Latest News

മുഖത്ത് അടി കൊണ്ട ചതവുകളും കണ്‍തടങ്ങള്‍ വീര്‍ത്ത നിലയിലും'; സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായ നടി രന്യ റാവു കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്ന് അഭ്യൂഹം; കേസില്‍ തന്നെ കുടുക്കിയതാണെന്ന് നടിയുടെ പ്രതികരണം; ഫോണും ലാപ്ടോപും പിടിച്ചെടുത്തു 

Malayalilife
 മുഖത്ത് അടി കൊണ്ട ചതവുകളും കണ്‍തടങ്ങള്‍ വീര്‍ത്ത നിലയിലും'; സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായ നടി രന്യ റാവു കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായെന്ന് അഭ്യൂഹം; കേസില്‍ തന്നെ കുടുക്കിയതാണെന്ന് നടിയുടെ പ്രതികരണം; ഫോണും ലാപ്ടോപും പിടിച്ചെടുത്തു 

സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവു പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനത്തിന് ഇരയായെന്ന് അഭ്യൂഹം. നടിയുടേതെന്നു കരുതുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. നടിയുടെ മുഖത്ത് അടി കൊണ്ട ചതവുകളും കണ്‍തടങ്ങള്‍ വീര്‍ത്ത നിലയിലുമുളള ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ഇതോടെ നടി കസ്റ്റഡിയില്‍ ആക്രമിക്കപ്പെട്ടോയെന്ന അഭ്യൂഹങ്ങള്‍ ഉയരുകയാണ്. 

ഇന്നലെ പുറത്തുവന്ന ചിത്രത്തിനോട് കര്‍ണാടക വനിതാ കമ്മീഷന്‍ പ്രതികരിച്ചിട്ടുണ്ട്. സംഭവത്തില്‍ ഔദ്യോഗികമായി പരാതി ലഭിക്കാതെ വനിതാ കമ്മീഷന് അന്വേഷിക്കാന്‍ കഴിയില്ലെന്നാണ് പ്രതികരിച്ചിരിക്കുന്നത്. ആരെങ്കിലും പരാതി നല്‍കാതെ അന്വേഷണം നടത്താനുളള അധികാരമില്ലെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ നാഗലക്ഷ്മി ചൗധരി വ്യക്തമാക്കി. 

'ആക്രമണം നടത്തിയവര്‍ ആരായാലും അത് ചെയ്യാന്‍ പാടില്ലായിരുന്നു. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല. ഞങ്ങള്‍ അന്വേഷണം നടത്താന്‍ എന്തായാലും അനുവദിക്കും. നിയമം അതിന്റെ വഴിക്ക് പോകും. ആരെയും ഉപദ്രവിക്കാന്‍ ആര്‍ക്കും അവകാശമില്ല. അതൊരു സ്ത്രീ ആയാലും പുരുഷനായാലും അങ്ങനെ തന്നെയാണ്. ഇത്തരത്തില്‍ ആക്രമിക്കുന്നതിന് ഞാന്‍ പൂര്‍ണമായും എതിരാണ്. ഇതില്‍ രന്യ പരാതി തരികയാണെങ്കില്‍ അന്വേഷിക്കും. 

അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കമ്മീഷന് സാധിക്കുന്ന എല്ലാ കാര്യങ്ങളും രന്യയുടെ പരാതിയില്‍ നടപ്പിലാക്കും. അവര്‍ ഇതുവരെയായിട്ടും പരാതി നല്‍കിയിട്ടില്ല'- അദ്ധ്യക്ഷ വ്യക്തമാക്കി. അതേ സമയം പൊലീസ് കസ്റ്റഡിയില്‍ നടി രന്യ റാവു കസ്റ്റഡിയില്‍ പൊട്ടിക്കരഞ്ഞതായാണ് വിവരം. തന്നെ കേസില്‍ കുടുക്കിയതാണെന്ന് രന്യ പറഞ്ഞു. ഇതിന് പിന്നില്‍ ഉള്ള ആളുകള്‍ ആരൊക്കെ എന്നതില്‍ ഡിആര്‍ഐ രന്യയെ വിശദമായി ചോദ്യം ചെയ്യുകയാണ്. ആര്‍ക്ക് വേണ്ടിയാണ് ഇത്തവണ രന്യ സ്വര്‍ണം കൊണ്ട് വന്നത് എന്നതില്‍ ഡിആര്‍ഐക്ക് നിര്‍ണായക സൂചനകള്‍ ലഭിച്ചെന്നാണ് വിവരം. 

അറസ്റ്റിലായ രന്യയുടെ മൊബൈല്‍ ഫോണും ലാപ്ടോപും പിടിച്ചെടുത്തു. ഏറ്റവും കൂടുതല്‍ രന്യ സംസാരിച്ച നമ്പറുകള്‍ അടക്കം പരിശോധിച്ചു വരികയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ സമാനമായ സ്വര്‍ണക്കടത്ത് കേസുകള്‍ ഒന്നിച്ചു വെച്ചും പരിശോധിക്കുന്നുണ്ട്. പതിനേഴര കോടി രൂപയുടെ സ്വര്‍ണമാണ് രന്യയുടെ പക്കല്‍ നിന്ന് പിടികൂടിയത്. അടുത്ത കാലത്ത് രാജ്യത്ത് ഒരു വ്യക്തി നടത്തിയ ഏറ്റവും വലിയ സ്വര്‍ണക്കടത്ത് ആണെന്ന് ഡിആര്‍ഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 14.2 കിലോ സ്വര്‍ണമാണ് ഇവര്‍ ദേഹത്ത് കെട്ടിവെച്ച് കടത്താന്‍ ശ്രമിച്ചത്. 

തിങ്കളാഴ്ച ആണ് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇവരെ സ്വര്‍ണവുമായി ഡിആര്‍ഐ പിടികൂടിയത്. തുടര്‍ന്ന് ബംഗളുരു ലവല്ലെ റോഡില്‍ ഇവരുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ 2.1 കോടി രൂപയുടെ ഡിസൈനര്‍ സ്വര്‍ണവും 2.7 കോടി രൂപ പണമായും കണ്ടെത്തിയിരുന്നു പൊലീസ് ഹൗസിംഗ് കോര്‍പ്പറേഷന്റെ ചുമതലയുള്ള ഡിജിപി കെ രാമചന്ദ്ര റാവുവിന്റെ മകള്‍ ആണ് റന്യ റാവു. നിരവധി ഹിറ്റ് സിനിമകളിലെ നായികയാണ്. ദുബായില്‍ നിന്നാണ് രന്യ സ്വര്‍ണ്ണം കടത്തിയത്. സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞും ശരീരത്തിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചുമാണ് നടി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 

തിങ്കളാഴ്ച രാത്രി ദുബായില്‍ നിന്നെത്തിയ റന്യയെ ഡിആര്‍ഒ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയായിരുന്നു. റന്യ റാവുവിനെ ഡിആര്‍ഒ ഓഫീസില്‍ ചോദ്യം ചെയ്തുവരികയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 15 ദിവസത്തിനിടെ നാല് തവണയാണ് നടി ദുബായ് യാത്ര നടത്തിയത്. ഈ യാത്രയുടെ വിവരങ്ങള്‍ അന്വേഷണ സംഘം തേടിയിട്ടുണ്ട്. ദുബായില്‍ നിന്നും ബെംഗളൂരു വിമാനത്താവളത്തിലെത്തുന്ന റന്യയെ പൊലീസുകാരാണ് വീട്ടിലേക്ക് കൊണ്ടുപോകാന്‍ എത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 

വിമാനത്താവളത്തില്‍ എത്തുമ്പോള്‍, റന്യ ഡിജിപിയുടെ മകളാണെന്ന് പറഞ്ഞ് വീട്ടിലേക്ക് എസ്‌കോര്‍ട്ട് ചെയ്യാന്‍ ലോക്കല്‍ പൊലീസില്‍ നിന്നും ഉദ്യോഗസ്ഥരെ വിളിക്കും. ഇവരെത്തിയാണ് റന്യയെ കൊണ്ടുപോയിരുന്നത്. സ്വര്‍ണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ കള്ളക്കടത്ത് പ്രവര്‍ത്തനത്തിന് അറിയാതെ സഹായിച്ചതാണോ എന്നും ഡിആര്‍ഒ അന്വേഷിക്കുന്നുണ്ട്.
 

Read more topics: # രന്യ റാവു
Actor Ranya Rao assaulted in custody

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES