അഗ്‌നിശമന സേനാ ഉദ്യോഗസ്ഥന്‍ സോണി എസ് കുമാറിന്റെ (36) അപ്രതീക്ഷിത വിയോഗം നാടിന്റെ തീരാ നൊമ്പരമായി. നെടുവത്തൂരില്‍ കിണറ്റില്‍ അകപ്പെട്ട യുവതിയെ രക്ഷിക്കുന്നതിനിടെ കിണറിന്റെ കൈവരി തകര്‍ന്ന് വീണാണ് ഇളമ്പ സ്വദേശിയായ സോണി ഇന്ന് പുലര്‍ച്ചെ മരിച്ചത്. 80 അടി താഴ്ചയുള്ള കിണറിന്റെ കൈവരി ഇടിഞ്ഞാണ് അപകടം ഉണ്ടായത്. മഴയെത്തിയ രാത്രിയില്‍ ജീവന്‍ പണയം വെച്ച് മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ ഇറങ്ങിയ ഫയര്‍മാന്റെ ധീരതയെ ഇന്ന് ഒരു നാട് മുഴുവനും കണ്ണീരോടെയാണ് ഓര്‍ക്കുന്നത്.
അപ്രതീക്ഷിതമായ സോണിയുടെ വിയോഗം സഹപ്രവര്‍ത്തകരെയും നാട്ടുകാരെയും ഒരുപോലെ തളര്‍ത്തിയിരിക്കുകയാണ്. തന്റെ കരുതലും മനസ്സിന് അടുക്കത്തതുമായ സ്വഭാവം കൊണ്ട് എല്ലാവരുടെയും മനസില്‍ ഇടം നേടിയ സോണിയെ ഇനി കാണാനാവില്ലെന്ന വിശ്വാസം പലര്‍ക്കും ഇപ്പോഴും സഹിക്കാനാകുന്നില്ല. എല്ലാ ദുരന്തങ്ങളിലും മുന്‍പന്തിയിലുണ്ടായിരുന്ന ആളാണ് സോണി. പൊതുദര്‍ശനത്തിന് ഒരുക്കിയ വേദിയിലേക്ക് രാവിലെ മുതല്‍ ആളുകളുടെ നീണ്ട നിരയായിരുന്നു. ദൂരെ സ്ഥലങ്ങളില്‍നിന്നും സഹപ്രവര്‍ത്തകരും നാട്ടുകാരും സുഹൃത്തുക്കളും അദ്ദേഹത്തെ അവസാനമായി കാണാന്‍ എത്തിയിരുന്നു. ചിലര്‍ പൂക്കള്‍ കൈയിലേന്തി സോണിക്ക് ആദരാഞ്ജലി അര്‍പ്പിക്കുമ്പോള്‍, മറ്റുചിലര്‍ കരഞ്ഞു മടങ്ങുകയായിരുന്നു. യൂണിഫോമണിഞ്ഞ സഹപ്രവര്‍ത്തകര്‍ കണ്ണുനിറച്ച് അദ്ദേഹത്തിന് അവസാന സല്യൂട്ട് അര്‍പ്പിച്ച കാഴ്ച അവിടെ നിന്നിരുന്നവര്‍ക്ക് പോലും കണ്ട് നില്‍ക്കാന്‍ കഴിയാത്തതായിരുന്നു.
തീയും പുകയും നിറഞ്ഞ രക്ഷാപ്രവര്‍ത്തന രംഗങ്ങളില്‍ എപ്പോഴും ധൈര്യത്തിന്റെ പ്രതീകമായിരുന്ന സോണിയെ ഇങ്ങനെ അനങ്ങാതെ കിടക്കുന്നത് പലര്‍ക്കും സഹിക്കാനായില്ല. അദ്ദേഹത്തെ വിടവാങ്ങാന്‍ എത്തിയ ഓരോരുത്തരുടെയും കണ്ണീരില്‍ നിറഞ്ഞത്, ജീവന്‍ പണയം വെച്ച് മറ്റുള്ളവര്‍ക്കായി ജീവിച്ച ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഇളമ്പ ഹൈസ്‌കൂളിന് സമീപം ഹൃദ്യയില്‍ ശ്രീകുമാര്‍ - ലളിത ദമ്പതികളുടെ മൂത്ത മകന്‍ സോണി എസ് കുമാര്‍, 2016 ജനുവരിയിലാണ് അഗ്‌നിശമന സേനയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ആദ്യ നിയമനം എറണാകുളം ഏലൂരിലായിരുന്നു. ഇപ്പോള്‍ കൊട്ടാരക്കരയിലാണ് ജോലി നോക്കുന്നത്. സോണിയുടെ ഭാര്യ ആശ്വതി നാവായിക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായിക അദ്ധ്യാപികയാണ്. മകള്‍ ഹൃദ്യ (2). സഹോദരി സിമി ജോലിസ്ഥലമായ യുകെയിലേക്ക് ഇന്ന് വൈകുന്നേരം പോകാന്‍ ഇരിക്കവേയാണ് നാടിനെ നടുക്കിയ ദുരന്തവാര്‍ത്ത എത്തുന്നത്.
ശാന്ത സ്വഭാവമുള്ള സോണി നാട്ടുകാരുടെ പ്രിയപ്പെട്ടവനായിരുന്നു. നാട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും മുന്നിലുണ്ടായിരുന്നു. ഗ്രന്ഥശാലയിലെ പിഎസ്സി പഠനകൂട്ടയ്മയുടെ എക്‌സിക്യൂട്ടിവ് അംഗമായിരുന്നു. നാട്ടിലെ യുവാക്കളെ സര്‍ക്കാര്‍ ജോലി എന്ന ലക്ഷ്യത്തിലെത്തിക്കാന്‍ അദ്ദേഹം മുന്നില്‍ തന്നെ ഉണ്ടായിരുന്നു. ഈ ഗ്രന്ഥശാലയില്‍ നിന്ന് പഠിച്ച് നിരവധി യുവാക്കളാണ് സര്‍ക്കാര്‍ ജോലി കരസ്ഥമാക്കിയത്. അതിലെല്ലാം സോണിയുടെ പങ്ക് വലുതാണെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് സോണി പുതിയ വീട് വച്ചത്. സോണിക്ക് ജനങ്ങളുമായി വളരെ അടുത്ത ബന്ധവും ഉണ്ടായിരുന്നു.
സംഭവം നടന്ന മുണ്ടുപാറയിലേക്ക് സോണി എസ് കുമാര്‍ എത്തുന്നത് മറ്റൊരു രക്ഷപ്രവര്‍ത്തനം കഴിഞ്ഞായിരുന്നു. സ്നേഹ നിധിയായ ഉദ്യോഗസ്ഥനെയാണ് നഷ്ടമായതെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍മിക്കുന്നു. 8 വര്‍ഷം മുന്‍പാണ് കേരള ഫയര്‍ഫോഴ്‌സില്‍ സോണി എസ് കുമാര്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ഇന്നലെ രാത്രി 10 മണിയോടെ ഇളമാട്ടിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് സോണി എസ് കുമാറും ആറംഗ സംഘവും യാത്ര തിരിച്ചു. 12 മണിയോടെ അവിടുത്തെ 2 ഇടങ്ങളിലെയും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കൊട്ടാരക്കരയിലേക്ക് മടങ്ങി വരുമ്പോഴാണ് കടപ്പാക്കട ഫയര്‍ സ്റ്റേഷനില്‍ നിന്ന് സോണി എസ് കുമാറിനും സംഘത്തിനും മറ്റൊരു ഫോണ്‍വിളി എത്തുന്നത്.
മുണ്ടുപാറയില്‍ ഒരു സ്ത്രീ കിണറ്റില്‍ വീണുവെന്നായിരുന്നു സന്ദേശം. ഒട്ടും കാത്തു നില്‍ക്കാതെ സംഭവസ്ഥലത്തേക്ക് സോണിയും സംഘവും യാത്ര തിരിച്ചു. കിണറ്റില്‍ ചാടിയ അര്‍ച്ചനയെ രക്ഷിക്കാനായി സോണി കിണറ്റില്‍ ഇറങ്ങി. രക്ഷാപ്രവര്‍ത്തനം വിജയകരമായി പുരോഗമിക്കുന്നതിനിടെയാണ് വിധി മരണത്തിന്റെ രൂപത്തില്‍ സോണി എസ് കുമാറിനെ തേടി എത്തുന്നത്. കിണറിന്റെ കൈവരികള്‍ ഇടിഞ്ഞ് സോണിയുടെ മുകളിലേക്ക് വീണു. എന്തു ചെയ്യണമെന്ന് അറിയാതെ ഒപ്പം ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ നിശ്ചലരരായി. സോണി എസ് കുമാറിനെ അധികം വൈകാതെ പുറത്ത് എടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കര്‍മ്മ നിരതനും, സ്നേഹധിയുമായ സഹപ്രവര്‍ത്തകനുമായിരുന്നു സോണി എസ് കുമാറെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. തലയ്ക്ക് ഏറ്റ ഗുരുതര പരുക്കാണ് സോണി എസ് കുമാറിന്റെ മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.