മിനിസ്‌ക്രീന്‍ പരമ്പരയിലൂടെ വന്ന് ശേഷം നല്ലൊരു കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് അമൃത നായര്‍. ഇപ്പോഴിതാ, തന്റെ സഹോദരന് ജര്‍മനിയിലേക്ക് യാത്രയയപ്പ് നല്‍കിയതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്. കുടുംബത്തില്‍ നിന്ന് ആദ്യമായി ഒരാള്‍ ഇത്രയധികം ദൂരേയ്ക്ക് ജോലി തേടി പോകുന്നു എന്നതിന്റെ സന്തോഷവും സങ്കടവും ഒരുപോലെ അനുഭവപ്പെട്ടതായി അമൃത പറഞ്ഞു.
വിമാനത്താവളത്തില്‍ വെച്ച് അമ്മ നിയന്ത്രണം വിട്ട് കരഞ്ഞതായും എന്നാല്‍ താന്‍ കരയാതെ സഹോദരനെ യാത്രയയച്ചതായും അമൃത വ്യക്തമാക്കുന്നു. താന്‍ കരഞ്ഞാല്‍ അത് അവനും കൂടുതല്‍ വിഷമമുണ്ടാക്കുമെന്നതിനാലാണ് അപ്രകാരം ചെയ്തതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തേണ്ടിയിരുന്നതുകൊണ്ട് വിമാനത്തില്‍ കയറുന്നത് കാണാന്‍ തനിക്ക് സാധിച്ചില്ലെന്നും അമൃത അറിയിച്ചു.
'അങ്ങനെ ഉണ്ണിക്കുട്ടന്‍ ജര്‍മനിക്കു പോയി. ആദ്യമായിട്ടാണ് ഞങ്ങളുടെ കുടുംബത്തില്‍ നിന്നും ഒരാള്‍ ഇത്ര ദൂരത്തേക്ക് പോകുന്നത്. സ്വാഭാവികമായും അതിന്റെ വിഷമം ഉണ്ടാകും. എയര്‍പോര്‍ട്ടില്‍ എത്താറായപ്പോഴേക്കും അമ്മ കരയാന്‍ തുടങ്ങി. ആദ്യമായിട്ടാണ് മകന്‍ ഇത്ര ദൂരത്തേക്ക് ജോലിക്ക് പോകുന്നത്. അതിന്റെ സന്തോഷവും സങ്കടവും എല്ലാം അമ്മയ്ക്ക് ഉണ്ടായിരുന്നു,' അമൃത വീഡിയോയില്‍ വിശദീകരിച്ചു. 'ഇതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. അവനും നല്ലൊരു ജോലിയും കുടുംബവുമൊക്കെ വേണ്ടേ. അവന്‍ കയറിപ്പോകുന്നത് കാണാന്‍ എനിക്ക് പറ്റിയില്ല. അതിന് മുന്‍പ് ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തണമായിരുന്നു. ഞാന്‍ കരയാനൊന്നും നിന്നില്ല. കാരണം അതും കൂടിയായാല്‍ അവന് കൂടുതല്‍ വിഷമമാകും,' അവര്‍ കൂട്ടിച്ചേര്‍ത്തു.
സഹോദരന്റെ ഏറ്റവും വലിയ അനുഗ്രഹം തന്റെ സുഹൃത്തുക്കളാണെന്നും വര്‍ഷങ്ങളായി കൂടെയുള്ള വളരെ ആത്മാര്‍ത്ഥതയുള്ള വ്യക്തികളാണ് അവരെന്നും അമൃത സൂചിപ്പിച്ചു. 'അങ്ങനെ എല്ലാവരും ഹാപ്പിയായിട്ട് അവനെ കയറ്റി വിട്ടു. അവന്‍ അവിടെയെത്തി, ഹാപ്പിയായിരിക്കുന്നു എന്ന മെസ്സേജ് വന്നപ്പോള്‍ ഞങ്ങളും ഡബിള്‍ ഹാപ്പി. ഇതെല്ലാം നമ്മുടെ ജീവിതത്തിന്റെ ഭാഗമാണല്ലോ,' അമൃത നായര്‍ വീഡിയോയില്‍ പറഞ്ഞു.