Latest News

സ്നേഹത്തോടെ നീട്ടിയ തേങ്ങാപ്പൂള്‍ വാങ്ങവേ അയാള്‍ ആഞ്ഞുകുത്തി; കത്തി മുനമ്പില്‍ ജീവിതം അവസാനിച്ച സിസ്റ്റര്‍ റാണി മരിയയുടെ കഥ വെള്ളിത്തിരയിലേക്ക്

Malayalilife
topbanner
 സ്നേഹത്തോടെ നീട്ടിയ തേങ്ങാപ്പൂള്‍ വാങ്ങവേ അയാള്‍ ആഞ്ഞുകുത്തി; കത്തി മുനമ്പില്‍ ജീവിതം അവസാനിച്ച സിസ്റ്റര്‍ റാണി മരിയയുടെ കഥ വെള്ളിത്തിരയിലേക്ക്

കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ നടി വിന്‍സി അലോഷ്യസ് മുഖ്യ കഥാപാത്രത്തിലെ അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യന്‍ സിനിമയായ ദ ഫേസ് ഓഫ് ദ ഫെയ്സ്ലെസ് എന്ന ചിത്രം സിനിമാപ്രേമികളിലേക്ക് എത്തുമ്പോള്‍ സിസ്റ്റര്‍ റാണി മരിയയെ ഒരിക്കല്‍ കൂടി നാം ഓര്‍ക്കുകയാണ്. ജീവിതത്തിലെ എല്ലാ സുഖലോലുപതകളും ഉപേക്ഷിച്ച് ഇന്ത്യയിലെ ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ തെരുവില്‍ കൊല ചെയ്യപ്പെട്ട സിസ്റ്റര്‍ റാണി മരിയ.

1995 ഫെബ്രുവരി 25ന് അതിരാവിലെ മധ്യപ്രദേശിലെ ഉദയ നഗറില്‍ നിന്ന് ഇന്‍ഡോറിലേക്ക് പുറപ്പെട്ടതായിരുന്നു സിസ്റ്റര്‍ റാണി മരിയ. ഉദ്ദേശിച്ച ബസ് അന്ന് സര്‍വ്വീസ് ഉണ്ടായിരുന്നില്ല. സര്‍വ്വീസ് ഇല്ലാതാക്കിയെന്നു വേണം പറയാന്‍. എട്ടേ കാലിന് അടുത്ത ബസ് വന്നു. മരണത്തില്‍ പടിക്കല്‍ നിന്ന് സഹപ്രവര്‍ത്തകരോട് യാത്ര പറഞ്ഞ് സിസ്റ്റര്‍ ബസ് കയറി. നാച്വര്ബൂര്‍ മലയുടെ അടുത്തെത്തിയപ്പോള്‍ സമന്തര്‍ സിംഗ് എന്ന മറ്റൊരു യാത്രക്കാരന്‍ ഡ്രൈവറോട് ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വഴിയാത്രക്കാര്‍ സ്ഥിരമായി തേങ്ങ ഉടയ്ക്കുന്ന സ്ഥലമായിരുന്നു അത്. ഒരു തേങ്ങ കയ്യിലെടുത്ത് ബസില്‍ നിന്നും ചാടിയിറങ്ങിയ അയാള്‍ തേങ്ങ കല്ലില്‍ എറിഞ്ഞുടച്ചു. പൊട്ടിച്ചിതറിയ തേങ്ങാപ്പൂളുകള്‍ കയ്യില്‍ പെറുക്കിയെടുത്ത് അയാള്‍ തിരികെ ബസില്‍ കയറി. അത് യാത്രക്കാര്‍ക്ക് വിതരണം ചെയ്തു. സിസ്റ്റര്‍ക്കു നേരെയും ഒരു കഷ്ണം നീട്ടി. ഇന്ന് എന്താ ഇത്ര സന്തോഷമെന്ന് സിസ്റ്റര്‍ ചോദിച്ചപ്പോള്‍ ഇതു തന്നെയാണ് സന്തോഷമെന്ന് മറുപടി പറഞ്ഞ അയാള്‍ തൊട്ടടുത്ത നിമിഷം സിസ്റ്ററുടെ വയറ്റില്‍ കത്തികൊണ്ട് ആഞ്ഞു കുത്തി. യാത്രക്കാര്‍ പരിഭ്രാന്തരായി ബസില്‍ നിന്നും ഇറങ്ങിയോടി. തടയാന്‍ ശ്രമിച്ച ചിലരെ അയാള്‍ കത്തി ചുഴറ്റിയോടിച്ചു. സിസ്റ്ററെ അയാള്‍ ബസിന് പുറത്തേക്ക് വലിച്ചിട്ടു. പകുതി ശരീരം ബസിനടിയിലും ബാക്കി പുറത്തുമായിരുന്നു. സിസ്റ്ററുടെ ശരീരത്തിലുടെ ബസ് കയറ്റാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ വിസമ്മതിച്ചു. തുടര്‍ന്ന് സിസ്റ്ററെ വീണ്ടും വലിച്ച് പുറത്തേക്കിട്ട് ദേഹമാസകലം വീണ്ടും ആഞ്ഞു കുത്തി. തിരുവസ്ത്രം ധരിച്ചിരുന്ന ആ ശരീരം 54 കുത്തുകളേറ്റു വാങ്ങിയത് മരണം വരിച്ചത്.

സിസ്റ്ററുടെ സാമൂഹ്യ പ്രവര്‍ത്തനത്തില്‍ രോഷാകുലനായ ജീവല്‍ സിംഗ് എന്ന പ്രാദേശിക രാഷ്ട്രീയ നേതാവ് നിയോഗിച്ച വാടക കൊലയാളിയാണ് താനെന്ന് സമന്തര്‍ സിംഗ് പൊലീസിനോട് വെളിപ്പെടുത്തി. 2017 നവംബര്‍ നാലിന് കത്തോലിക്കാ സഭാ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചപ്പോള്‍ ആ ചടങ്ങിന് സിസ്റ്ററുടെ ഘാതകന്‍ സമന്തര്‍ സിംഗും സാക്ഷിയായിരുന്നു. താന്‍ കുത്തിവീഴ്ത്തിയ സിസ്റ്ററുടെ സ്മൃതിമണ്ഡപത്തില്‍ മെഴുകുതിരി തെളിച്ച് ക്ഷമ യാചിച്ചിരുന്നു അയാള്‍. ജയിലില്‍ കഴിയവേ മാനസാന്തരം സംഭവിച്ച സമന്തര്‍സിംഗിന് സിസ്റ്ററുടെ കുടുംബം മാപ്പ് നല്‍കുകയും അയാളെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വീകരിക്കുകയും ആയിരുന്നു.

1954 ജനുവരി 29ന് പെരുമ്പാവൂരിലെ പുല്ലുവഴിയിലാണ് സിസ്റ്റര്‍ റാണി മരിയ ജനിക്കുന്നത്. 1972ല്‍ സന്യാസ ജീവിതം സ്വീകരിച്ചു. സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് മദ്ധ്യപ്രദേശിലേക്ക് സിസ്റ്റര്‍ എത്തിയത്. ജന്മിത്വം കൊടികുത്തി വാണിരുന്ന നാട്ടില്‍ അതിനെതിരെ പൊരുതുകയായിരുന്നു സിസ്റ്റര്‍ റാണി മരിയ. അശരണര്‍ക്ക് പ്രത്യാശയേകാന്‍ മദര്‍ തെരേസയുടെ വഴി തെരഞ്ഞെടുക്കുമ്പോള്‍ താന്‍ എത്തിപ്പെട്ട ഗ്രാമത്തിലെ ദുരാചാരങ്ങളെ തച്ചുടയ്ക്കാന്‍ കൂടി അവര്‍ ശ്രമിച്ചു. നിരാലംബരായ ഗോത്രസമൂഹത്തെ ചൂഷണം ചെയ്തിരുന്ന ജന്മികളോട് പോരാടാനായി അവര്‍ക്ക് വിദ്യാഭ്യാസം നല്‍കി. ഗോത്ര വര്‍ഗത്തിനായി സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങള്‍ കൃത്യമായി അവരിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തി. ഇത് പ്രദേശത്തെ രാഷ്ട്രീയ നേതൃത്വത്തേയും ജമീന്ദര്‍മാരെയും രോഷാകുലരാക്കി.

അങ്ങനെയാണ് രാജ്യം സ്വാതന്ത്ര്യം നേടി പതിറ്റാണ്ടുകള്‍ക്കു ശേഷവും സ്വാതന്ത്ര്യമെന്തെന്ന് അറിയാതെ ജീവിച്ച ഒരു സമൂഹത്തിനു വേണ്ടി പോരാടിയതിന്റെ പേരില്‍ സിസ്റ്ററുടെ ജീവനെടുക്കാന്‍ അവര്‍ തീരുമാനിച്ചത്. അങ്ങനെ സിസ്റ്റര്‍ രക്തസാക്ഷിത്വം വരിച്ചു. സിസ്റ്റര്‍ റാണി മരിയയുടെ ജീവിതത്തിലെ കുറേയധികം നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ് എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിന്‍സി അലോഷ്യസാണ് സിസ്റ്റര്‍ റാണി മരിയയായി വേഷമിടുന്നത്. തന്മയത്വത്തോടെ വിന്‍സി അവതരിപ്പിച്ചിരിക്കുന്ന ഈ കഥാപാത്രം വലിയ കയ്യടി നേടുമെന്ന് ഉറപ്പാണ്.


 

Sister rani mariya movie

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES