മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു ശരണ്യ ശശി.ചോട്ടാ മുംബൈ, ബോംബെ മാർച്ച് 12 എന്നീ സിനിമകളിൽ മോഹൻലിനോടും മമ്മൂട്ടിയോടും ഒപ്പം അഭിനയിച്ചിട്ടുമുണ്ട്.
2012 മുതൽ ഏഴു തവണ ബ്രെയിൻ ട്യൂമർ തുടർച്ചയായി ബാധിച്ചതിനെ തുടർന്ന് ഏഴു തവണ തിരുവനന്തപുരം ശ്രീ ചിത്രയിൽ സർജറിക്ക് വിധേയയായി. തുടർന്ന് തുടർന്ന് കോതമംഗലം പീസ്വാലി ആശുപത്രിയിൽ ഫിസിയോ തെറാപ്പി നടന്ന് വരികയായിരുന്നു. ഫിസിയോ തെറാപ്പി ഫലം കാണുകയും ശരണ്യ പതുക്കെ നടന്ന് തുടങ്ങുകയും ചെയ്ത് തുടങ്ങി. എന്നാൽ ഇപ്പോൾ പുതുവർഷത്തിൽ പുതിയ തുടക്കത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ശരണ്യ കെഎസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്.
ഞാൻ ശരണ്യ 2020 കഴിഞ്ഞു, ഈ കഴിഞ്ഞു പോകുന്ന വർഷം ലോകത്താകമാനം കൊറോണ വരുത്തിയ ദുരന്തം വിവരണാധീതമാണല്ലോ. ഇനി കടന്നു വരുന്ന 2021 അങ്ങനെയാകാതിരിക്കാൻ നമുക്കാശിക്കാം. ആശിക്കാനല്ലേ നമ്മൾക്കു കഴിയൂ !കഴിഞ്ഞ എട്ടുവർഷമായി ഒന്നുകിൽ ആശുപത്രിക്കിടക്കയിലും അല്ലങ്കിൽ മുറിയുടെ നാലുചുവരുകൾക്കിടയിലുമായി കഴിഞ്ഞ എനിക്ക് 2020 എന്നല്ല പത്തൊമ്പതോ പതിനെട്ടോ പതിനേഴോ ഒരു വ്യത്യാസവുമുണ്ടായിരുന്നില്ലല്ലോ.
എന്നാൽ എൻ്റെ രണ്ടായിരത്തി ഇരുപത്തി ഒന്ന് അല്പമെങ്കിലും വ്യത്യാസമുള്ളതാക്കണമെന്ന് എനിക്ക് മോഹമുണ്ട്. പക്ഷേ പരസഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത എനിക്ക് എന്തു ചെയ്യാനാകും എന്നെ വല്ലാതെ അലട്ടുന്നുണ്ട്. തുന്നലോ, പെൻ്റിംഗോ ചെയ്യാമെന്നു വെച്ചാൽ ഈ വിറക്കുന്ന കൈകൊണ്ട് ഒന്നും നടക്കില്ല. അങ്ങനെയാ ലോചിച്ചപ്പോളാണ് വീഡിയോ ഡയറി ചെയ്യാവുന്നതാണ് എന്ന് മനസ്സിലായത്. ഏതൊരു മൂവി ആർട്ടിസ്റ്റും കാമിറയുടെ മുന്നിൽ ചെല്ലുമ്പോൾ മനസ്സുകൊണ്ട് ആദ്യം നമിക്കുന്നത് ചാർളി ചാപ്ലിനെന്ന ഇതിഹാസത്തിൻ്റെ മുന്നിലാണല്ലോ. അദ്ദേഹത്തിൻ്റെ ഏറ്റവും പ്രശസ്തമായ സിറ്റിലൈറ്റ്സ് എന്ന സിനിമയുടെ പേര് കടമെടുതുകൊണ്ട് ഒരു യൂറ്റ്യൂബ് ചാനൽ ആരംഭിക്കുകയാണ്.
ഓരോ ആളും ജനനം മുതൽ മരണം വരെ എല്ലായ്പോളും ദുരന്തങ്ങളുടെ ഇരുട്ടിലോ സന്തോഷങ്ങളുടെ പ്രഭാദീപ്തിയിലുമായിരിക്കില്ലല്ലോ. ആ അനന്തമായ ഇരുട്ടിൽ കഴിയുന്നവർപോലും, ലഭ്യമായ കൊച്ചു കൊച്ചുമിന്നാമിന്നി വെട്ടങ്ങളെയെങ്കിലും കൂട്ടുപിടിച്ചായിരിക്കും മുന്നോട്ടു പോവുന്നത്. അല്ലങ്കിൽ പതിനായിരക്കണക്കിന് പ്രകാശവർഷം അകലെനിന്ന് ചിതറിയെത്തുന്ന നക്ഷത്ര വെട്ടത്തെ ചേർത്തുപിടിക്കും.
അതായത് നാമിപ്പോൾ ജീവിച്ചിരിക്കുന്നു എന്നതിനർത്ഥം ആരൊക്കെയോ എപ്പോളൊക്കെയോ ഓരോ നുള്ള് നുറുങ്ങുവെട്ടങ്ങൾ ലഭിച്ചിട്ടുണ്ട് എന്നാണ് അല്ലായിരുന്നെങ്കിൽ നമ്മളെന്നേ അന്തകാരത്തിൽ വീണു പോയേനെ! അങ്ങനെയാണ് ഞാൻ സിറ്റിലൈറ്റ്സിലേക്കെത്തുന്നത്.എൻ്റെയീ ചാനൽ നിങ്ങൾ സബ്സ്ക്രൈബ് ചെയ്യുമെന്ന് എനിക്കറിയാം. എങ്കിലും എനിക്കൊരു അഭ്യർത്ഥനയേയുള്ളൂ നിങ്ങൾക്ക് ഒഴിവു കിട്ടുമ്പോൾ എന്നെ ഓർമ്മവരുകയാണെങ്കിൽ എൻ്റെ ചാനൽ നിങ്ങൾകാണണം. വിഡിയോ ഡയറിയെന്ന നിലയിൽ എല്ലാ ദിവസവും പുതിയവ ചെയ്യണമെന്നാണ് ആഗ്രഹം. സാധ്യമാകുമോ എന്നറിയില്ല. നിങ്ങൾക്കേവർക്കും സർവേശ്വരൻ്റെ അനുഗ്രഹമുണ്ടാകട്ടെ!