ഒരിക്കല്‍ സമൂഹത്തില്‍ അവഗണനയും അപമാനവും അനുഭവിച്ചിരുന്ന ഒരു ആദിവാസി യുവാവ് ഇന്ന് സമൂഹത്തിന്റെ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ദിവസം. കൂലിപ്പണി, പ്ലംബിങ്, വാര്‍ക്കപ്പണി എന്തും ചെയ്തു മുന്നോട്ട് നടന്ന മണി ഒടുവില്‍ സ്വന്തമായി സ്വന്തമാക്കി അധികാരത്തിന്റെ വാതില്‍പ്പടി. തന്റെ പേരിന് മുന്നില്‍ ''പോലീസ് ഓഫീസര്‍'' എന്ന വിശേഷണം കിട്ടിയപ്പോള്‍, അത് ഒരു വ്യക്തിയുടെ വിജയം മാത്രമല്ല, ഒരൊറ്റ സമൂഹത്തിന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും നിറവേറ്റുന്ന നിമിഷമായിരുന്നു. എം മണി എന്ന ആദിവാദി യുവാവ് ഒരു പോലീസ് ഓഫീസര്‍ ആകാന്‍ ആഗ്രഹിച്ചതിന് പിന്നില്‍ ഒരു കഥയുണ്ട്. ഇന്ന് തന്റെ സ്വപ്‌നം സാക്ഷാത്ക്കരിച്ച മണിയെ അവരുടെ സമൂഹത്തില്‍ നിന്നും ഉള്ള മറ്റ് ആളുകള്‍ക്ക് വലിയ പ്രചോദനം തന്നെയാണ്.
പഠിക്കാന്‍ മിടുക്കനായിരുന്ന മണി പാലക്കാട് വിക്‌ടേറിയ കോളജില്‍ നിന്നും ബിഎസ്സി മാത് സില്‍ ബിരുദം നേടിയിട്ടുണ്ട്. പക്ഷേ പടിത്തം കഴിഞ്ഞ് വിചാരിച്ചത് പോലെ ജോലി ഒന്നും മണിക്ക് ലഭിച്ചില്ല. തുടര്‍ന്ന് വീട്ടിലെ സാഹചര്യം വളരെ മോശം ആയതുകൊണ്ട് കൂലിപ്പണിക്ക് പോകാന്‍ തുടങ്ങി. ദിവസം മുഴുവന്‍ കഠിനാധ്വാനം ചെയ്തിട്ടും വരുമാനം വളരെ കുറവായിരുന്നു. കുടുംബച്ചിലവുകള്‍ നിറയ്ക്കാനും അമ്മയെ സഹായിക്കാനും മണി ഏറെ പരിശ്രമിച്ചു. ഇതിനിടയിലാണ് മണിയുടെ ജീവിതം മാറാന്‍ കാരണമായ സംഭവം നടന്നത്. നാട്ടില്‍ ഉണ്ടായ ചെറിയൊരു പ്രശ്‌നത്തില്‍ പരാതി നല്‍കാന്‍ മണി പൊലീസ് സ്റ്റേഷനില്‍ പോയി. അവിടെ നിന്ന് സഹായം കിട്ടുമെന്നു കരുതിയ മണിക്ക് നേരിടേണ്ടി വന്നത് അപമാനകരമായ പെരുമാറ്റമായിരുന്നു. ''എടാ പോടാ'' വിളിയും അവഗണനയും മാത്രമാണ് ലഭിച്ചത്. ആ അനുഭവം മണിയുടെ മനസ്സില്‍ വലിയൊരു മാറ്റം സൃഷ്ടിച്ചു. അധികാരം ഉള്ളവരോട് മാത്രമേ നല്ല രീതിയില്‍ പെരുമാറുന്നുണ്ടെന്നു, സാധാരണക്കാരന്റെ വാക്കുകള്‍ പലപ്പോഴും ആരും കേള്‍ക്കാത്തതാണെന്നും അന്ന് മനസ്സിലായി. ''നമ്മളും സമൂഹത്തില്‍ തല ഉയര്‍ത്തി നില്‍ക്കണം, നമ്മളും ശബ്ദം ഉയര്‍ത്തി ചോദിക്കാന്‍ കഴിയുന്നവരാകണം'' എന്ന തീരുമാനമാണ് മണി എടുത്തത്.
അന്ന് മുതല്‍ സര്‍ക്കാര്‍ ജോലി നേടണമെന്നത് മണിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നവും ലക്ഷ്യവുമായിത്തീര്‍ന്നു. സ്വന്തം ജീവിതവും കുടുംബത്തിന്റെയും സമൂഹത്തിന്റെയും നില മെച്ചപ്പെടുത്തണമെങ്കില്‍ നല്ലൊരു ജോലി വേണമെന്ന് മണി മനസ്സിലാക്കി. പക്ഷേ വഴിയില്‍ നിരവധി ബുദ്ധിമുട്ടുകളുണ്ടായിരുന്നു. സാധാരണയായി പിഎസ്സി പരീക്ഷകള്‍ക്ക് പോകുന്ന പരിശീലന കേന്ദ്രങ്ങള്‍ വളരെ ചെലവേറിയതായിരുന്നു. സാമ്പത്തിക സാഹചര്യങ്ങള്‍ കാരണം മണിക്ക് അവിടെ പോകാന്‍ സാധിക്കില്ലെന്ന് ഉറപ്പ്. പക്ഷേ സ്വപ്‌നം ഉപേക്ഷിക്കാതെ, മണി തന്നെ മറ്റൊരു വഴി കണ്ടെത്തി. സൗജന്യമായ യുട്യൂബ് വീഡിയോകളും ഓണ്‍ലൈന്‍ ക്ലാസുകളും കണ്ടു പഠനം തുടങ്ങി. ഓരോ ദിവസവും ജോലി കഴിഞ്ഞ് വീട്ടിലെത്തി കുറച്ച് മണിക്കൂര്‍ വീതം പഠിക്കാന്‍ സമയം മാറ്റിവച്ചു.
ജീവിതച്ചിലവിനും പഠനത്തിനും പണം കണ്ടെത്താന്‍ കഠിനമായി ജോലി ചെയ്തു. കല്‍പ്പണി, പ്ലംബിങ്, വാര്‍ക്കപ്പണി ലഭിക്കുന്ന ഏത് ജോലിയും ചെയ്തു. ദിവസവും കഠിനാധ്വാനത്തില്‍ മണിയുടെ കൈകളില്‍ പൊട്ടിയ തഴമ്പുകള്‍ അവന്റെ പരിശ്രമത്തിന്റെ തെളിവായിരുന്നു. പലപ്പോഴും ക്ഷീണിച്ച് ഉറങ്ങാന്‍ പോകുമ്പോഴും മനസ്സ് പഠനത്തിലേക്ക് തിരിച്ചു. ഉറക്കമിളച്ച് രാത്രികള്‍ കഴിച്ചുമാറ്റി പുസ്തകങ്ങള്‍ വായിച്ചു, ചോദ്യങ്ങള്‍ ചെയ്തു, വീഡിയോകള്‍ കണ്ടു. ഒടുവില്‍ ആ പരിശ്രമങ്ങള്‍ക്ക് ഫലം കണ്ടു. സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നത്തിലേക്ക് ആദ്യ ചവിട്ടുപടി മണിയെ തേടിയെത്തി. മണിയുടെ പരിശ്രമം ഒരിക്കലും വെറുതെയായില്ല. ഒന്നോ രണ്ടോ പരീക്ഷകളില്‍ മാത്രമല്ല, 26 വ്യത്യസ്ത പിഎസ്സി റാങ്ക് ലിസ്റ്റുകളിലാണ് മണിയുടെ പേര് വന്നത്! ഇത്രയും പരീക്ഷകളില്‍ വിജയിച്ചപ്പോള്‍, മണിയുടെ ആത്മവിശ്വാസവും അഭിമാനവും ഇരട്ടിയായി. അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം ഏറെ ആലോചിക്കേണ്ടിവന്നില്ല. നേരിട്ട് ഹെഡ്കോണ്‍സ്റ്റബിള്‍ നിയമനം ലഭിക്കുന്ന പോലീസ് ജോലി തന്നെ അദ്ദേഹം തെരഞ്ഞെടുത്തു.
പോലീസ് സേനയില്‍ ജോലി ചെയ്യുന്നത് മണിക്കൊരു വലിയ സ്വപ്‌നപൂര്‍ത്തീകരണം ആയിരുന്നു. നല്ല ശമ്പളവും, സമൂഹത്തില്‍ കിട്ടുന്ന ബഹുമാനവും, പൊതുജനങ്ങള്‍ക്ക് സേവനം ചെയ്യാനുള്ള അവസരവും എല്ലാം മണിയെ സന്തോഷിപ്പിച്ചു. തന്റെ വിജയത്തില്‍ മാത്രം സന്തോഷിക്കുന്നില്ല മണി തന്റെ സമൂഹത്തില്‍ കൂടുതല്‍ പേരും സര്‍ക്കാര്‍ ജോലികള്‍ നേടണം, നല്ല ജീവിതത്തിലേക്ക് വരണം എന്നാണ് അദ്ദേഹത്തിന്റെ വലിയ ആഗ്രഹം. ഇപ്പോള്‍ 37 കാരനായ മണി സ്വന്തം ജീവിതം മാത്രമല്ല, സ്വന്തം സമൂഹത്തിന്റെ ഭാവിയും മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജോലികള്‍ക്കായി തയ്യാറെടുക്കുന്ന യുവാക്കള്‍ക്ക് സഹായവും മാര്‍ഗ്ഗനിര്‍ദേശവും നല്‍കാനും അവരെ പ്രചോദിപ്പിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു. തന്റെ വിജയം മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാകട്ടെയെന്ന് മണി കരുതുന്നു.
പാസിംഗ് ഔട്ട് പരേഡിന്റെ സന്തോഷ നിമിഷത്തില്‍ മണിയോടൊപ്പം അമ്മ ശിവാലും ബന്ധുക്കളും ഉണ്ടായിരുന്നതും ആ ദിവസത്തെ വേറിട്ടൊരു ആഘോഷമായി മാറ്റി. അമ്മയുടെ കണ്ണുകളില്‍ അഭിമാനത്തിന്റെ കണ്ണീര്‍ നിറഞ്ഞു. അച്ഛന്‍ മരുതിനെ ഓര്‍ത്ത് മണി മനസ്സില്‍ നന്ദി പറഞ്ഞു. തന്റെ പരിശ്രമവും കുടുംബത്തിന്റെ ത്യാഗവും ചേര്‍ന്നാണ് ഈ വിജയം സ്വന്തമായത്.