സ്റ്റാര്‍ മാജിക് പ്രോഗ്രാമിലൂടെയും നിരവധി സീരിയലുകളിലൂടെയും എല്ലാം തിളങ്ങി നില്‍ക്കുന്ന നടിയാണ് ജസീല പര്‍വീണ്‍. ഒരു ഫിറ്റ്നസ് ഫ്രീക്കത്തിയും മോഡലും കൂടിയായ ജസീല അഭിനയ മേഖലയേക്കാള്‍ കൂടുതല്‍ സജീവമായി നില്‍ക്കുന്നത് ഫിറ്റ്നസ് രംഗത്താണ്. സീരിയലുകളേക്കാള്‍ ഉപരി സ്റ്റാര്‍ മാജികിലൂടെയാണ് ജസീലയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞത്. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ജസീല തന്റെ സ്വകാര്യ ജീവിതത്തിലുണ്ടായ, തന്നെ മാനസികമായും ശാരീരികമായും ഏറെ തളര്‍ത്തിയ ഒരു സംഭവത്തെ കുറിച്ച് പങ്കുവെച്ച ചില ചിത്രങ്ങളും പോസ്റ്റുകളുമാണ് വലിയ ചര്‍ച്ചയാകുന്നത്. തന്റെ കാമുകനില്‍ നിന്നും അനുഭവിച്ച ശാരീരിക-മാനസീക പീഡനങ്ങളെ കുറിച്ചാണ് ജസീല ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഡോണ്‍ തോമസ് എന്നയാളാണ് തന്നെ ക്രൂരമായി മര്‍ദിച്ചെന്നും മുറിവുകള്‍ ഭേദമാകാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി പോലും ആവശ്യമായി വന്നെന്നുമാണ് ജസീല പോസ്റ്റില്‍ പറയുന്നത്.
ഡോണ്‍ തോമസുമായി ഒരു തര്‍ക്കം ഉണ്ടായപ്പോള്‍ അയാള്‍ തന്റെ വയറ്റില്‍ ചവിട്ടിയെന്നും മുഖത്ത് ഇടിച്ചെന്നും ജസീല പറയുന്നുണ്ട്. ഒരു ഘട്ടം എത്തിയപ്പോള്‍ നിയമപരമായി നീങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ജസീല പറയുന്നു. ''2024 ഡിസംബര്‍ 31ന് ന്യൂയര്‍ പാര്‍ട്ടിക്കുശേഷം ഡോണ്‍ തോമസ് വിതയത്തിലും ഞാനും തമ്മില്‍ ഒരു വാക്കു തര്‍ക്കം ഉണ്ടായി. അതിനിടെ, അയാള്‍ എന്റെ വയറ്റില്‍ രണ്ടുതവണ ചവിട്ടി. എന്റെ മുഖത്ത് വള ചേര്‍ത്ത് വെച്ച് പലതവണ ഇടിച്ചു. മുഖം മുറഞ്ഞു, പ്ലാസ്റ്റിക് സര്‍ജറി ആവശ്യമായി വന്നു. ആദ്യം എന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അയാള്‍ വിസമ്മതിച്ചു. പക്ഷെ പിന്നീട് അയാള്‍ എന്നെ ആശുപത്രിയില്‍ എത്തിച്ചു. ഞാന്‍ വീണുവെന്ന് കള്ളം പറഞ്ഞാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അയാളുടെ പേരില്‍ ഞാന്‍ പരാതി നല്‍കി. കേസ് ഇപ്പോള്‍ നടക്കുകയാണ്'', ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ജസീല കുറിച്ചു.
മര്‍ദനമേറ്റതിന്റെ ചിത്രങ്ങളും കാമുകനായിരുന്ന ഡോണ്‍ തോമസിന്റെ ചിത്രങ്ങളും സഹിതമാണ് ജസീല താന്‍ അനുഭവിച്ച ക്രൂരപീഡനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ജസീലയുടെ ഈ വെളിപ്പെടുത്തല്‍ സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. പലരും ജസീലയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നു വന്നിട്ടുണ്ട്. കേസ് അന്വേഷണത്തെക്കുറിച്ചും തുടര്‍നടപടികളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനുണ്ട്. മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടിയും മോഡലുമായ ജസീല പര്‍വീണ്‍. മുപ്പത്തിരണ്ടുകാരിയായ താരം കൂര്‍ഗ് സ്വദേശിനിയാണ്. മലയാളം ടെലിവിഷന്‍ മേഖലയില്‍ സജീവമായശേഷമാണ് താരം കേരളത്തില്‍ താമസമാക്കിയതും മലയാളം സംസാരിക്കാന്‍ തുടങ്ങിയതും. ഫിറ്റ്നസ് ഫ്രീക്ക് കൂടിയായ ജസീല സോഷ്യല്‍ മീഡിയയിലും സജീവമാണ്.