ചില ആളുകള്‍ അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്ന് വരുന്നത് രക്ഷകരായിട്ടായിരിക്കും. മുന്‍പ് ഒരു പരിചയം ഇല്ലാതെ ഇരുന്നിട്ടും ഒരാളുടെ മരണം മുന്നില്‍ കണ്ട് രക്ഷിക്കുന്നവര്‍ ശരിക്കും ദൈവത്തിന് തുല്യം എന്നാണ് സമൂഹം കണക്കാക്കുന്നത്. ഇന്നത്തെ കാലത്ത് വഴിയില്‍ അപകടം പറ്റി ആരെങ്കിലും കടക്കുന്നത് കണ്ട് കഴിഞ്ഞാല്‍ പോലും രക്ഷിക്കാന്‍ നില്‍ക്കാത്ത ഈ കാലത്താണ് സ്വന്തം ജീവന്‍ പണയം വച്ച് കടലില്‍ തിരയില്‍ പെട്ടുപോയ ദമ്പതികള്‍ക്ക് രക്ഷനായി എത്തിയത്. കടലില്‍ മുങ്ങി താഴുമ്പോള്‍ അതിലെ ബൈക്കില്‍ പോയ ഒരു യുവാവാണ് സ്വന്തം ജീവന്‍ പണയം വച്ച് ആ ദമ്പതികളെ രക്ഷിച്ചത്.
തമിഴ്‌നാട്ടിലെ കുമ്പനാട്ടുനിന്ന് കൊല്ലം ബീച്ച് കാണാനെത്തിയതായിരുന്നു ദമ്പതികള്‍. എന്നാല്‍ അവരെ കാത്തിരുന്നത് വലിയയൊരു അപകടം ആണെന്ന് അവര്‍ തിരിച്ചറിഞ്ഞില്ല. ഞായറാഴ്ച രാവിലെ 11 മണിയോടെ, കുടുംബം ബീച്ചിലെത്തിയത്. കടലിന്റെ മനോഹാരിത കണ്ട് ആസ്വദിക്കുകയായിരുന്നു രണ്ട് പേരും. എന്നാല്‍ കടലിലേക്ക് ഇറങ്ങാന്‍ ലൈഫ് ഗാര്‍ഡുകള്‍ സമ്മതിച്ചിരുന്നില്ല. കാരണം ശക്തമായ തിരമാലകള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ കടലില്‍ ഇറങ്ങുന്നത് അപകടകരമാണെന്ന് ലൈഫ് ഗാര്‍ഡുകള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ ബീച്ചില്‍ നിന്നും നീങ്ങി കടലോരത്ത് കൂടി രണ്ട് പേരും നടക്കുകയായിരുന്നു. പെട്ടെന്നാണ് ശക്തമായ തിര കടലോരത്തേക്ക് അടിച്ച് കയറിയത്. ഒറ്റ നിമിഷത്തില്‍ ഉഷയും ഭര്‍ത്താവ് രാമലിംഗവും തിരയിലേയ്ക്ക് പെട്ടുപോയി. തിര വീണ്ടും ശക്തമായി ഇടിച്ച് കയറിയപ്പോള്‍ അവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല.
ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും ലൈഫ് ഗാര്‍ഡുമെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. പക്ഷേ, ശക്തമായ തിരമാലകള്‍ അവരെ കൈവിടാതെ കടലിലേക്ക് കൂടുതല്‍ വലിച്ചുകൊണ്ടുപോയി. പരിസരവാസികള്‍ അത് കണ്ട് പേടിച്ച് പോയിരുന്നു. അപ്പോഴാണ് മകളെയുമായി ബൈക്കില്‍ ആശുപത്രിയിലേക്കു പോകുകയായിരുന്നു പള്ളിത്തോട്ടം, സംഗമനഗര്‍ സ്വദേശിയായ ടോജിന്‍ രാജ് ഈ അപകടം കാണുന്നത്. സംഭവം കണ്ട ഉടനെ, ബൈക്ക് നിര്‍ത്തി, ഒട്ടും സമയം കളയാതെ കടലിലേക്ക് എടുത്ത് ചാടുകയായിരുന്നു. തന്റെ ധൈര്യവും നിലപാടും കൊണ്ട്, തിരയില്‍ മുങ്ങിത്താണവരെ ടോജിന്‍ രാജ് രക്ഷപ്പെടുത്തി. ഉടന്‍ തന്നെ കരയ്ക്ക് എത്തിച്ച അവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. ഈ സമയം പോലീസും സ്ഥലത്ത് എത്തിയിരുന്നു. അവര്‍ സംഭവത്തിന്റെ തീവ്രത നീരിക്ഷിക്കുകയും ദമ്പതികള്‍ക്ക് ഉടന്‍ മെഡിക്കല്‍ സഹായം നല്‍കുകയും ചെയ്തു. ടോജിന്‍ രാജിന്റെയും മത്സ്യത്തൊഴിലാളികളുടെയും ഒരുമിച്ചുള്ള ധൈര്യപ്രവര്‍ത്തനമാണ് ഈ അപകടം വലിയ ദുഃഖമില്ലാതെ അവസാനിപ്പിച്ചത്.
അപകടകരമായ സാഹചര്യങ്ങളില്‍ ബീച്ചില്‍ ഇറങ്ങുന്നത് തടയാന്‍ ശ്രമിക്കുന്ന ലൈഫ് ഗാര്‍ഡുകള്‍ക്ക് നേരെ പലരും അസഭ്യമാണ് പറയുന്നത്. പലപ്പോഴും സന്ദര്‍ശകര്‍ അവരുടെ നിര്‍ദ്ദേശം കേള്‍ക്കാതെ കടലിലേക്ക് ഇറങ്ങാനാണ് ശ്രമിക്കുന്നത്. ഈ ബീച്ചില്‍ രണ്ട് ഷിഫ്റ്റുകളിലായി ഏഴ് ലൈഫ് ഗാര്‍ഡുകള്‍ മാത്രമാണ് ജോലി ചെയ്യുന്നത്. എന്നാല്‍ തിരകള്‍ ശക്തമായപ്പോള്‍, അപകടസാധ്യത ഉള്ള എല്ലാ സ്ഥലത്തേക്കും ഓടിയെത്താന്‍ അവര്‍ക്കു സാധിക്കാറില്ല. ലൈഫ് ഗാര്‍ഡുകള്‍ പറയുന്നത് ഇങ്ങനെ: ''ബീച്ചിന്റെ ഔദ്യോഗിക പരിധിയിലല്ലാത്ത സ്ഥലങ്ങളില്‍ പോലും അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍, ഞങ്ങളെ അപമാനിക്കുകയും, അസഭ്യമുള്ള വാക്കുകള്‍ കേള്‍ക്കുകയും ചെയ്യണം. ചിലപ്പോള്‍ ആളുകള്‍ നമ്മെ ആക്രമിക്കുകയോ എതിര്‍ത്ത് നില്‍ക്കാനും ശ്രമിക്കാറുണ്ട്.
ഇതില്‍ കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്, പ്രവര്‍ത്തനക്ഷമമായ മൈക്ക് പോലെയുള്ള ഉപകരണങ്ങള്‍ ലഭ്യമല്ലാത്തതും, ആവശ്യമായ സുരക്ഷാ സാമഗ്രികള്‍ കുറവായതും ആണ്. തിരകളുടെ ശക്തിയും ആളുകളുടെ അനുസരണക്കുറവും കൂടി ചേര്‍ന്നാല്‍, ലൈഫ് ഗാര്‍ഡുകള്‍ക്ക് സുരക്ഷിതമായി രക്ഷാപ്രവര്‍ത്തനം നടത്തുന്നത് വളരെ പ്രയാസകരമാകുന്നു എന്നാണ് അവര്‍ പറയുന്നത്.