ഷാര്‍ജയില്‍ വിപഞ്ചികയുടെയും വൈഭവിയുടെയും മരണത്തിന് ശേഷം വീണ്ടും ഒരു ആത്മഹത്യ മരണം കൂടി സംഭവിച്ചിരിക്കുകയാണ്. കൊല്ലം സ്വദേശി അതുല്യയാണ് ഷാര്‍ജയില്‍ തൂങ്ങി മരിച്ചത്. ഭര്‍ത്താവിന്റെ ക്രൂരമായ പീഡനത്തിന് ഇരയാകേണ്ടി വന്ന അതുല്യ മടുത്തിട്ട് തൂങ്ങി മരിക്കുകയായിരുന്നു. ഭര്‍ത്താവ് സതീഷ് അതുല്യയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോ അടക്കം പുറത്ത് വന്നിരുന്നു. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഇരിക്കുകയായിരുന്നുവെന്നും അതുല്യയുടെ അച്ഛന്‍ പറഞ്ഞിരുന്നു. സതീഷിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വന്തം വിവാഹത്തിന് പോലും മദ്യപിച്ചതിന് ശേഷമാണ് എത്തിയതെന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ അതുല്യയുടെ പിതാവ് എസ്. രാജശേഖരന്‍ പിള്ള.
തേവലക്കര കോയിവിള സ്വദേശി ടി.അതുല്യയെ ഇഷ്ടമാണെന്ന് ശാസ്താംകോട്ട മനക്കര സ്വദേശി സതീഷ് ശങ്കര്‍ ബന്ധുക്കളോട് പറയുകയായിരുന്നു. അതുല്യയ്ക്ക് അന്ന് 17 വയസ്സായിരുന്നു പ്രായം. ''അതുല്യയെ ഇഷ്ടമാണെന്ന് എന്റെ ഭാര്യയുടെ ആങ്ങളയുടെ ഭാര്യയോട് സതീഷ് പറഞ്ഞു. സതീഷിന്റെ അമ്മ വന്ന് വിവാഹം ആലോചിച്ചു. നിശ്ചയം കഴിഞ്ഞപ്പോള്‍ സതീഷിന്റെ സ്വഭാവത്തിലെ പ്രശ്‌നം മനസ്സിലായി. വിവാഹത്തിന് മദ്യപിച്ചാണ് വന്നത്. വിവാഹ പാര്‍ട്ടിയുടെ വാഹനം വരാന്‍ വൈകി. സതീഷിന്റെ മുഖം കണ്ടപ്പോള്‍ മദ്യപിച്ചെന്ന് മനസ്സിലായി. വിവാഹത്തില്‍നിന്ന് പിന്‍മാറിയാല്‍ കിണറ്റില്‍ ചാടി മരിക്കുമെന്ന് സതീഷിന്റെ അമ്മ പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നതായും അതുല്യയുടെ അച്ഛന്‍ പറഞ്ഞു.
ഇന്ന് പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ പുതിയ വസ്ത്രങ്ങള്‍ എല്ലാം വാങ്ങി ഇരിക്കുകയായിരുന്നു മകള്‍. അങ്ങനെ ഒരാള് എന്തിന് ആത്മഹത്യ ചെയ്യുന്നു. മകളെ അവളുടെ ഭര്‍ത്താവ് കൊന്നതാണ്. എല്ലാത്തിനും അവളില്‍ സംശയം ആയിരുന്നു. സതീഷ് ജോലിക്ക് പൊയിക്കോണ്ട് ഇരുന്നത് വരെ റൂമില്‍ മകളെ പൂട്ടിയിട്ടതിന് ശേഷമാണ്. മദ്യപിച്ച് എത്തി ഉപദ്രവിക്കുമായിരുന്നു. വിവാഹമോചനത്തിനായി ഒരിക്കല്‍ കോടതി വരെ എത്തിയിട്ടുണ്ട്. പിന്നീട് സതീഷ് തന്നെയാണ് കരഞ്ഞ് കാല് പിടിച്ച് കരഞ്ഞ് വീണ്ടും മകളെ കൂട്ടിക്കൊണ്ട് പോയത്. അത് ഇങ്ങനെ അവസാനിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. 2014 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. 43 പവന്‍ സ്വര്‍ണവും ബൈക്കും സ്ത്രീധനം വാങ്ങിയാണ് മകളെ വിവാഹം കഴിച്ചത്. എന്നിട്ടും അത് പോരെ എന്ന് പറഞ്ഞ് നിരന്തരമായി പീഡിപ്പിക്കുമായിരുന്നു.
പിറന്നാള്‍ ദിനത്തില്‍ മകളുടെ വിയോഗ വാര്‍ത്തയറിഞ്ഞ് വിറങ്ങലിച്ച് കോയിവിളയിലെ അതുല്യഭവനം. മകള്‍ക്കു വേണ്ടി ക്ഷേത്രത്തില്‍ പോയി പൂജ നടത്തണമെന്ന് കരുതിയിരിക്കുമ്പോഴാണ് ഇളയ മകളുടെ വിളി എത്തുന്നത്. തലേന്നു രാത്രി മകള്‍ ആരാധ്യയോടും മാതാപിതാക്കളായ രാജശേഖരന്‍ പിള്ളയോടും തുളസിഭായിയോടും അതുല്യ ഫോണില്‍ സംസാരിച്ചിരുന്നു. കഴിഞ്ഞ ശനി രാവിലെ അതുല്യയുടെ മകള്‍ ആരാധ്യ സ്‌കൂളില്‍ പോയ ശേഷമാണ് വീട്ടിലേക്കു മരണ വാര്‍ത്ത എത്തുന്നത്.
വൈകിട്ട് തിരികെ എത്തിയ ആരാധ്യയെ അമ്മയുടെ വേര്‍പാട് അറിയിക്കാതെ സമീപത്തെ ബന്ധു വീട്ടിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകിട്ട് വരെ അമ്മ മരിച്ച വിവരം മകളെ അറിയിച്ചിട്ടില്ല. കുഞ്ഞുന്നാള്‍ മുതല്‍ അതുല്യയോട് കാട്ടുന്ന ക്രൂരതകള്‍ കണ്ടിട്ടുള്ളതിനാല്‍ പിതാവ് സതീഷിനെ എന്നും ആരാധ്യയ്ക്കും ഭയമായിരുന്നു.
അതുല്യ വിദേശത്ത് എത്തിയതിനു പിന്നാലെ അവള്‍ക്ക് ചില സ്ഥലങ്ങളില്‍ ജോലി ലഭിച്ചിരുന്നു. എന്നാല്‍ അതിനൊന്നും പോകാന്‍ സതീഷ് അവളെ അനുവദിച്ചിരുന്നില്ല. നേരത്തേ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായതിനു പിന്നാലെ കോടതി വരെയൊക്കെ കേസ് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അവര്‍ തന്നെ പരസ്പരം സംസാരിച്ച് എല്ലാം ശരിയാക്കുകയായിരുന്നു.