എല്‍സിയുടെ ബോധം ഇനിയും തെളിഞ്ഞില്ല; കാത്തിരുന്നത് രണ്ട് ദിവസം; ഒടുവില്‍ ആല്‍ഫ്രഡിന്റെയും എമിലീനയുടെയും സംസ്‌കാരം ഇന്ന് നടത്താന്‍ തീരുമാനം; അമ്മയോട് പറയാതെ അവര്‍ യാത്രയാകുന്നു; ഇനി തിരികെ എത്താത്ത ലോകത്തിലേക്ക്

Malayalilife
എല്‍സിയുടെ ബോധം ഇനിയും തെളിഞ്ഞില്ല; കാത്തിരുന്നത് രണ്ട് ദിവസം; ഒടുവില്‍ ആല്‍ഫ്രഡിന്റെയും എമിലീനയുടെയും സംസ്‌കാരം ഇന്ന് നടത്താന്‍ തീരുമാനം; അമ്മയോട് പറയാതെ അവര്‍ യാത്രയാകുന്നു; ഇനി തിരികെ എത്താത്ത ലോകത്തിലേക്ക്

 

ഒരു ദുരന്തത്തില്‍ നിന്നും മറ്റൊരു ദുരന്തത്തിലേക്ക് ഒരു കുടുംബം തന്നെ എത്തിപ്പെടുക എന്നത് അതി ദാരുണമായ സംഭവം തന്നെയാണ്. അത്തരത്തിലൊരു മഹാ ദുരന്തമാണ് എല്‍സിയുടെ കുടുംബത്തിലേക്ക് എത്തിച്ചേര്‍ന്നത്. ഭര്‍ത്താവ് മാര്‍ട്ടിന്‍ മരിച്ചിട്ട് ഒരു മാസം തികയുന്നതിന് മുന്‍പാണ് തന്റെ ഇളയ കുട്ടികളെ കൂടി എല്‍സിക്ക് നഷ്ടമായിരിക്കുന്നത്. പക്ഷേ ഒന്നും അറിയാതെ ഇപ്പോഴും ബോധം തെളിയാതെ ആശുപത്രിയിലാണ് എല്‍സി. ആല്‍ഫ്രഡിന്റെയും എമിലീനയുടെയും സംസ്‌കാരം ഇന്ന് നടക്കും. പക്ഷേ എല്‍സിക്ക് ഒന്ന് അവസാനമായി അവരെ കാണാന്‍ പോലും കഴിയില്ല. തന്റെ പിഞ്ചോമനകളെ അവസാനമായി കാണുന്നതിന് വേണ്ടിയാണ് കുട്ടികളുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. എന്നാല്‍ ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുന്നതുകൊണ്ട് സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 

ഇന്നു രാവിലെ 9.30നു കുട്ടികള്‍ പഠിച്ചിരുന്ന പൊല്‍പ്പുള്ളിയിലെ കെവിഎംയുപി സ്‌കൂളില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചിരുന്നു. പ്രായത്തില്‍ കവിച്ച പക്വത കാണിച്ചിരുന്ന ആല്‍ഫ്രഡിനെ ടീച്ചര്‍മാര്‍ക്ക് വളരെ ഇഷ്ടമായിരുന്നു. എമിലീനയുടെ കളിചിരികള്‍ കണ്ട് തീര്‍ന്നിട്ടില്ല അവളുടെ ടീച്ചര്‍മാര്‍ക്ക്. സ്‌കൂളിലെ പൊതുദര്‍ശനത്തിന് കൂട്ടുകാരും അവരുടെ മാതാപിതാക്കളും അടക്കം നിരവധിയാളുകളാണ് എത്തിച്ചേര്‍ന്നത്. 10.45 മുതല്‍ 11 മണിവരെ ഇടവകയായ ചിറ്റൂര്‍ ഹോളി ഫാമിലി ചര്‍ച്ചില്‍ പൊതുദര്‍ശനത്തിന് വച്ചു. അവിടെയും പിഞ്ചോമനകളെ കാണാന്‍ എത്തിയത് നിരവധിയാളുകള്‍. വൈകിട്ട് 3 മണിയോടെ കുട്ടികളുടെ അമ്മയുടെ അട്ടപ്പാടി താവളത്തെ വീട്ടിലെത്തിക്കും. 3.15 മുതല്‍ താവളം ഹോളി ട്രിനിറ്റി ദേവാലയം പാരിഷ് ഹാളിലാണു പൊതുദര്‍ശനം. തുടര്‍ന്ന് ദേവാലയ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. 35 ശതമാനം പൊള്ളലേറ്റ മൂത്ത സഹോദരി അലീന കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. എല്‍സിയുടെയും അലീനയുടെയും ചികിത്സയ്ക്ക് പണം കണ്ടെത്താനായി ചിറ്റൂര്‍ ഹോളി ഫാമിലി പള്ളി ഭാരവാഹികള്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

എല്‍സിയ്ക്കും ഭര്‍ത്താവ് മാര്‍ട്ടിനും മൂന്നു മക്കളായിരുന്നു. ഏറെക്കാലമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന മാര്‍ട്ടിന്‍ ഒന്നരമാസം മുമ്പാണ് മരണത്തിനു കീഴടങ്ങിയത്. ചികിത്സകളും പ്രാര്‍ത്ഥനകളുമായി നടന്ന ആ നാളുകള്‍ക്കൊടുവില്‍ മാര്ട്ടിന്‍ മരണത്തിനു കീഴടങ്ങിയപ്പോള്‍ മൂന്നു മക്കളേയും ചേര്‍ത്തുപിടിച്ച് മുന്നോട്ടു ജീവിക്കാനുള്ള പരിശ്രമത്തിലായിരുന്നു അമ്മ എല്‍സി. മാര്‍ട്ടിന്റെ വേര്‍പാട് നല്‍കിയ വേദനകള്‍ക്കിടയിലും മക്കളുടെ സന്തോഷങ്ങളിലൂടെ എല്ലാം മറക്കാന്‍ ശ്രമിക്കുകയായിരുന്നു എല്‍സി. അങ്ങനെയാണ് സ്വകാര്യാശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന എല്‍സി വെള്ളിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വന്നയുടന്‍ മക്കളേയും കൂട്ടി പുറത്തേക്ക് പോകാന്‍ ഇറങ്ങിയത്. വീട്ടിലെ കാറിലായിരുന്നു യാത്ര. 

എല്‍സിയും മൂത്തമകളായ അലീനയും ഇളയ മക്കളായ നാലു വയസുകാരി എമില്‍ മരിയ മാര്‍ട്ടിനും ആറു വയസുകാരന്‍ ആല്‍ഫ്രഡ് മാര്‍ട്ടിനും എല്‍സിയുടെ അമ്മ ഡെയ്സിയുമാണ് പുറത്തേക്ക് പോകാന്‍ ഇറങ്ങിയത്. അങ്ങനെ എല്ലാവരും ചേര്‍ന്ന് കാറില്‍ കയറി വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും കാറിന് തീപിടിക്കുകയായിരുന്നു. തുടര്‍ന്ന് നിലവിളിയോടെ പുറത്തേക്കിറങ്ങി ഓടുകയായിരുന്നു എല്ലാവരും. എന്നാല്‍ ഇളയ മക്കളായ എമില്‍ മരിയയ്ക്കും ആല്‍ഫ്രഡ് മാര്‍ട്ടിനും ഗുരുതരമായി തന്നെ പൊള്ളലേറ്റിരുന്നു. തുടര്‍ന്ന് ശനിയാഴ്ച ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിനായി ശനിയാഴ്ച രാത്രി 12 മണിയോടെയാണ് മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. 

വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണു നാടിനെ നടുക്കിയ അപകടമുണ്ടായത്. സ്വകാര്യ ആശുപത്രിയിലെ നഴ്സായ എല്‍സി ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശേഷം മക്കളുമായി പുറത്തിറങ്ങാനായി കാര്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ തീ പിടിക്കുകയായിരുന്നു. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ ഒന്നര മാസം മുന്‍പാണ് അസുഖബാധിതനായി മരിച്ചത്.
 

car accident chittur

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES