Latest News

പെരുമഴയത്തൊരു നെല്ലിയാമ്പതി യാത്ര

പ്രവീണ്‍ വട്ടപ്പറമ്പത്ത്
topbanner
പെരുമഴയത്തൊരു നെല്ലിയാമ്പതി യാത്ര

ൺ‌സൂൺ‌ അതിന്റെ സർവ്വശക്തിയിൽ‌ പെയ്തു തകർക്കുമ്പോഴാണ് രാജീവ് നെല്ലിയാമ്പതിയിലേക്കൊരു ബൈക്ക് ട്രിപ്പെന്ന ആശയം‌ പറയുന്നത്. അധികം‌ ആലോചിക്കാതെ തന്നെ രാജീവിന്റേയും സഹപ്രവർ‌ത്തകരുടേയും ഉദ്യമത്തിൽ‌ പങ്കുചേരാനുള്ള സന്നദ്ധത അറിയിച്ചു. അങ്ങനെ ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് നാലുബൈക്കുകളിലായി ഞങ്ങളേഴുപേർ‌ എറണാകുളത്ത് നിന്ന് യാത്രതിരിച്ചു. എല്ലാവരും കോട്ടും ഹെൽമറ്റും ധരിച്ചിരുന്നത് കൊണ്ട് മഴക്ക് യാത്രയെ തടസ്സപ്പെടുത്തുവാൻ‌ സാധിക്കുമായിരുന്നില്ല.

മണ്ണുത്തി ബൈപാസിൽ‌ നിന്ന് പാലക്കാട് റോഡിലേക്ക് തിരിയുന്നത് വരെ ഹൈവേ 4 ലൈനായതുകൊണ്ട് യാത്ര വളരെ സുഗമമായിരുന്നു. എന്നാൽ പട്ടിക്കാട് തൊട്ട് വടക്കുംചേരിവരെയുള്ള ദൂരം‌ റോഡിന്റെ അവസ്ഥ തികച്ചും‌ പരിതാപകരമായിരുന്നു.‌ കുതിരാൻ‌കയറ്റത്തിൽ‌ ഞങ്ങളെല്ലാവരും‌ ബൈക്ക് നിർത്തി അൽ‌പ്പനേരം അവിടെ ചിലവഴിച്ചുകൊണ്ട് യാത്ര തുടർന്നു. പിന്നീടങ്ങോട്ട് പാലക്കാടൻ ഗ്രാമഭംഗിയുടെ വശ്യത നുകർന്നുകൊണ്ട് ഒരു യാത്ര.

ഏറ്റവും‌ സുന്ദരമായ ഗ്രാമങ്ങൾ‌ എവിടെയെന്ന് ചോദിച്ചാൽ‌ പാലക്കാടാണെന്ന് ഞാൻ‌ ഉത്തരം‌ പറയും‌. അതു ജന്മം‌ കൊണ്ട് ഒരു പാലക്കാടുകാരനായതിന്റെ പക്ഷപാതിത്വമല്ല. പച്ചവിരിച്ച നെൽ‌പാടങ്ങളുടെ പശ്ചാത്തലമൊരുക്കി കാഴ്ചകളുടെ അതിരുകളിൽ‌ നിരന്നു നിൽക്കുന്ന സഹ്യപർവതനിരകളും‌, ഇടക്കിടക്ക് തലയുയർത്തി നിൽക്കുന്ന പനകളും‌, വൃത്തിയുള്ള നാട്ടുപാതകളും‌, ജീവനുള്ള നാട്ടുകവലകളും‌, കള്ളുഷാപ്പുകളും‌ തുടങ്ങി പാലക്കാടൻ‌ ഗ്രാമങ്ങളെ വ്യത്യസ്തമാക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്.. അതാസ്വദിക്കണമെങ്കിൽ‌ നഗരജീവിതം നമ്മിലടിച്ചേൽ‌പ്പിച്ച‌ ആധുനികജീവിതത്തിന്റേതായ ജാഡകളെല്ലാമഴിച്ച് വച്ച്, ഒരു കൈലിയുടുത്ത് തലയിലൊരു തോർത്തുമുണ്ടുകൊണ്ടൊരു കെട്ടുംകെട്ടി തനി പാലക്കാട്ടുകാരനായി ഈ ഗ്രാമങ്ങളിലൂടെ ഒരു സന്ധ്യാസമയത്തൊന്ന് നടക്കണം‌, തനിയെ…

നെന്മാറയിൽ‌ നിന്ന് 34 കിലോമീറ്ററോളം മുകളിലേക്ക് കയറണം‌ നെല്ലിയാമ്പതിയെത്താൻ‌. നെന്മാറയിലെ പ്രശസ്തമായ വേല (നെന്മാറ-വല്ലങ്ങി വേല) നടക്കുന്ന അമ്പലത്തിനരികിൽ‌ കുറച്ച് നേരം‌ വിശ്രമിച്ച് ഞങ്ങൾ യാത്രതുടർന്നു. വഴിയിലെല്ലാം‌ പ്രകൃതി ദൃശ്യങ്ങൾ‌ പകർത്തുവാൻ‌ ഫോട്ടോഗ്രാഫിയുടെ  അസുഖമുള്ള ജയറായും സുമേഷ്ജിയും തമ്മിൽ‌ മത്സരമായിരുന്നു. നെന്മാറയിൽ‌ നിന്ന് നെല്ലിയാമ്പതി റോഡിലേക്ക് തിരിഞ്ഞ് രണ്ട് കിലോമീറ്റർ‌ പോയിക്കാണും‌, അപ്പോഴേക്കും കനത്തമഴ ആരംഭിച്ചു. വഴിയരികിൽ‌ കണ്ട് ഒരു ചായക്കടയിൽ‌ കയറി ഒരു കട്ടൻ‌ ചായകുടിച്ച് കനത്തമഴയെ വകവക്കാതെ ഞങ്ങൾ‌ യാത്രതുടരാനുള്ള ശ്രമമാരംഭിച്ചപ്പോൾ‌, അവിടെയുണ്ടായിരുന്ന നാട്ടുകാരുടെ മുഖത്തുണ്ടായ ഭാവത്തിനെ വാക്കുകളാക്കി മാറ്റുകയാണെങ്കിൽ‌, ദാ ഇങ്ങനെയിരിക്കും. “യെവന്മാർക്ക് പ്രാന്താടേ”

പെട്ടെന്നു തന്നെ ഇരുട്ടും മഴയും കൂടി ഞങ്ങളുടെ കാഴ്ചകളെ മറച്ചുതുടങ്ങി. ശക്തമായ കോടമഞ്ഞിനെ തുളച്ച് മുന്നോട്ടുള്ള വഴികാണിക്കാൻ‌ ഞങ്ങളുടെ ബൈക്കുകളുടെ വെളിച്ചം അശക്തമായിരുന്നു. പോത്തുണ്ടി ഡാം‌മിന്റെ പരിസരത്ത് അൽ‌പ്പനേരം നിർത്തി പെരുമഴയത്തൊരു ഐസ്ക്രീമും കഴിച്ച് ഞങ്ങൾ ഹെയർ‌പിന്നുകൾ കയറാനാരംഭിച്ചു. അവിടന്നങ്ങോട്ട് നെല്ലിയാമ്പതി വരെ ചെറിയ വെള്ളച്ചാട്ടങ്ങളുടെ ഘോഷയാത്രയാണു. കൂടാതെ റോഡരികിൽ‌ പലയിടത്തായി നാലോളം‌ വ്യൂപോയിന്റുകളുമുണ്ട്. പലയിടത്തും കനത്തമഴയിൽ‌ കാട്ടിലെ മരങ്ങൾ‌ റോഡിലേക്ക് വീണു ഗതാഗതതടസ്സമുണ്ടാക്കുന്നുണ്ട്. പലയിടത്തും മണ്ണിടിച്ചിലും കണ്ടു.

നെല്ലിയാമ്പതി ഫോറസ്റ്റ് റേഞ്ചിലെ ചെക്ക് പോസ്റ്റിൽ‌ ഞങ്ങൾ പരിശോധനക്കായി നിർത്തി. വളരെ മാന്യമായ പെരുമാറ്റവും ഉപദേശങ്ങളും നൽകിയ ഫോറസ്സ് ഗാർഡിനെ എളുപ്പം മറക്കാനാവില്ല. രണ്ടാഴ്ച മുന്നെ ഒരു കാട്ടുപോത്തിറങ്ങി ഒരാളെകുത്തിപരിക്കേൽ‌പ്പിച്ച കഥ ഒന്നു സൂചിപ്പിച്ചത് ചെറുതായി ടെൻഷനുണ്ടാക്കി എന്നതു സത്യം‌.വളവുകളും തിരിവുകളും നിറഞ്ഞ വഴിയിലൂടെ കനത്തമഴയത്ത്, കനത്ത മഞ്ഞിൽ റോഡിനു നടുവിലെ “വെള്ളവര” മാത്രം‌ കണ്ട് മുന്നോട്ടുള്ള  യാത്ര ശരിക്കും ‘റിസ്കി’ തന്നെയായിരുന്നു.

പുലയമ്പാറയിലെത്തിയപ്പോഴേക്കും ശരിക്കും ഇരുട്ടായിക്കഴിഞ്ഞിരുന്നു. അവിടെ ഞങ്ങളെക്കാത്ത് ഗ്രീൻ‌ലാൻ‌ഡിലെ ജീവനക്കാരൻ നിൽ‌പ്പുണ്ടായിരുന്നു. ചക്കരയുടെ ഹോട്ടലിൽ കയറി രാത്രിയിലേക്കുള്ള ഭക്ഷണം‌ ഓർ‌ഡർ ചെയ്തു ഞങ്ങൾ റൂമിലേക്ക് പോയി. പെട്ടെന്ന് തന്നെ കുളിച്ച് വസ്ത്രം മാറി ഞങ്ങൾ‌ ഹോട്ടലിലേക്ക് ചെന്നു. മഴപെയ്താൽ‌ നെല്ലിയാമ്പതിയിൽ‌ വൈദ്യുതി അപൂർവ്വമായ സംഭവമായി മാറും‌. മെഴുകുതിരിയുടെ വെട്ടത്തിൽ‌ ഒരുമിച്ച് ഇരുന്ന് “ചക്കര” ഉണ്ടാക്കിയ ചപ്പാത്തിയും കറിയും കഴിച്ച് (അഭിനന്ദിക്കാതിരിക്കാൻ സാധിച്ചില്ല, അത്രയും സ്വാദിഷ്ഠമായിരുന്നു) റൂമിലേക്ക് മടങ്ങി. താമസസ്ഥലത്തെ മധുചേട്ടൻ വഴി ജീപ്പ് ഡ്രൈവറായ സുരേഷിനെ പരിചയപ്പെട്ടിരുന്നു. പിറ്റേ ദിവസത്തെ പരിപാടികളെല്ലാം‌ സുരേഷുമായി ആലോചിച്ച് പ്ലാൻ‌ ചെയ്തു നേരത്തെ തന്നെ കിടന്നുറങ്ങി, ജെ.പി എന്ന ഞങ്ങളുടെ കണക്കപ്പിള്ളയൊഴിച്ച്.

(നെല്ലിയാമ്പതിയിൽ‌ എ.ടി.എം‌ ഇല്ലാതിരുന്നതും‌ കയ്യിലുണ്ടായിരുന്ന കാശ് എല്ലാം സെറ്റിലാക്കുന്നതിനു പര്യാപ്തമാവുമോ എന്ന ആശങ്കയും‌ ജെ.പിയുടെ ഉറക്കം കളഞ്ഞിട്ടുണ്ടാവും‌)

പിറ്റേ ദിവസം പുലർച്ചെ അഞ്ചരക്കെണീറ്റ് കുളിക്കാൻ കയറിയപ്പോഴാണു വൈദ്യുതി ഇല്ലാത്തതിനാൽ‌ ഹീറ്റർ‌ വർക്ക് ചെയ്യുന്നില്ല എന്ന വസ്തുത മനസ്സിലാക്കിയത്. രാമായണമാസം ഒന്നായതു കൊണ്ട് കുളിക്കാതിരിക്കാനും ഒരു വിഷമം‌. വെള്ളം ഐസായി മാറുന്നതിനു മുന്നെ ഇത്രയും തണുപ്പുണ്ടാവും‌ എന്ന യാഥാർത്ഥ്യം‌ മനസ്സിലാക്കിക്കൊണ്ടു ഒരു കുളിയും പാസാക്കി പുറത്തിറങ്ങിയപ്പോൾ‌ സുരേഷ് ജീപ്പുമായി എത്തിയിരുന്നു. കോടമഞ്ഞിനെ കീറിമുറിച്ച് ആ ജീപ്പിന്റെ വെളിച്ചം‌ കാടിനുള്ളിലേക്ക് മെല്ലെ കയറി. നെല്ലിയാമ്പതി ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ‌ നിന്നും‌ കൊടുംകാടിനുള്ളിലൂടെ ഞങ്ങൾ‌ കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ചിലേക്ക് കയറി.

ജീപ്പിനു മാത്രം കയറിപ്പോവാൻ കഴിയുന്ന ഒരു കാട്ടുപാത. സർക്കാർ തിരിച്ച് പിടിച്ച കാപ്പിയും ഏലവും നിറഞ്ഞ തോട്ടങ്ങളും കാട്ടിൽ കാണാമായിരുന്നു. പകുതിയുണങ്ങിയ ഓറഞ്ച് മരങ്ങളും കണ്ടു. പിന്നെ കൊടും കാടിനുള്ളിലൊരു ഫോറസ്റ്റ് വയർലെസ് സ്റ്റേഷനും‌.

 

കാട്ടിനുള്ളിലൂടെ കുറെ മുന്നോട്ട് പോയപ്പോൾ‌ ജീപ് ഒരു തുറന്നായ, പാറകൾ നിറഞ്ഞ സ്ഥലത്ത് നിർത്തി. ഒരു വ്യൂപോയന്റാണു, പിന്നാമ്പാറ. പക്ഷെ കനത്ത കോടമഞ്ഞിൽ‌ ഒന്നും ഞങ്ങൾക്ക് കാണാൻ സാധിച്ചില്ല. ചില ഫോട്ടോസൊക്കെ എടുത്ത് വീണ്ടും യാത്ര തുടർന്നു. അങ്ങനെ മാട്ടുമലയെ ലക്ഷ്യമാക്കി മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോഴും കാട്ടിൽ‌ നേരം വെളുത്തിട്ടുണ്ടായിരുന്നില്ല. പെട്ടെന്നാണു‌ ഇടതുവശത്തേക്കുണ്ടായിരുന്ന ഒരു കൈവഴിയിലൂടെ ഒരു ചെന്നായ ഓടിപ്പോവുന്നത് കണ്ടത്. ഞാനത് സുരേഷിനോട് ചൂണ്ടിക്കാണിച്ചതും ആ മിടുക്കനായ ഡ്രൈവർ ജീപ്പ് പെട്ടെന്ന് വെട്ടിത്തിരിച്ച് ആ വഴിയിലേക്കോടിച്ച് കയറ്റി. ചെന്നായക്ക് പിന്നാലെ പോയ ഞങ്ങളെ കാത്തിരുന്നത് രണ്ട് വലിയ കാട്ടുപോത്തുകളായിരുന്നു.

ശബ്ദമുണ്ടാക്കാതെയിരിക്കാൻ ഞങ്ങളോട് പറഞ്ഞ് സുരേഷ് ജീപ്പ് ഓഫാക്കി. ചിത്രമെടുക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമാക്കിക്കൊണ്ട് അവ കുറ്റിക്കാടിനുള്ളിലേക്ക് മറഞ്ഞു. പിന്നെ നേരെ ഞങ്ങൾ കാര്യശ്ശുരിയിലേക്ക് . കഷ്ടിച്ച് ഒരു ജീപ്പിന് മാത്രം കടന്നുപോവാൻ സാധിക്കുന്ന കാട്ടുവഴിയുടെ ഒരു വശം മുഴുവൻ വലിയ കൊക്കയാണു. അധികം നിരപ്പൊന്നും അവകാശപ്പെടാനില്ലാത്ത ആ വഴിയിലൂടെ ആ ജീപ്പോടിക്കൂന്ന കാഴ്ച ഒന്നു കാണേണ്ടത് തന്നെയാണു. ഇടക്കിടക്കൊക്കെ ഞങ്ങൾക്ക് കാഴ്ചകൾ‌ കാണാനും ചിത്രങ്ങളെടുക്കാനുമായി സുരേഷ് ജീപ്പ് നിർത്തിക്കൊണ്ടിരുന്നു. മലമടക്കുകളും താഴ്വാരങ്ങളും വെണ്മേഘങ്ങളും കോടമഞ്ഞും വീശിയടിക്കുന്ന തണുത്ത കാറ്റും, കാനനവാസികളായ പക്ഷിമൃഗാദികളുടെ ശബ്ദങ്ങളും..അങ്ങനെ എല്ലാം കണ്ടും കേട്ടും അനുഭവിച്ചൊരുയാത്ര…

കാര്യശ്ശുരിയിൽ ഞങ്ങളെ കാത്തിരുന്നത് അവർ‌ണ്ണനീയമായ കാഴ്ചയായിരുന്നു. വാക്കുകൾക്കതീതമായ പ്രകൃതിദൃശ്യം‌. മലനിരകളും‌ താഴ്വരകളും‌ നിറഞ്ഞ ആ പ്രദേശത്തിന്റെ പ്രത്യേകതകളായി തോന്നിയത് ഒരു മലദൈവത്തിന്റെ പ്രതിഷ്ഠയും അതിശക്തമായ കാറ്റുമായിരുന്നു. നമ്മളെയെടുത്ത് ആകാശത്തേക്ക് ചുഴറ്റിയടിക്കാൻ തക്കവണ്ണം ശക്തിയുണ്ടെന്ന് തോന്നും ആ കാറ്റിനു. കാര്യ‌ശ്ശൂരി അമ്മൻ‌ എന്നാണത്രെ ആ ദൈവത്തിന്റെ പേരു. ഏപ്രിലിൽ‌ നടക്കുന്ന ഉത്സവത്തിനു കാട്ടിലുള്ള ഏതോ ട്രൈബത്സ് ഒക്കെവരുമത്രെ. കുറച്ച് നേരം‌ അവിടെ ചിലവഴിച്ച് ഞങ്ങൾ‌ മാട്ടുമല വ്യൂപോയിന്റ് ലക്ഷ്യമാക്കി ജീപ്പ് തിരിച്ചു.

ആ യാത്രയിൽ‌ മലനിരകളിൽ‌ ഓടിച്ചാടി നടക്കുന്ന കുറെ വരയാടുകളെ കണ്ടു. അതിന്റെ ചിത്രമെടുക്കാനിറങ്ങിയപ്പോൾ‌ പലർക്കും അട്ടയുടെ കടിയേറ്റു. പുകയില കരുതിയിരുന്നതു കൊണ്ട് രക്ഷപ്പെട്ടു. ഒരു ഓറഞ്ച് മരത്തിന്റെ ചിത്രമെടുക്കാൻ ശ്രമിച്ച സമയത്തും പലർക്കും അട്ടയുടെ ശല്യമുണ്ടായി. മാട്ടുമല നല്ലൊരു വ്യൂപോയിന്റാണു. താഴ്വരകളും മലകളും പേരറിയാത്ത അരുവികളും പുഴകളും നിറഞ്ഞ ഒരു ച്ഛായാചിത്രം എന്ന് വേണമെങ്കിൽ പറയാം. ഞങ്ങൾ ചെല്ലുമ്പോൾ‌ ഒരു സംഘം യാത്രികർ അവിടെ ഇരുന്നു വെള്ളമടിക്കുന്ന തിരക്കിലായിരുന്നു. അവിടം നിറയെ മദ്യക്കുപ്പികളും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഗ്ലാസ്സുകളും പരന്നു കിടക്കുന്നുണ്ടായിരുന്നു. സഞ്ചാരികളുടെ ഇത്തരം മനോഭാവത്തിനെക്കുറിച്ചുള്ള, ആ നാട്ടുകാരൻ കൂടിയായ സുരേഷിന്റെ വാക്കുകളിൽ‌ വേദനയുണ്ടായിരുന്നു.

അവിടെ നിന്നും മടങ്ങുന്ന സമയം ധാരാളം ചിത്രങ്ങളെടുക്കാൻ‌ ഞങ്ങളിലെ ഫോട്ടോഗ്രാഫേഴ്സ് മത്സരമായിരുന്നു. റൂമിലെത്തി ചക്കരയുടെ ഹോട്ടലിൽ ചെന്നു സ്വാദിഷ്ഠമായ പ്രാതൽ‌ കഴിച്ച് ബൈക്കുമെടുത്ത് നേരെ സീതാർഗുണ്ഡിലേക്ക്. തേയിലത്തോട്ടങ്ങളുടെ നടുവിലൂടെയുള്ള വഴിയിലൂടെ പി.ഒ.എ.ബി.എസ് എസ്റ്റേറ്റിലൂടെ നെല്ലിയാമ്പതിയിലെ ഏറ്റവും മനോഹരമായ ദൃശ്യം കാണുക എന്ന ലക്ഷ്യവുമായി ഞങ്ങൾ യാത്ര തുടർന്നു. ഏക്കറുകൾ പരന്നു കിടക്കുന്ന, വിവിധ വിളകൾ നിറഞ്ഞ അതിമനോഹരമായ ഒരു എസ്റ്റേറ്റിന്റെ അവസാനത്തിലാണു സീതാര്‍ഗുണ്ഡ് ഒരു മായിക ദൃശ്യവുമൊരുക്കി നമ്മളെ കാത്തിരിക്കുന്നത്. ആ കാഴ്ചയെ വർണിക്കാനെന്റെ വാക്കുകൾക്ക് ശക്തി പോരാ… നമ്മൂടെ കാഴ്ചയുടെ പരിധി അവസാനിക്കുന്നവരെ നീണ്ടുകിടക്കുന്ന ഒരു മനോഹരമായ ചിത്രം.. അതിന്റെ ചിത്രങ്ങളാവും എന്റെ വാക്കുകളേക്കാൾ ഭംഗിയായി സംവദിക്കുക ..

ഈ ദൃശ്യവുമാസ്വദിച്ച് പയ്യെ ഞങ്ങൾ‌ വശത്തുള്ള ചെറിയ പാതയിലൂടെ മുന്നോട്ട് പോവുമ്പോൾ‌, കിലോമീറ്ററുകൾക്കകലെ മഴമേഘങ്ങൾ രൂപപ്പെടുന്നതും,അതു പിന്നെ മഴയായി ഗ്രാമങ്ങൾക്കും കൃഷിസ്ഥലങ്ങൾക്കും മീതെ പെയ്ത് ഞങ്ങൾക്ക് നേരെ അടുക്കുന്നതും കണ്ടു. ഞങ്ങൾ നോക്കി നിൽക്കെ അതു ഞങ്ങളെ നനയിക്കുന്ന ശക്തമായ പേമാരിയായി അവിടെ പെയ്തു തകർത്തു. കുറച്ച് മുന്നോട്ട് നടക്കുമ്പോൾ അതിമനോഹരമായ ഒരു വെള്ളച്ചാട്ടം കാണാം‌.അതും കണ്ട് 

കുറച്ച് നേരം മഴയും കൊണ്ടവിടെ നിന്നു. പിന്നീട് തിരിച്ച് ബൈക്കെടുത്ത് റൂമിലേക്ക്..റൂമിൽ‌ ചെന്ന് വെക്കേറ്റ് ചെയ്ത് ഉച്ചയോടെ ഞങ്ങൾ മലയിറങ്ങാൻ തുടങ്ങി. ഇങ്ങോട്ടുള്ള വരവിൽ മഞ്ഞും ഇരുട്ടും ഞങ്ങൾക്ക് നഷ്ടമാക്കിയ ചെറിയ വെള്ളച്ചാട്ടങ്ങളെ ക്യാമറയിൽ പകർത്തി, വ്യൂപോയിന്റുകളിൽ നിർത്തി പകൽ‌വെളിച്ചത്തിലെ കാഴ്ചകൾകണ്ട് മൂന്നുമണിയോടെ ഞങ്ങൾ‌ നെന്മാറയിലെത്തി. അവിടെ നിന്ന് ഞങ്ങളുടെ സഹയാത്രികനും വഴികാട്ടിയുമായിരുന്ന ഹരിയുടെ അഗ്രഹാരത്തിൽ‌ അൽ‌പ്പസമയം ചിലവഴിച്ച്, തിരിച്ചുള്ള യാത്ര, മനസ്സിലൊരു തണുത്ത യാത്രയുടെ സുഖകരമായ ഓർമ്മകളും പേറി തിരികെയാത്ര… കാടും പുഴകളും മഴയും ശുദ്ധവായുവും  കൊതിച്ചുള്ള അടുത്ത യാത്രകൾക്കുള്ള ഊർജ്ജവുമായി….

 

Read more topics: # travel,# palakkad,# nelliyampathy
travel,palakkad,nelliyampathy

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES