മിന്നുകെട്ട്, സ്വാമി അയ്യപ്പന്‍, സ്ത്രീപദം, പാടാത്ത പൈങ്കിളി തുടങ്ങി നിരവധി ജനപ്രിയ പരമ്പരകളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടനായിരുന്നു ശബരിനാഥ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പാടാത്ത പൈങ്കിളി ഉള്‍പ്പടെയുള്ള സീരിയലുകളില്‍ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടെ അപ്രതീക്ഷിതമായി നടന്റെ വിയോഗം സംഭവിച്ചു. ഇന്ന് ശബരിനാഥിന്റെ ഓര്‍മകള്‍ക്ക് അഞ്ച് വയസ് തികയുകയാണ്. ഹൃദയാഘാതമായിരുന്നു മരണകാരണം. പ്രിയ സുഹൃത്തിന്റെ വേര്‍പാട് അന്ന് സാജനേയും ഉലച്ചിരുന്നു. യാത്രകളില്‍ പോലും ഇരുവരും എപ്പോഴും ഒരുമിച്ചായിരുന്നു. ശബരിനാഥിന്റെ അഞ്ചാം ചരമ വാര്‍ഷിക ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പ് സാജന്‍ സൂര്യ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു.
കൂട്ടുകൂടാന്‍ നേരില്‍ വരാഞ്ഞിട്ട് അഞ്ച് വര്‍ഷം... സ്വപ്നങ്ങളില്‍ മാത്രമായി കൂട്ടുകൂടല്‍ എന്നായിരുന്നു ശബരിനാഥിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് സാജന്‍ സൂര്യ കുറിച്ചത്.ഫ്രണ്ട്സ് ഫോര്‍ എവര്‍ എന്നതടക്കമുള്ള ഹാഷ്ടാഗുകളും പോസ്റ്റിനൊപ്പം സാജന്‍ സൂര്യ ചേര്‍ത്തിരുന്നു. പിന്നാലെ സാജന്‍ സൂര്യയുടെ ഭാര്യ വിനീതയും ശബരിനാഥിനെ കുറിച്ച് ഉള്ളുവിങ്ങുന്ന ഒരു കുറിപ്പ് പങ്കുവച്ചു.
ഇന്നലെ, പഴയ ഫോട്ടോകള്‍ നോക്കുമ്പോള്‍, ശബരിയ്ക്കൊപ്പമുള്ള മീനുവിന്റെ മിക്ക ചിത്രങ്ങളും അവര്‍ എത്ര അടുപ്പത്തിലായിരുന്നുവെന്ന് എന്നെ ഓര്‍മ്മിപ്പിച്ചു. അവന്‍ അവളുടെ ആദ്യത്തെ സുഹൃത്തായിരുന്നു - മണ്ടത്തരങ്ങള്‍ കൊണ്ട് അവളെ ചിരിപ്പിച്ച, ചെറിയ കാര്യങ്ങള്‍ക്ക് അവളുമായി വഴക്കിട്ട, അവളെ പരിപാലിച്ച ശബരി, ഞങ്ങള്‍ നിന്നെ മിസ്സ് ചെയ്യുന്നു - ഞങ്ങളുടെ ജീവിതത്തില്‍ നിനക്ക് എപ്പോഴും പ്രത്യേക സ്ഥാനമുണ്ടായിരിക്കും എന്നാണ് വിനീത കുറിച്ചത്.
മരിക്കുമ്പോള്‍ വെറും 43 വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളു ശബരിയ്ക്ക്. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ശബരിനാഥിന് സീരിയല്‍ ലോകത്ത് നിന്ന് ലഭിച്ച ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാള്‍ നടന്‍ സാജന്‍ സൂര്യയായിരുന്നു. ഇരുവരും തമ്മില്‍ മാത്രമല്ല താരങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും നല്ലൊരു സ്നേഹബന്ധം നിലനിന്നിരുന്നു. സൗമ്യനായി പെരുമാറുന്ന വ്യക്തിയായിരുന്നുവെന്നതുകൊണ്ട് തന്നെ എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു ശബരിനാഥ്. സീരിയല്‍ ലോകത്ത് സജീവമായി നില്‍ക്കുന്ന നിരവധിപേര്‍ സാജന്റെ പോസ്റ്റിന് താഴെ ശബരിനാഥിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് എത്തി. നടന്‍ മാത്രമായിരുന്നില്ല നിര്‍മ്മാതാവുമായിരുന്നു ശബരിനാഥ്.
സാഗരം സാക്ഷി സീരിയലിന്റെ സഹനിര്‍മ്മാതാവായിരുന്നു നടന്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് നടനെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ശബരി ഇല്ലാതായിയെന്ന് വര്‍ഷം അഞ്ചായിട്ടും വിശ്വസിക്കാനാകുന്നില്ലെന്നാണ് പ്രിയപ്പെട്ടവര്‍ക്ക് പറയാനുള്ളത്. രണ്ട് പെണ്‍മക്കളുടെ പിതാവായ ശബരിനാഥ് ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. കളിക്കുന്നതിനിടെ നടന് ക്ഷീണം തോന്നിയിരുന്നു.
എന്നാല്‍ അല്‍പസമയം മാറി വിശ്രമിച്ച ശേഷം വീണ്ടും കളിക്കാമെന്ന് കരുതി. കുറച്ച് സമയം റെസ്റ്റ് ചെയ്തശേഷം എഴുന്നേറ്റപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധാലുവായ ഫിറ്റ്നസ് നിലനിര്‍ത്തിയിരുന്ന ദുശീലങ്ങളില്ലാത്ത നടന്‍ കൂടിയായിരുന്നു. അതിനാല്‍ തന്നെ എന്തുകൊണ്ട് ശബരിക്ക് ഇങ്ങനെ സംഭവിച്ചുവെന്ന ചോ?ദ്യമാണ് അന്നും ഇന്നും പ്രേക്ഷകരുടേയും പ്രിയപ്പെട്ടവരുടേയും മനസിലുള്ളത്.
എല്ലാ ദിവസങ്ങളിലും ശബരിനാഥുമായി സാജന്‍ സൂര്യ സംസാരിക്കുമായിരുന്നു. മുമ്പൊരിക്കല്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശബരിനാഥുമായുള്ള സൗഹൃദം ആരംഭിച്ച കഥ നടന്‍ വെളിപ്പെടുത്തിയിരുന്നു. എല്ലാ ദിവസവും ഞങ്ങള്‍ സംസാരിക്കും. അവന്‍ ഈ ലോകത്ത് നിന്ന് പോയിയെന്ന തോന്നല്‍ എനിക്ക് ഇല്ല. കോളജില്‍ പഠിക്കുന്ന കാലം മുതല്‍ ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ഒരു ബസിലായിരുന്നു യാത്ര. പിന്നീടാണ് സൗഹൃദത്തിലേക്ക് എത്തിയത്.
പതിനെട്ട് വര്‍ഷത്തെ സൗഹൃദമായിരുന്നു ഞങ്ങളുടേത്. അവന്‍ എനിക്കൊപ്പം ഇപ്പോഴുമുണ്ടെന്ന് വിശ്വസിക്കുന്നു. അവന്റെ ശബ്ദം ഇപ്പോഴും കാതുകളിലുണ്ട്. ശബരിയുടെ വിയോഗത്തിനുശേഷം അവന്റെ കുടുംബം സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വന്നുകൊണ്ടിരിക്കുകയാണ്. മൂത്തമകള്‍ക്ക് എല്ലാ കാര്യങ്ങളും മനസിലാകുന്ന പ്രായമായി. അതുകൊണ്ട് അവള്‍ എല്ലാം ഉള്‍ക്കൊണ്ട് തുടങ്ങി. പക്ഷെ ഇളയ മകള്‍ ഇപ്പോഴും ഇടയ്ക്ക് ശബരിയെ തിരക്കും. അവളുടെ അച്ഛന്‍ പോയിയെന്ന് അവള്‍ക്ക് അറിയില്ലല്ലോ... കുഞ്ഞല്ലേ... എന്നുമാണ് സാജന്‍ സൂര്യ പറഞ്ഞത്. ശാന്തിയാണ് ശബരിനാഥിന്റെ ഭാര്യ. മൂത്ത മകള്‍ ഭാഗ്യ, ഇളയ മകള്‍ ഭൂമിക.