ഇക്കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ സൂര്യാ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയാണ് പെയ്തൊഴിയാതെ. സീരിയല്‍ നടി കൃഷ്ണേന്ദു ഉണ്ണിക്കൃഷ്ണന്‍ നായികയായി അഭിനയിക്കുന്ന പരമ്പരയില്‍ ചെറുതും വലുതുമായ ഒട്ടനവധി താരങ്ങളാണ് അഭിനയിക്കുന്നത്. പരമ്പരയില്‍ ആദ്യം നായകനായി എത്തിയത് പളുങ്ക് എന്ന സീരിയലിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ തേജസ് ഗൗഡ ആയിരുന്നു. എന്നാല്‍ ഒരുമാസം മുമ്പാണ് നടന്‍ സീരിയലില്‍ നിന്നും പിന്മാറിയതും പകരം മറ്റൊരു താരമായ അജൂബ്ഷാ എത്തിയതും.
തേജസ് ഗൗഡ സീരിയലില്‍ നിന്നും പിന്മാറിയത് ആരാധകര്‍ക്ക് അത്ര പിടിക്കാതിരിക്കെയാണ് ഈ സീരിയലിന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നും മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. ആലപ്പുഴയിലാണ് പെയ്തൊഴിയാതെ സീരിയലിന്റെ ഷൂട്ടിംഗ് നടക്കുന്നത്. അവിടെയുള്ള സെറ്റില്‍ വച്ചാണ് ഷൂട്ടിംഗ് നടക്കവേ പരമ്പരയില്‍ അഭിനയിക്കുന്ന രണ്ടു നടിമാര്‍ തമ്മില്‍ വാക്കേറ്റവും തര്‍ക്കവും ഉണ്ടാകുന്നതും തുടര്‍ന്ന് തമ്മിലടി ഉണ്ടായതും.
ഏറെ വര്‍ഷങ്ങളായി സീരിയല്‍ രംഗത്ത് തുടരുന്ന നിരവധി താരങ്ങളാണ് ഈ പരമ്പരയില്‍ ഉള്ളത്. അതിലൊരു നടിയാണ് ഒന്നും രണ്ടും പറഞ്ഞ് കലിമൂക്കുകയും ദേഷ്യം അതിരുവിട്ടപ്പോള്‍ ചെറുപ്പക്കാരിയായ നടിയുടെ കവിളത്തടിക്കുകയും ചെയ്തത്. പിന്നാലെ വലിയ ബഹളം ഉണ്ടാവുകയും സീരിയല്‍ ഷൂട്ടിംഗ് അലങ്കോലപ്പെടുകയും ആയിരുന്നു. പിന്നാലെ ഷൂട്ടിംഗ് പോലും മുടങ്ങുന്ന അവസ്ഥയിലേക്ക് എത്തുകയായിരുന്നു.
പ്രശസ്ത സീരിയല്‍ സംവിധായകനായ കെകെ രാജീവ് സംവിധാനം ചെയ്യുന്ന പരമ്പരയാണിത്. അദ്ദേഹത്തിനു കൂടി ചീത്തപ്പേരുണ്ടാക്കുന്ന തരത്തിലാണ് സെറ്റിലെ കാര്യങ്ങള്‍ എത്തിയത്. ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ഈ സംഭവം ആരുമറിയാതെ ഒതുക്കിതീര്‍ക്കാനുള്ള ശ്രമമായിരുന്നു. എന്നാല്‍ അബദ്ധവശാല്‍ ഇക്കാര്യം പുറത്തുവരികയും പരമ്പരയിലെ മുഴുവന്‍ താരങ്ങള്‍ക്കും നാണക്കേട് ഉണ്ടാക്കുന്ന താരത്തിലേക്ക് കാര്യങ്ങള്‍ എത്തുകയുമായിരുന്നു. അടി കൊടുത്തത് ഏത് നടിയാണെന്നും അടി കിട്ടിയത് ആര്‍ക്കാണെന്നും അറിയാമെങ്കിലും ഇരുകൂട്ടരുടേയും സ്വകാര്യതയെ മാനിച്ചാണ് അക്കാര്യം പുറത്തു വിടാത്തത്.
അതേസമയം, പ്രശ്നങ്ങള്‍ ഒതുക്കിതീര്‍ത്ത ശേഷം പരമ്പരയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചിട്ടുണ്ട്. സീരിയല്‍ താരങ്ങളായ മുകുന്ദന്‍, ഉമാ നായര്‍, അജൂബ്ഷാ, കൃഷ്ണേന്ദു ഉണ്ണിക്കൃഷ്ണന്‍, മീനാക്ഷി രമേഷ്, ജെയ്ന്‍ കെ പോള്‍, ജയചന്ദ്രന്‍ തോന്നയ്ക്കല്‍, അശ്വതി, മീനാക്ഷി, ആര്‍ദ്രാ ദാസ് തുടങ്ങിയവരാണ് പരമ്പരയില്‍ അഭിനയിക്കുന്ന മറ്റു താരങ്ങള്‍.