ബോളിവുഡ് നടി കത്രീന കൈഫ്, നടന്‍ രണ്‍ബീര്‍ കപൂറുമായുള്ള പ്രണയബന്ധം തകര്‍ന്നതിന് പിന്നാലെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും തന്റെ സിനിമാ ജീവിതം തകര്‍ത്തത് ആ ബന്ധമാണെന്ന് വിശ്വസിച്ചിരുന്നുവെന്നും മാധ്യമപ്രവര്‍ത്തക പൂജ സമന്ത് വെളിപ്പെടുത്തി. സഹ്റ ജാനിയുമായുള്ള അഭിമുഖത്തിനിടെയാണ് പൂജ സമന്ത് ഈ നിര്‍ണായക വിവരങ്ങള്‍ പങ്കുവെച്ചത്.
കത്രീന കൈഫിന്റെ അഭിമുഖത്തിനായി വൈ.ആര്‍.എഫ് സ്റ്റുഡിയോയിലെത്തിയപ്പോള്‍ അവര്‍ പൊട്ടിക്കരയുകയായിരുന്നുവെന്ന് പൂജ സമന്ത് ഓര്‍മ്മിച്ചു. 'ഞാനൊരു തെറ്റ് ചെയ്തു, എനിക്ക് സിനിമകള്‍ നഷ്ടമാകാന്‍ കാരണം ഞാന്‍ തന്നെയാണ്. അവനുമായി പ്രണയത്തിലാവുകയും പിന്നീട് പിരിയേണ്ടിയും വന്നു, ഇപ്പോള്‍ തങ്ങള്‍ ഒരുമിച്ചല്ല. അവന്‍ കാരണം ഞാന്‍ എന്റെ കരിയര്‍ നശിപ്പിച്ചു' എന്ന് കത്രീന അന്ന് തങ്ങളോട് പറഞ്ഞതായും പൂജ വെളിപ്പെടുത്തി.
രണ്‍ബീറിനെ വിവാഹം കഴിക്കുന്നതിലൂടെ കപൂര്‍ കുടുംബത്തിന്റെ ഭാഗമാവുകയും, ആ കുടുംബത്തിലെ മരുമക്കള്‍ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് കത്രീന വിശ്വസിക്കുകയും ചെയ്തതാവാം അവരുടെ നിരാശയ്ക്ക് കാരണമെന്ന് പൂജ സമന്ത് നിരീക്ഷിച്ചു. അന്ന് അങ്ങനെയുള്ള ചിന്താഗതികള്‍ നിലവിലുണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിയെന്നും പൂജ കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തില്‍ കത്രീനക്ക് നിരവധി സിനിമകള്‍ നഷ്ടമായെന്നും അവര്‍ കടുത്ത നിരാശയിലായിരുന്നെന്നും പൂജ വ്യക്തമാക്കി.
2021 ഡിസംബര്‍ 9-ന് നടന്‍ വിക്കി കൗശലിനെ വിവാഹം കഴിച്ച കത്രീന കൈഫിന് അടുത്തിടെ ഒരു ആണ്‍കുഞ്ഞ് പിറന്നിരുന്നു. രണ്‍ബീര്‍ കപൂര്‍ 2022 ഏപ്രില്‍ 14-ന് ആലിയ ഭട്ടിനെ വിവാഹം ചെയ്യുകയും ചെയ്തിരുന്നു.