ചെറുപ്പം മുതല്‍ പുസ്തകങ്ങളോടുള്ള സ്നേഹം വളര്‍ത്തിയ ഒരു പെണ്‍കുട്ടിയുടെ യാത്ര, ഇന്നത് അന്താരാഷ്ട്ര തലത്തിലുള്ള വലിയ നേട്ടത്തിലേക്കാണ് നയിച്ചത്. മാതാപിതാക്കളുടെ പ്രോത്സാഹനവും അധ്യാപകരുടെ പ്രചോദനവും കൂട്ടുകൂടി, കണ്ണൂര്‍ സ്വദേശിനി നിഖിത തോമസ് 1.7 കോടി രൂപയുടെ സ്‌കോളര്‍ഷിപ് നേടി യുഎസിലെ നോത്രദാം സര്‍വകലാശാലയില്‍ ക്രിയേറ്റീവ് റൈറ്റിങ്ങില്‍ മാസ്റ്റേഴ്സ് പഠനം ആരംഭിച്ചു. വായനയും എഴുത്തും ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കിയ നിഖിതയുടെ ഈ വിജയം, മലയാളി യുവതലമുറയ്ക്ക് പ്രചോദനമാണ്. നിഖിത ഈ ഒരു നേട്ടത്തിലേക്ക് എത്തിയത് അവളുടെ അമ്മയും അച്ഛനും നല്‍കിയ പിന്തുണയാണ്. ഈ ഒരു സ്‌കോളര്‍ഷിപ്പിലേക്ക് നിഖിത എത്തിയ കഥയാണിത്.
മകള്‍ക്ക് വായിക്കാന്‍ ഇഷ്ടമാണെന്ന് കണ്ടെത്തിയത് അവളുടെ അച്ഛനാണ്. അതുകൊണ്ട് തന്നെ തന്നേക്കൊണ്ട് ആകുന്ന രീതിയില്‍ അവള്‍ക്ക് പുസ്തകം വാങ്ങി നല്‍കാന്‍ അച്ഛനും അമ്മയും ഒന്നിച്ച് മകളെ കൂട്ടി പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകളിലേക്ക് ഞായറാഴ്ചകളില്‍ നിഖിതയെ കൂട്ടിക്കൊണ്ട് പോകുമായിരുന്നു. ഈ വായനാ ശീലമാണ് മകള്‍ക്ക് 1.7 കോടി രൂപയുടെ സ്‌കോളര്‍ഷിപ് നേടാന്‍ സഹായകമായത്. ചെറുപ്പത്തില്‍ നിഖിതയുടെ മനസ്സില്‍ വിത്തു നട്ട മാതാപിതാക്കളുടെ ആ ശ്രമം, ഇന്ന് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടിയ വിജയമായി മാറിയിട്ടുണ്ട്. യുഎസിലെ ഇന്‍ഡ്യാനയിലെ നോത്രദാം യൂണിവേഴ്സിറ്റിയില്‍ ക്രിയേറ്റീവ് റൈറ്റിങ്ങില്‍ മാസ്റ്റേഴ്‌സ് പഠനത്തിന് ലോകത്തുനിന്ന് എത്തുന്ന 8 പേരില്‍ ഒരാളായി നിഖിത തിരഞ്ഞെടുക്കപ്പെട്ടു. 1.7 കോടി രൂപയുടെ സ്‌കോളര്‍ഷിപ് അവള്‍ക്ക് ലഭിച്ചിട്ടുള്ളത്, വായനയും എഴുത്തും ജീവിതത്തിന്റെ നിര്‍ണായക ഭാഗമാക്കിയ സ്വന്തം ശ്രമത്തിനുള്ള തിരിച്ചറിവായി. സാഹിത്യലോകത്തേക്ക് ഒട്ടും സംശയിക്കാതെ കൈപിടിച്ചു നടത്തിയ മാതാപിതാക്കളാണു നേട്ടത്തിനു പിന്നിലെന്നു മകള്‍ പറയുമ്പോള്‍ കുന്നേല്‍ സണ്ണി തോമസിനും റോഷ്‌നി ഏബ്രഹാമിനും അഭിമാനിക്കാം.
ബാംഗ്ലൂരിലെ സെന്റ് ജോസഫ്സ് യൂണിവേഴ്സിറ്റിയില്‍, ഒരേസമയം ഇംഗ്ലീഷ്, ജേണലിസം, സൈക്കോളജി എന്നീ മൂന്ന് വിഷയങ്ങളില്‍ പഠനം നടത്തി ട്രിപ്പിള്‍ മെയിന്‍ ഡിഗ്രി നേടിയെടുക്കുകയായിരുന്നു നിഖിത തോമസ്. പഠനത്തോടുള്ള ആഗ്രഹവും സ്ഥിരതയുമാണ് അവളെ ഇംഗ്ലീഷില്‍ മാസ്റ്റേഴ്‌സ് ചെയ്യാന്‍ പ്രേരിപ്പിച്ചത്. ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് അവള്‍ പിജി പൂര്‍ത്തിയാക്കിയത്. പിന്നീട്, പഠിച്ച അതേ സ്ഥാപനത്തില്‍ തന്നെ മൂന്ന് വര്‍ഷത്തോളം അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്യുകയും ചെയ്തു. പലര്‍ക്കും അത് വലിയൊരു നേട്ടമായി തോന്നുമായിരിക്കും. പക്ഷേ, നിഖിതയ്ക്ക് അതില്‍ തൃപ്തിയില്ല. അധ്യാപിക എന്ന നിലയിലേക്കു മാത്രം ചുരുങ്ങാന്‍ അവളുടെ മനസൊത്തില്ല. പുസ്തകങ്ങളോടും എഴുത്തിനോടുമുള്ള അടുപ്പം അവളെ നിരന്തരം പുതിയ വഴികളിലേക്ക് നയിച്ചു. ''ബി അംഫിബിയസ്'' രണ്ട് ലോകങ്ങളിലും തുല്യമായി ജീവിക്കാമെന്ന ആശയം തന്നെയായിരുന്നു എഴുത്തുകാരിയാകാനും അധ്യാപികയായും മുന്നോട്ട് പോകാനുള്ള അവളുടെ മാര്‍ഗദര്‍ശനം.
സെന്റ് ജോസഫ്സ് യൂണിവേഴ്സിറ്റിയില്‍ പഠിപ്പിച്ച അധ്യാപകരായ ഡോ. അരുള്‍ മണിയും വിജേത കുമാറും നല്‍കിയ പ്രചോദനമാണ് അവളെ വിദേശ പഠനത്തിലേക്ക് നോക്കാന്‍ ആത്മവിശ്വാസം നല്‍കിയത്. അവസാനം, യുഎസിലെ നോത്രദാം യൂണിവേഴ്സിറ്റിയില്‍ ക്രിയേറ്റീവ് റൈറ്റിങ്ങില്‍ മാസ്റ്റേഴ്‌സ് ചെയ്യാന്‍ അപേക്ഷിക്കാനുള്ള ധൈര്യം അവള്‍ കണ്ടെത്തി. ''ജോലിയോടൊപ്പം മാസ്റ്റേഴ്‌സ് പ്രവേശനത്തിന് തയ്യാറെടുക്കുന്നത് എളുപ്പമായിരുന്നില്ല. രാത്രിയുടെ ഉറക്കവും ചെറുതായ സന്തോഷങ്ങളും മാറ്റിവെച്ചാണ് ഞാന്‍ മുന്നോട്ട് പോയത്,'' അവള്‍ പറയുന്നു.
ക്രിയേറ്റീവ് റൈറ്റിങ്ങില്‍ രണ്ടു വര്‍ഷത്തെ മാസ്റ്റേഴ്‌സ് പ്രോഗ്രാമിലേക്കാണ് നിഖിതയ്ക്കു പ്രവേശനം ലഭിച്ചത്. ''എഴുത്തുകാരിയാകാന്‍ ഡിഗ്രിയുടെ ആവശ്യമില്ല. എന്നാല്‍ ഈ പഠനത്തിലൂടെ എഴുത്തുലോകത്തെ പലരെയും പരിചയപ്പെടാന്‍ അവസരം ലഭിക്കുമെന്നാണു പ്രതീക്ഷ. മാത്രമല്ല, എഴുത്തിനെ മികവിലേക്ക് എത്തിക്കാന്‍ കൂടുതല്‍ സമയവും സഹായവും ലഭിക്കും''- കഴിഞ്ഞമാസം ആരംഭിച്ച ക്ലാസുകളെക്കുറിച്ചു നിഖിതയുടെ പ്രതീക്ഷയിങ്ങനെ. ക്രിയേറ്റീവ് റൈറ്റിങ് മാസ്റ്റേഴ്‌സ് പ്രവേശനത്തിനായി അപേക്ഷയോടൊപ്പം 2 ഫിക്ഷന്‍ രചനകളും ഒരു ക്രിയേറ്റീവ് നോണ്‍ഫിക്ഷന്‍ രചനയും സമര്‍പ്പിക്കണം. ''അപേക്ഷയ്‌ക്കൊപ്പം നല്‍കാനായി മാത്രം എന്തെങ്കിലും എഴുതരുത്. കൂടാതെ, 3 ശുപാര്‍ശക്കത്തുകളും നല്‍കണം. ഇവ പരമാവധി നേരത്തെ തന്നെ തയാറാക്കാന്‍ ശ്രമിക്കുക. കത്തുകള്‍ തയാറാക്കുന്നവര്‍ക്കു നമ്മുടെ ഏറ്റവും പുതിയ സി.വിയും പോര്‍ട്ട്‌ഫോളിയോയും നല്‍കണം. എങ്കില്‍ മാത്രമേ നല്ല ശുപാര്‍ശക്കത്തുകള്‍ ലഭിക്കൂ. അപേക്ഷയ്‌ക്കൊപ്പം നല്‍കേണ്ട 'സ്റ്റേറ്റ്‌മെന്റ് ഓഫ് പര്‍പ്പസും' പ്രധാനമാണ്. ഫോര്‍മല്‍ ഭാഷ ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുക. പഠനത്തിലൂടെയുള്ള നമ്മുടെ ലക്ഷ്യങ്ങള്‍, ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍, എഴുത്തിനോടും വായനയോടുമുള്ള ഇഷ്ടം തുടങ്ങിയ കാര്യങ്ങളില്‍ ഇതില്‍ സൂചിപ്പിക്കാം.
അപേക്ഷ സമര്‍പ്പിക്കാന്‍ അവസാന നിമിഷം വരെ കാത്തിരിക്കരുത്. അപേക്ഷ പലതവണ വായിച്ച്, എഡിറ്റ് ചെയ്യാന്‍ മറക്കരുത്. സര്‍വകലാശാല നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ശ്രദ്ധിക്കുക. അവിടത്തെ ജീവിതച്ചെലവുകള്‍ എത്രത്തോളം വരുമെന്നതും ശ്രദ്ധിക്കണം.''വിദേശ സര്‍വകലാശാലയിലേക്കാണ് അപേക്ഷിക്കുന്നതെന്നു കരുതി ഒരിക്കലും നമ്മുടെ തനതു ഭാഷാശൈലിയില്‍ മാറ്റം വരുത്തരുത്. അതുകൊണ്ടാണ് ഇന്ത്യന്‍ ഇംഗ്ലിഷില്‍ തന്നെ എഴുതാന്‍ ശ്രമിക്കുന്നത്'' - നിഖിത ഓര്‍മിപ്പിക്കുന്നു.