ഭര്‍ത്താവ് മരിച്ചതില്‍ പിന്നെ നിധിനും അതിന്റെ ഇളയത് ബേബിയുമായിരുന്നു ആ അമ്മയുടെ ഏക ആശ്രയം. കഷ്ടപ്പെട്ടാണ് ആ അമ്മ ആ മക്കള്‍ക്ക് വേണ്ടി എല്ലാം ചെയ്തിരുന്നത്. നിധിന് ചെറിയ ജോലി ഉണ്ടായിരുന്നുവെങ്കിലും വയ്യാത്ത ഇളയ മകന്റെ ചികിത്സയ്ക്ക് അത് മാത്രം മതിയായിരുന്നില്ല. അതുകൊണ്ടാണ് ഇപ്രായത്തിലും ആ അമ്മ കഷ്ടപ്പെട്ട് ജോലിക്ക് പോയിരുന്നത്. ഇപ്പോള്‍ അമ്മയ്ക്ക് തുണയായിരുന്ന മകന്റെ അപ്രതീക്ഷിത മരണത്തില്‍ തളര്‍ന്ന അവസ്ഥയിലാണ് ഷൈല.
'വണ്ടിക്കൂലിക്കു നല്‍കാന്‍ പണമുണ്ടായിരുന്നെങ്കില്‍ എന്റെ മോന്‍ മരിക്കില്ലായിരുന്നു'ഇതായിരുന്നു കണ്ണീരൊലിച്ചും വാക്കുകള്‍ തളര്‍ന്നും നിധിന്റെ അമ്മ ഷൈലജ പറഞ്ഞത്. ആ വാക്കുകളില്‍ ഒളിഞ്ഞിരുന്നത് ഒരു അമ്മയുടെ ആത്മാവില്‍ കത്തിയ നിസ്സഹായതയും തകര്‍ച്ചയും ആയിരുന്നു. ജീവിതം മുഴുവന്‍ സാമ്പത്തിക ബുദ്ധിമുട്ടുകളോടൊപ്പം പോരാടിയ ഷൈലയ്ക്ക് മകന്റെ ആ ചെറിയ അഭ്യര്‍ഥന പോലും നിറവേറ്റാന്‍ സാധിച്ചില്ലെന്ന വേദനയാണ് ഇന്ന് ആ അമ്മയെ തളര്‍ത്തിയിരിക്കുന്നത്. അവന്‍ ചോദിച്ച പൈസ ഉണ്ടായിരുന്നുവെങ്കില്‍ ഒരുപക്ഷേ അവന്‍ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു എന്ന് പറഞ്ഞ് കരയുകയാണ് ആ അമ്മ. അവരെ ആശ്വസിപ്പിക്കാന്‍ അവിടെ ഉണ്ടായിരുന്ന ആര്‍ക്കും സാധിച്ചില്ല. തിങ്കളാഴ്ച കോഴിക്കോട്ട് ജോലിക്ക് പോകാനായി ഇരുന്നതാണ് നിധിന്‍.
അതിന് മുന്‍പ് അമ്മയോട് ചെറിയൊരു തുക ചോദിച്ചിരുന്നു യാത്രയ്ക്ക് വേണ്ട പണം. എന്നാല്‍ ഷൈലയുടെ കൈവശം 500 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. യാത്രാ ചെലവിനും ഭക്ഷണത്തിനും കുറഞ്ഞത് 1000 രൂപയെങ്കിലും ആവശ്യമുണ്ടെന്ന് നിധിന്‍ പറഞ്ഞപ്പോള്‍, ''നാളെ കാണാം മോനെ, എങ്ങനെയെങ്കിലും പണമുണ്ടാക്കാം'' എന്നായിരുന്നു അമ്മയുടെ മറുപടി. അതോടെ നിധിന്‍ യാത്ര ഒരു ദിവസം മാറ്റിവെച്ചു. ബുധനാഴ്ച രാവിലെ പോകാമെന്ന് പറഞ്ഞ് അവന്‍ വീട്ടില്‍ തന്നെ തുടര്‍ന്നു. പക്ഷേ, അന്ന് അവന്‍ മരിക്കുമെന്ന് ആരും കരുതിയിരുന്നില്ല.
കല്ലടിക്കോട് മരുതുംകാട് പ്രദേശത്തെ പള്ളിയുടെ സഹായത്തോടെ നിര്‍മിച്ച മൂന്നു സെന്റ് സ്ഥലത്തുള്ള ചെറുഭവനത്തിലായിരുന്നു ഷൈലയും രണ്ടു മക്കളും ചേര്‍ന്ന് ജീവിച്ചിരുന്നത് അതീവ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു. പുറത്തുനിന്ന് നോക്കിയാല്‍ അത് ഒരുസാധാരണ കുടിലായി തോന്നാമെങ്കിലും, ആ വീടിനുള്ളില്‍ നിറഞ്ഞിരുന്നത് സ്നേഹത്തിന്റെ ചൂടും, പരസ്പരബോധവുമാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുകളുണ്ടായിരുന്നിട്ടും ഷൈല തന്റെ മക്കള്‍ക്ക് ഒരിക്കലും അവഗണനയുടെ വേദന അറിയിക്കാതെ ജീവിച്ചു. പകലൊക്കെയും ചെറിയ വീട്ടുജോലികള്‍ ചെയ്തും അയല്‍വാസികളുടെ സഹായത്തോടും കൂടി ആ കുടുംബം മുന്നോട്ട് നീങ്ങുകയായിരുന്നു. പക്ഷേ, നിധിന്റെ മരണവാര്‍ത്തയെത്തിയ ആ നിമിഷം എല്ലാം മാറി. സന്തോഷം നിറഞ്ഞ ആ വീട്ടില്‍ ഇപ്പോള്‍ ഉള്ളത് ആ അമ്മയുടെയും അനുജന്റെയും കരച്ചില്‍ മാത്രമാണ്.
നിധിന് കോഴിക്കോട് ചെറിയ ജോലിയുണ്ടായിരുന്നു. വിദ്യാര്‍ഥിയായ ഇളയ മകന്‍ ബേബി അസ്ഥിയെ ബാധിക്കുന്ന അസുഖത്തിന് ചികില്‍സയിലാണ്. മക്കളുടെ ചെറുപ്രായത്തില്‍ തന്നെ ഭര്‍ത്താവ് ഐസക് മരിച്ചു. തുടര്‍ന്ന് ഷൈല കഷ്ടപ്പെട്ടാണ് മക്കളെ വളര്‍ത്തിയത്. ഇളയ മകന്റെ അസുഖവും മൂത്ത മകന് സ്ഥിരം ജോലിയാകാത്തതും കഷ്ടപ്പാട് ഇരട്ടിയാക്കി. ഇടക്കുറുശ്ശിയിലെ ഹോട്ടലില്‍ ജോലിക്കു പോവുകയാണ് ഷൈല. അതിരാവിലെ 5 കിലോമീറ്റര്‍ നടന്നാണ് ഷൈല ജോലിക്കായി ഇടക്കുറുശ്ശിയില്‍ എത്തിയിരുന്നത്. വൈകിട്ട് കോളജ് വിട്ടുവരുന്ന മകനോടൊപ്പം നടന്നു വീട്ടിലേക്കും പോകും.
മകന്റെ മരണം നടന്ന ദിവസവും ജോലി കഴിഞ്ഞ് വീട്ടിലേക്കു വരുമ്പോള്‍ മാത്രമാണ് ഷൈല മകന്റെ ദാരുണാന്ത്യത്തെക്കുറിച്ച് അറിയുന്നത്. മകനും കൊലപ്പെടുത്തിയ ബിനുവും തമ്മില്‍ സൗഹൃദവും തര്‍ക്കവും ഇല്ലായിരുന്നു എന്നാണ് ഷൈല പറയുന്നത്. 2 മരണങ്ങളിലേക്കും നയിച്ച കാരണങ്ങളെക്കുറിച്ച് ഇവര്‍ക്കും വ്യക്തമായ മറുപടി നല്‍കാന്‍ കഴിയുന്നില്ല. മുത്ത മകന്റെ മരണത്തോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണു ഷൈലയും ഇളയ മകനും. ഷൈല ജോലിക്കു പോയില്ലെങ്കില്‍ വെറെ വരുമാനമൊന്നുമില്ല. കൊലപാതകം നടന്നതിനാല്‍ വീട് അടച്ചിരിക്കുകയാണ്. കുറച്ചു മാറി അയല്‍വാസിയുടെ വീട്ടിലാണ് ഷൈലയും മകനുമുള്ളത്. വീട് പൊലീസ് തുറന്നു നല്‍കുന്നതോടെ അങ്ങോട്ടു മാറാനാകും.