള്ള തിരുമയം കോട്ടയിൽ വൈകുന്നേരം 5 മണി വരെ മാത്രമേ പ്രവേശനം അനുവദിയ്ക്കൂ ) തിരുമയം കോട്ടയെ പശ്ചാത്തലമാക്കി 2022 ലെ അവസാന സന്ധ്യയെ ക്യാമറയിലാക്കി ഞങ്ങൾ റൂമിലേയ്ക്ക് മടങ്ങി.

120 വർഷത്തോളം പഴക്കമുള്ള കെട്ടിടമാണ് ഞങ്ങൾ താമസിച്ച The Chettinad Heritage. ചെട്ടിയാർ ഭവനങ്ങളിൽ പണ്ട് മറ്റേത് വീടുകളിലും എന്ന പോലെ വീടിനകത്ത് ടോയ് ലറ്റ് ഉണ്ടായിരുന്നില്ല. മാത്രമല്ല വീട് എത്ര വലുതായിരിയ്ക്കുമ്പൊഴും മുറികൾ ചെറുതായിരുന്നത്രെ. വരാന്തകളും തളങ്ങളും നടുമുറ്റങ്ങളുമൊക്കെയായി വിശാലമായ commonspace കളുണ്ട് ഈ വീടുകൾക്ക്.

ചെരുപ്പ് ഹോട്ടലിന് പുറത്ത് അഴിച്ചുവെച്ചിട്ട് വേണം അകത്ത് കയറാൻ. അതിനായി പ്രത്യേക shoe stand ഹോട്ടലിന് പുറത്ത് വെച്ചിട്ടുണ്ട്. 14 മുറികൾ മാത്രമാണ് ഈ ഹോട്ടലിലുള്ളത്.

ഹോട്ടൽ അതിൻ്റെ വ്യത്യസ്തതയാലും പൗരാണികതയാലും ഗാംഭീര്യത്താലും മനം നിറച്ചു. ഏതാണ്ട് നമ്മുടെ കൈപ്പത്തിയുടെയത്ര വലുപ്പം വരുന്ന പഴയ താക്കോലാണ് മുറിയ്ക്ക്. (എല്ലാ ചെട്ടിയാർ ഭവനങ്ങളിലെയും ഓരോ മുറിയ്ക്കും ഇത്തരം താക്കോലാണത്രെ) എത്രയെത്ര കാലഘട്ടങ്ങളിൽ എത്രയെത്ര പേർ എന്തെല്ലാമോ ആവശ്യങ്ങൾക്ക് പൂട്ടിത്തുറന്ന താക്കോൽ.

രണ്ട് നടുമുറ്റങ്ങളുണ്ട് ഈ കെട്ടിടത്തിന്. മൂന്ന് നിലകൾ. ഒരു നടുമുറ്റത്തോട് ചേർന്നുള്ള വിശാലമായ ഒരു തളം ആട്ടുകട്ടിലൊക്കെയിട്ട് ഗ്രാമഫോൺ ഉൾപ്പെടെയുള്ള പഴയ antique നിർമ്മിതികൾ വെച്ച് മനോഹരമാക്കിയിരിയ്ക്കുന്നു. മറ്റേ നടുമുറ്റത്തോട് ചേർന്ന തളമാണ് restaurant ആക്കിയിരിയ്ക്കുന്നത്. ഒരുദിവസമെങ്കിൽ ഒരു ദിവസം ആ ചെട്ടിയാർ ഭവനത്തിൻ്റെ തണുപ്പിൽ ആത്തൻഗുഡി ടൈലിൻ്റെ പളപളപ്പിൽ ഒരു കുഞ്ഞു കൊട്ടാരത്തിൻ്റെ ഗരിമയിൽ കിടന്ന് ഞങ്ങളുറങ്ങി.

Kanadukathan, Athangudi, Karaikudi തുടങ്ങി നിരവധി ഗ്രാമങ്ങളിലായി കൊട്ടാരതുല്യമായ ഇത്തരം വീടുകൾ നിരവധിയുണ്ട്. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കാരൈക്കുടി താലൂക്കിലാണ് ഈ സ്ഥലങ്ങൾ. കാനാടുകാത്തൻ, ആത്തൻഗുഡി എന്നിവ ഇപ്പോഴും വികസനം ഒട്ടും സംഭവിച്ചിട്ടില്ലാത്ത ഗ്രാമീണ പ്രദേശങ്ങളാണ്. കാനാടുകാത്തനടുത്തുള്ള Nemathanpatti യിലാണ് ഞങ്ങൾ താമസിച്ച ഹോട്ടൽ. ഈ പ്രദേശങ്ങളിൽ ഇത്തരം ചെട്ടിയാർ resort കൾ മാത്രമേയുള്ളൂ.

എന്നാൽ കാരൈക്കുടി സാമാന്യം വലിയ ടൗണും താമസിയ്ക്കാൻ ധാരാളം ഹോട്ടലുകളുമുള്ള സ്ഥലവുമാണ്.

Kanadukathan നടുത്തുള്ള കൊച്ചു കവലയിലെ രത്നവിലാസം എന്ന കുഞ്ഞു മെസിലായിരുന്നു ഞങ്ങളുടെ ഭക്ഷണം. ഹോട്ടലുകൾക്ക് പകരം ഇത്തരം ചെറിയ ചെറിയ മെസുകളാണ് ഈ ഗ്രാമങ്ങളിൽ അധികവുമുള്ളത്. നമ്മുടെ ഹോട്ടലുകളിൽ സാമ്പാർ കിട്ടുന്നത് പോലെ ഈ മെസുകളിൽ ചിക്കൻ കറി ഇലയിൽ ഒഴിച്ച് തരും - ചോറിൻ്റെയും ചപ്പാത്തിയുടേയും പൊറോട്ടയുടെയുമൊക്കെ കൂടെ മാത്രമല്ല, ദോശയുടേയും ഇഡ്ഡലിയുടേയും കൂടെ വരെ ചിക്കൻ ചാറ് ധാരാളമായി കിട്ടും. നല്ല അസൽ ചെട്ടിനാടൻ ചിക്കൻ.

കാനാടുകാത്തൻ വീഥികളിലാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ള CVR, VVR എന്നീ ചെട്ടിയാർ ഭവനങ്ങൾ. ഒരാൾക്ക് 50 രൂപയാണ് അവർ അതിന് ഈടാക്കുന്നത്. ഗംഭീര നിർമൃതികൾ. CVR ഭവനത്തിലെ ഓരോ മുറിയുടെയും അവകാശി ഓരോരുത്തരാണെന്നും അതിൻ്റെ താക്കോലുകൾ അവരവരുടെ കൈവശമാണെന്നും ആ ഭവനത്തിൻ്റെ ഇപ്പോഴത്തെ അവകാശികളിലൊരാളും അവിടം നോക്കി നടത്തുന്നയാളുമായ രാമസ്വാമി പറഞ്ഞു. അതുകൊണ്ട് തന്നെ വരാന്തകളും നടുമുറ്റങ്ങളുമൊക്കെയാണ് ആ വീടിനകത്ത് കയറി നമുക്ക് കാണാനാവുക. Kanadukathan എന്ന സ്ഥലത്ത് Heritage houses എന്ന് Board വെച്ചിട്ടുള്ള വീഥിയിലാണ് ഈ ഹർമ്യങ്ങൾ.

ധാരാളം അവകാശികളുണ്ട് എന്നത് കൊണ്ടുതന്നെ ചെട്ടിയാർ ഭവനങ്ങളിൽ പലതും ആർക്കുമാർക്കും നോക്കിനടത്താനാവാതെ ഉപേക്ഷിയ്ക്കപ്പെട്ട നിലയിലാണ്. നാശോന്മുഖമായ ഇത്തരം പഴയ പല കെട്ടിടങ്ങളും വഴിനീളെ കാണാം. കരളലിയിയ്ക്കുന്ന കാഴ്ചയാണത്. പലരും വീട് പൊളിച്ച് വിറ്റ് ഭാഗം ചെയ്യുന്നുമുണ്ട്. Archeological Survey of India ഈ ചെട്ടിയാർ ഭവനങ്ങളെ സംരക്ഷിയ്ക്കാനുള്ള നടപടികൾ സ്വീകരിയ്ക്കുന്നുണ്ട് എന്നതാണ് ആശ്വാസം. കൊട്ടാരസദൃശമായ ഇത്രയധികം വീടുകൾ ഒരേയിടത്ത് സ്ഥിതി ചെയ്യുന്നത് ലോകത്ത് തന്നെ മറ്റെവിടെയുമില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

Athangudi Palace എന്നും പെരിയവീട് എന്നുമൊക്കെ അറിയപ്പെടുന്ന ചെട്ടിയാർ ഭവനവും ലോകപ്രശസ്തമായ ആത്തൻഗുഡി ടൈൽ നിർമ്മാണവും കൂടി കണ്ട് ചെട്ടിയാർ കോട്ടൺ സാരികളും വാങ്ങിയശേഷമാണ് ഞങ്ങൾ ചെട്ടിനാട് നിന്നും മടങ്ങിയത്. മടങ്ങുമ്പോൾ വഴിയരികിൽ കണ്ട ഒരു ശിവൻകോവിലിലും കയറി.

നൂറ്റാണ്ടോളം തെളിമ മങ്ങാതെ നില്ക്കുന്നവയാണ് ആത്തൻഗുഡി ടൈലുകൾ എന്നതിന് ചെട്ടിയാർ ഭവനങ്ങൾ തന്നെയാണ് തെളിവ്. ആത്തൻഗുഡിയിലെ പ്രത്യേകതരം മണ്ണാണ് ഇങ്ങനെയൊര് ടൈൽ നിർമ്മാണ രീതി അവിടെ രൂപപ്പെട്ടു വരാൻ കാരണമത്രെ. പ്രകൃതിദത്തമായ കളർ ചേരുവകളാണ് പണ്ട് ഈ ടൈലുകളെ കൂടുതൽ മിഴിവുറ്റതാക്കിയത്. ചില്ല് പ്രതലത്തിന് മുകളിൽ പൂർണമായും കൈകൊണ്ട് തയ്യാറാക്കുന്നവയാണ് ഈ ടൈലുകൾ. ടൈൽ ഫാക്ടറികൾ നിരവധിയുണ്ട് ആത്തൻഗുഡിയിൽ. അതിവൈദഗ്ധ്യത്തോടെയുള്ള ഈ ടൈൽ നിർമ്മാണ രീതി നമുക്ക് നേരിൽ ചെന്ന് കാണാവുന്നതാണ്.

ഒരേക്കറോളം സ്ഥലത്ത് വിശാലമായി കിടക്കുന്ന ആത്തൻഗുഡി പാലസ് യഥാർത്ഥത്തിൽ പാലസല്ല, വീടാണ് എന്നറിയുമ്പോൾ നാമല്പം ഞെട്ടും. 50 രൂപ ഫീസാണ് ഈ അത്ഭുത നിർമ്മിതി അകത്ത് കയറി കാണാൻ. ഒരു നൂറ്റാണ്ടോളം പഴക്കവുമായി ഡച്ച് മാർബിളിൻ്റേയും ബെൽജിയൻ ഗ്ലാസിൻ്റേയും ബർമൻ തേക്കിൻ്റേയും ഗരിമയിൽ അതങ്ങനെ സൗന്ദര്യത്തികവോടെ തലയുയർത്തി നില്ക്കുകയാണ്.

ഹോട്ടലുകാർ ഞങ്ങൾക്ക് തന്ന Must watch places ൻ്റെ ലിസ്റ്റിൽ ഏതൊക്കെയോ അമ്പലങ്ങളുടെ പേരുകളുണ്ടായിരുന്നു. അവിടെയൊന്നും പോകാൻ പറ്റാഞ്ഞതിൻ്റെ സങ്കടം തീർത്തത് മടങ്ങുന്ന വഴിയ്ക്ക് കണ്ട ഒരു കോവിലിൽ കയറിയാണ്. ഏതാണ്ട് ഒരേക്കറോളം വലുപ്പത്തിലുള്ള വിശാലമായ കുളവും കുളത്തിന് നടുവിലെ മണ്ഡപവും ആ കൊടുംവെയിലത്തെ തണുപ്പുള്ള ഓർമ്മയായി.

NB : ഇത്രയൊക്കെ വിശദമായി എഴുതുമ്പോഴും ചെട്ടിനാട് എല്ലാതരം സഞ്ചാരികൾക്കും ആസ്വാദ്യമാവണമെന്നില്ല എന്ന് കൂടി പറയണം എന്ന് തോന്നുന്നു. ടൂറിസ്റ്റ് സീസണായിട്ട് പോലും ഏതാനും വിദേശികളേയും തമിഴ്നാടിൻ്റെ തന്നെ മറ്റ് ഭാഗങ്ങളിൽ നിന്നെത്തിയ ഏതാനും സഞ്ചാരികളേയും മാത്രമേ അവിടെ കണ്ടുള്ളൂ. ( വർഷങ്ങൾക്ക് മുമ്പ് മേഘാലയിൽ പോയപ്പോഴാണ് മലയാളികളില്ലാത്ത ടൂറിസ്റ്റ് സ്ഥലങ്ങൾ ആദ്യം കണ്ടത് ????)

ഞങ്ങളുടെ യാത്ര ചെട്ടിനാടിനെ മാത്രം ലക്ഷ്യമായിരുന്നുവെങ്കിലും മധുര- രാമേശ്വരം യാത്രയോടൊ തഞ്ചാവൂർ ചിദംബരം യാത്രയോടോ club ചെയ്ത് ഒരു ദിവസം അധികമെടുത്താൽ ചെട്ടിനാട് കൂടി cover ചെയ്യാം.

Read more topics: # ചെട്ടിനാട്
CHETTINADU TRAVEL

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES