രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡനത്തെ കുറിച്ചും നടി നയൻതാരയെ കുറിച്ചും ലൈംഗിക പരാമർശം നടത്തിയ നടനും ഡിഎംകെ നേതാവുമായ രാധാ രവിയെ പാർട്ടി സസ്‌പെൻഡ് ചെയ്തു. നയൻതാരയുടെ ഏറ്റവും പുതിയ ചിത്രമായ 'കൊലയുതിർ കാലം' എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിംഗിനിടെയായിരുന്നു രാധാരവി താരത്തെ അധിക്ഷേപിച്ചു കൊണ്ട് പ്രസംഗിച്ചത്.പാർട്ടി അച്ചടക്കം ലംഘിച്ചതിനാൽ പ്രാഥമിക അംഗത്വത്തിൽനിന്നും എല്ലാ പദവികളിൽനിന്നും രാധാ രവിയെ നീക്കുന്നതായി ഡി.എം.കെ ജനറൽ സെക്രട്ടറി കെ.അൻപഴകൻ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
'നയൻതാര പ്രേതമായും സീതയായും അഭിനയിക്കുന്നു. മുൻപ്, കെ.ആർ. വിജയയെപോലെ മുഖത്തു നോക്കുമ്പോൾ പ്രാർത്ഥിക്കാൻ തോന്നുന്നവരാണ് സീതയായി അഭിനയിച്ചിരുന്നത്' എന്നു പറഞ്ഞ ശേഷമായിരുന്നു നയൻതാരയ്‌ക്കെതിരായ അശ്ലീല പരാമർശം.'തമിഴ്‌നാട്ടിലെ ജനങ്ങൾ എല്ലാം പെട്ടെന്ന് മറക്കുന്നവരാണ്. അതുകൊണ്ടാണ് നയൻതാരയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾക്കുമപ്പുറം അവർ ഇപ്പോഴും താരമായിരിക്കാൻ കാരണം. തമിഴിൽ പ്രേതമായും തെലുങ്കിൽ സീതയായും നയൻതാര അഭിനയിക്കുന്നു. ഇപ്പോൾ അഭിനയിക്കുന്നവരുടെ എന്ത് തന്നെയായാലും കുഴപ്പമില്ല ആർക്കും ഇവിടെ സീതയാകാം.
എന്റെ കാലത്ത് കെ.ആർ വിജയയെ പോലുള്ള നടിമാരാണ് സീതയുടെ വേഷം ചെയ്തിരുന്നത്'എന്നും രാധാരവി പറഞ്ഞു.താരത്തിന്റെ വ്യക്തി ജീവിതത്തെ കൂടി കടന്നാക്രമിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ചിത്രം പൂർണമായും ലണ്ടനിൽ ചിത്രീകരിച്ചതിനെയും അദ്ദേഹം പരിഹസിച്ചിരുന്നു.അതേസമയം, എന്താണ് വലിയ സിനിമയും ചെറിയ സിനിമയും തമ്മിലുള്ള വ്യത്യാസം? ഒരാൾ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചാൽ അതൊരു ചെറിയ ചിത്രമാണ്. പൊള്ളാച്ചിയിലേത് പോലെ 40പേർ പെൺകുട്ടികളെ പീഡിപ്പിച്ചാൽ അത് വലിയ ചിത്രം എന്നുമായിരുന്നു പൊള്ളാച്ചി പീഡനവുമായി ബന്ധപ്പെട്ട പരാമർശം.
രണ്ട് പരാമർശങ്ങൾക്കുമെതിരെ ശക്തമായ വിമർശനങ്ങളുമായി ഗായിക ചിന്മയി, സംവിധായകനായ വിഘ്‌നേഷ് ശിവൻ എന്നിവർ രംഗത്തെത്തി. സ്റ്റാലിനെയും കനിമൊഴിയെയും ടാഗ് ചെയ്ത് ട്വിറ്ററിലായിരുന്നു വിഗ്‌നേഷ് ശിവന്റെ പ്രതികരണം.പിന്നാലെയാണ് പാർട്ടി അച്ചടക്കം ലംഘിച്ചുവെന്ന് കാണിച്ച് രാധാ രവിയെ പ്രാഥമിക അംഗത്വത്തിൽ നിന്നും മറ്റ് ചുമതലകളിൽ നിന്നും രാധാ രവിയെ നീക്കിയതായി ഡിഎംകെ ജനറൽ സെക്രട്ടറി കെ അൻപഴകൻ രാത്രി വൈകി പ്രസ്താവന ഇറക്കിയത്. നേരത്തെ നടികർ സംഘം പ്രസിഡന്റായിരുന്ന രാധാ രവി നിലവിൽ ദക്ഷിണേന്ത്യൻ ഡബിങ് അസോസിയേഷൻ പ്രസിഡന്റാണ്. ഗായിക ചിന്മയി, നടി തപ്‌സിപന്നു തുടങ്ങിയവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.