അന്തരിച്ച പ്രമുഖ കലാകാരന്‍ കൊല്ലം സുധിയുടെ ആശ്രിതര്‍ക്ക് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ (MACT) 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ചതിന് പിന്നാലെ ഉയര്‍ന്ന വ്യാജപ്രചാരണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി ഭാര്യ രേണു സുധി. സുധിയുമായുള്ള വിവാഹം നിയമപരമല്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും, താന്‍ അദ്ദേഹത്തിന്റെ നിയമപരമായ ഭാര്യയാണെന്നും രേണു വ്യക്തമാക്കി.
2017 മേയ് ഏഴിന് തെങ്ങണ സബ് രജിസ്‌ട്രേഷന്‍ ഓഫീസില്‍ വെച്ചാണ് തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തതെന്ന് രേണു ചൂണ്ടിക്കാട്ടി. സുധിയുടെ മൂത്ത മകന്‍ രാഹുലും തന്റെ വീട്ടുകാരും സാക്ഷികളായാണ് വിവാഹം നടന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കോടതിയെ പറ്റിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും, ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവരാണ് യഥാര്‍ത്ഥത്തില്‍ വ്യാജന്‍മാരെന്നും രേണു അഭിമുഖത്തില്‍ തുറന്നടിച്ചു.
സുധി ചേട്ടന്റെ മരണശേഷമാണ് ഈ വലിയ തുക ലഭിക്കുന്നതെന്ന ചിന്ത ഏറെ വിഷമമുണ്ടാക്കുന്നുണ്ടെന്ന് രേണു പറഞ്ഞു. ജീവിച്ചിരുന്നപ്പോള്‍ തങ്ങള്‍ക്ക് എല്ലാം നല്‍കാന്‍ ആഗ്രഹിച്ച വ്യക്തിയാണ് അദ്ദേഹം. ലഭിക്കുന്ന തുകയില്‍ ഒരു പങ്കും താന്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നില്ലെന്നും, എത്ര കോടി ലഭിച്ചാലും അത് സുധിയോളം വരില്ലെന്നും രേണു വൈകാരികമായി കൂട്ടിച്ചേര്‍ത്തു.
നഷ്ടപരിഹാര തുക കൃത്യമായി തങ്ങള്‍ നാല് ആശ്രിതര്‍ക്കും വിധിക്കുന്നത് കോടതിയാണെന്നും അസൂയയും വിവരമില്ലായ്മയും കൊണ്ടാണ് ചിലര്‍ തെറ്റായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു. തനിക്ക് ഇനിയും സര്‍ജറിയും തുടര്‍ച്ചയായ ചികിത്സകളും ബാക്കിയുണ്ടെന്നും, ഈ സമയത്ത് തുക ലഭിക്കുന്നത് വലിയ ആശ്വാസമാണെന്നും മക്കളുടെ ഭാവി സുരക്ഷിതമായതില്‍ സന്തോഷമുണ്ടെന്നും രേണു വ്യക്തമാക്കി.
'അങ്ങനൊരു വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് വിഷമമാണ് തോന്നിയത്. ആ തുക സുധിച്ചേട്ടന്റെ മരണശേഷമുള്ളതാണല്ലോ. അത് എന്തായാലും കേള്‍ക്കുമ്പോള്‍ വിഷമമാണ്. ചേട്ടന്‍ പോയിക്കഴിഞ്ഞപ്പോഴാണല്ലോ ഇങ്ങനൊന്ന് കിട്ടുന്നതെന്നത് വിഷമമാണ്. ചികിത്സ നടക്കുന്ന സമയമാണ്. ഈ സമയത്ത് അത് കിട്ടിയത് ആശ്വാസമായെന്ന് പറയാം. മുന്നോട്ട് സര്‍ജറിയും മറ്റുമുണ്ട്'' രേണു പറയുന്നു.
നാല് പേര്‍ക്കായിട്ടാണ് കിട്ടുന്നത്. എന്നാണ് കിട്ടുന്നതെന്ന് അറിയില്ല. സുധിച്ചേട്ടന്റെ കരുതലായിട്ടാണ് ഇതിനെ കാണുന്നത്. ഏട്ടന്‍ മരിച്ചിട്ട് നാലാമത്തെ വര്‍ഷമാണ്. ഈ സമയത്താണ് എനിക്ക് കാന്‍സര്‍ വരുന്നത്. ആ സമയത്ത് ഇത് കിട്ടിയത് വളരെയധികം ആശ്വാസവും ഒരു കരുതലുമാണെന്നും രേണു പറയുന്നു. കീമോ എല്ലാം കഴിഞ്ഞു. ഇനി സര്‍ജറിയുണ്ട്. പാത്തോളജി റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും തുടര്‍ ചികിത്സയെന്നും രേണു പറയുന്നു.