Latest News

അന്ന് സോണിക്ക് ലഭിക്കുന്നത് നാലാമത്തെ ഫോണ്‍കോള്‍; പക്ഷേ ആ വിളി മരണത്തിലേക്കുള്ള വിയാകുമെന്ന് ആരും കരുതിയില്ല; തീരാനോവായി സോണി; വേദന സഹിക്കാന്‍ കഴിയാതെ സഹപ്രവര്‍ത്തകര്‍

Malayalilife
അന്ന് സോണിക്ക് ലഭിക്കുന്നത് നാലാമത്തെ ഫോണ്‍കോള്‍; പക്ഷേ ആ വിളി മരണത്തിലേക്കുള്ള വിയാകുമെന്ന് ആരും കരുതിയില്ല; തീരാനോവായി സോണി; വേദന സഹിക്കാന്‍ കഴിയാതെ സഹപ്രവര്‍ത്തകര്‍

മഴയത്ത് പുലമണ്‍ ഭാഗത്ത് വീടുകളിലേക്കു വെള്ളം കയറിയപ്പോള്‍ അതൊഴുക്കിവിടാനുള്ള ദൗത്യവുമായി അഗ്നിരക്ഷാസേനയിലെ സോണി എസ്. കുമാറും സംഘവും പുറപ്പെട്ടിരുന്നു. കനത്ത മഴ, ചെളി, ഇരുട്ട്  എല്ലാം നേരിട്ടും ജോലി പൂര്‍ത്തിയാക്കി വീട്ടിലേക്കു മടങ്ങുകയായിരുന്നു അവര്‍. അര്‍ധരാത്രി കഴിഞ്ഞപ്പോള്‍ ഫോണ്‍ മുഴങ്ങി. ''ഒരു യുവതി കിണറ്റില്‍ വീണു,'' എന്നായിരുന്നു വിവരം. ദൗത്യങ്ങള്‍ കഴിഞ്ഞതുകൊണ്ട് ക്ഷീണം ഉണ്ടായിരുന്നു, പക്ഷേ ഒരു ജീവന്‍ അപകടത്തിലാണെന്ന് അറിഞ്ഞതോടെ സോണിയും സംഘവും മടിയില്ലാതെ വീണ്ടും പുറപ്പെട്ടു. എന്നാല്‍, ആ ഫോണ്‍കോള്‍ സോണിയുടെ ജീവിതത്തിലെ അവസാന ദൗത്യമായിത്തീര്‍ക്കുമെന്ന് ആരും കരുതിയില്ല.

സഹപ്രവര്‍ത്തകരോടൊപ്പം ധൈര്യത്തോടെയും ഉത്തരവാദിത്വത്തോടെയും കിണറ്റിലിറങ്ങിയ സോണി, അകത്ത് കുടുങ്ങിക്കിടന്ന യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചു. പക്ഷേ, ആള്‍മറയും തൂണുകളും അപ്രതീക്ഷിതമായി ഇടിഞ്ഞുവീണപ്പോള്‍ രക്ഷാദൗത്യം തന്നെ ദുരന്തമായി മാറി. ജീവനൊടുക്കാനെത്തിയ യുവതിയെയും, അവളെ രക്ഷിക്കാന്‍ ഇറങ്ങിയവരുടെയും മുകളിലേക്കാണ് ആ കിണറിന്റെ കട്ടകള്‍ ഇടിഞ്ഞ് വീണത്. ഉടന്‍ തന്നെ ഇവര്‍ വീണ്ടും പരിശ്രമിച്ചു. കിണറില്‍ നിന്നും സോണിയെ കയറ്റുമ്പോള്‍ ജീവന്റെ ഒരു തുടിപ്പ് അയാള്‍ക്ക് ഉണ്ടായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അവരുടെ സഹപ്രവര്‍ത്തകന്‍ മരിച്ചു എന്നറിഞ്ഞിട്ടും അവര്‍ രക്ഷാദൗത്യം തുടര്‍ന്നു. എല്ലാ സങ്കടങ്ങളും അവര്‍ ഉള്ളില്‍ ഒതുക്കി.  

സണ്‍ഡേ സ്‌ക്വാഡിലെ അംഗമായ സോണിയും സംഘവും അന്നൊരുദിവസം മുഴുവന്‍ വിശ്രമം പോലും അറിയാതെ ദൗത്യങ്ങളിലായിരുന്നു. അന്ന് അവരുടെ ജീവിതത്തിലെ നാലാമത്തെ വിളിയായിരുന്നു അത്  'കിണറ്റില്‍ ഒരു യുവതി വീണു, വേഗം എത്തണം.'' ആ വാക്കുകള്‍ കേട്ടയുടന്‍ സോണിയും കൂട്ടുകാരും വീണ്ടും രക്ഷാ വാഹനത്തിലേക്ക് ഓടി. എന്നാല്‍ അതിനു മുമ്പ് അന്നുദിവസം അവര്‍ നേരിട്ട ദൗത്യങ്ങള്‍ അത്രയും അപകടകരവും ക്ഷീണജനകവുമായിരുന്നു.

വൈകിട്ട് അഞ്ചരയോടെ ആയൂരില്‍ തീപിടിത്തം സംഭവിച്ചുവെന്ന വിവരം ലഭിച്ചു. 5.54ന് തന്നെ സോണിയും സംഘവും അവിടെ എത്തി തീ അണയ്ക്കാന്‍ തുടങ്ങി. പുകയിലും ചൂടിലും നില്‍ക്കുമ്പോഴും ആരെയും പിന്മാറാന്‍ സോണി അനുവദിച്ചില്ല. വീടും സമീപവാസികളും സുരക്ഷിതരാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് രാത്രി 8.50ഓടെ അവര്‍ തിരികെ മടങ്ങിയത്. അതിനുശേഷം വിശ്രമിക്കാന്‍ പോലും സമയം ലഭിക്കാതെ 10.15ന് മറ്റൊരു വിളി  എംസി റോഡില്‍ കരിക്കത്ത് മരം വീണ് ബൈക്കിന് മുകളില്‍ പെട്ടു. ഉടനെ സംഘം സ്ഥലത്തെത്തി. മഴയും ഇരുട്ടും ഉള്ളിടത്ത് സഹപ്രവര്‍ത്തകരായ ജയകൃഷ്ണനും സുഹൈലിനും ഒപ്പം സോണി മരം മുറിച്ച് നീക്കി, ഗതാഗതം സാധാരണ നിലയിലാക്കുകയായിരുന്നു. പിന്നീട്, ഇഞ്ചക്കാട് ഭാഗത്ത് വീടുകളിലേക്കു വെള്ളം കയറുന്നുണ്ടെന്ന മറ്റൊരു വിവരവും ലഭിച്ചു. മഴയിലൂടെയും ചെളിയിലൂടെയും അവര്‍ അവിടെ ചെന്നെത്തി വീടുകളിലേക്ക് വെള്ളം കയറാതിരിക്കാന്‍ മതിലുകള്‍ നിര്‍ത്തുകയും പമ്പ് ഉപയോഗിച്ച് വെള്ളം ഒഴുക്കുകയും ചെയ്തു. ജോലിയെ പൂര്‍ത്തിയാക്കി മടങ്ങിയപ്പോള്‍ തന്നെ അര്‍ധരാത്രിയായിരുന്നു. വീണ്ടും ഓഫീസിലേക്ക് എത്തിക്കൊണ്ടിരിക്കുമ്പോഴാണ് മറ്റൊരു ഫോണ്‍ കോള്‍ എത്തുന്നത്. യുവതി കിണറ്റി ചാടി എന്ന്. എന്നാല്‍ ആ വിളി സോണിയുടെ അവസാന ദൗത്യമാകുമെന്ന് ആരും കരുതിയില്ല. 

'യുവതി കിണറ്റില്‍ വീണു കിടക്കുന്നു'- എന്ന വിളിയെത്തിയപ്പോള്‍ ഒരു നിമിഷം പോലും പാഴാക്കാതെ സംഘം പുറപ്പെടുകയായിരുന്നു. സീനിയര്‍ സ്റ്റേഷന്‍ ഓഫിസര്‍ എം.വേണു, ഓഫിസര്‍മാരായ സോണി, കെ.ആര്‍.ഹരിരാജ്, ജയകൃഷ്ണന്‍ എന്നിവരും ഹോംഗാര്‍ഡുകളായ ദിനുലാലും രാധാകൃഷ്ണപിള്ളയും ഡ്രൈവര്‍ അജീഷും അടങ്ങുന്നതായിരുന്നു സംഘം. ചെറിയൊരു കുന്നിന് മുകളിലേക്ക് 200 മീറ്ററോളം ദൂരം ഭാരമേറിയ രക്ഷാ ഉപകരണങ്ങളുമായി അര്‍ധരാത്രിയോടെ സംഘം എത്തി. 80 അടിയോളം താഴ്ചയുള്ള കിണറ്റില്‍ നിന്നു യുവതിയുടെ രക്ഷാഭ്യര്‍ഥന കേട്ടു. സാഹസിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടും മടിയില്ലാത്ത സോണി തന്നെ കിണറ്റില്‍ ഇറങ്ങാന്‍ മുന്‍കൈ എടുക്കുകയായിരുന്നു.

കിണറ്റിലേക്കിറങ്ങിയ സോണി, മോട്ടറിന്റെ പൈപ്പില്‍ പിടിച്ചു കിടന്ന അര്‍ച്ചനയെ വലയിലാക്കി മുകളിലേക്കു കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെ ആള്‍മറയുടെ ഭാഗവും തൂണുകളും തകര്‍ന്നു താഴേക്കു പതിക്കുകയായിരുന്നു. ഒരു കൈ കൊണ്ടു തൂണില്‍ പിടിച്ച് കിണറിനുള്ളിലേക്കു ടോര്‍ച്ച് തെളിച്ചു നില്‍ക്കുകയായിരുന്ന ശിവകൃഷ്ണയും കിണറ്റിലേക്കു വീണു. സുഹൃത്ത് ശിവകൃഷ്ണയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അര്‍ച്ചന കിണറ്റില്‍ ചാടിയത്.

fire man sony s kumar death

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES